ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വായില്‍ നിന്നും വരുന്നത് പരസ്പരവിരുദ്ധമായ കാര്യങ്ങള്‍. ഒരു സമയം കരാര്‍ ഉണ്ടാകുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു, അതേസമയം തന്നെ സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും കൊടുക്കുന്നു, പിന്നാലെ വെടിനിര്‍ത്തല്‍ തീരുമാനം വരുന്നു. നിലപാടുകളില്‍ വ്യക്തയില്ലെന്നാണ് വിമര്‍ശകര്‍ ട്രംപിനെ പരിഹസിക്കുന്നത്. ഇറാന്‍ എല്ലാം അംഗീകരിച്ചുവെന്നാണ് ചിലപ്പോള്‍ ട്രംപിന്റെ അവകാശവാദം, അതേസമയം തന്നെ, കരാറിലെത്തിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കുന്നു.
സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്, ഇറാനുമായി ഒരു കരാറില്‍ എത്താന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിനൊപ്പം തന്നെ പറയുന്നത് അമേരിക്ക ശക്തമായ നിലപാടിലാണെന്നാണ്. അമേരിക്കയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയല്ലാതെ ഇറാന് മറ്റ് വഴികളില്ലെന്നും ഭീഷണി മുഴക്കുന്നു. തൊട്ടുപിന്നാലെയാണ് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന് ഏകദേശം 48 മണിക്കൂര്‍ സമയം അനുവദിക്കുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അമേരിക്ക ബോംബാക്രമണം നടത്തുമെന്നും കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
വെടിനിര്‍ത്തല്‍ സമയപരിധി നീട്ടില്ലെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയ സൂചനകള്‍. പിന്നീട് വെടിനിര്‍ത്തല്‍ നീട്ടുന്നതായി പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ എന്നിവരുള്‍പ്പെടെയുള്ള പാകിസ്ഥാന്‍ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും പറഞ്ഞു. ചര്‍ച്ചകള്‍ക്കായി ഇറാന്‍ ഒരു ‘ഏകീകൃത നിര്‍ദ്ദേശം’ മുന്നോട്ടുവെക്കുന്നത് വരെ വെടിനിര്‍ത്തല്‍ തുടരുമെന്നാണ് അറിയിച്ചത്. അതേസമയം, അമേരിക്കന്‍ നാവികസേനയുടെ ഉപരോധം തുടരുമെന്നും സൈന്യം സജ്ജമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, അത് തുറന്നിടാനാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. നിത്യേന 500 മില്യണ്‍ ഡോളര്‍ വരുമാനം ലഭിക്കാന്‍ കടലിടുക്ക് തുറന്നിടേണ്ടത് ഇറാന്‍ അത്യാവശ്യമാണെന്നും, പൊതുജനങ്ങള്‍ക്ക് മുന്നില്‍ മുഖം രക്ഷിക്കാന്‍ മാത്രമാണ് അവര്‍ കടലിടുക്ക് അടയ്ക്കുന്നതായി പറയുന്നതെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. ഇറാന്‍ സൈന്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും കനത്ത നഷ്ടം സംഭവിച്ചുവെന്നും അമേരിക്ക യുദ്ധത്തില്‍ വിജയിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ഇറാന്‍ പലതവണ ലംഘിച്ചുവെന്ന് ആരോപിക്കുമ്പോഴും ചര്‍ച്ചകള്‍ക്കുള്ള സാധ്യത അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല.
Content Summary: Donald Trump’s Inconsistent Stance on the Iran Issue. US President’s ceasefire extension.
This post was last modified on April 22, 2026 1:36 pm
Leave a Comment