കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം സ്വന്തം സഹമന്ത്രിക്ക് അനുവദിച്ചത് ഏകദേശം ഒരു കോടിയുടെ സബ്‌സ്ഡി! കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിയുടെ രാജസ്ഥാനിലെ അത്യാധുനിക കൃഷിത്തോട്ടത്തിനാണ് നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് (എന്‍ എച്ച് ബി) വഴി 99.03 ലക്ഷം രൂപയുടെ സബ്സിഡി ലഭിച്ചത്. താന്‍ തന്നെ എക്സ്-ഒഫീഷ്യോ വൈസ് പ്രസിഡന്റായ ബോര്‍ഡിന്റെ കീഴിലുള്ള പദ്ധതിയില്‍ നിന്നാണ് മന്ത്രിക്ക് ഈ ആനുകൂല്യം ലഭിച്ചതെന്നാണ് ‘ദി ഇന്ത്യന്‍ എക്സ്പ്രസ്’ നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത്.
മധ്യ രാജസ്ഥാനിലെ ദീഡ്വാന-കുചാമന്‍ ജില്ലയിലുള്ള പീഹ് ഗ്രാമത്തിലാണ് മന്ത്രിയുടെ ഉടമസ്ഥതയിലുള്ള അതിവിശാലമായ കൃഷിത്തോട്ടം സ്ഥിതി ചെയ്യുന്നത്. കല്ലുമതികളും മുള്ളുകമ്പികളും കൊണ്ട് സംരക്ഷിച്ച തോട്ടത്തില്‍ കൃത്രിമ കുളങ്ങളും നാല് വലിയ പോളിഹൗസുകളുമുണ്ട്. പദ്ധതി പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡില്‍ ‘ഭാരത സര്‍ക്കാരിന്റെ കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ ധനസഹായത്തോടെയുള്ളത്’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗുണഭോക്താവിന്റെ പേര് ‘മിസ്റ്റര്‍ ഭഗീരഥ് ചൗധരി’ എന്നും സബ്സിഡി തുക ‘50% (99,60,000 രൂപ)’ എന്നും അതിലുണ്ട്. എന്നാല്‍, ഈ ഗുണഭോക്താവ് മറ്റാരുമല്ല, ഇതേ മന്ത്രാലയത്തിലെ സഹമന്ത്രിയാണെന്ന കാര്യം ബോര്‍ഡില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല.
വലിയ തോതില്‍ ലാഭം ലക്ഷ്യമിട്ടുള്ള വാണിജ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2014-15 വര്‍ഷത്തില്‍ ആരംഭിച്ച ‘മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍’ (എം ഐ ഡി എച്ച്) എന്ന പദ്ധതിക്ക് കീഴിലാണ് ഈ ആനുകൂല്യം വരുന്നത്. തിരഞ്ഞെടുക്കപ്പെട്ട മൂന്ന് തരം പച്ചക്കറികള്‍ (ക്യാപ്‌സിക്കം, വെള്ളരി, തക്കാളി), എട്ട് ഇനം പൂക്കള്‍ എന്നിവയുടെ കൃഷിക്കായി പദ്ധതി ചെലവിന്റെ പരമാവധി 50 ശതമാനം അല്ലെങ്കില്‍ ഒരു കുടുംബത്തിന് പരമാവധി ഒരു കോടി രൂപ വരെയാണ് ഇതിലൂടെ സബ്സിഡി നല്‍കുന്നത്.
രേഖകള്‍ പ്രകാരം, അജ്മീരില്‍ നിന്നുള്ള ബിജെപി എംപിയും 2024 മുതല്‍ കേന്ദ്ര കൃഷി സഹമന്ത്രിയുമായ ഭഗീരഥ് ചൗധരി 2025 ഏപ്രില്‍ 15-നാണ് പദ്ധതിക്കായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ നല്‍കി വെറും 14 ദിവസങ്ങള്‍ക്കകം, അതായത് ഏപ്രില്‍ 29-ന് തന്നെ പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചു. തുടര്‍ന്ന് 2026 മാര്‍ച്ച് 11-ന് പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുകയും, മാര്‍ച്ച് 30-ന് 99.03 ലക്ഷം രൂപ ‘ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് സബ്സിഡി’യായി മന്ത്രിയുടെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്തു. ബോര്‍ഡില്‍ കാണിച്ചിരിക്കുന്ന തുകയേക്കാള്‍ 57,000 രൂപയുടെ കുറവ് ബാങ്ക് കൈമാറ്റ രേഖകളില്‍ കാണുന്നുണ്ട്.
മന്ത്രിയുടെ ഈ വെള്ളരി കൃഷി പദ്ധതിയുടെ ആകെ ചെലവ് 1.99 കോടി രൂപയാണ്. ഇതില്‍ പ്രൊമോട്ടറുടെ വിഹിതമായി മന്ത്രി മുടക്കിയത് 49.8 ലക്ഷം രൂപയാണ്. ബാക്കി തുകയായ 1.49 കോടി രൂപ കിഷന്‍ഗഢിലെ എച്ച്.ഡി.എഫ്.സി ബാങ്കില്‍ നിന്ന് ലോണായി എടുത്തതാണ്. ഈ ലോണ്‍ അക്കൗണ്ടിലേക്കാണ് സബ്സിഡി തുക സര്‍ക്കാര്‍ നേരിട്ട് നിക്ഷേപിച്ചത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതിക്ക് കീഴില്‍ രാജ്യത്താകെ അംഗീകരിച്ച 467 പദ്ധതികളില്‍ 50 ലക്ഷത്തിന് മുകളില്‍ സബ്സിഡി ലഭിച്ച 60 ഭാഗ്യശാലികളില്‍ ഒരാളാണ് കേന്ദ്രമന്ത്രി.
നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ ഭരണസമിതി തലവന്‍ കേന്ദ്ര കൃഷി മന്ത്രിയാണ് (എക്സ്-ഒഫീഷ്യോ പ്രസിഡന്റ്). കൃഷി സഹമന്ത്രിയാണ് ഇതിന്റെ എക്സ്-ഒഫീഷ്യോ വൈസ് പ്രസിഡന്റ്. ഔദ്യോഗിക വെബ്സൈറ്റില്‍ വൈസ് പ്രസിഡന്റിന്റെ സ്ഥാനപ്പേര് മാത്രമാണ് നല്‍കിയിട്ടുള്ളതെങ്കിലും, ബന്ധപ്പെടാനുള്ള ഇമെയില്‍ വിലാസങ്ങള്‍ ഭഗീരഥ് ചൗധരിയുടേതാണ്. പേപ്പറില്‍, സബ്സിഡി അനുവദിക്കുന്ന പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്ക് നേരിട്ട് പങ്കില്ലെങ്കിലും, താന്‍ ഉന്നത പദവി അലങ്കരിക്കുന്ന ഒരു ബോര്‍ഡിന് കീഴില്‍ നിന്ന് സ്വന്തം കൃഷിഭൂമിക്ക് കോടികളുടെ ആനുകൂല്യം കൈപ്പറ്റിയത് വ്യക്തമായ ‘താത്പര്യ വൈരുദ്ധ്യം’ ആണെന്ന ചോദ്യം ഉയരുന്നു.
ഇതേക്കുറിച്ച് പ്രതികരണം തേടി ‘ദി ഇന്ത്യന്‍ എക്സ്പ്രസ്’ മന്ത്രിക്ക് ചോദ്യാവലി അയച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ പദ്ധതിയുടെ വിവരങ്ങള്‍ സര്‍ക്കാരിനെ കൃത്യമായി അറിയിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
2025 മാര്‍ച്ച് 31-ന് പ്രധാനമന്ത്രിയുടെ ഓഫീസിന് മന്ത്രി സമര്‍പ്പിച്ച ആസ്തിവിവര പ്രഖ്യാപനത്തില്‍ പീഹ് ഗ്രാമത്തിലുള്ള കൃഷിഭൂമിയെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും, തൊട്ടടുത്ത മാസം അനുമതി ലഭിച്ച ഈ വന്‍കിട പ്രോജക്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. 2018-ല്‍ ഇതേ പദ്ധതിക്കായി ഭഗീരഥ് ചൗധരിയും മകന്‍ സുഭാഷും അപേക്ഷിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അന്ന് അപേക്ഷകള്‍ നിരസിക്കപ്പെടുകയായിരുന്നു. എന്നാല്‍ മന്ത്രിപദവിയില്‍ എത്തിയ ശേഷമുള്ള രണ്ടാമത്തെ ശ്രമത്തില്‍ വളരെ വേഗത്തിലാണ് കോടികളുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതെന്നത് ശ്രദ്ധേയമാണ്.
ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്; ദി ഇന്ത്യന്‍ എസ്പ്രസ്
Content Summary; Union Minister of State for Agriculture Bhagirath Choudhary faces scrutiny for receiving a Rs 99 lakh NHB subsidy for his private farm from his own ministry
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.