July 10, 2026 |
Share on

‘ആര്‍എസ്എസിന്റെ ഭാരതാംബയെ’ ആരാധിക്കണം’; രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ഒഴിവാക്കി കൃഷി വകുപ്പ്

ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല; ഗവര്‍ണറുടെ ആവശ്യം തള്ളി മന്ത്രി പ്രസാദ്

രാജ്ഭവനില്‍ സംഘടിപ്പിക്കാന്‍ നിശ്ചയിച്ച പരിസ്ഥിതി ദിനാഘോഷത്തില്‍ നിന്നും പിന്‍വാങ്ങി കൃഷി വകുപ്പ്. സര്‍ക്കാര്‍തല പരിപാടിക്ക് ആര്‍എസ്എസ് നിറം കൊടുക്കാന്‍ ശ്രമിച്ച രാജ്ഭവന്‍ തീരുമാനമാണ് കൃഷിവകുപ്പ് തടഞ്ഞത്. വകുപ്പ് മന്ത്രി പി. പ്രസാദാണ് പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഭരണഘടനയ്ക്ക് വിരുദ്ധമായി ഏതെങ്കിലും രാഷ്ട്രീയ ചിഹ്നമോ മത ചിഹ്നമോ പൊതുപരിപാടിയില്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ആര്‍എസ്എസ് ശാഖകളിലും, അവരുടെ പരിപാടികളിലും മറ്റും പ്രധാനമായി ഉപയോഗിക്കുന്ന ‘ ഭാരതാംബ’ എന്ന പേരിലുള്ള ചിത്രത്തെ ആദരിക്കാന്‍ സര്‍ക്കാര്‍ പരിപാടി ഉപയോഗിക്കാനാണ് രാജ് ഭവന്‍ നോക്കിയത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നിര്‍ദേശ പ്രകാരമായിരുന്നു മുന്‍കൂട്ടി നിശ്ചയിച്ച ക്രമീകരണങ്ങള്‍ തിരുത്തി ആര്‍എസ്എസിന്റെ ചിഹ്നമായ ചിത്രം ഉള്‍പ്പെടുത്തി പരിപാടി മാറ്റിയതിന് പിന്നിലെന്നാണ് മന്ത്രി പറയുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന ഉറച്ച നിലപാടായിരുന്നു മന്ത്രിക്ക്.

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന കാര്യപരിപാടിയില്‍ രാജ് ഭവന്‍ അവസാന നിമിഷം മാറ്റം വരുത്തുകയായിരുന്നുവെന്നാണ് മന്ത്രി പി. പ്രസാദ് അഴിമുഖത്തോട് പറഞ്ഞത്. മന്ത്രി പി. പ്രസാദിന്റെ വാക്കുകള്‍; സാധാരണനിലയില്‍ പരിപാടിയുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കാറുണ്ട്. രാജ് ഭവന്‍ അംഗീകരിച്ച് ആദ്യം കൃഷി വകുപ്പിന് നല്‍കിയ കാര്യപരിപാടികള്‍ പ്രകാരം, ദേശീയ ഗാനം, പ്രാര്‍ത്ഥന എന്നിങ്ങനെയാണ് തുടക്കത്തില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച്ച വൈകുന്നേരത്തോടെ അവര്‍ ആദ്യത്തെ മിനിട്‌സ് മാറ്റി. പകരം തന്നതില്‍ പറയുന്നത്, നിലവിളക്ക് കൊളുത്തലും, ഭാരതാംബ ദേവിയെ ആദരിക്കലും നടത്തണമെന്നാണ്.

ഇത് കണ്ടതോടെ ഞാന്‍ തന്നെ രാജ് ഭവനിലേക്ക് വിളിച്ചു. ഭാരതാംബയെ ആദരിക്കല്‍ എങ്ങനെ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. ഒരു ചിത്രം മുന്നില്‍ വച്ചാണ് അത് ക്രമീകരിക്കുന്നതെന്നായിരുന്നു രാജ് ഭവനില്‍ നിന്നുള്ള മറുപടി. സര്‍ക്കാര്‍ പരിപാടിയായതുകൊണ്ട്, എന്ത് ചിത്രമാണ് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് അറിയണം. ചിത്രം കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ആ ചിത്രം അയച്ചു തന്നു. ആര്‍എസ്എസുകാര്‍ ഉപയോഗിക്കുന്ന ചിത്രം തന്നെയായിരുന്നു. അതു കണ്ടതോടെ ഞാന്‍ തന്നെയാണ് ആ ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് അവരോട് പറഞ്ഞത്. അതിന് രാജ് ഭവന്റെ മറുപടി, ഗവര്‍ണര്‍ നിര്‍ദേശിച്ച കാര്യമാണ്, ചിത്രം മാറ്റാന്‍ ഗവര്‍ണര്‍ തയ്യാറാകില്ലെന്നാണ്. ഇനിയുള്ള എല്ലാ പരിപാടിക്കും ആ ചിത്രം ഉപയോഗിക്കുമെന്നു കൂടി അവര്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് അക്കാര്യം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് തന്നെ ഞാന്‍ വ്യക്തമാക്കി. ഏതെങ്കിലും മതചിഹ്നങ്ങളോ, രാഷ്ട്രീയ ചിഹ്നങ്ങളോ സര്‍ക്കാര്‍ നടത്തുന്ന പൊതുപരിപാടികളില്‍ ഉപയോഗിക്കരുതെന്ന് ഭരണഘടന തന്നെ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്ഭവന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും, ചിത്രം മാറ്റാതെ കൃഷി വകുപ്പിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അവരെ അറിയിച്ചു. ഒരു കാരണവശാലും ചിത്രം മാറ്റാന്‍ കഴിയില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അതോടെ കൃഷി വകുപ്പ് രാജ് ഭവനില്‍ സംഘടിപ്പിക്കാനിരുന്ന പരിപാടിയില്‍ നിന്നും പിന്മാറുകയാണുണ്ടായത്.  Minister P Prasad rejects governor Rajendra Arlekars demand. Agri Dept boycott Raj Bhavans Environment Day celebration over rss style

Content Summary; Minister P Prasad rejects governor Rajendra Arlekars demand. Agri Dept boycott Raj Bhavans Environment Day celebration over rss style

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×