February 13, 2025 |

ട്രംപ് ചൂടുകൂട്ടുന്നതെങ്ങനെ? രാഷ്ട്രീയ സാമ്പത്തിക നയങ്ങളും കാലാവസ്ഥയും

കാലാവസ്ഥാ മാറ്റം തട്ടിപ്പാണ് എന്ന ട്രംപിന്റെ നിലപാട് ക്ലൈമറ്റ് സയന്‍സിനോടുള്ള സമീപനം വ്യക്തമാക്കുന്നതാണ്

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47-ാംമത് പ്രസിഡന്റായി ചുമതലയേല്‍ക്കുകയാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ (World Economic Forum) 55-ാംമത് വാര്‍ഷിക യോഗം തുടങ്ങുന്നതും 2025 ജനുവരി 20 നാണ്. ഇത്തവണത്തെ യോഗത്തിന്റെ തീം Collaboration for the Intelligent age എന്നതാണ്. രാഷ്ട്രീയവും സാമ്പത്തികവും ആശയപരവുമായ ഭിന്നതകള്‍ ലോക രാഷ്ട്രങ്ങളെയും സമൂഹങ്ങളെയും വര്‍ദ്ധിച്ച തോതില്‍ ബാധിക്കുന്ന കാലമാണ്. അതേസമയം നിര്‍മ്മിത ബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യാ സാധ്യതകള്‍ മാനവരാശിയുടെ മുന്നിലുണ്ട്. ഭിന്നതകള്‍ മാറ്റി സമന്വയത്തിന്റെ വഴികള്‍ തേടുന്നതെങ്ങനെ, അതിന് ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കാം? ഇതാണ് World Economic Forum ന്റെ ആലോചന എന്നതാണ് മനസ്സിലാക്കുന്നത്. ലോക സാമ്പത്തിക ഫോറം യോഗത്തിന്റെ മുന്നോടിയായി ലോകമെമ്പാടുമുള്ള 900 വിദഗ്ധരുടെ വീക്ഷണത്തില്‍ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ സംബന്ധിച്ച Global Risk report 2025 പുറത്തുവന്നിട്ടുണ്ട്. അടുത്ത ഒരു ദശാബ്ദക്കാലത്ത് ലോകം നേരിടുന്ന ഏറ്റവും ഭീതിദമായ വെല്ലുവിളി തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങളായിരിക്കും എന്ന് റിപ്പോര്‍ട്ട് പറയുന്നു. അപ്പോഴും കാലാവസ്ഥാ മാറ്റത്തെയും തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളെയും മനസ്സിലാക്കുന്നതിനും പ്രതിരോധവും മുന്‍കരുതലും സ്വീകരിക്കുന്നതിനുമുള്ള ശാസ്ത്ര സാങ്കേതിക കഴിവുകളില്‍ കൈവരിക്കുന്ന വളര്‍ച്ച വലിയ നേട്ടമാണ്. ക്ലൈമറ്റ് സയന്‍സ് കൈവരിക്കുന്ന ഈ നേട്ടം കാലാവസ്ഥാ വെല്ലുവിളിയെ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ആഗോള സഹകരണത്തിന്റെ സാധ്യതയായി മാറ്റുക എന്നതാണ് പ്രധാനം.Donald Trump’s political and economic policies, as well as his stance on climate change

ഊര്‍ജ്ജ ഉല്‍പ്പാദനവും ഉപയോഗവുമാണ് കാലാവസ്ഥാ മാറ്റത്തിന് ഹേതുവായ ഹരിതഗൃഹ വാതകങ്ങളുടെ ഏറ്റവും വലിയ സ്രോതസ് എന്ന് നമുക്കറിയാം. ഊര്‍ജ്ജ ഉല്‍പ്പാദനത്തെ കാര്‍ബണ്‍ മുക്തമാക്കാന്‍ കഴിയുക എന്നതാണ് കാലാവസ്ഥാ മാറ്റത്തിന്റെ ഏറ്റവും ഫലപ്രദമായ പ്രതിരോധം എന്നു പറയാം. കൂടുതല്‍ ക്ലീന്‍ ആയ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റം വലിയ സാങ്കേതിക സാമ്പത്തിക നിക്ഷേപം വേണ്ട ഒന്നാണ്. ഇത് സാധ്യമാക്കിക്കൊണ്ട് മാത്രമേ മാനവരാശിക്ക് മുന്നോട്ട് പോകാനാകൂ. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് തങ്ങളുടെ വികസന ലക്ഷ്യങ്ങളും കാര്‍ബണ്‍ ലക്ഷ്യങ്ങളും സമന്വയിപ്പിക്കണമെങ്കില്‍ പണവും സാങ്കേതിക വിദ്യയും ലഭ്യമാകണം. ഏകപക്ഷീയമായ കാര്‍ബണ്‍ ലക്ഷ്യങ്ങള്‍ പട്ടിണിയും ദാരിദ്ര്യവും രൂക്ഷമാക്കും. ഇവിടെയാണ് ഭിന്നതകളുടെ മുകളില്‍ ആഗോള സഹകരണത്തിന്റെയും ശാസ്ത്ര സാങ്കേതിക സിദ്ധികളുടെ പങ്കുവയ്ക്കലിന്റെയും പ്രാധാന്യം. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ചുമതലയേല്‍ക്കുമ്പോള്‍ ഉയരുന്ന കാലാവസ്ഥാ ആശങ്കകളുടെ പശ്ചാത്തലമിതാണ്.

climate

ആഗോള താപനം ഒരു തട്ടിപ്പോ?

ആഗോളതാപനം ഒരു തട്ടിപ്പാണെന്ന് (hoax) 2013 ല്‍ തന്നെ നിലപാടെടുത്തയാളാണ് ഡൊണാള്‍ഡ് ട്രംപ് ‘….സമുദ്രനിരപ്പ് ഉയരുന്നത്രേ! ഇവിടെ ആര് ഗൗനിക്കുന്നു? തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഇനിയും തുറക്കാത്ത കലവറ അമേരിക്ക ടാപ്പ് ചെയ്യും…’ ഇതായിരുന്നു തെരെഞ്ഞെടുപ്പ് പ്രചാരണ കാലത്തെ ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. അധികാരം ഏല്‍ക്കും മുന്‍പുതന്നെ ട്രംപ് ലോക രാഷ്ട്രങ്ങളെ പല വിധത്തില്‍ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. അമേരിക്കയില്‍ നിന്നും ഫോസില്‍ ഇന്ധനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ കടുത്ത തീരുവയ്ക്ക് വിധേയമാകാന്‍ തയ്യാറായിക്കോളൂ എന്നതായിരുന്നു ഒരു പ്രധാന ഭീഷണി. ആഗോളതാപനം ചെറുക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമായി കാണുന്നത് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും റിന്യൂവബിള്‍ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനമാണ്. അതിനുള്ള സാങ്കേതിക വിദ്യയും സാമ്പത്തികവുമാണ് ലോകം മുഴുവന്‍ തലപുകഞ്ഞ് ചര്‍ച്ച ചെയ്യുന്നത്. ഇവിടെയാണ് ആഗോളതാപനം തട്ടിപ്പാണെന്നും അധിക ഫോസില്‍ ഇന്ധന ഉല്‍പ്പാദനവും വിപണനവുമാണ് തങ്ങളുടെ വികസന വഴി എന്നും പ്രഖ്യാപിക്കുന്ന ട്രംപിന്റെ തിരിച്ചുവരവ് തീവ്രകാലാവസ്ഥാ പ്രതിരോധത്തിന് ഭീഷണിയാകുന്നത്. ട്രംപിന്റെ രണ്ടാംവരവ് 4 ഗിഗാ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് തുല്യമായ അധിക എമിഷന്‍ ഉണ്ടാക്കും എന്നാണ് കാര്‍ബണ്‍ ബ്രീഫ് എന്ന വെബ് മാദ്ധ്യമം കണക്കുകൂട്ടുന്നത്. കാലാവസ്ഥാ അജണ്ടയെ സംബന്ധിച്ച് അതീവ നിര്‍ണ്ണായകമായ സംഭവ വികാസമാണ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവ് എന്നു പറയാം.

പാരിസ് കരാറില്‍ നിന്നും പിന്മാറുമോ

ട്രംപിന്റെ തിരിച്ചുവരവോടെ അമേരിക്ക പാരിസ് കരാറില്‍ നിന്നും പിന്മാറും എന്നതാണ് കാലാവസ്ഥാ, നയതന്ത്ര വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. ആദ്യ തവണ പ്രസിഡന്റായ ഘട്ടത്തില്‍ തന്നെ ഡൊണാള്‍ഡ് ട്രംപ് പാരിസ് കാലാവസ്ഥാ കരാറില്‍ നിന്നും അമേരിക്കയുടെ പിന്മാറ്റം നടപ്പിലാക്കിയിരുന്നു. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് പ്രസിഡന്റ് ഒബാമ ഒപ്പുവെച്ച കരാറില്‍ നിന്നും മൂന്നുകൊല്ലം കഴിഞ്ഞ് മാത്രമേ പിന്മാറാന്‍ കഴിയുമായിരുന്നുള്ളൂ. ഏറ്റവും ആദ്യ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ട്രംപ് 2019 നവംബറില്‍ പാരിസ് കരാറില്‍ നിന്നും പിന്മാറാന്‍ അപേക്ഷ സമര്‍പ്പിച്ചു. അതുകഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞേ യഥാര്‍ഥ പിന്മാറ്റം സാധ്യമാകൂ എന്നതിനാലാണ് ഡൊണാള്‍ഡ് ട്രംപിന് പാരിസ് കരാറില്‍ നിന്നും അമേരിക്കയെ കൂടുതല്‍ കാലം മാറ്റി നിര്‍ത്താന്‍ കഴിയാതിരുന്നത്. 2021 ജനുവരി 20 ന് പ്രസിഡന്റ് ജോ ബൈഡന്‍ പാരിസ് കരാറില്‍ പുനഃപ്രവേശിക്കുന്നതിനുള്ള ഫയല്‍ ഒപ്പിട്ടു. എന്നാല്‍ ഇത്തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ ട്രംപിന്റെ ഒരു മുഖ്യ വാഗ്ദാനം തന്നെ പാരിസ് കരാറില്‍ നിന്നുള്ള പിന്‍മാറ്റമായിരുന്നു. ഇതിനാലാണ് ഈ രണ്ടാം വരവില്‍ ട്രംപ് പാരിസ് കാലാവസ്ഥാ കരാറില്‍ നിന്നും പിന്മാറും എന്നു നിരീക്ഷകര്‍ കരുതുന്നത്.

കരാറില്‍ നിന്നും അമേരിക്കയുടെ പിന്മാറ്റം ഉണ്ടാക്കുന്ന പ്രായോഗിക പ്രതിഫലനങ്ങള്‍ എന്തായിരിക്കും? പാരിസ് കരാര്‍ പ്രകാരം രാജ്യങ്ങള്‍ തങ്ങളുടെ എമിഷന്‍ കുറയ്ക്കല്‍ ലക്ഷ്യങ്ങള്‍ (NDC- Nationally Determined Contributions) നിര്‍ണ്ണയിച്ച് അത് പിന്തുടരണം. കരാറിന്റെ ആര്‍ട്ടിക്കിള്‍ 4(2) ഇതാണ് വ്യവസ്ഥ ചെയ്യുന്നത്. നിര്‍ണ്ണയിച്ചാല്‍ മാത്രം പോര, ലക്ഷ്യവും അത് കൈവരിക്കാന്‍ സ്വീകരിക്കുന്ന വഴികളും റിപ്പോര്‍ട്ട് ചെയ്യുകയും വേണം. (4(2). Each Party shall prepare, communicate and maintain successive nationally determined contributions that it intends to achieve. Parties shall pursue domestic mitigation measures, with the aim of achieving the objectives of such contributions). ആര്‍ട്ടിക്കിള്‍ 4 (11) പ്രകാരം പാരിസ് കരാറിലെ എല്ലാ കക്ഷികളും ഈ ലക്ഷ്യങ്ങള്‍ വിപുലപ്പെടുത്തേണ്ടതുമുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയ കൊല്ലമാണ് കടന്നുപോയത്. കൂടുതല്‍ തീവ്രമായി എമിഷന്‍ കുറയ്ക്കാതെ ലോകത്തിന് കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നേടാനോ തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളെ ചെറുക്കാനോ കഴിയില്ല. ഇതില്‍ അമേരിക്കയ്ക്കും വികസിത വ്യാവസായിക ലോകത്തിനും ഉയര്‍ന്ന ഉത്തരവാദിത്തമുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക, രാഷ്ട്രീയ, വികസന നയങ്ങള്‍ ഇതിനെ അംഗീകരിക്കുന്നില്ല. ആഗോള കാലാവസ്ഥാ കൂട്ടായ്മയോട് ഇങ്ങനെ സമാധാനം പറയുക എന്നത് അമേരിക്കയുടെ പരമാധികാരത്തിന് തന്നെ എതിരാണ് എന്ന ചിന്തയുടെ വക്താവുമാണ് ഡൊണാള്‍ഡ് ട്രംപ്.

കുപ്രസിദ്ധമായ പ്രോജക്റ്റ് 2025 എന്ന തീവ്ര വലതുപക്ഷ അജണ്ടയുടെ ചിന്താ പദ്ധതിയാണിത്. അതിനോട് അകലം പാലിക്കുമ്പോഴും പ്രോജക്റ്റ് 2025 നോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ട്രമ്പിന്റെ രാഷ്ട്രീയം. അമേരിക്ക പാരിസ് കാലാവസ്ഥാ കരാറില്‍ നിന്നും പിന്‍വാങ്ങുന്നതിന്റെ ഫലം എന്തായിരിക്കും? 1850 മുതല്‍ 2022 വരെയുള്ള കാലത്ത് സഞ്ചിതമായി അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടിയ ഹരിതഗൃഹ വാതകങ്ങളുടെ അഞ്ചില്‍ ഒന്നിലേറെയും അമേരിക്ക എന്ന ഒറ്റ രാജ്യത്തിന്റെ സംഭാവനയാണ്. അമേരിക്കയുടെ 2023 ലെ ആളോഹരി എമിഷന്‍ (per capita emission) 18 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തുല്യ ഹരിതഗൃഹ വാതകങ്ങളാണ്. കാലാവസ്ഥാ ലക്ഷ്യങ്ങള്‍ അര്‍ത്ഥ പൂര്‍ണ്ണമാകണമെങ്കില്‍ അമേരിക്കയും യൂറോപ്പും വികസിത വ്യാവസായിക ലോകവും അവരുടെ കാര്‍ബണ്‍ എമിഷന്‍ ഗണ്യമായി കുറയ്ക്കണം. അത്തരം ഒരു ബാധ്യതയില്‍ നിന്നും അമേരിക്ക പിന്മാറുന്നതോടെ ലോക കാലാവസ്ഥാ ലക്ഷ്യങ്ങളും പ്രവര്‍ത്തനവും തകിടം മറിയും എന്നു തന്നെ ഭയക്കണം. 2025 നവംബറില്‍ ബ്രസീലില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ (COP-30) അമേരിക്കയുടെ പങ്ക് എന്തായിരിക്കും എന്ന് കാണുക തന്നെ വേണം.

കുറയുന്ന ക്ലൈമറ്റ് ഫിനാന്‍സും തിരസ്‌ക്കരിക്കപ്പെടുന്ന ശാസ്ത്രവും

2017 ല്‍ തന്നെ ഐക്യരാഷ്ട്ര സഭയുടെ ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിനെതിരെ ഡൊണാള്‍ഡ് ട്രംപ് കടുത്ത ആക്ഷേപം ചൊരിഞ്ഞിരുന്നു. ബാരക് ഒബാമ വാഗ്ദാനം ചെയ്ത ക്ലൈമറ്റ് ഫണ്ടില്‍ ഒരു വര്‍ദ്ധനവും ട്രംപ് തന്റെ ആദ്യ ഊഴത്തില്‍ അനുവദിച്ചില്ല. 2024 നവംബര്‍ അവസാനം അസര്‍ബൈജാനില്‍ നടന്ന COP 29 കാലാവസ്ഥാ ഫണ്ടിന്റെ കാര്യത്തില്‍ കൂട്ടായ പുതിയ ലക്ഷ്യം സംബന്ധിച്ച തീര്‍പ്പില്‍ എത്തുന്നതിനാണ് ലക്ഷ്യമിട്ടത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ നിഴലില്‍ നടന്ന COP 29 ലക്ഷ്യം കൈവരിക്കുന്നതില്‍ അമ്പേ പരാജയപ്പെടുകയാണല്ലോ ചെയ്തത്. ആഗോള കാലാവസ്ഥാ ഫണ്ടിനോട് മുഖം തിരിക്കുക മാത്രമല്ല ഫലം, ആഭ്യന്തര ഊര്‍ജ്ജ നിക്ഷേപങ്ങളിലും ചെലവിലും ഗണ്യമായ വ്യത്യാസം ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ കൊണ്ടുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രസിഡന്റ് ബൈഡന്റെ ഏറ്റവും പോപ്പുലര്‍ ആയ പരിഷ്‌ക്കാരമായിരുന്നു Inflation Reduction Act (IRA). അവശ്യ മരുന്നുകളുടെയും മറ്റും വില നിയന്ത്രണം പോലെ വൈദ്യുത വാഹനങ്ങള്‍, റിന്യൂവബിള്‍ ഊര്‍ജ്ജ ഉപയോഗം എന്നിവയ്ക്ക് ഈ നിയമപ്രകാരം വലിയ സബ്‌സിഡി നല്‍കിയിരുന്നു. ഈ നിയമത്തിന്റെ ഭാവി തുലാസിലാണ് എന്നു റിപ്പോര്‍ട്ടുകള്‍ വരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ പ്രദേശങ്ങളാണ് ഈ സബ്‌സിഡിയുടെ പ്രധാന ഗുണഭോക്താക്കള്‍ എന്നതിനാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല എന്ന് കരുതുന്നവരുമുണ്ട്. ഇരുട്ടി വെളുക്കുമ്പോള്‍ നടപ്പിലാക്കുകയായിരിക്കില്ല ചെയ്യുക, മറിച്ച് ട്രംപിന്റെ രണ്ടാമൂഴം അവസാനിക്കുമ്പോഴേക്കും ഈ നയങ്ങള്‍ നടപ്പിലാകും എന്നതാണ് വിദഗ്ധര്‍ പറയുന്നത്.

data

അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി കൊണ്ടുവന്ന പല നിയന്ത്രണങ്ങളും ഇല്ലാതാകുമെന്നാണ് കരുതുന്നത്. കല്‍ക്കരി, പ്രകൃതി വാതകം എന്നിവ ഉപയോഗിച്ചുള്ള (coal and gas fired power plants) പവര്‍ പ്ലാന്റുകള്‍ 2032 ആകുമ്പോഴേക്കും തങ്ങളുടെ എമിഷന്‍ 90 ശതമാനം കണ്ട് കുറയ്ക്കണം എന്നതായിരുന്നു അത്തരത്തിലുള്ള ഒരു റെഗുലേഷന്‍. കൂടുതല്‍ കൂടുതല്‍ ഫോസില്‍ ഇന്ധനങ്ങള്‍ കുഴിക്കുന്നത് നയമായി സ്വീകരിക്കുന്ന ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ ഇത് തുടരില്ല എന്നു തീര്‍ച്ചയാണ്. മീഥേന്‍ വാതക എമിഷന്‍ നിയന്ത്രണങ്ങള്‍ നീക്കണം എന്ന ആവശ്യം ഫോസില്‍ ഇന്ധന ലോബി ഉയര്‍ത്തിക്കഴിഞ്ഞു. അമേരിക്കയുടെ ഹരിതഗൃഹ വാതക എമിഷന്‍ 2005 നെ അപേക്ഷിച്ച് 2032 ആകുമ്പോള്‍ 61-66 ശതമാനം കുറയും എന്ന് പ്രതീക്ഷിച്ചത് 31 ശതമാനം വരെയായി ഇടിയും എന്നാണ് കണക്കാക്കുന്നത്. ട്രംപിന്റെ അമേരിക്ക 2035 ആകുമ്പോള്‍ 4 ഗിഗാ ടണ്‍ അധിക കാര്‍ബണ്‍ എമിഷന്‍ നടത്തും എന്ന അനുമാനങ്ങളുടെ അടിസ്ഥാനമിതാണ്.

കാലാവസ്ഥാ മാറ്റം എന്നത് തട്ടിപ്പാണ് എന്ന ട്രംപിന്റെ നിലപാട് ക്ലൈമറ്റ് സയന്‍സിനോടുള്ള സമീപനം വ്യക്തമാക്കുന്നതാണ്. ഇതിനനുസരിച്ചുള്ള ആഭ്യന്തര, അന്താരാഷ്ട്ര നയങ്ങളാണ് ഗവേഷണം, പഠനം എന്നിവയോടെല്ലാം ട്രംപ് സ്വീകരിക്കുക എന്നാണ് ഭയപ്പെടുന്നത്. റിന്യൂവബിള്‍ ഊര്‍ജ്ജത്തിലും ഊര്‍ജ്ജ ക്ഷമതയിലും മറ്റുമുള്ള ഗവേഷണത്തിന്റെ ഭാവി തുലാസിലാകും എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഫെഡറല്‍ ഗവേഷണ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ കാലാവസ്ഥാ ശാസ്ത്രത്തിന് നല്‍കുന്ന സംഭാവനകളാണ് തുലാസിലാകുന്നത്.

അവികസിത, വികസ്വര രാജ്യങ്ങളുടെ ക്ലീന്‍ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റം അവരുടെ ആഭ്യന്തര വികസന ലക്ഷ്യങ്ങളെ തകിടം മറിക്കാതെ നടക്കണമെങ്കില്‍ നവീനമായ സാങ്കേതിക വിദ്യയും ഉപാധി രഹിതമായ സാമ്പത്തിക സഹായവും ലഭ്യമാകണം. ഇതിന് രണ്ടിനും ട്രംപ് മുന്നോട്ടുവയ്ക്കുന്ന നയങ്ങള്‍ വിഘാതമാകുകയാണ്. അമേരിക്കയുടെയോ വികസിത ലോകത്തിന്റെയോ ഏതെങ്കിലും ഔദാര്യമല്ല ഈ വിധ പിന്തുണകള്‍. അന്തരീക്ഷത്തില്‍ വികസിത വ്യാവസായിക ലോകം ചൊരിഞ്ഞുകൂട്ടിയ ഹരിതഗൃഹ വാതകങ്ങള്‍ ഉണ്ടാക്കുന്ന തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ആഘാതം അനുപാത രഹിതമായി അനുഭവിക്കേണ്ടി വരുന്നവരുടെ അവകാശമാണ്. അതാണ് ട്രംപിന്റെ തീവ്ര വലതുപക്ഷ സമീപനങ്ങള്‍ അപകടത്തിലാക്കുന്നത്.Donald Trump’s political and economic policies, as well as his stance on climate change

Content Summary: Donald Trump’s political and economic policies, as well as his stance on climate change

ഗോപകുമാര്‍ മുകുന്ദന്‍

ഗോപകുമാര്‍ മുകുന്ദന്‍

സ്വതന്ത്ര ഗവേഷകന്‍, CSES, പാലാരിവട്ടം, കൊച്ചി

More Posts

×