June 26, 2026 |
Share on

‘ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല’; റഷ്യയ്ക്ക് മുന്നറിയിപ്പുമായി സെലെന്‍സ്‌കി

യുക്രെയ്‌നെ പങ്കെടുപ്പിക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍ സമാധാനത്തിന് എതിരാണ്

അധിനിവേശക്കാര്‍ക്ക് തങ്ങളുടെ ഭൂമി വിട്ടുനല്‍കില്ലെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കി. യുക്രെയ്ന്‍ യുദ്ധം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം.

റഷ്യയ്ക്ക് മുന്നില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി. ഓഗസ്റ്റ് 15-ന് അലാസ്‌കയില്‍ വെച്ചാണ് ട്രംപും പുടിനും കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ച പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ട്രംപ് പറഞ്ഞത്, യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ തങ്ങളുടെ ചില പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്നാണ്.

‘യുക്രേനിയക്കാര്‍ തങ്ങളുടെ ഭൂമി അധിനിവേശക്കാര്‍ക്ക് നല്‍കില്ല’ എന്ന് സെലെന്‍സ്‌കി ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തു. ‘യഥാര്‍ത്ഥവും ശാശ്വതവുമായ’ സമാധാനത്തിനായി ചര്‍ച്ചകള്‍ നടത്താന്‍ താന്‍ തയ്യാറാണ്. യുക്രെയ്ന്‍ ഇല്ലാതെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ല. യുക്രേനിയന്‍ പ്രദേശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരം യുക്രെയ്‌നിന്റെ ഭരണഘടനയില്‍ തന്നെയുണ്ട്. അതില്‍ നിന്ന് ആര്‍ക്കും വ്യതിചലിക്കാന്‍ കഴിയില്ല’ സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് എതിരായുള്ള ഏത് തീരുമാനങ്ങളും, യുക്രെയ്നെ പങ്കെടുപ്പിക്കാതെ എടുക്കുന്ന ഏത് തീരുമാനങ്ങളും സമാധാനത്തിന് എതിരായുള്ള തീരുമാനങ്ങളാണ്. അവയൊന്നും ഒരു ഫലവും ഉണ്ടാക്കില്ല,’ സെലെന്‍സ്‌കി വ്യക്തമാക്കി.

വൈറ്റ് ഹൗസില്‍ ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സെലെന്‍സ്‌കിയുടെ ഈ പ്രതികരണം. ‘രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന ചില പ്രദേശങ്ങളുടെ കൈമാറ്റം ഉണ്ടാകും,’ എന്നാണ് ട്രംപ് പറഞ്ഞത്. ‘കഴിഞ്ഞ മൂന്നര വര്‍ഷമായി പോരാട്ടം നടക്കുന്ന ഒരു പ്രദേശമാണിത്, ധാരാളം റഷ്യക്കാരും യുക്രേനിയക്കാരും മരിച്ചു,’ യുഎസ് പ്രസിഡന്റ് പറഞ്ഞു.

സമാധാനത്തിനായി ഭൂമി വിട്ടുകൊടുക്കുക എന്നത് ട്രംപിന്റെ നേരത്തെയുള്ള നിലപാടാണ്. എന്നാല്‍ ഇത് യുക്രെയ്‌നിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും, യുദ്ധം തുടങ്ങിയതിന് റഷ്യക്ക് സമ്മാനം നല്‍കുന്നതിന് തുല്യമായിരിക്കുമെന്നും സെലെന്‍സ്‌കി എല്ലായ്‌പ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ പൂര്‍ണ്ണമായ അധിനിവേശത്തോടെയാണ് റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത്.

ട്രംപും പുടിനും യുക്രെയ്‌നിനെ ഒഴിവാക്കി ഒരു കരാറുണ്ടാക്കുമോ എന്ന ഭയം യുക്രെയ്‌നിനും പല യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കും എപ്പോഴും ഉണ്ടായിരുന്നു. വെടിനിര്‍ത്തല്‍ അംഗീകരിക്കാത്ത പക്ഷം കൂടുതല്‍ ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്ന് റഷ്യയ്ക്ക് ട്രംപ് നല്‍കിയ സമയപരിധി യാതൊരു പ്രതിഫലനങ്ങളുമില്ലാതെ കടന്നുപോയിരുന്നു. എന്നാലിപ്പോള്‍, അടുത്തയാഴ്ച അലാസ്‌കയില്‍ പുടിനുമായി കൂടിക്കാഴ്ച നടക്കുമ്പോള്‍, വെടിനിര്‍ത്തലിന് പകരമായി യുക്രെയ്ന്‍ തങ്ങളുടെ ചില പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഈ വര്‍ഷം മോസ്‌കോയും കീവും തമ്മില്‍ നടന്ന മൂന്ന് ഘട്ട ചര്‍ച്ചകളും ഫലം കണ്ടില്ല. വരാനിരിക്കുന്ന ഉച്ചകോടി സമാധാന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അമേരിക്ക, യൂറോപ്പ്, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വെടിനിര്‍ത്തല്‍ ആവശ്യങ്ങള്‍ പുടിന്‍ തള്ളിക്കളയുകയും, യുക്രേനിയന്‍ പ്രസിഡന്റുമായി ചര്‍ച്ചകള്‍ നടത്താന്‍ വിസമ്മതിക്കുകയും ചെയ്തു. Zelensky rejects trump’s suggestion that ukraine swap territory with Russia

Content Summary: Zelensky rejects trump’s suggestion that ukraine swap territory with Russia

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×