ആകാശത്ത് ഇപ്പോഴും ഇസ്രയേല്‍ വിമാനങ്ങളുണ്ട്; സമാധാനമോ കെണിയോ നിങ്ങള്‍ തയ്യാറാക്കുന്നത്?

ട്രംപിന്റെ 20 ഇന സമാധാന പദ്ധതികള്‍ ഹമാസ് അംഗീകരിച്ചാല്‍ ഗാസയില്‍ സമാധാനം പുലരുമോ?

Trump Gaza Peace Plan

അമേരിക്കയുടെ ഗാസ സമാധാന പദ്ധതി ഹമാസ് ഭാഗികമായി അംഗീകരിക്കുകയും ഇസ്രയേലിനോട് ട്രംപ് ബോംബാക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ ഗാസയില്‍ സമാധാനം പുലരുമെന്നാണ് പൊതുവില്‍ പ്രതീക്ഷ. എന്നാല്‍ തങ്ങളുടെ ഭാവിയില്‍ ഗാസയിലെ ജനങ്ങള്‍ ഇപ്പോഴും ഭയത്തില്‍ തന്നെയാണ്.

സമാധാന ശ്രമങ്ങള്‍ ആരംഭിച്ചു എന്നു പറയുമ്പോഴും, ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ ഗാസയില്‍ ബോംബുകള്‍ ഇട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യരെ ഇപ്പോഴും കൊന്നൊടുക്കുമ്പോള്‍, സമാധാനത്തിന്റെ സാന്നിധ്യം എവിടെയാണെന്നാണ് ഗാസ നിവാസികള്‍ ചോദിക്കുന്നത്.

ഞങ്ങള്‍ ഒരു കെണിയിലാണെന്ന് എനിക്ക് തോന്നുന്നു. ഹമാസ് സമ്മതിച്ചാലും ഇല്ലെങ്കിലും, ഞങ്ങള്‍ സുരക്ഷിതരായിരിക്കില്ല… ഇവിടെ ആക്രമണങ്ങളുടെ തീവ്രതയില്‍ ഒരു കുറവും ഉണ്ടായിട്ടില്ല, ഒരു ഇസ്രയേലി വിമാനവും ആകാശത്ത് നിന്ന് പിന്‍വാങ്ങിയിട്ടില്ല,’ ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥിയും 23 വയസ്സുള്ള ഇംഗ്ലീഷ് അധ്യാപികയുമായ അരിജ്-അല്‍ ഫറ ദി ഗാര്‍ഡിയനോട് പറയുന്ന വാചകങ്ങളാണ്. ഖാന്‍ യൂനിസില്‍ ഫറ താമസിക്കുന്ന അഭയാര്‍ത്ഥി ടെന്റിന് സമീപം കഴിഞ്ഞ ദിവസവും ഇസ്രയേല്‍ ബോംബാക്രമണം നടത്തിയിരുന്നു. അതില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടൊരാളാണ് ഫറ. അവര്‍ ചോദിക്കുന്നത്, എന്താണ് ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടതെന്നാണ്.

ട്രംപിന്റെ പദ്ധതികള്‍ ഹമാസ് അംഗീകരിച്ചാല്‍ രണ്ടര വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിക്കുമെന്ന് ഗാസക്കാര്‍ വിശ്വസിക്കുന്നില്ല എന്നാണ് ഫറയെ പോലുള്ളവരുടെ വാക്കുകളില്‍ നിന്നും വ്യക്തം.

ഗാസയുടെ അധികാരം വിട്ടൊഴിയാനും ബന്ദികളെ മോചിപ്പിക്കാനുമാണ് ഹമാസ് തയ്യാറായിട്ടുള്ളത്. ഈ തീരുമാനം സമാധാനത്തിലേക്കുള്ള ചുവട് വയ്പ്പായാണ് അമേരിക്കയും അന്താരാഷ്ട്ര സമൂഹവും കാണുന്നത്.

എന്നാല്‍ സമാധാന ആഹ്വാനവും അത് നടപ്പാകാന്‍ പോകുന്നു എന്ന പ്രഖ്യാപനവും ഇതാദ്യമായല്ല ഗാസക്കാര്‍ കേള്‍ക്കുന്നത്.

ദിവസങ്ങള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നു എന്ന് ട്രംപ് ഇതാദ്യമായല്ല ലോകത്തിനും പലസ്തീനികള്‍ക്കും ‘ഉറപ്പ്’ കൊടുക്കുന്നത്. ആ ഉറപ്പുകളൊക്കെയും തകര്‍ന്നു പോയിട്ടേയുള്ളൂ. ഇക്കൊല്ലം ഫെബ്രുവരിയില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്നു. ഇനി സമാധാനമാണെന്നാണ് ട്രംപ് വിളിച്ചു പറഞ്ഞത്. എന്നാല്‍ മാര്‍ച്ചില്‍ ഏകപക്ഷീയമായി യുദ്ധം പുനരാരംഭിക്കാനും ഗാസയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്താനും തീരുമാനിച്ച് ആറ് ആഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ ഇസ്രയേല്‍ ലംഘിച്ചു. പിന്നീടങ്ങോട്ട് അവര്‍ ഗാസയില്‍ പലസ്തീനികളെ വംശഹത്യ നടത്തിക്കൊണ്ടിരിക്കുകയാണ്. ആയുധങ്ങള്‍ ഉപയോഗിച്ചു മാത്രമല്ല,പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിയിട്ടുകൊണ്ടും.

ഈ കരാറില്‍ എനിക്ക് വലിയ പ്രതീക്ഷയില്ല, കാരണം വെടിനിര്‍ത്തലിന്റെ വക്കിലെത്തുമ്പോഴെല്ലാം, കരാറുകളെ ഗതി മാറ്റുന്ന എന്തെങ്കിലും സംഭവിക്കുന്നു,’ ഫറ അവളുടെ അനുഭവം പറയുന്നു. ഇതു തന്നെയാണ് ഓരോ പലസ്തീനികളുടെയും മനസിലുള്ളതെങ്കിലും, പ്രതീക്ഷ ബാക്കി നിര്‍ത്തുകയാണ്.

ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന കാര്യങ്ങള്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. 67,000-ത്തിലധികം പലസ്തീനികളാണ് രണ്ടര വര്‍ഷത്തിനിടയില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്. 1,70,000-ത്തിലധികം പേരാണ് യുദ്ധത്തിന്റെ മുറിവേറ്റത്. ഗാസയുടെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. ഇതിനെല്ലാം കാരണമായ യുദ്ധം അവസാനിക്കട്ടെയെന്നാണ് അവര്‍ സ്വപ്‌നം കാണുന്നത്.

ഇത്തവണത്തെ സമാധാന കരാര്‍ മുമ്പത്തെക്കാള്‍ ഗൗരവമുള്ളതാണെന്ന് ഞാന്‍ കരുതുന്നു’ 43 കാരനായ അബു ഫാരിസിന്റെ വാക്കുകളില്‍ ആ പ്രതീക്ഷയാണുള്ളത്. ‘വെടിനിര്‍ത്തല്‍ കരാറില്‍ ഒരു വഴിത്തിരിവ് ഉണ്ടാകുന്നത് നല്ല കാര്യമായിരിക്കും. അത് പലസ്തീന്‍ ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും വടക്കന്‍ ഗാസയിലെ സാധാരണക്കാര്‍ക്ക് പ്രതീക്ഷയും സുരക്ഷിതത്വവും നല്‍കുകയും ചെയ്യും.’ ഫാരിസ് പറയുന്നു.

സമാധാന പ്രതീക്ഷകള്‍ നല്‍കുമ്പോഴും, അമേരിക്കയുടെ സമാധാന പദ്ധതികള്‍ക്ക് പിന്നില്‍ വലിയൊരു ചതിയുണ്ടെന്ന ആശങ്കയും പലസ്തീനികള്‍ക്കുണ്ട്. 20 ഇന പദ്ധതികളും പൂര്‍ണമായി നടപ്പില്‍ വരികയാണെങ്കില്‍ ഹമാസ് ഉള്‍പ്പെടെയുള്ള പലസ്തീന്‍ രാഷ്ട്രീയ-സായുധ സംഘടനകള്‍ക്ക് അത് വലിയ തിരിച്ചടിയായിരിക്കും നല്‍കുക.

”ഈ പദ്ധതി അമേരിക്കന്‍ കരങ്ങള്‍ തയ്യാറാക്കിയതിനാലും വ്യക്തമായ അമേരിക്കന്‍ പിന്തുണയോടെ യുദ്ധം തുടരുന്നതിനാലും ഒരു അവിശ്വാസം നിലനില്‍ക്കുന്നു…’ എന്നാണ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ 48കാരന്‍ ഡോ. അഷ്‌റഫ് മഘരി അഭിപ്രായപ്പെടുന്നത്. സമാധാന പദ്ധതികള്‍ എന്നു പറഞ്ഞു തയ്യാറാക്കിയ കരാര്‍ ഇസ്രയേലിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്നത് വ്യക്തമാണ്, പലസ്തീനികള്‍ക്കുള്ള അര്‍ത്ഥവത്തായ വ്യവസ്ഥകളൊന്നും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് മഘരി ചൂണ്ടിക്കാണിക്കുന്നത്.

ഹമാസിന്റെ കീഴടങ്ങല്‍ ഗാസ നിവാസികള്‍ കാര്യമാക്കുന്നില്ല. അവര്‍ കൊതിക്കുന്നത് ശാശ്വത സമാധാനമാണ്. സമാധാനം വരാന്‍ ഹമാസിന് ത്യാഗം ചെയ്യേണ്ടി വരുമെങ്കില്‍ അതുമൂലമുണ്ടാകുന്ന പ്രത്യഘാതങ്ങളും അവര്‍ സഹിക്കണം എന്നാണ് ഗാസക്കാര്‍ പറയുന്നത്.

വീടും ഉറ്റവരെയും എല്ലാ നഷ്ടപ്പെട്ടവരാണ് ഗാസയില്‍ ഇപ്പോള്‍ ജീവനോടെയുള്ളത്. സ്വന്തം നാട്ടില്‍ തന്നെ അവര്‍ അഭയാര്‍ത്ഥികളായി അലയുകയാണ്. ഇനിയും കൂടുതല്‍ ദുരിതങ്ങളും നഷ്ടങ്ങളും തങ്ങള്‍ക്ക് ഉണ്ടാകുന്നതിന് മുമ്പ് എല്ലാം അവസാനിച്ചിരുന്നുവെങ്കില്‍ എന്നു മാത്രമാണ് സാധാരണക്കാരായ മനുഷ്യര്‍ ആഗ്രഹിക്കുന്നത്.

Content Summary; Donald Trump’s Gaza Peace Palan. Concerns of the Palestinians. They thinking they are in trap

This post was last modified on October 5, 2025 3:15 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment