‘വിദേശ ഭീകരര്‍ക്ക്’ പ്രവേശനമില്ല; 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാവിലക്കുമായി ട്രംപ്

ജൂൺ 9 തിങ്കളാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്

12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ യുഎസിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഫ്ഗാനിസ്താന്‍, മ്യാന്‍മാര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിദേശ ഭീകരരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് വൈറ്റ് ഹൗസ് നൽകിയ മറുപടിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങൾക്ക് ഭാ​ഗിമായും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 9 തിങ്കളാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്. ഇതിന് മുമ്പായി നൽകിയ വിസകൾ റദ്ദാക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.

അമേരിക്കൻ ജനതയെ ഇല്ലാതാക്കാൻ ആ​ഗ്രഹിക്കുന്ന രാജ്യങ്ങളെ യുഎസിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ പുറത്തുവിട്ടിരിക്കുന്ന പട്ടികയിൽ രാജ്യങ്ങളെ കൂട്ടിച്ചേർക്കാനും യുഎസിന് കഴിയുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭീകരരുടെ സാന്നിധ്യം ഉറപ്പാക്കിയ രാജ്യങ്ങൾക്കാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും അവർ വിസ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹകരിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. കൂടാതെ മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർ വളരെ കാലം യുഎസിൽ താമസിക്കുന്നതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

പൗരന്മാരുടെ ഐഡന്റിറ്റി പരിശോധിക്കാൻ കഴിയാത്ത രാജ്യത്ത് നിന്നുള്ളവർക്ക് തുറന്ന കുടിയേറ്റത്തിന് അനുവാദം നൽകാൻ അമേരിക്ക തയ്യാറല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൊളറാഡോയിലെ ബൗൾഡറിൽ ഞായറാഴ്ച നടന്ന ഇസ്രയേൽ അനുകൂല പ്രകടനക്കാരുടെ ജനക്കൂട്ടത്തിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വിദേശ പൗരന്മാരുടെ പ്രവേശനം രാജ്യത്തിന് ഭീഷണിയാകുന്നുവെന്ന് യുഎസ് ഭരണകൂടം വിലയിരുന്നുന്നു.

ഇതാദ്യമായല്ല മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ട്രംപ് വിലക്കേർപ്പെടുത്തുന്നത്. തന്റെ ആദ്യ ഭരണകാലത്ത് ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ട്രംപ് വിലക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2021ൽ അധികാരമേറ്റ ജോ ബൈഡൻ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ എന്നീ രാജ്യങ്ങൾക്ക് മേലുള്ള വിലക്ക് റദ്ദാക്കുകയായിരുന്നു.

അതേസമയം, യുഎസിൻ്റെ പുതിയ നടപടിയിൽ പിന്തുണയറിയിച്ചിരിക്കുകയാണ് സൊമാലിയ. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുഎസുമായി സഹകരിക്കുമെന്നാണ് സൊമാലിയ അറിയിച്ചിരിക്കുന്നത്. അമേരിക്കയുമായുള്ള ദീർഘകാല ബന്ധത്തെ സൊമാലിയ വിലമതിക്കുന്നുവെന്നും ആശങ്കകൾ പരിഹരിക്കുന്നതിനായി ചർച്ച നടത്താൻ തയ്യാറാണെന്നും അമേരിക്കയിലെ സൊമാലി അംബാസഡർ ദാഹിർ ഹസ്സൻ അബ്ദി ഒരു പ്രസ്താവനയിൽ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

Content Summary: Donald Trump imposes travel ban on citizens from 12 countries

This post was last modified on June 5, 2025 1:14 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment