June 04, 2026 |
Share on

വയനാട്ടിൽ കല്ലിടൽ പോലും നടന്നില്ല, ദുരന്തഫണ്ടിൽ തട്ടിപ്പും

നാഥനില്ലാ കളരിയായി യൂത്ത് കോൺഗ്രസ്സ്

‘വയനാട്ടിലെ ദുരന്തബാധിതർക്ക് 100 വീടുകൾ നിർമ്മിച്ചുനൽകും’ മേപ്പാടിയിലെ പഞ്ചായത്ത് ജനപ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രഖ്യാപനം ഒരു മാസം പിന്നിടുമ്പോഴും എങ്ങുമെത്തിയിട്ടില്ല.

ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകിയ ആ വാക്കുകൾ, പാഴ് വാക്കായി മാറിയോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ സഹകരണവും നൽകുമെന്നും, കേന്ദ്ര സർക്കാരിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.

പ്രഖ്യാപന വേളയിൽ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എം.പിമാരായ കെ.സി. വേണുഗോപാൽ, രാജ്‌മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, എം.എൽ.എ. ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരിക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കെ., പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയ പ്രമുഖർ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

ദുരന്തഭൂമി സന്ദർശിച്ച രാഹുൽ ഗാന്ധി, കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ 100 വീടുകൾ നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപനം വലിയ കൈയ്യടിയാണ് നേടിയത്. ദുരിതബാധിതർക്ക് അത് വലിയ ആശ്വാസമാകുമെന്ന് പലരും കരുതി.

എന്നാൽ, സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം ഭൂമി കണ്ടെത്തുന്നതിലടക്കം നേരിട്ട കാലതാമസങ്ങളും പദ്ധതിക്ക് തിരിച്ചടിയായി. രാഹുൽ ഗാന്ധിയാകട്ടെ ബിഹാറിലെ രാഷ്ട്രീയ തിരക്കുകളിലേക്കും മാറിക്കഴിഞ്ഞു.

ഇതോടെ, വീടുകൾക്കായി നാട്ടുകാരുടെ കൈയിൽനിന്നും പിരിച്ചെടുത്ത പണം എന്ത് ചെയ്തു എന്ന ചോദ്യവും ശക്തമാണ്. രാഹുൽ ഗാന്ധിക്ക് വയനാട്ടിലുള്ള പ്രതിബദ്ധതയെക്കുറിച്ചും മുൻപ് പലപ്പോഴും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഇതാകട്ടെ ഒരു ജനപ്രതിനിധി, ദുരന്തമുഖത്ത് നൽകിയ ഉറപ്പ് പാലിക്കപ്പെടുമോ എന്ന സംശയങ്ങൾക്ക് വീണ്ടും ശക്തി പകരുന്നതാണ്.

കേരളത്തിലെ യൂത്ത് കോൺഗ്രസ്സിന്റെ കാര്യവും കടുപ്പമാണ്. മുൻ പ്രസി‍ഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംഘടന കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. യൂത്ത് കോൺഗ്രസ്സിപ്പോൾ നാഥനില്ലാ കളരിയാണ്.

അധ്യക്ഷ പദവി രാജിവെക്കേണ്ടി വന്ന രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താൻ സംഘടനയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല.

പുതിയ സംസ്ഥാന അധ്യക്ഷനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതും യൂത്ത് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയിട്ടുണ്ട്. പ്രധാന നേതാക്കൾ തങ്ങളുടെ തല്പര കക്ഷികൾക്കായി പടയൊരുക്കം നടത്തുന്നതാണ് പ്രതിസന്ധിക്ക് കാരണം. അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്ന അബിൻ വർക്കിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പക്ഷം തന്നെയാണ് വാളെടുക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനത്തുനിന്ന് നീക്കാൻ അബിൻ വർക്കി പിന്നിൽനിന്ന് കളിച്ചുവെന്നാണ് ഇവരുടെ ആരോപണം.

ബിനു ചുള്ളിയിലിനെ അധ്യക്ഷനാക്കാനാണ് കെ.സി. വേണുഗോപാൽ പക്ഷം ശ്രമിക്കുന്നത്. എന്നാൽ, സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാളെ തലപ്പത്ത് നിയമിക്കുന്നതിനെതിരെ ഒരു വിഭാഗം ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ട്. കെ.എം. അഭിജിത്തിനെ അധ്യക്ഷനാക്കാനുള്ള നീക്കങ്ങൾക്കെതിരെയും ഇതേ വാദമുയർത്തി എതിർപ്പുണ്ട്.

തർക്കം കടുത്തതോടെ, ജെ.എസ്. അഖിലിന്റെ പേരും ചില നേതാക്കൾ നിർദ്ദേശിക്കുന്നുണ്ട്. സംഘടനയുടെ ഇപ്പോഴത്തെ നാണക്കേട് മാറ്റാൻ ഒരു വനിതാ നേതാവിനെ അധ്യക്ഷയാക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിലെ ആഭ്യന്തരകലഹങ്ങൾ കാരണം, യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിന്റെ കാര്യത്തിൽ എളുപ്പത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

ദുരന്തബാധിതർക്ക് വീടുവെച്ചു നൽകാനെന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവിലും സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതും സംഘടനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി അഞ്ച് കോടി രൂപയെങ്കിലും പിരിച്ചെടുത്തിട്ടും, വെറും 88 ലക്ഷം രൂപ മാത്രമേ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടുള്ളൂ എന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം പൊള്ളയാണെന്ന് വിവിധ മണ്ഡലം കമ്മിറ്റികൾ നൽകിയ തുകകളുടെ കണക്കുകൾ വ്യക്തമാക്കിയിരുന്നു.

ഒരു മണ്ഡലം കമ്മിറ്റി കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും പിരിക്കണമെന്ന് സംസ്ഥാന നേതൃത്വം നിർദേശിക്കുകയും, പണം നൽകാൻ കഴിയാത്തവരെ നേതൃസ്ഥാനത്തുനിന്ന് മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നിർബന്ധിത പിരിവ് നടത്തിയതിന് ശേഷം ഭൂരിപക്ഷം കമ്മിറ്റികളും നിശ്ചയിച്ച തുക നൽകുകയും, ചില കമ്മിറ്റികൾ ഇതിന്റെ ഇരട്ടിയിലധികം പണം പിരിച്ച് നൽകുകയും ചെയ്തു.

കോഴിക്കോട് സൗത്ത് കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ 4.34 ലക്ഷം രൂപയും, കുറ്റ്യാടി, വടകര തുടങ്ങിയ കമ്മിറ്റികൾ ലക്ഷക്കണക്കിന് രൂപയും പിരിച്ചുനൽകി. ഈ അഞ്ച് കമ്മിറ്റികളിൽ നിന്ന് മാത്രം ലഭിച്ചത് 15 ലക്ഷം രൂപയാണ്.

ഇങ്ങനെ 140 മണ്ഡലം കമ്മിറ്റികൾ ശരാശരി രണ്ടര ലക്ഷം രൂപ വീതം പിരിച്ചെടുത്താൽ ഏകദേശം മൂന്നരക്കോടി രൂപ കവിയും. ഇതിനു പുറമെ കെ.എസ്.യു. പോലുള്ള മറ്റു സംഘടനകൾ വഴിയും ലക്ഷങ്ങൾ പിരിച്ചെടുത്തു. എന്നിട്ടും, മുണ്ടക്കൈയിൽ ഒരു വീടിന് തറ കല്ലിടാൻ പോലും യൂത്ത് കോൺഗ്രസ്സിന് കഴിഞ്ഞില്ല.

പകരം, ഫണ്ട് തട്ടിപ്പ് പുറത്തായപ്പോൾ, ഭവനപദ്ധതിക്കായി ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകിയിട്ടുണ്ടെന്ന കള്ളക്കഥ മെനയാനാണ് നേതാക്കൾ ശ്രമിച്ചത്. എന്നാൽ അങ്ങനെയൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഫണ്ട് പിരിവ് സംഘടനയ്ക്ക് നാണക്കേടായെന്ന് ആലപ്പുഴയിൽ നടന്ന സംസ്ഥാന രാഷ്‌ട്രീയ പരിശീലന ക്യാമ്പിലും രൂക്ഷമായ വിമർശനമുയർന്നിരുന്നു. ഇടുക്കിയിൽ നിന്നുള്ള ഒരു പ്രതിനിധി പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ആവശ്യപ്പെട്ടപ്പോൾ, 88 ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടിൽ വന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മറുപടി സഹപ്രവർത്തകരെയടക്കം ഞെട്ടിക്കുന്നതായിരുന്നു.

ഒരു വലിയ പദ്ധതിയായിട്ടും സംഘടനാ റിപ്പോർട്ടിൽ അതിന്റെ പുരോഗതിയോ, കണക്കുകളോ ഉൾപ്പെടുത്താത്തത് നേതാക്കൾ തമ്മിലുള്ള വിശ്വാസക്കുറവിനും വഴി തുറന്നു. സഹായിക്കാനുള്ള മനസ്സുമായി ജനങ്ങൾ നൽകിയ പണവും, ദുരന്തബാധിതരുടെ കണ്ണീരും യൂത്ത് കോൺഗ്രസ്സ് രാഷ്ട്രീയ ചൂഷണത്തിന് ഉപയോഗിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

content summary: Youth Congress scam allegation over Wayanad House Construction

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×