ഗാസ വെടി നിര്‍ത്തലിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറാക്കിയ 20 ഇന പദ്ധതികള്‍ അംഗീകരിക്കാന്‍ ഹമാസ് തയ്യാറായേക്കും. എന്നാല്‍ അവര്‍ ചില ഭേദഗതികള്‍ ആവശ്യപ്പെടുന്നുണ്ട്. എങ്കിലും പുതിയ ചര്‍ച്ചകള്‍ക്കുള്ള അവസരമായി കണ്ട് വൈറ്റ് ഹൗസ് പദ്ധതികളെ അംഗീകരിക്കാനാണ് സാധ്യത.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും, ഗാസയുടെ പുനര്‍നിര്‍മാണം സാധ്യമാകും വരെ അന്താരാഷ്ട്ര ഭരണം അനുവദിക്കാനുമാണ് അമേരിക്ക ഹമാസിനോട് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ‘നരകത്തില്‍ ശിക്ഷ അനുഭവിക്കാന്‍’ ആണ് ട്രംപിന്റെ ഭീഷണി. തന്റെ 20 ഇന പദ്ധതിക്ക് മറുപടി നല്‍കാന്‍ ട്രംപ് മൂന്നോ നാലോ ദിവസത്തെ സമയപരിധി മാത്രമാണ് ഹമാസിന് നല്‍കിയിരിക്കുന്നത്.
ഹമാസ് ഇപ്പോള്‍ വലിയൊരു പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണെന്നാണ് കെയ്‌റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാസയില്‍ നിന്നുള്ള രാഷ്ട്രീയ വിദഗ്ധനായ എംഖൈമര്‍ അബുസദ ദി ഗാര്‍ഡിയനോട് സംസാരിക്കവെ ചൂണ്ടിക്കാണിച്ചത്. ഒന്നുകില്‍ ചീത്തയായത് തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ ഏറ്റവും മോശമായത്- അതാണ് ഹമാസിന്റെ അവസ്ഥ.
ട്രംപിന്റെ സമാധാന പദ്ധതികള്‍ പൂര്‍ണമായി അംഗീകരിക്കാതെ ദേദഗതികള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചര്‍ച്ചകള്‍ക്കുള്ള അടിസ്ഥാനമായി അവ അംഗീകരിക്കുക. അതൊരു ചീത്ത തീരുമാനമാണ് ഹമാസിനെ സംബന്ധിച്ച്. കാരണം, വൈറ്റ് ഹൗസ് തയ്യാറാക്കിയ പദ്ധതികളില്‍ പറഞ്ഞിരിക്കുന്ന പലതും ഹമാസിന് അംഗീകരിക്കേണ്ടി വരും.
പദ്ധതിയിലെ പ്രധാന നിര്‍ദേശം ഹമാസിന്റെ പൂര്‍ണമായ നിരായുധീകരണമാണ്. ആയുധങ്ങള്‍ ഉപേക്ഷിക്കുകയെന്നാല്‍, സായുധബലത്തില്‍ അധികാരകേന്ദ്രമായി മാറിയ ഹമാസിന്റെ രാഷ്ട്രീയ നിലനില്‍പ്പും പ്രതിരോധ ബലവും ഇല്ലാതാവുകയെന്നതാണ്.
നിരായുധീകരണം അവര്‍ അംഗീകരിത്താല്‍ ഉണ്ടാകുന്ന ഗുണം, വെടി നിര്‍ത്തലാണ്. ബന്ദികളുടെ പരസ്പരമുള്ള മോചനവും അതുവഴി സാധ്യമാകും. ഹമാസിന്റെ കൈവശമുള്ള ജീവനുള്ളവരും ഇല്ലാത്തവരുമായ ബന്ദികളെ വിട്ടു കൊടുക്കുന്നതിനു പകരമായി, ഇസ്രയേല്‍ തടവറയിലുള്ള പലസ്തീന്‍ തടവുകാരും വിട്ടയക്കപ്പെടും.
എന്നാല്‍ ഹമാസ് ആവശ്യപ്പെടാന്‍ പോകുന്ന പ്രധാന ഭേദഗതി നിരായുധീകരണം തന്നെയായിരിക്കും. പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാകുന്നൊരു കാര്യമുണ്ട്; ഈ പദ്ധതികള്‍ ഇസ്രയേലിന് അനുകൂലമായാണ് ട്രംപ് തയ്യാറാക്കിയിരിക്കുന്നത്. കാരണം, ഹമാസിന്റെ നിരായുധീകരണവും ഗാസയിലെ അന്താരാഷ്ട്ര ഭരണസംവിധാനവും അമേരിക്കയുടെയും ഇസ്രയേലിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ്.
ഇത് തന്നെ അവര്‍ ഹമാസിനെതിരായ ആയുധമാക്കും. നിരായുധീകരണം ഹമാസ് അംഗീകരിക്കുന്നില്ലെങ്കില്‍ ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാനും അവര്‍ തയ്യാറല്ലെന്ന് അമേരിക്കയും ഇസ്രയേലും ലോകത്ത് പ്രചരിപ്പിക്കും. സംഭവിക്കാന്‍ പോകുന്നത്, നിരായുധീകരണം ഒഴിവാക്കണമെന്ന ആവശ്യം തള്ളിക്കളയലാണ്. ഹമാസ് അതില്‍ തൃപ്തരല്ലെങ്കില്‍ ട്രംപ്- നെതന്യാഹൂ അച്ചുതണ്ട്. സമാധാനശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായി’ കണ്ട് അടുത്ത ഘട്ടത്തിലേക്ക് കടക്കും.
ഹമാസ് തിരഞ്ഞെടുക്കേണ്ടി വരുന്ന ഏറ്റവും മോശം തീരുമാനം ഈ ഭേദതഗികള്‍ പൂര്‍ണമായി തള്ളിക്കളയുകയാണ്. അങ്ങനെ വന്നാല്‍, ഹമാസിന്റെ പൂര്‍ണ നാശത്തിന് പ്രതിജ്ഞയെടുത്തിരിക്കുന്ന ബഞ്ചമിന്‍ നെതന്യാഹുവിന് അമേരിക്കയുടെ എല്ലാവിധ പിന്തുണകളും പരസ്യമായി തന്നെ ലഭിക്കും.
ചുരുക്കി പറഞ്ഞാല്‍ ഹമാസിന് മുന്നില്‍ രണ്ടു വഴികളാണുള്ളത്, സമാധാന പദ്ധതികള്‍ അംഗീകരിക്കുക, അതുവഴിയുണ്ടാകുന്ന നഷ്ടങ്ങള്‍ സഹിക്കുക. മറ്റൊന്ന്; പൂര്‍ണമായ നാശത്തിന് തയ്യാറെടുക്കുക.
രണ്ടാമത്തെ വഴി തിരഞ്ഞെടുക്കാന്‍ ഹമാസ് തയ്യാറാകില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.
Content Summary; Donald Trump’s 20 point gaza peace plans and Hamas’s challenges. Hamas now had to “choose between the bad and the worst.
This post was last modified on October 3, 2025 7:28 am
Leave a Comment