‘സ്‌കലോണി നല്ലൊരു പയ്യനാണ്, പക്ഷേ അവന് റോഡിലെ ട്രാഫിക് നിയന്ത്രിക്കാന്‍ പോലും അറിയില്ല. പിന്നെങ്ങനെയാണ് നമ്മള്‍ ദേശീയ ടീമിനെ അവന്റെ കൈകളില്‍ ഏല്‍പ്പിക്കുക? നമുക്കെന്താ വട്ടായോ?’
2018-ല്‍ ലയണല്‍ സ്‌കലോണി അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി ചുമതലയേറ്റപ്പോള്‍ കേട്ട ഏറ്റവും രൂക്ഷമായ വിമര്‍ശനമാണിത്. ഇതാരുടെ വായില്‍ നിന്നായിരുന്നു വന്നതെന്നറിയാമോ? സാക്ഷാല്‍ ഡീഗോ മറഡോണയുടെ!
മറഡോണ മാത്രമല്ല, അര്‍ജന്റീനയിലെ പ്രമുഖ മാധ്യമങ്ങളും ഫുട്‌ബോള്‍ പണ്ഡിറ്റുകളും സ്‌കലോണിയുടെ നിയമനത്തില്‍ നെറ്റിചുളിച്ചു. മുന്‍പ് ഒരു ക്ലബ്ബിനെയോ സീനിയര്‍ ടീമിനെയോ പരിശീലിപ്പിച്ച് യാതൊരു പരിചയവുമില്ലാത്ത, അതുവരെ ജോര്‍ജ് സാംപോളിയുടെ അസിസ്റ്റന്റ് മാത്രമായിരുന്ന ഒരു ‘നോബോഡി’ എങ്ങനെ ലയണല്‍ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തണലാകും എന്നതായിരുന്നു ചോദ്യം. 2018 ലെ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് (4-3) തോറ്റ് പുറത്തായതോടെയാണ്, ടീമിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ സാംപോളിയുടെ കസേര തെറിച്ചത്. എന്നാല്‍ സാംപോളിക്ക് പകരം ഒരു വലിയ കോച്ചിനെ കൊണ്ടുവരാന്‍ പണമില്ലാത്തതുകൊണ്ട് അര്‍ജന്റീന ഫെഡറേഷന്‍ ചൂതാട്ടം നടത്തുകയായിരുന്നു സ്‌കലോണി എന്ന 40-കാരനില്‍.
ഇന്ന്, ആ വിമര്‍ശകരുടെയെല്ലാം വാക്കുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളിക്കൊണ്ട് സ്‌കലോണി ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച തന്ത്രജ്ഞനായി മാറിയിരിക്കുന്നു.

പരാജയമറിയാത്ത കിരീടക്കുതിപ്പ്
വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് അര്‍ജന്റീന ഫുട്‌ബോളിനെ കിരീടങ്ങളുടെ വസന്തത്തിലേക്ക് നയിക്കുകയായിരുന്നു സ്‌കലോണി. 28 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിക്കൊണ്ട് 2021-ല്‍ നേടിയ കോപ്പ അമേരിക്കയായിരുന്നു ആ ജൈത്രയാത്രയുടെ തുടക്കം. തൊട്ടുപിന്നാലെ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ തകര്‍ത്ത് ഫിനാലിസിമ കിരീടവും അര്‍ജന്റീന സ്വന്തമാക്കി. എന്നാല്‍ ചരിത്രം സ്‌കലോണിയെ അടയാളപ്പെടുത്തിയത് 2022 ഖത്തര്‍ ലോകകപ്പിലായിരുന്നു. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിതമായി തോറ്റിട്ടും തളരാതെ, ടീമിനെ ഫൈനല്‍ വരെ എത്തിച്ച് ഫ്രാന്‍സിനെ വീഴ്ത്തി സ്‌കലോണി അര്‍ജന്റീനയ്ക്ക് മൂന്നാം ലോകകിരീടം സമ്മാനിച്ചു. തുടര്‍ന്ന് 2024 കോപ്പ അമേരിക്കയിലും ചാമ്പ്യന്‍മാരായി അര്‍ജന്റീനയെ ലോക ഫുട്‌ബോളിന്റെ അനിഷേധ്യ ശക്തിയാക്കാന്‍ ഈ 48-കാരന് കഴിഞ്ഞു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ച റെക്കോര്‍ഡും സ്‌കലോണിയുടെ ‘സ്‌കലോനേറ്റ’എന്ന വിളിപ്പേരുള്ള ഈ സംഘത്തിന്റെ അക്കൗണ്ടിലുണ്ട്.
അഹംഭാവമില്ലാത്ത തന്ത്രജ്ഞന്‍
യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളെ നയിക്കുന്ന കാര്‍ലോ ആന്‍സലോട്ടി, തോമസ് ടുഹല്‍, മൗറീഷ്യോ പോച്ചെറ്റിനോ തുടങ്ങിയ വലിയ പേരുകാരും വന്‍ തുക പ്രതിഫലം വാങ്ങുന്നവരുമായ പരിശീലകരെല്ലാം ഈ ലോകകപ്പില്‍ തങ്ങളുടെ തന്ത്രങ്ങള്‍ പാളി പുറത്തുപോയ കാഴ്ച നമ്മള്‍ കണ്ടു. ഇവിടെയാണ് സ്‌കലോണിയുടെ പ്രസക്തിയെന്ന് അന്താരാഷ്ട്ര കായിക ലോകം വിലയിരുത്തുന്നു. അദ്ദേഹത്തിന് വലിയ കോച്ചുമാരുടെ ‘ഇഗോ’ ഇല്ലായിരുന്നു. തന്റെ സ്വന്തം ആശയങ്ങള്‍ കളിക്കാരിലേക്ക് അടിച്ചേല്‍പ്പിക്കുന്നതിന് പകരം, ടീമിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സ്വയം മാറാന്‍ അദ്ദേഹം തയ്യാറായി.
മിശിഹ താലോലിച്ച രാജകുമാരന്‍; ലോകകപ്പ് കിരീടത്തിനായി അവര്‍ ഏറ്റുമുട്ടുന്നു!
ചാമ്പ്യന്മാര്‍ക്ക് 482 കോടി, റണ്ണേഴ്സ് അപ്പിന് 317 കോടി; ആകെ പ്രൈസ് മണി 6,404 കോടി രൂപ
അദ്ദേഹം ചെയ്ത ഏറ്റവും വലിയ കാര്യം ലയണല്‍ മെസ്സി എന്ന എക്കാലത്തെയും മികച്ച പ്രതിഭയ്ക്ക് ചുറ്റും കൃത്യമായ ഒരു കളിശൈലി രൂപപ്പെടുത്തി എന്നതാണ്. മെസ്സിക്ക് മൈതാനത്ത് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയും, അതേസമയം മെസ്സിയുടെ മേലുള്ള അമിതഭാരം കുറയ്ക്കാന്‍ ഓടിക്കളിക്കുന്ന ഒരു കൂട്ടം യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവരികയും ചെയ്തു. ടാക്റ്റിക്കല്‍ വിശകലന സൈറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ, മത്സരങ്ങളുടെ കഠിനമായ ഘട്ടങ്ങളില്‍ പോലും ടീമിലെ ശാന്തത നിലനിര്‍ത്താന്‍ സ്‌കലോണിയുടെ ഈ ‘ലളിതമായ’ സമീപനത്തിന് കഴിഞ്ഞു.

ചരിത്രത്തിന്റെ പടിവാതിലില്‍
ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിലെത്തിയപ്പോള്‍, അവരുടെ കോച്ച് പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാല്‍ സ്‌കലോണി തന്റെ ടീമിന്റെ അറ്റാക്കിംഗ് വീര്യം കൂട്ടി കളി തിരിച്ചുപിടിച്ചു. ഇനി ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനലില്‍ സ്‌പെയിനെക്കൂടി പരാജയപ്പെടുത്താന്‍ സ്‌കലോണിക്ക് കഴിഞ്ഞാല്‍, അത് ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഒരു അധ്യായമാകും.
തുടര്‍ച്ചയായി നാല് പ്രധാന അന്താരാഷ്ട്ര കിരീടങ്ങള്‍- രണ്ട് കോപ്പ അമേരിക്കയും രണ്ട് ലോകകപ്പും- നേടുന്ന ചരിത്രത്തിലെ ആദ്യ പരിശീലകനായി സ്‌കലോണി മാറും. 1930-കളില്‍ ഇറ്റലിയെ തുടര്‍ച്ചയായി രണ്ട് ലോകകപ്പ് വിജയങ്ങളിലേക്ക് നയിച്ച വിറ്റോറിയോ പോസോയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോച്ചാകും അദ്ദേഹം.
അന്ന് ആരും വിശ്വസിക്കാതിരുന്ന, റോഡിലെ ട്രാഫിക് നിയന്ത്രിക്കാന്‍ പോലും കൊള്ളില്ലെന്ന് പരിഹസിക്കപ്പെട്ട ആ മനുഷ്യന്‍ ഇന്ന് ലോക ഫുട്‌ബോളിനെ തന്നെ നിയന്ത്രിക്കുകയാണ്. ദൈവ പുത്രന് പിതാവ് എന്നപോല്‍ നിലകൊണ്ട് കൊണ്ട്. പണക്കൊഴുപ്പും വലിയ പേരുകളുമല്ല, കൃത്യമായ കഠിനാധ്വാനവും വിനയവുമാണ് വിജയത്തിന്റെ യഥാര്‍ത്ഥ സൂത്രവാക്യമെന്ന് സ്‌കലോണി അടിവരയിടുന്നു.
Content Summary; From being heavily criticized by Maradona to guiding Argentina to consecutive World Cup finals, explore the incredible journey and records of manager Lionel Scaloni.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.