ഇ-കൊമേഴ്‌സിനൊപ്പം ഡയറക്ട് സെല്ലിംഗ് മാതൃക സമന്വയിപ്പിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫിജികാർട്ട്. ഈ മേഖലയിലെ മറ്റ് പല കമ്പനികളെയും പോലെ, ഫിജികാർട്ടിന്റെ ബിസിനസ്സ് രീതികളെക്കുറിച്ച് പല ആരോപണങ്ങൾ കാലാകാലങ്ങളിൽ ഉയർന്നിട്ടുണ്ട്. ബോബി ചെമ്മണൂരിന്റെ പിന്തുണയോടെ വളരുന്ന മള്‍ട്ടി-ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഫിജികാര്‍ട്ടിലൂടെ നിരവധി പേർക്ക് ഗുണകരമായിട്ടുണ്ടെങ്കിലും പലരെയും കടക്കെണിയിൽ കൊണ്ടു ചാടിക്കുകയാണ് ചെയ്തത്. ഒട്ടേറെ യുവാക്കള്‍ക്ക് ഒരു അപകടകരമായ കടക്കെണിയായി മാറിയത് എങ്ങനെയെന്ന് അഴിമുഖവും ന്യൂസ് മിനിട്ടും നടത്തിയ അന്വേഷണ പരമ്പരയിലെ മൂന്നാമത്തെ ഭാഗത്തിൽ വ്യക്തമാക്കുന്നു.
ഫിജികാർട്ടിൽ അംഗമാകാനൊരുങ്ങുകയും അതിൻ്റെ കെണിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത യുവാവ് തൻ്റെ അനുഭവം അഴിമുഖത്തോട് പറയുന്നു. ഭാഗ്യം കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നാണ് യുവാവ് അഴിമുഖത്തോട് സംസാരിച്ചപ്പോൾ പറഞ്ഞത്.
‘പല തവണ ഫിജികാർട്ടിനെകുറിച്ച് കേട്ടിട്ടുണ്ടെങ്കിലും രണ്ട് വർഷം മുൻപാണ് ഇതിനെ കുറിച്ച് ഞാൻ കൂടുതൽ മനസിലാക്കുന്നത്. എൻ്റെ അടുത്ത സുഹൃത്താണ് ഫിജികാർട്ടിൽ അംഗമാകാൻ എന്നോട് പറഞ്ഞത്. ആ സമയത്ത് എൻ്റെ സുഹൃത്തിൻ്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഫിജികാർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. മണിചെയിൻ പോലുള്ള ഒരു സംഭവം തന്നെയാണ് ഫിജികാർട്ട്. സ്വന്തം കുടുംബാംഗങ്ങളാകുമ്പോൾ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കുറച്ചുകൂടി എളുപ്പമായിരിക്കും. അതുകൊണ്ടാണ് അവൻ തൻ്റെ കുടുംബത്തെ ഇതിൽ ഉൾപ്പെടുത്തിയത്.
ഒരു നിശ്ചിത തുകയ്ക്ക് കമ്പനിയുടെ ഉത്പന്നങ്ങൾ വാങ്ങുകയെന്നതാണ് ഇതിൽ നമ്മൾ ചെയ്യേണ്ടത്. ഏതൊക്കെ സാധനങ്ങളാണ് വാങ്ങേണ്ടതെന്ന് നമുക്ക് തീരുമാനിക്കാം.
ഇ കൊമേഴ്സ് പോലൊരു വെബ്സൈറ്റാണിത്. ഇതിൽ ഓരോ പ്രൊടക്ടിനും ഓരോ കോയിനുകളുണ്ട്. ആ കോയിനുകളെ അടിസ്ഥാനമാക്കിയാണ് സാധനങ്ങൾ വാങ്ങേണ്ടത്. ആ കോയിനുകൾ ഉപയോഗിച്ച് വാങ്ങാൻ കഴിയുന്ന ഏത് പ്രൊടക്ട് വേണമെങ്കിലും വാങ്ങാൻ സാധിക്കും. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും അവർ മുന്നോട്ട് വെക്കുന്നു. ജനങ്ങളെ അവർ കൺവിൻസ് ചെയ്യുന്ന ഒരു രീതിയെന്ന് പറയുന്നത് അവരുടെ ഈ പ്രൊടക്ടുകൾ കാണിച്ചിട്ടാണ്. നമുക്ക് വീടുകളിൽ ഉപയോഗമുള്ള വസ്തുക്കൾ മാത്രമേ വാങ്ങാൻ ആവശ്യപ്പെടുകയുള്ളൂ എന്ന് പറഞ്ഞ് അവർ നമ്മുടെ വിശ്വാസ്യത നേടിയെടുക്കുന്നു.
ഫിജികാർട്ടിനെ മാർക്കറ്റ് ചെയ്യാനെത്തുന്നവർ അവരുടെ ബാങ്ക് അക്കൗണ്ടുകളുടെ അടക്കം തെളിവുകൾ നിരത്തിയാണ് ഞങ്ങളോട് സംസാരിക്കുന്നത്. സാധാരണ ജീവിതം നയിച്ചിരുന്ന ഞാൻ ഇപ്പോൾ വലിയ കാറും വീടുമൊക്കെയായി സന്തോഷത്തോടെയും ആർഭാടത്തോടെയുമാണ് കഴിയുന്നത് എന്ന തരത്തിലുള്ള വാചകങ്ങളാണ് അവിടെയുള്ള എല്ലാ മാർക്കറ്റിങ്ങ് ടീം അംഗങ്ങളും പുതുതായി ചേരാനെത്തുന്നവരോട് പറയുന്നത്.
വിദ്യാസമ്പന്നരായിട്ടുള്ളവരും അല്ലാത്തവരുമായ നിരവധി പേർ ഇതിൽ പെട്ട് പോകുന്നുണ്ട്. ഞാൻ അവരുടെ ക്ലാസുകളിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെയുണ്ടായിരുന്നത് അധികവും വീട്ടമ്മമാരാണ്. രണ്ട് മീറ്റിങ്ങുകളിലാണ് ഞാൻ പങ്കെടുത്തിരുന്നത്. അതിൽ കൂടുതലും എത്തിയിരുന്നത് പ്രായമായവരും സാധാരണക്കാരായ ആളുകളുമായിരുന്നു.
സാധാരണക്കാരായ ജനങ്ങളെ ആകർഷിക്കാനായി എക്സിക്യൂട്ടീവ് വേഷങ്ങൾ അണിഞ്ഞാണ് മാർക്കറ്റിങ്ങ് ടീമംഗങ്ങൾ എത്തുന്നത്. നിങ്ങൾക്ക് ഏറ്റവും അടുത്തറിയാവുന്നവരെ ഇതിൽ ചേർക്കണം എന്നാണ് അവർ നമ്മളോട് പറയുന്നത്. നമ്മളോട് സ്നേഹവും വിശ്വാസവുമുള്ളവരോട് പറയുമ്പോൾ പെട്ടെന്ന് ആളുകൾ ഇതിൽ അംഗമാകുമല്ലോ? അത് മുതലെടുക്കാനാണ് അവർ ശ്രമിക്കുന്നത്.
അധിക വരുമാനം ലഭിക്കുന്നു, കൂടുതൽ പരിശ്രമം ആവശ്യമില്ല എന്നൊക്കെയുള്ള കാര്യങ്ങൾ പറഞ്ഞാണ് ഫിജികാർട്ടിലേക്ക് മറ്റുള്ളവരെ ഇവർ ചേർക്കുന്നത്. നല്ല വരുമാനം ലഭിക്കുന്ന, ജോലി ഭാരമില്ലാത്ത തൊഴിലെന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം പേരും ഇതിലേക്ക് ആകർഷിക്കപ്പെടും.
ബോബി ചെമ്മണൂർ ഒരു പബ്ലിക് ഫിഗറാണ്. പല രീതിയിൽ പിആർ വർക്കുകൾ ചെയ്ത് ചെറിയ കുട്ടികൾക്കിടയിൽ വരെ അയാൾ പ്രശസ്തനായി മാറിയിട്ടുണ്ട്. അങ്ങനെയുള്ള ഒരാളുടെ വളർച്ച കാണിച്ച് അതുപോലെയാകാൻ നിങ്ങൾക്ക് ആഗ്രഹമില്ലേയെന്ന് ചോദിച്ചാൽ ആരായാലും ഉണ്ടെന്ന് തന്നെ പറയും. അവരുടെ തട്ടിപ്പിലേക്ക് ഞങ്ങളെ വീഴ്ത്താനും അവർക്ക് അപ്പോൾ എളുപ്പമായിരിക്കും.
സ്വർണം പണയം വെക്കുന്ന ഔട്ട്ലെറ്റുകൾ, ചെമ്മണൂർ ഗോൾഡ് ജുവലറി, എല്ലാം തന്നെ പണ്ടുമുതലേ ജനങ്ങൾക്ക് പരിചിതമായിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇതിൽ ഒരു തട്ടിപ്പ് നടക്കുമെന്ന് ആരും വിശ്വസിക്കില്ല. പെട്ടെന്ന് ഒരു ദിവസം പൊട്ടിമുളച്ച ആളല്ല ബോചെ എന്നുള്ളത് കൊണ്ടും അയാളുടെ വളർച്ച കാണിച്ച് ബോധ്യപ്പെടുത്തിയത് കൊണ്ടും ഞാനും ഇത് തട്ടിപ്പാണെന്ന് ചിന്തിച്ചിരുന്നില്ല.
ഫിജികാർട്ട് മണിചെയിൻ പോലെയുള്ള ഒന്നല്ല എന്ന് അവർ നമ്മളെ പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. കമ്പനിയിൽ നിന്നും സാധനം വാങ്ങുക, അത് നിങ്ങൾക്ക് എപ്പോഴും ഉപയോഗമുള്ള സാധനങ്ങളാണ് എന്ന് പറഞ്ഞാണ് ഇവർ വീഴ്ത്തുന്നത്. മണിചെയിൻ ആണെങ്കിൽ നമുക്ക് പണം നിക്ഷേപിക്കേണ്ടി വരും. എന്നാൽ ഇതിൽ സാധനങ്ങൾ വാങ്ങി ആളുകളെ ചേർത്താൽ മതി എന്നാണ് അവർ പറയുന്നത്. എൻ്റെ കൈയിൽ അന്ന് സാധനങ്ങൾ വാങ്ങാൻ പണമില്ലാത്തത് കൊണ്ടാണ് അന്ന് ഞാൻ ഇതിൽ അംഗമാകാതിരുന്നത്. എന്നാൽ എൻ്റെ സുഹൃത്ത് അപ്പോഴും ഫിജികാർട്ടിൽ തുടരുകയായിരുന്നു.
ഇത് തട്ടിപ്പാണെന്ന് ആദ്യം ആർക്കും മനസിലാകില്ല. തുടക്കത്തിൽ ഇവർക്ക് കൃത്യമായി പണം ലഭിക്കുന്നു. പിന്നീട് നിങ്ങൾ കൃത്യമായി പണിയെടുത്തില്ലെന്ന് പറഞ്ഞ് പണം നൽകാതിരിക്കുകയാണ് ചെയ്യുന്നത്’, യുവാവ് അഴിമുഖത്തോട് പറഞ്ഞു.
Content Summary: Don’t fall for tempting promises of Boche, experience of an ordinary man who joined Phygicart
This post was last modified on November 29, 2025 10:58 am
Leave a Comment