മാര്‍പാപ്പ സ്ഥാനത്തേക്ക് സ്വന്തം നാട്ടിലെ കര്‍ദിനാളിനു വേണ്ടി കൈപൊക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കുകാരനായ ട്രംപ്, അവിടുത്തെ ആര്‍ച്ച് ബിഷപ്പായ തിമോത്തി ഡോളനെയാണ് തന്റെ ചോയ്‌സ് ആയി അവതരിപ്പിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ശുശ്രൂഷകള്‍ നേതൃത്വം നല്‍കിയ കര്‍ദിനാള്‍ ഡോളന്‍ തന്നെയായിരുന്നു ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിലും കാര്‍മികത്വം വഹിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവസംസ്‌കാര ചടങ്ങില്‍ ട്രംപ് പങ്കെടുത്തിരുന്നു. അടുത്ത മാര്‍പാപ്പ ആരായിരിക്കണമെന്ന ചോദ്യം അവിടെ വച്ച് നേരിട്ടപ്പോള്‍ ട്രംപിന്റെ മറുപടി തമാശയോടെയായിരുന്നു. ‘എനിക്ക് പോപ്പ് ആകണം. അതായിരിക്കും എന്റെ ഒന്നാം നമ്പര്‍ ചോയ്സ്.’ഇതായിരുന്നു ട്രംപിന്റെ ആദ്യ മറുപടി. പിന്നീട് അദ്ദേഹം പറഞ്ഞത്, പാപ്പല്‍ കോണ്‍ക്ലേവിന് ആര്‍ക്കും ‘മുന്‍ഗണനയില്ല’ എന്നായിരുന്നു.
‘ന്യൂയോര്‍ക്ക് എന്ന സ്ഥലത്തുനിന്നുള്ള ഒരു കര്‍ദ്ദിനാള്‍ ഞങ്ങളുടെ പക്കലുണ്ട്, അദ്ദേഹം വളരെ നല്ലവനാണ്, അതിനാല്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.’ എന്ന പ്രയോഗത്തിലൂടെയാണ് തിമോത്തി ഡോളന്റെ പേര് ട്രംപിന്റെ മനസില്‍ ഉണ്ടെന്ന കാര്യം വ്യക്തമായത്. കത്തോലിക്കനല്ലാത്ത ട്രംപിന് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഎസ്സിലെ കത്തോലിക്ക വിശ്വാസികളുടെ പിന്തുണ കിട്ടിയിരുന്നു. ആ ഒരു രാഷ്ട്രീയം കൂടിയുണ്ടായിരുന്നു പോപ്പിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തതിനു പിന്നില്‍. ഫ്രാന്‍സിസ് മാര്‍പാപ്പയാകട്ടെ, ട്രംപിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ, ഒരു പാരമ്പര്യവാദിയായ പുരോഹിതനാണ് തിമോത്തി ഡോളന്‍. മിസോറിയില്‍ ജനിച്ച ഡോളന്‍ 2009 ലാണ് ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ആയി സ്ഥാനമേല്‍ക്കുന്നത്. ഇതോടെ ന്യൂയോര്‍ക്ക് നഗരത്തിലെ പ്രബലന്മാരുമായി, ട്രംപ് ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ഡോളന് സാധിച്ചു. ട്രംപിന്റെ ആദ്യത്തെയും രണ്ടാമത്തെയും പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങില്‍ ഉറ്റ സുഹൃത്തായ ഡോളന്റെ സാന്നിധ്യമുണ്ടായിരുന്നു. ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണ ദിനത്തെ ഡോളന്‍ പ്രകീര്‍ത്തിച്ചത്, അമേരിക്കയുടെ ഏറ്റവും മഹത്തായ ദിനം എന്നായിരുന്നു.
പാരമ്പര്യവാദിയായിരിക്കുമ്പോള്‍ തന്നെ പുരോഗമന നിലപാടുകളെ പിന്തുണയ്ക്കാനും തിമോത്തി ഡോളന്‍ തയ്യാറായിട്ടുണ്ട്. അതുപോലെ സുഹൃത്തായിരിക്കെ തന്നെ ട്രംപിനെ വിമര്‍ശിക്കാനും. ഗര്‍ഭഛിദ്രത്തിലും സ്വവര്‍ഗ വിവാഹത്തിലും പരമ്പരാഗത കത്തോലിക്ക നിയമങ്ങളെ പിന്തുടരുമ്പോഴും, സ്വവര്‍ഗ വിവാഹാതിര്‍ക്ക് പള്ളികളില്‍ ആശിര്‍വാദം കൊടുക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനത്തെ ഡോളന്‍ പിന്തുണയ്ക്കുകയും ചെയ്തു. അതുപോലെ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ പരസ്യമായി എതിര്‍ക്കുകയും ചെയ്തു.
ട്രംപിന്റെ മാനസിക പിന്തുണയുണ്ടെങ്കിലും കാര്യങ്ങള്‍ ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പിന് അത്ര അനുകൂലമല്ല. കത്തോലിക്ക സഭയിലെ പ്രമുഖ വ്യക്തിത്വമാണ് തിമോത്തി ഡോളന്‍ എങ്കിലും പോപ്പ് ആകാനുള്ള അദ്ദേഹത്തിന്റെ സാധ്യത വളരെ കുറവാണെന്നാണ് വിവരം. അടുത്ത ബുധനാഴ്ച്ച(മേയ് 7) സിസ്റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടുന്ന 135 കര്‍ദിനാള്‍മാരില്‍ മൂന്നില്‍ രണ്ടു പേരുടെ വോട്ടുകള്‍ കിട്ടുന്നവരാകും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമി.
അദ്ദേഹം ഒരു ന്യൂയോര്‍ക്കുകാരനാണ്, ആഗോള കാഴ്ചപ്പാടുള്ള ഒരാളുമല്ല. മാത്രമല്ല, റോമില്‍ പറയത്തക്ക സ്വാധീനവുമില്ല. അതുമല്ല ട്രംപ് പിന്തുണയ്ക്കുന്ന ഒരാളാണ്. ചക്രവര്‍ത്തിക്കുവേണ്ടി സംസാരിക്കുന്ന ഒരു പോപ്പിനെ ആവശ്യമില്ല എന്നാണ്, തിമോത്തി ഡോളന്റെ സാധ്യതകള്‍ തള്ളിക്കൊണ്ട് റോം ആസ്ഥാനമായുള്ള അപ്പിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍ ഫ്രാന്‍സെസ്‌കോ സിസ്‌കി പറയുന്നത്. ഭൗമരാഷ്ട്രീയ വിഷയങ്ങളില്‍ ശ്രദ്ധിക്കുന്ന ചിന്തകനാണ് സിസ്‌കി.
തിമോത്തി ഡോളന്‍ തന്റെ റോം യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ടെങ്കിലും പ്രസിഡന്റ് തന്നെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് യാതൊന്നും പറഞ്ഞിട്ടില്ല. ഫിലിപ്പീന്‍സിലെ കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെ, ഹംഗറിയിലെ കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കര്‍ദ്ദിനാള്‍ ഫ്രിഡോലിന്‍ അംബോംഗോ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, ജറുസലേമിലെ ലാറ്റിന്‍ ഗോത്രപിതാവായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല എന്നിവരാണ് അടുത്ത പോപ്പാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റുള്ളവര്‍. Donald Trump supports New York Archbishop Timothy Dolan as the next Pope
Content Summary; Donald Trump supports New York Archbishop Timothy Dolan as the next Pope
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.