‘ഞാൻ പറയാത്ത വാക്കുകൾ എന്റെ വായിൽ തിരുകികയറ്റി’, ബിബിസിക്കെതിരെ 10 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

5 ബില്യൺ ഡോളർ വീതം രണ്ട് ആരോപണങ്ങളിലാണ് കേസ് നൽകിയിരിക്കുന്നത്

2021ൽ യു.എസ് കാപ്പിറ്റോളിലേക്ക് അതിക്രമം നടന്നതിന് മുൻപ് വാഷിംഗ്ടണിൽ അനുയായികളോട് നടത്തിയ തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് മാറ്റിയതായി ആരോപിച്ച് ബിബിസിക്കെതിരെ കേസ് ഫയൽ ചെയ്ത് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 10 ബില്യൺ ഡോളർ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ലോറിഡയുടെ തെക്കൻ ജില്ലയിലെ യു.എസ്. ജില്ലാ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

തൻ്റെ പ്രസംഗം ബിബിസി അറിഞ്ഞുകൊണ്ടും ദുരുദ്ദേശ്യത്തോടെയും എഡിറ്റ് ചെയ്ത് മാറ്റിയെന്നാണ് ഡൊണാൾഡ് ട്രംപ് ആരോപിക്കുന്നത്. ‘ഞാൻ പറയാത്ത വാക്കുകൾ അവ‍ർ എന്റെ വായിൽ തിരുകികയറ്റി. എഐ പോലുള്ള എന്തെങ്കിലും ഉപയോഗിച്ചാണ് അത് ചെയ്തതെന്ന് തോന്നുന്നു’വെന്നും ട്രംപ് പറഞ്ഞു. പനോരമ ഡോക്യുമെൻ്ററിയുടെ സീരീസ് സംപ്രേഷണം ചെയ്തതിലാണ് ബിബിസിയുടെ എഡിറ്റിങ്ങ് പിഴവ്. ആകെ 10 ബില്യൺ ഡോളർ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. 5 ബില്യൺ ഡോളർ വീതം രണ്ട് ആരോപണങ്ങളിലാണ് കേസ് നൽകിയിരിക്കുന്നത്. ട്രംപിനെ അപകീർത്തിപ്പെടുത്തിയതിനും ഫ്ലോറിഡയുടെ വ്യാപാര നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയുമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

തൻ്റെ പ്രസംഗത്തിലെ ഏകദേശം ഒരു മണിക്കൂർ വ്യത്യാസമുള്ള ഭാഗങ്ങൾ ചേർത്താണ് വീഡിയോ എഡിറ്റ് ചെയ്തതെന്നും താൻ കലാപത്തിന് നേരിട്ട് ആഹ്വാനം ചെയ്തതുപോലെ തോന്നിപ്പിച്ചുവെന്നും പരാതിയിൽ ട്രംപ് പറയുന്നു. വിഷയത്തിൽ ഇക്കഴി‌ഞ്ഞ നവംബറിൽ ബിബിസി ട്രംപിനോട് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, അപകീർത്തിക്കേസിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ട്രംപിൻറെ നഷ്ടപരിഹാര ആവശ്യം ബിബിസി തള്ളി. ട്രംപിൻറെ പ്രസംഗം എഡിറ്റ് ചെയ്തതിൻറെ പേരിൽ കോർപ്പറേഷൻ ചെയർമാൻ സമീർ ഷാ വൈറ്റ് ഹൗസിലേക്ക് ഒരു വ്യക്തിഗത കത്തയച്ചു എന്നും മാപ്പ് ചോദിച്ചു എന്നും ബിബിസി പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

ഇതിനിടെ ട്രംപ്, ഗാസ, ട്രാൻസ് വിഷയങ്ങളിലെ ബിബിസി കവറേജിനെതിരായ വിമർശനങ്ങളുടെയും പശ്ചാത്തലത്തിൽ ബിബിസിയുടെ ഡയറക്ടർ ജനറലും ന്യൂസ് മേധാവിയും കഴിഞ്ഞ മാസം രാജി വെച്ചിരുന്നു.

Content Summary: Donald Trump Files Defamation Lawsuit Against BBC Over Edited January 6 Speech, Seeks $10 Billion in Compensation

This post was last modified on December 16, 2025 11:03 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment