ഓരോ പുതിയ പ്രസിഡൻ്റും, അമേരിക്കയുടെ ചരിത്രത്തിലെ പുതിയ അധ്യായത്തിൻ്റെ ആരംഭത്തെയാണ് പ്രതിനിധീകരിക്കുന്നത്. 2024ലെ തിരഞ്ഞെടുപ്പിലെ നിർണായക വിജയത്തെത്തുടർന്ന്, വ്യാപകമായ പരിഷ്കാരങ്ങളും ധീരമായ പ്രവർത്തനങ്ങളും ഉപയോഗിച്ച് അമേരിക്കയെ പുനർനിർമ്മിക്കുക എന്നതാണ് ട്രംപിൻ്റെ ഉദ്ദേശലക്ഷ്യം.
ട്രംപിന്റെ ആദ്യ ടേം വിവാദങ്ങളും ജനകീയ വാചാടോപങ്ങളും നിലവിലെ അവസ്ഥയെ വെല്ലുവിളിക്കുന്ന നയങ്ങളും മാത്രമായിരുന്നെങ്കിൽ തൻ്റെ രണ്ടാം ടേം ആരംഭിക്കുമ്പോൾ, ട്രംപിന് രാജ്യത്തിൻ്റെ ദിശയിൽ തന്നെ കാര്യമായ മാറ്റം വരുത്താനുള്ള കഴിവുണ്ട്. ട്രംപിൻ്റെ രണ്ടാം പ്രസിഡൻസിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എന്നാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്. ഇതിനകം ട്രംപ് വാഗ്ദാനം ചെയ്ത പ്രവർത്തനങ്ങൾ, നടപ്പാക്കാൻ സാധ്യതയുള്ള തന്ത്രങ്ങൾ, അധികാരത്തിൽ തിരിച്ചെത്തുന്നതിൻ്റെ വിശാലമായ പ്രത്യാഘാതങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അമേരിക്കൻ ചരിത്രത്തിലെ പുത്തൻ അധ്യായം
ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ തുടക്കമാണ്, അദ്ദേഹത്തിന്റെ വൈറ്റ് ഹൗസിലേക്കുള്ള മടക്കം മാത്രമല്ല, നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സമൂലമായ മാറ്റങ്ങളും അതിൽ ഉൾപ്പെടുന്നതാണ്. പരിസ്ഥിതി, പൗരാവകാശങ്ങൾ, ഗവൺമെൻ്റിൻ്റെ കാര്യക്ഷമത എന്നിവയെ പുനർരൂപകൽപ്പന ചെയ്യാൻ ലക്ഷ്യമിട്ടുള്ള പുതിയ എക്സിക്യൂട്ടീവ് ഓർഡറുകൾ മുതൽ ഇമിഗ്രേഷൻ നയം വരെയുള്ള വിപുലമായ മാറ്റങ്ങൾ തുടങ്ങി വിവിധങ്ങളായ വിഷയങ്ങൾ അദ്ദേഹത്തിൻ്റെ വാഗ്ദാനങ്ങളിൽ ഉൾക്കൊള്ളുന്നു.
തൻ്റെ ആദ്യ ടേമിൻ്റെ തുടർച്ച മാത്രമായിരിക്കില്ല തൻ്റെ രണ്ടാം ടേമെന്നും ട്രംപ് ഊന്നിപ്പറഞ്ഞു. തൻ്റെ ഭരണം വലിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാൽ ഉടൻ നടപടികൾ ആരംഭിക്കുമെന്നും സ്ഥാനാരോഹണത്തിന് മുന്നോടിയായുള്ള റാലിയിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. കുടിയേറ്റവും നാടുകടത്തലും മുതൽ പരിസ്ഥിതി നിയന്ത്രണങ്ങളും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളും വരെയുള്ള എല്ലാ കാര്യങ്ങളും അഭിസംബോധന ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഒരു നീണ്ട നിര അദ്ദേഹത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുന്നു.
“സൂക്ഷ്മമായി വീക്ഷിക്കുക” ട്രംപ് ജനക്കൂട്ടത്തോട് പറഞ്ഞു. “നാളെ നിങ്ങൾ ടെലിവിഷൻ കാണുന്നത് ഒരുപാട് ആസ്വദിക്കാൻ പോകുകയാണ്.”
രണ്ടാം ടേമിലെ അജണ്ട
അദ്ദേഹത്തിൻ്റെ വാഗ്ദാനങ്ങളെ ചുറ്റിപ്പറ്റി വലിയ ആവേശം ഉണ്ടായിരുന്നിട്ടും, ട്രംപിൻ്റെ രണ്ടാം ടേം പ്രായോഗികമായി എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണം. അമേരിക്കൻ സ്ഥാപനങ്ങളെ തുരങ്കം വെച്ചുകൊണ്ട് അദ്ദേഹം ഒരു സ്വേച്ഛാധിപതിയായി ഭരിക്കുമെന്ന് ചിലർ ഭയപ്പെടുന്നതിനാൽ തന്നെ, അദ്ദേഹത്തിൻ്റെ പ്രസിഡൻ്റ് സ്ഥാനം ജനാധിപത്യ മാനദണ്ഡങ്ങളുടെ ശോഷണത്തിന് കാരണമാകുമെന്നാണ് വിമർശകർ ആശങ്കപ്പെടുന്നത്. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ അവസാന ഓവൽ ഓഫീസിലെ പ്രസംഗത്തിൽ, ട്രംപിൻ്റെ ഭരണവുമായി ബന്ധിപ്പിച്ചിരിക്കുന്ന “അപകടകരമായ പ്രഭുവർഗ്ഗത്തിൻ്റെ” ഉയർച്ചയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു, ശക്തരായ ശതകോടീശ്വരന്മാരുടെ ഒരു സഖ്യം രാജ്യത്തിൻ്റെ മൗലികാവകാശങ്ങൾക്ക് ഭീഷണിയാകുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി.
എന്നാൽ, ട്രംപിന് വ്യക്തമായ ജനസമിതി ഉണ്ടെന്നതിന് നിഷേധിക്കാനാവാത്ത സൂചനകളുണ്ട്. 2024 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം ജനകീയ വോട്ടും ഇലക്ടറൽ വോട്ടും സ്വന്തമാക്കി, സ്വിംഗ് സ്റ്റേറ്റുകളിൽ ഗണ്യമായ ഭൂരിപക്ഷം പുലർത്തിയിരുന്നു. ട്രംപിന്റെ വിശ്വസ്തരും നയങ്ങളിൽ ട്രംപിനോളം പോന്നവരുമാണ് പുതിയ ടീമിലുള്ളത്, അത് ട്രംപിന്റെ അജണ്ട കൂടുതൽ വേഗത്തിലും നിർണ്ണായകമായും പ്രവർത്തിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതാണ്.
ട്രംപിൻ്റെ രണ്ടാം ടേമിലെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് ഫെഡറൽ ബ്യൂറോക്രസിയെ മാറ്റിമറിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങളായിരിക്കും. തൻ്റെ നയങ്ങളെ തുരങ്കം വയ്ക്കാൻ പ്രവർത്തിക്കുന്ന ഒരു സംഘം സർക്കാരിനുള്ളിൽ ഉണ്ടെന്ന് ട്രംപ് പണ്ടേ വാദിക്കുന്നുണ്ട്. ഇതിനെ ചെറുക്കുന്നതിന്, ഫെഡറൽ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു, തൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സർക്കാരിനെ ഫലപ്രദമായി പുനരുജ്ജീവിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
പ്രത്യേകിച്ചും, ഫെഡറൽ തൊഴിലാളികളെയും സർക്കാർ പ്രവർത്തനങ്ങളെയും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി “ഗവൺമെൻ്റ് കാര്യക്ഷമതയുടെ വകുപ്പ്” സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച ഇലോൺ മസ്‌കിനെപ്പോലുള്ള ബിസിനസ്സ് മാഗ്‌നറ്റുകളുടെ സഹായം ട്രംപ് തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവധി ദിനം കുറയ്ക്കുന്നതിലും വലിയ തോതിലുള്ള സിവിൽ സർവീസുകാരെ പിരിച്ചുവിടുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ട്രംപിൻ്റെ ഭരണം മുൻ ഭരണകൂടങ്ങളെ അപേക്ഷിച്ച് കൂടുതൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതും കാര്യക്ഷമവുമായ സർക്കാർ സംവിധാനങ്ങളെ അടയാളപ്പെടുത്തപ്പെടുത്തുന്നതും ആയിരിക്കും.
നിയമനിർമ്മാണവും രാഷ്ട്രീയ തന്ത്രവും
ട്രംപിന് നിരവധി അതിമോഹ പദ്ധതികൾ ഉണ്ടെങ്കിലും അവയിൽ പലതിനും കോൺഗ്രസിൻ്റെ അംഗീകാരം കൂടിയേ തീരൂ. വൻകിട കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും നികുതിയിളവ് പോലുള്ള പ്രധാന നയങ്ങൾ സെനറ്റിലൂടെയും ജനപ്രതിനിധിസഭയിലൂടെയും പാസാക്കേണ്ടതുണ്ട്. എന്നാൽ, ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ സ്വാധീനമുണ്ട്., കൂടാതെ നിയമനിർമ്മാതാക്കൾക്കിടയിൽ കാര്യമായ പിന്തുണയും. കോൺഗ്രസിൻ്റെ ഇരുസഭകളിലും പാർട്ടിയുടെ ഭൂരിപക്ഷം അദ്ദേഹത്തിൻ്റെ പല നിർദ്ദേശങ്ങളും വിവാദമാണെങ്കിലും അത് പാസാക്കാനുള്ള സാധ്യതയുണ്ട്.
ഇലോൺ മസ്‌ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ് തുടങ്ങിയ കോർപ്പറേറ്റ് പവർ ബ്രോക്കർമാരുടെ പിന്തുണ റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിൻ്റെ സ്വാധീനം കൂടുതൽ ശക്തമാക്കുന്നതാണ്. ഈ ബിസിനസ്സ് നേതാക്കൾ ഇതിനകം തന്നെ ട്രംപുമായി ഒത്തുചേരുകയും, സാമ്പത്തിക സഹായം ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റുള്ളവർ അദ്ദേഹത്തിൻ്റെ ഭരണകൂടവുമായി സജീവമായി ബന്ധവും വളർത്തിയെടുക്കുന്നുണ്ട്. ഉദാഹരണത്തിന്, സക്കർബർഗിൻ്റെ മെറ്റ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ രാഷ്ട്രീയ ഉള്ളടക്കം വസ്തുതാ പരിശോധന അടക്കം ഇപ്പോൾ അവസാനിപ്പിക്കുകയുണ്ടായി. പ്രധാന മത്സരങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ അംഗീകരിക്കുന്നത് ബെസോസും ഒഴിവാക്കി. ട്രംപിൻ്റെ രണ്ടാം ടേമിൽ കോർപ്പറേറ്റ് അമേരിക്കയിൽ നിന്ന് ശക്തമായ പിന്തുണ ഉണ്ടാകുമെന്നാണ് ഇത്തരം സഖ്യങ്ങൾ സൂചിപ്പിക്കുന്നത്.
വിവാദപരമായ പ്രവർത്തനങ്ങളും ജനകീയ നീക്കങ്ങളും
ട്രംപിൻ്റെ രണ്ടാം ടേമിൽ അദ്ദേഹത്തിൻ്റെ ചില നയങ്ങൾ വിവാദപരമോ പ്രതികൂലമോ ആയേക്കാം എന്നിരിക്കെ തന്നെ, അദ്ദേഹത്തിൻ്റെ ജനങ്ങൾക്കിടയിൽ പിന്തുണ നിലനിർത്താൻ രൂപകൽപ്പന ചെയ്ത നിരവധി നീക്കങ്ങൾ അവതരിപ്പിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. 2021 ജനുവരി 6 ന് നടന്ന ക്യാപിറ്റൽ കലാപത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് പ്രസിഡൻ്റ് മാപ്പ് നൽകുന്നതാണ് ട്രംപ് തൻ്റെ സ്ഥാനാരോഹണത്തിനുശേഷം സ്വീകരിക്കാൻ സാധ്യതയുള്ള ആദ്യ നടപടികളിൽ ഒന്ന്. ട്രംപിൻ്റെ അനുയായികളിൽ പലരും ഈ വ്യക്തികളെ രാഷ്ട്രീയ തടവുകാരായാണ് കാണുന്നത്, അവർക്ക് മാപ്പ് നൽകുന്നത് ഒരു പ്രധാന കാര്യമായിരിക്കും.
എന്നാൽ, ട്രംപിൻ്റെ ചില നയങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ആഗ്രഹങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ഉദാഹരണത്തിന്, ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് താരിഫ് ചുമത്താനുള്ള അദ്ദേഹത്തിൻ്റെ തീരുമാനം , പണപ്പെരുപ്പം കൂടുതൽ വഷളാക്കുകയും നിത്യോപയോഗ സാധനങ്ങളുടെ വില കൂടുതൽ വർധിപ്പിക്കുന്നതിനും ഇടയാക്കും . അതുപോലെ, കൂട്ട നാടുകടത്തലുകൾ ഉൾപ്പെടെയുള്ള കുടിയേറ്റത്തോടുള്ള അദ്ദേഹത്തിൻ്റെ കടുത്ത നിലപാട്, കൃഷി, നിർമ്മാണം തുടങ്ങിയ സുപ്രധാന മേഖലകളിൽ തൊഴിലാളി ക്ഷാമത്തിലേക്ക് നയിച്ചേക്കാം, ഇത് ചരക്കുകളുടെയും സേവനങ്ങളുടെയും വില വർദ്ധിപ്പിക്കും.
ഗൾഫ് ഓഫ് മെക്സിക്കോയെ ഗൾഫ് ഓഫ് അമേരിക്ക എന്ന് പുനർനാമകരണം ചെയ്യാനുള്ള ട്രംപിൻ്റെ ആഹ്വാനമാണ് ഭിന്നിപ്പിക്കാൻ സാധ്യതയുള്ള മറ്റൊരു നിർദ്ദേശം. അത്തരം പ്രതീകാത്മക ആംഗ്യങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെ ആവേശം കൊള്ളിച്ചേക്കാമെങ്കിലും അവ വിശാല ചിന്താഗതിക്കാരായ അമേരിക്കൻ പൗരന്മാർക്കിടയിൽ എത്രത്തോളം പ്രതിധ്വനിക്കും എന്നതിൽ വ്യക്തതയില്ല.
ഈ വൈരുദ്ധ്യങ്ങൾ നിലനിൽക്കെ തന്നെ, ട്രംപ് രാഷ്ട്രീയ രംഗത്ത് അഗ്രഗണ്യനായാണ് തുടരുന്നത് എന്നതിൽ തർക്കമില്ല. പ്രേക്ഷകരെ രസിപ്പിക്കാനും ആകർഷിക്കാനുമുള്ള ട്രംപിന്റെ രാഷ്ട്രീയത്തിലെ പ്രധാന ആകർഷണമാണ്.
അദ്ദേഹത്തിൻ്റെ രണ്ടാം ടേമിലും, ഇതേ അടിത്തറയുടെ ഊർജ്ജവും ഉത്സാഹവും നിലനിർത്താൻ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ നിരവധി നാടകീയ നിമിഷങ്ങൾ ഉണ്ടായിരിക്കും എന്നത് ഉറപ്പാണ്.
ആഗോള, ആഭ്യന്തര ആഘാതം
വൈറ്റ് ഹൗസിലേക്കുള്ള ട്രംപിൻ്റെ മടങ്ങിവരവ് ആഭ്യന്തരമായും അന്തർദേശീയമായും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയമില്ല. ഫെഡറൽ ഗവൺമെൻ്റിൻ്റെ അധികാരം കുറയ്ക്കുക, സമ്പന്നർക്ക് നികുതി കുറയ്ക്കുക, രാഷ്ട്രീയ ഭൂപ്രകൃതി പുനർനിർമ്മിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹത്തിൻ്റെ ആഭ്യന്തര അജണ്ട, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലും അതിൻ്റെ സാമൂഹിക ഘടനയിലും കാര്യമായ സ്വാധീനം ചെലുത്തും. റെഗുലേറ്ററി സംരക്ഷണങ്ങളുടെ ശോഷണവും സർക്കാർ മേൽനോട്ടം കുറയ്ക്കലും വൻകിട കോർപ്പറേഷനുകൾക്കും അതിസമ്പന്നർക്കും ഗുണം ചെയ്യും, ഇവയെല്ലാം വരുമാന അസമത്വം വർദ്ധിപ്പിക്കാനും ദുർബലരായ ജനസംഖ്യയ്ക്കുള്ള സംരക്ഷണം കുറയ്ക്കുന്നതിനും ഇടയാക്കും.
അന്താരാഷ്ട്ര തലത്തിൽ, ട്രംപിൻ്റെ നയങ്ങൾ ലോകത്തെ അമേരിക്കയുടെ പങ്കിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുക തന്നെ ചെയ്യും. ട്രംപിൻ്റെ ആദ്യ ടേമിലെ “അമേരിക്ക ഫസ്റ്റ്” സിദ്ധാന്തം അദ്ദേഹത്തിൻ്റെ വിദേശനയത്തിൻ്റെ കേന്ദ്ര സവിശേഷതയായി രണ്ടാമൂഴത്തിലും തുടരും. അന്താരാഷ്ട്ര ബന്ധങ്ങളിൽ, പ്രത്യേകിച്ച് ചൈനയും റഷ്യയും പോലുള്ള എതിരാളികളുമായി ട്രംപ് കൂടുതൽ ഏറ്റുമുട്ടൽ സമീപനമാകും സ്വീകരിക്കാൻ സാധ്യത. നാറ്റോ, വ്യാപാര കരാറുകൾ, വിദേശ സഹായം എന്നിവയെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ നിലപാട് പുനർമൂല്യനിർണ്ണയം ചെയ്യപ്പെടാനും, ദീർഘകാലാടിസ്ഥാനത്തിലുള്ള സഖ്യങ്ങളെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളെയും മാറ്റിമറിക്കാനും സാധ്യതയുണ്ട്.
ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാം ടേം അമേരിക്കൻ ചരിത്രത്തിലെ തന്നെ നാടകീയവും സംഭവബഹുലവുമായ ഒരു കാലഘട്ടമാണ്. ഈ പ്രസിഡൻ്റ് പദവി കൊണ്ട് അദ്ദേഹത്തിൻ്റെ പ്രതീക്ഷയ്ക്കൊത്ത വിധത്തിലുള്ള ഒരു പരിവർത്തനം രാജ്യത്ത് നടപ്പിലാക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്, എന്നാൽ ട്രംപിൻ്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് രാജ്യത്തെ അടിസ്ഥാനപരമായ രീതിയിൽ പുനർനിർമ്മിക്കും എന്ന കാര്യം ഉറപ്പാണ്. ഫെഡറൽ ഗവൺമെൻ്റിനെ മാറ്റിമറിക്കുന്നത് മുതൽ വിപുലമായ സാമ്പത്തിക സാമൂഹിക നയങ്ങൾ നടപ്പിലാക്കുന്നത് വരെ, അദ്ദേഹത്തിൻ്റെ രണ്ടാമത്തെ വരവ് അമേരിക്കയ്ക്കും ലോക വേദിയിലെ രാജ്യത്തിൻറെ പങ്കിനും കാര്യമായ മാറ്റങ്ങൾക്ക് വിധേയമാക്കുന്നതാണ്. അത് നല്ലതായാലും ചീത്തയായാലും, അമേരിക്കൻ ചരിത്രത്തിലെ അടുത്ത അധ്യായം ഇപ്പോൾ കുറിക്കപ്പെട്ടു കഴിഞ്ഞു, അത് ഡൊണാൾഡ് ട്രംപിൻ്റെ ധീരവും പ്രവചനാതീതവുമായ പ്രവർത്തനങ്ങളാൽ ഇനി പരിവർത്തനപ്പെടുകയും ചെയ്യും.
content summary; Donald Trump’s Second Act: What to Expect from His Presidency