കേരളത്തിലെ സ്ത്രീധന പീഡന മരണങ്ങളിൽ മാറുന്നത് ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ പേരുകൾ മാത്രമാണ്. ഈ കണക്കുകളിൽ ഏറ്റവും അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട കേസാണ് എളങ്കൂരിലെ വിഷ്ണുജ എന്ന പെൺകുട്ടിയുടെ മരണം. കേരളത്തിൽ കഴിഞ്ഞ കാലങ്ങളിലായി സ്ത്രീധന പീഡന മരണം എന്നത് ഒരു സാധാരണ വാർത്തയായി മാറിയിരിക്കുകയാണ്. ഇത്തരം കേസുകളുടെ ഉയർന്ന് വരുന്ന നിരക്ക് പേടിപ്പെടുത്തുന്നതാണ്. ജീവന് വിലമതിക്കാനാവില്ലെന്നുള്ള വസ്തുത ഊട്ടിയുറപ്പിച്ചുകൊണ്ട് സാമ്പത്തിക സഹായങ്ങളും, രക്ഷാപ്രവർത്തനങ്ങളും നടത്തുന്ന നാട്ടിലാണ് സ്വർണത്തിന്റെയും പണത്തിന്റെയും ത്രാസിൽ പെൺകുട്ടികളെ അളക്കുന്നതും.
സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, 1961ൽ പാർലമെന്റ് പാസാക്കിയ നിയമമുള്ള നാട്ടിൽ 28 കുടുംബകോടതികളിലായി ഒന്നേകാൽ ലക്ഷം കേസുകളാണുള്ളത്. പെൺകുട്ടികൾ ജനിക്കുമ്പോൾ മുതൽ കുടുംബത്തിന് സമൂഹം കൽപ്പിച്ച് നൽകുന്ന ഉത്തരവാദിത്വമാണ് ‘നല്ലനിലയിൽ’ കെട്ടിച്ചുവിടുക എന്നത്. ‘നല്ലനിലയിൽ’ കെട്ടിക്കുന്നതിന് വേണ്ടിയാവും പിന്നീട് മാതാപിതാക്കൾ അവരുടെ ഉറക്കം കളയുക. ഉള്ളതെല്ലാം വിറ്റുപെറുക്കി, കടം വാങ്ങി തന്നാൽ കഴിയുന്നതിലും വലിയ സ്ത്രീധനം കൊടുത്ത് മക്കളെ കല്ല്യാണം കഴിപ്പിക്കും. തിരുവനന്തപുരത്ത് വലിയ സ്ത്രീധന തുക കൊടുക്കാൻ കഴിയാത്തതിനാൽ പ്രണയം നിരസിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തതും ഒരുതരത്തിൽ ഇതേ കേസുതന്നെയല്ലേ?
സ്ത്രീധന പീഡനം ക്രിമിനൽ കുറ്റമാണ്. വിവാഹച്ചിലവിന് എന്ന പേരിൽ വധുവിന്റെ വീട്ടിൽ നിന്ന് വാങ്ങുന്ന പണവും സ്ത്രീധനത്തിന്റെ പരിധിയിൽ വരുന്നതാണ്. വിവാഹത്തിന് ലഭിക്കുന്ന സമ്മാനങ്ങൾ പോലും രേഖയായി സൂക്ഷിക്കണമെന്നതാണ് നിയമം. സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാകുമ്പോൾ സ്ത്രീധനം ആവിശ്യപ്പെട്ടിട്ടോ വാങ്ങിയിട്ടോ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന സത്യവാങ്മൂലം നൽകേണ്ടതുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലെ കണക്കുകൾ പരിശോധിച്ചാൽ ഭർതൃഗൃഹങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വർധിക്കുന്നതായി കാണാം. കേരള ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2020 ജനുവരി മുതൽ 2024 ഒക്‌ടോബർ വരെയുള്ള കാലയളവിൽ 82,450 കേസുകളാണ് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016 ൽ 15,114, 2017 ൽ 14,263, 2018 ൽ 13,643, 2019 ൽ 14,293, 2020 ൽ 12,659, 2021 ൽ 16,199, 2022 ൽ 18,943, 2023 ൽ 18,980, 2024 ഒക്‌ടോബർ വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 15,669 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഭർത്താക്കന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള പീഡനങ്ങൾ തന്നെയാണ്.
വിവാഹിതരായ സ്ത്രീകൾ ഭർതൃവീടുകളിൽ നേരിടുന്ന പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും കേരളത്തിൽ വർധിച്ചുവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം മൂന്നിൽ ഒരു സ്ത്രീ പങ്കാളിയിൽ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നു. ഭർത്തൃഗൃഹങ്ങളിൽ സ്ത്രീകൾ കൊല്ലപ്പെടുന്നതിന്റെ പ്രധാന കാരണം പങ്കാളിയുടെ പീഡനമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
1961 സ്ത്രീധന നിരോധനനിയമം നിലവിൽ വരുന്നത്. കാലക്രമേണ നിയമത്തിൽ പല ഭേദഗതികളും നടപ്പിലാക്കി. മേഖല ഓഫീസുകളിൽ മാത്രമുണ്ടായിരുന്ന റീജിയണൽ ഡൗറി പ്രൊഹിബിഷൻ ഓഫീസർ തസ്തിക, ജില്ല തലങ്ങളിലേക്ക് വ്യാപിപ്പിച്ച് ഡൗറി പ്രൊഹിബിഷൻ ഓഫീസറെ ചുമതലപ്പെടുത്തി. സെക്ഷൻ 2 പ്രകാരം മൂല്യമുള്ള എന്തിനെയും സ്ത്രീധനമായി കണക്കാക്കും. സെക്ഷൻ 3 പ്രകാരം 5 വർഷം വരെ തടവുശിക്ഷയോ 15000 രൂപ വരെ പിഴയോ ലഭിക്കും. അതല്ലെങ്കിൽ സ്ത്രീധനത്തിൽ ഉൾപ്പെട്ട സ്വർണ്ണമടക്കമുള്ള വസ്തുക്കൾക്ക് തുല്യമായ തുക പിഴയായി ഈടാക്കണമെന്നും പറയുന്നുണ്ട്. കൂടാതെ വിവാഹത്തിന് ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റ് ശേഖരിക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന, പ്രസിദ്ധീകരണങ്ങൾ, പരസ്യങ്ങൾ, സിനിമ എന്നിവ ഒഴിവാക്കണമെന്നും നിയമം നിർദ്ദേശിക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള പെൺകുട്ടികൾക്ക് പോലും അതിജീവിക്കാൻ കഴിയാത്ത വിധത്തിലുള്ളതാണ് മാനസിക-ശാരീരിക പീഡനങ്ങൾ.
6 വർഷത്തിനിടെ സ്ത്രീധന പീഡനം കാരണം മാത്രം മരണപ്പെട്ടത് 80 യുവതികളാണ്. സ്ത്രീധനം കുറഞ്ഞുപോയതിന് അടിച്ചും, ചവിട്ടിയും, പട്ടിണിക്കിട്ടും, പാമ്പിനെക്കൊണ്ട് കടിപ്പിച്ചും നിർദയം പെൺകുട്ടികളെ ഇല്ലാതാക്കിയത് നാം കണ്ടതാണ്. കഴിഞ്ഞ 15 വർഷത്തിനിടെ ഇത്തരത്തിൽ 247 മരണങ്ങളാണ് നടന്നത്.
ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നതിന്റെ പശ്ചാത്തലവും നിയമവശത്തെപ്പറ്റിയും പി എം ആതിര അഴിമുഖത്തോട് പ്രതികരിക്കുന്നു; ലേഖനം ഇവിടെ വായിക്കുക
content summary; dowry harassment death in kerala; 247 womens died last 15 years