വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സേന തടവിലാക്കിയതിന് പിന്നാലെ, കൊളംബിയയിലും സൈനിക ഇടപെടലിന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊളംബിയയിലെ സൈനിക ഓപ്പറേഷനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ‘അത് കേള്‍ക്കാന്‍ സുഖമുണ്ട്’ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ മറുപടി.
കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ കടുത്ത ഭാഷയിലാണു ട്രംപ് വിമര്‍ശിച്ചത്. കൊളംബിയ ഭരിക്കുന്നത് ‘രോഗിയായ ഒരാള്‍’ എന്നായിരുന്നു ട്രംപിന്റെ പരിഹാസം. പെട്രോ കൊക്കെയ്ന്‍ ഉത്പാദിപ്പിച്ച് അമേരിക്കയിലേക്ക് വില്‍ക്കുകയാണെന്നും ആരോപിച്ചു. ‘അദ്ദേഹം ഇനി അധികകാലം അവിടെ ഉണ്ടാകില്ല’ എന്നായിരുന്നു ട്രംപിന്റെ ഭീഷണി. പെട്രോയ്‌ക്കെതിരെ സംസാരിക്കവെ, അദ്ദേഹം സ്വന്തം കാര്യം നോക്കി ഇരിക്കുന്നതാണ് നല്ലതെന്നായിരുന്നു കഴിഞ്ഞ ശനിയാഴ്ച്ച ട്രംപ് നല്‍കിയ മുന്നറിയിപ്പ്.
അമേരിക്കന്‍ സൈന്യം കരീബിയന്‍ തീരത്ത് നിരീക്ഷണം ശക്തമാക്കിയതില്‍ മാസങ്ങളായി കൊളംബിയ പ്രതിഷേധത്തിലാണ്. വെനസ്വേലയിലെ അമേരിക്കന്‍ നടപടി ലാറ്റിന്‍ അമേരിക്കയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണായിരുന്നു ഗുസ്താവോ പെട്രോയുടെ പ്രതികരണം. തന്റെ സര്‍ക്കാര്‍ റെക്കോര്‍ഡ് വേഗത്തിലാണ് കൊക്കെയ്ന്‍ പിടികൂടുന്നതെന്നും, ലബോറട്ടറികള്‍ നശിപ്പിക്കുന്നത് നേരിട്ട് കാണാന്‍ ട്രംപിനെ കൊളംബിയയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പെട്രോ നേരത്തെ വ്യക്തമാക്കിയിരുന്നു.
വെനസ്വേലയില്‍ നിക്കോളാസ് മഡുറോയെ പിടികൂടാന്‍ അമേരിക്ക നടത്തിയ സൈനിക നീക്കത്തില്‍ 32 ക്യൂബന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഹവാന സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാസ് കാനല്‍ പ്രഖ്യാപിച്ചു.
മഡുറോയെയും ഭാര്യയെയും നിയമവിരുദ്ധമായി തടവിലാക്കിയ ‘സാമ്രാജ്യത്വ യൂണിഫോം ധരിച്ച തീവ്രവാദികള്‍ക്കെതിരെ’ പൊരുതിയാണ് ക്യൂബന്‍ സൈനികര്‍ വീരമൃത്യു വരിച്ചതെന്ന് ഡിയാസ് കാനല്‍ എക്‌സില്‍ കുറിച്ചു. വെനസ്വേലയുടെ അഭ്യര്‍ത്ഥന പ്രകാരം സുരക്ഷാ-ഇന്റലിജന്‍സ് ദൗത്യങ്ങള്‍ക്കായി എത്തിയവരാണ് ഇവരെന്ന് ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചു.
അമേരിക്കയുമായി സമാധാനപരമായ ചര്‍ച്ചകള്‍ക്കും തുല്യമായ പരമാധികാരത്തില്‍ ഊന്നിയുള്ള ബന്ധത്തിനുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. മഡുറോ തടവിലാക്കപ്പെട്ടതിന് ശേഷം ചേര്‍ന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘നമ്മുടെ ജനതയും മേഖലയും അര്‍ഹിക്കുന്നത് യുദ്ധമല്ല, മറിച്ച് സമാധാനവും സംവാദവുമാണ്,’ റോഡ്രിഗസ് ടെലിഗ്രാമിലൂടെ അറിയിച്ചു. എന്നാല്‍ മഡുറോയെ എത്രയും വേഗം വിട്ടയക്കണമെന്നും തങ്ങള്‍ ആരുടെയും അടിമകളാകാന്‍ തയ്യാറല്ലെന്നും അവര്‍ ആവര്‍ത്തിച്ചു. വെനസ്വേലയുടെ പ്രതിരോധ മന്ത്രി വ്‌ളാഡിമിര്‍ പഡ്രിനോ, ആഭ്യന്തര മന്ത്രി ഡിയോസ്ദാദോ കബെല്ലോ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Content Summary; Donald Trump threatens Colombian president Gustavo Petro with military action after US action in Venezuela
This post was last modified on January 5, 2026 1:19 pm
Leave a Comment