ഹോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ശനിയാഴ്ച്ചയായിരുന്നു ഹോളിവുഡ് താരനിര മാര്‍പാപ്പയെ കാണാനെത്തിയത്. കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ അമേരിക്കനായ ആദ്യ മാര്‍പാപ്പയായ ലിയോ പതിനാലാമന് അല്‍പ്പം താരശോഭ നല്‍കാനാണ് ഈ ഒത്തുചേരല്‍ ലക്ഷ്യമിട്ടതെന്നാണ് വത്തിക്കാന്‍ നിരീക്ഷകരുടെ ഭാഷ്യം.
കേറ്റ് ബ്ലാഞ്ചറ്റ്, മോണിക്ക ബെല്ലൂച്ചി, ക്രിസ് പൈന്‍, ആദം സ്‌കോട്ട് എന്നിവരുള്‍പ്പെടെയുള്ള അഭിനേതാക്കളും ഓസ്‌കര്‍ നേടിയ സംവിധായകരായ സ്‌പൈക്ക് ലീ, ജോര്‍ജ് മില്ലര്‍, ഗസ് വാന്‍ സാന്റ് എന്നിവരും മാര്‍പാപ്പയുടെ അപ്പോസ്‌തോലിക് പാലസിലെ വസതിയില്‍ നടക്കുന്ന പ്രത്യേക കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് വിവരം.
മാര്‍പാപ്പ ‘സിനിമാ ലോകവുമായി സംവാദം കൂടുതല്‍ ആഴത്തിലാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു… കലാപരമായ സര്‍ഗ്ഗാത്മകത സഭയുടെ ദൗത്യത്തിനും മനുഷ്യ മൂല്യങ്ങളുടെ പ്രോത്സാഹനത്തിനും നല്‍കുന്ന സാധ്യതകള്‍ ആരാഞ്ഞറിയുന്നു,’ എന്നായിരുന്നു ഈ ആഴ്ച വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ചിക്കാഗോ സ്വദേശിയായ മാര്‍പാപ്പ, തന്റെ പ്രിയപ്പെട്ട നാല് സിനിമകള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. റോബര്‍ട്ട് വൈസിന്റെ ദി സൗണ്ട് ഓഫ് മ്യൂസിക്, ഫ്രാങ്ക് കാപ്രയുടെ ഇറ്റ്സ് എ വണ്ടര്‍ഫുള്‍ ലൈഫ്, റോബര്‍ട്ട് റെഡ്‌ഫോര്‍ഡിന്റെ ഓര്‍ഡിനറി പീപ്പിള്‍, റോബര്‍ട്ടോ ബെനിഞ്ഞിയുടെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നിവയാണവ.
കത്തോലിക്കാ സഭ വിശുദ്ധ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെന്നാണ് വത്തിക്കാന്റെ സാംസ്‌കാരിക കാര്യാലയം പറയുന്നത്.
എന്നാല്‍ താര സാന്നിധ്യം കൊണ്ട് സഭയും മാര്‍പാപ്പയും ലക്ഷ്യമിടുന്നത് ഒരു പ്രതിച്ഛായ നിര്‍മാണമാണെന്ന തരത്തിലും ചര്‍ച്ചകളുണ്ട്. കഴിഞ്ഞാഴ്ച്ച വിഖ്യാത നടന്‍ റോബര്‍ട്ട് ഡി നിറോയും മാര്‍പാപ്പയുടെ അതിഥിയായി എത്തിയിരുന്നു. കത്തോലിക്ക മാധ്യമങ്ങള്‍ക്ക് അപ്പുറത്തേക്ക് കത്തോലിക്ക സഭയ്ക്കും മാര്‍പാപ്പയ്ക്കും കൂടുതല്‍ വാര്‍ത്ത പ്രാധാന്യവും പ്രതിച്ഛായയും ആഗ്രഹിക്കുന്നുണ്ട്. അതിനായാണ് ഇത്തരം കൂടിക്കാഴ്ച്ചകള്‍ ഒരുക്കുന്നതെന്നാണ് ചര്‍ച്ചയുടെ കാതല്‍.
70-കാരനായ ലിയോ പതിനാലാമന്‍ ആറുമാസം മുമ്പാണ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അന്തരിച്ച മാര്‍പാപ്പ ഫ്രാന്‍സിസിന്റെ പിന്‍ഗാമിയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പോലെ സൗമന്യനും ശാന്തനും നല്ലൊരു ശ്രോതാവുമൊക്കെയാണെങ്കിലും ഫ്രാന്‍സിസി മാര്‍പാപ്പയെ പോലെ പരന്ന സ്വീകാര്യത സ്വഭാവികമായി ലഭിക്കാന്‍ പ്രയാസമാണെന്നും, അത് സൃഷ്ടിച്ചെടുക്കേണ്ടതുമുണ്ടെന്ന അഭിപ്രായമാണ് ഡച്ച് പത്രമായ നെഡര്‍ലാന്‍ഡ്‌സ് ഡാഗ്ബ്ലാഡിന്റെ വത്തിക്കാന്‍ ലേഖകനായ ഹെന്‍ഡ്രോ മണ്‍സ്റ്റര്‍മാന്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘ലിയോ ഒരു നല്ല ശ്രോതാവാണ്, വളരെ ശാന്തനും വിനയമുള്ളവനുമാണ്, അതിന് അതിന്റേതായ ആകര്‍ഷണീയതയുണ്ട്. എന്നാല്‍ അദ്ദേഹവും സൃഷ്ടിക്കപ്പെടേണ്ട ഒരു ‘ഉല്‍പ്പന്ന’മാണ്.’ എന്നാണ് മണ്‍സ്റ്റര്‍മാന്റെ അഭിപ്രായം.
ലിയോ പതിനാലാമാന്‍ സിനിമ-കായിക രംഗത്തെ പ്രശസ്തരുമായി കൂടിക്കാഴ്ച്ച നടത്തുന്നത് ഒരു പതിവാണെന്ന് പറയാം. മാര്‍പാപ്പയായതിനു പിന്നാലെ, മേയ് മാസത്തില്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായിരുന്ന ഇറ്റാലിയന്‍ ടെന്നീസ് താരം ജാനിക് സിന്നറെ വത്തിക്കാനിലേക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. ലിയോയും നല്ലരു ടെന്നീസ് കളിക്കാരനാണ്. കൂടിക്കാഴ്ചയുടെ വീഡിയോയില്‍, 24-കാരനായ സിന്നര്‍ മാര്‍പാപ്പയ്ക്ക് ഒരു ടെന്നീസ് റാക്കറ്റ് സമ്മാനിച്ച ശേഷം ഒരു പന്ത് നല്‍കി കളിക്കാന്‍ ആവശ്യപ്പെടുന്നതും കാണാം. മുറിക്ക് ചുറ്റും നോക്കി ലിയോ തമാശയായി പറഞ്ഞത്, ‘ഇവിടെ നമ്മള്‍ എന്തെങ്കിലും തകര്‍ക്കും. കളിക്കാതിരിക്കുന്നതാണ് നല്ലത്!’ എന്നായിരുന്നു.
ജൂണില്‍ ലിയോ, ആല്‍ പച്ചീനോയെ ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരുന്നു. ഈ ആഴ്ച ഇറ്റാലിയന്‍ ഗായിക ലോറ പോസിനിയെയും കണ്ടുമുട്ടി. ഇതെല്ലാം മാര്‍പാപ്പയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വത്തിക്കാന്റെ ശ്രമങ്ങളാണെന്നാണ് വിലയിരുത്തല്‍.
‘അവര്‍ കായികരംഗത്ത് തുടങ്ങി, ഇപ്പോള്‍ സംസ്‌കാരത്തിലേക്കെത്തിയിരിക്കുന്നു, പ്രത്യേകിച്ചും നമ്മള്‍ നെറ്റ്ഫ്‌ലിക്‌സിന്റെയും സിനിമകളുടെയും മറ്റ് കാര്യങ്ങളുടെയും വളരെ ദൃശ്യമായ സംസ്‌കാരത്തിലാണ് ജീവിക്കുന്നത്. ഈ മാര്‍പാപ്പയെ ജനപ്രിയ സംസ്‌കാരവുമായി ബന്ധിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണിത്, ഇത് വളരെ ബുദ്ധിപരമായ നീക്കമാണെന്ന് ഞാന്‍ കരുതുന്നു’, മണ്‍സ്റ്റര്‍മാന്റെ നിരീക്ഷണമാണിത്.
ജര്‍മനിയിലെ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ കെഎന്‍എയുടെ വത്തിക്കാന്‍ ലേഖിക സെവെറിന ബാര്‍ട്ടോണിറ്റ്‌ഷെക് പറയുന്നത്, ഇത്തരം കൂടിക്കാഴ്ചകള്‍ ‘വിനോദത്തിന്’ വേണ്ടിയോ ‘മാര്‍പാപ്പയ്ക്ക് ചില വിഐപികളെ കാണാന്‍ ആഗ്രഹമുള്ളതുകൊണ്ടോ’ അല്ലെന്നാണ്. മറിച്ച് ഇവിടെ ഇവിടെ ഇരുപക്ഷത്തിനും നല്ല പിആര്‍ ലഭിക്കുന്നുവെന്നാണ്. അഭിനേതാക്കള്‍ക്ക് അവരുടെ അടുത്ത ജോലി ലഭിക്കുന്നതിന് മാധ്യമ ശ്രദ്ധ ആവശ്യമാണ്, മാര്‍പാപ്പയ്ക്ക് സംസാരിക്കാന്‍ ഒരു വിഷയവും കിട്ടും, ഈ വിഷയമായതുകൊണ്ട് അതിന് കൂടുതല്‍ ശ്രദ്ധയും ലഭിക്കും,’ ബാര്‍ട്ടോണിറ്റ്‌ഷെക് പറയുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രശസ്തരുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു. ലിയോനാര്‍ഡോ ഡികാപ്രിയോമായി അദ്ദേഹം പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത് വാര്‍ത്തയായിരുന്നു. ആഞ്ജലീന ജോളെ, ബോണോ എന്നിവരുള്‍പ്പെടെ നിരവധി ഹോളിവുഡ് താരങ്ങളെയും മറ്റ് സെലിബ്രിറ്റികളെയും ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ടുമുട്ടിയിരുന്നു. ഇറ്റാലിയന്‍-അമേരിക്കന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിക്ക് കത്തോലിക്കാ സഭയുമായി അടുത്ത ബന്ധമുണ്ട്. അന്തരിച്ച മാര്‍പാപ്പയുടെ അവസാനത്തെ ഓണ്‍-ക്യാമറ അഭിമുഖം ഉള്‍പ്പെടെ, താനും ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു സിനിമയും സ്‌കോര്‍സെസി ഒരുക്കുന്നുണ്ട്.
Content Summary; Pope Leo XIV received a host of Hollywood celebrities in Vatican.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.