ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ പലപ്പോഴും നിർണായക പങ്ക് വഹിച്ചിട്ടുള്ള സംസ്ഥാനമാണ് ബിഹാർ. 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പുതിയ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് സംസ്ഥാനം ഇപ്പോൾ. ദേശീയതലത്തിലെ പ്രധാന സഖ്യങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ, രാഷ്ട്രീയ വാദങ്ങൾക്കും പ്രചാരണങ്ങൾക്കുമപ്പുറം, ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പോലുള്ള സാമൂഹിക പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു ജനതയുടെ മുഖം കൂടിയുണ്ട് ബിഹാറിന്.
ബിഹാറിലെ ജാതിരാഷ്ട്രീയത്തെക്കുറിച്ചും അധികമാർക്കുമറിയാത്ത ജനങ്ങളുടെ ഒരു കൂട്ടം അരക്ഷിതാവസ്ഥകളെക്കുറിച്ചും എഴുത്തുകാരിയും പൊതുജനാരോഗ്യ വിദഗ്ധയുമായ ഡോ.ഷിംന അസീസ് ബിഹാറിൽ നിന്നും അഴിമുഖത്തോട് സംസാരിച്ചു.
‘ബോളിവുഡ് സിനിമകളിൽ കണ്ട് ശീലിച്ച ബിഹാറിൻ്റെ ഒരു വാർപ്പുമാതൃക തന്നെ മാറ്റിയെഴുതുന്നതാണ് ഈ സംസ്ഥാനത്തിൻ്റെ ശരിക്കുള്ള അവസ്ഥയെന്ന് ഇവിടെയെത്തിയപ്പോഴാണ് ഞാൻ മനസിലാക്കിയത്. പാൻ ചവയ്ക്കുന്ന കുറേ മനുഷ്യർ, പ്രശസ്തമായ പട്ന ഇവയൊക്കെ മാത്രമാണ് എനിക്കറിമായിരുന്നത്. എന്നാൽ ബിഹാറിൽ വന്നിറങ്ങുമ്പോൾ തന്നെ നമുക്ക് വേറിട്ടൊരു സ്ഥലത്ത് എത്തിപ്പെട്ടതായ തോന്നലുണ്ടാകും. അത് ഒരിക്കലും പോസിറ്റീവ് ആയ അനുഭവമല്ല. പ്രത്യേകിച്ച് ഒരു സ്ത്രീയെന്ന നിലയിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നൊരു തിരിച്ചറിവാണ്.
ബിഹാറിന് മാധ്യമങ്ങളിൽ കാണാത്ത ഒരു യാഥാർത്ഥ്യമുണ്ട്. 60 ശതമാനത്തോളം ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന അവസ്ഥയാണത്. കിലോമീറ്ററുകളോളം കാണപ്പെടുന്ന പുല്ലുമേഞ്ഞ കുടിലുകളും അവയ്ക്കുള്ളിൽ കൊടും പട്ടിണിയിൽ കഴിയുന്ന മനുഷ്യരും ഇവിടെ നിത്യകാഴ്ചയാണ്.
ദാരിദ്ര്യം പോലെ തന്നെ വളരെ ശക്തമായി കാണാൻ കഴിയുന്ന ഒന്നാണ് ഇവിടത്തെ ജാതീയത. പ്രത്യേക ജാതിയിലുള്ളവർ ജീവിക്കുന്നയിടങ്ങൾക്ക് ടോല എന്നാണ് ബിഹാറിൽ പറയുന്നത്. മുസഹർ ടോല, പാസ്വാൻ ടോല, സാഹ്നി ടോല, യാദവ് ടോല, രാജ്പുട് ടോല, ഭൂമിഹാർ ടോല, ബ്രാഹ്മിൻ ടോല, വിവിധ ജാതികളിൽ പെട്ട മുസ്ലിങ്ങളുടെ ടോല എന്നിങ്ങനെ നീളുന്നു അത്. വടക്കൻ സംസ്ഥാനങ്ങളെപ്പോലെ കിഴക്കൻ സംസ്ഥാനമായ ബിഹാറിലും ഇസ്ലാം മതവിശ്വാസികൾ ജാതിവ്യവസ്ഥ പിൻതുടരുന്നുണ്ട്. ബിഹാറിലുള്ളവരുടെ പേരിനൊപ്പം ഉറപ്പായും ഒരു വാല് കൂടിയുണ്ട്, സർ നെയിമാണത്. പൊതുവായി കുമാർ, കുമാരി എന്നാണ് അത് വരുന്നത്. ബിഹാറിൻ്റെ മുഖ്യമന്ത്രിയുടെ പേര് തന്നെ അങ്ങനെയാണ്. ജാതി മനസ്സിലാക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തു തുടങ്ങിയത് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അത് കൊണ്ടൊന്നും പച്ചക്ക് ജാതി ചോദിക്കലും പറയലും വിവേചനവും ഇവിടെ ഇല്ലാതായിട്ടില്ല.
ബിഹാറിലെ ദാരിദ്ര്യം എന്ന് പറഞ്ഞാൽ വാക്കുകളിൽ ഒതുക്കാൻ കഴിയാത്തതാണ്. മഹാദളിത് ടോലകളിൽ സ്ത്രീകളിലെ സാക്ഷരതയുള്ളവർ ഒരു ശതമാനത്തിലും താഴെയാണ്. സ്വന്തം പേരെഴുതി ഒപ്പിടാൻ പോലുമറിയാത്ത സ്ത്രീകളവിടെയുണ്ട്. വൃത്തിയെക്കുറിച്ചോ അടിസ്ഥാന അവകാശങ്ങളെക്കുറിച്ചോ ഒരു അറിവും അവർക്കില്ല. അതിരാവിലെ തങ്ങളുടെ വീടിനടുത്തുള്ള വയലുകളിലും മറ്റുമാണ് അവർ പ്രാഥമിക കൃത്യങ്ങൾക്കായി ഒരു പാത്രം വെള്ളവുമായി പോകുന്നത്. ആർത്തവമുള്ളപ്പോഴും അവർ ഇത് തന്നെയാണ് പിന്തുടരുന്നത്. കുടിവെള്ളത്തിന് കടുത്ത ക്ഷാമമാണ് ഇവർ നേരിടുന്നത്. കുഴൽ കിണറുകളിൽ നിന്നും ലഭിക്കുന്ന വളരെ കുറഞ്ഞ അളവിലുള്ള വെള്ളമാണ് അവർ പ്രാഥമിക കൃത്യങ്ങൾക്കായി ഉപയോഗിക്കുന്നത്. പകൽ മൂത്രമൊഴിക്കാൻ പോകാൻ സൗകര്യം ഇല്ലെന്നതിനാൽ ഇവിടെയുള്ള സ്ത്രീകൾ വെള്ളംകുടി ഒഴിവാക്കാറുമുണ്ട്. അത് മൂലം അവർക്കുണ്ടാകുന്ന രോഗങ്ങളും വളരെ കൂടുതലാണ്. നാണക്കേട് കാരണം പലർക്കുമുണ്ടാകുന്ന രോഗങ്ങൾ അവർ പുറത്ത് പറയാറില്ല. രോഗികളെ കാണാനൊക്കെ ഗ്രാമങ്ങളിൽ ചെല്ലുമ്പോൾ അവർ രഹസ്യമായി ചികിത്സ തേടും. നമ്മൾ നിസ്സഹായതയോടെ കേൾക്കും, മരുന്നെഴുതി കൊടുക്കും. വേറെന്താ ചെയ്യാനാകുക!
ബിഹാറിൻ്റെ ഇങ്ങനെയൊരു മുഖം ഞാൻ ഒരു സിനിമയിലും സീരീസിലും വാർത്തയിലും കണ്ടിട്ടില്ല. എന്തിനേറെ പറയുന്നു, സന്തോഷ് ജോർജ് കുളങ്ങരയുടെ ബിഹാറിനെക്കുറിച്ചുള്ള വീഡിയോകളിൽ പോലും യഥാർത്ഥ ബിഹാറിൻ്റെ മുഖം കൃത്യമായി കാണിച്ചിട്ടില്ല, പലവിധ വസ്തുതപ്പിശകുകൾ ഉണ്ട്. നാഷണൽ ഹൈവേയുടെ കരയിലെ ബിഹാറിന്റെ ചിത്രമല്ല, അൽപം ചില കിലോമീറ്ററുകൾ ഉള്ളിൽ കേറിയാൽ കിട്ടുക. പലതും കണ്ട് ഞെട്ടിയും അമ്പരന്നും ഇപ്പോൾ മനസ്സ് മരവിച്ച അവസ്ഥയാണെനിക്ക്.
ദാരിദ്ര്യം, വിദ്യാഭ്യാസക്കുറവ്, ജാതിവ്യവസ്ഥ മൂലമുള്ള അരക്ഷിതാവസ്ഥ, അപകർഷതാബോധം, തലമുറകളായി ദുരന്തങ്ങളും ചൂഷണങ്ങളും നേരിടുന്ന മനുഷ്യന് സകലതിനോടുമുള്ള വിശ്വാസക്കുറവ് എന്നിങ്ങനെ ഒട്ടും സുഖകരമല്ലാത്ത അവസ്ഥകളിലൂടെ കടന്നുപോകുന്ന ജീവിതങ്ങളാണ് ഇവിടെയുള്ള മനുഷ്യർ. അതിൽ തന്നെ ഏറ്റവും ഭീകരമായത് സ്ത്രീകളുടെ കാര്യമാണ്. മഴയും കൊടുംവെയിലും അതിശൈത്യവും വെള്ളപൊക്കവും എല്ലാ വർഷവും കൊണ്ട് വന്നു ചാർത്തുന്ന പ്രശ്നങ്ങൾ പുറമെയും.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്നത് ബിഹാർ തിരഞ്ഞെടുപ്പിലേക്കാണ്. എന്നാൽ ടോലകളിലും മറ്റ് ഗ്രാമീണ
മേഖലകളിലും താമസിക്കുന്ന മനുഷ്യരെ, പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച് അവരെ അതൊന്നും ബാധിക്കുന്ന കാര്യമല്ല. രാഷ്ട്രീയം സ്ത്രീകൾക്ക് സംസാരിക്കാനുള്ളതല്ല എന്നാണ് ഇവിടെ പൊതുവായ ധാരണ.
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഇതരസംസ്ഥാനക്കാരിയായ എന്നോട് പലപ്പോഴും ഇവിടത്തെ ജനങ്ങൾ എനിക്കെങ്ങനെ രാഷ്ട്രീയത്തെക്കുറിച്ചും നേതാക്കളെക്കുറിച്ചും ബിഹാറിന്റെ ചരിത്രവുമൊക്കെ അറിയാമെന്ന് അതിശയത്തോടെ ചോദിച്ചിട്ടുണ്ട്. അവരെ വെച്ച് നോക്കുമ്പോൾ നല്ലൊരു ജീവിതം നയിക്കുന്ന വ്യക്തിയായിട്ട് കൂടി ഒരു സ്ത്രീയായതിനാൽ എന്നിൽ നിന്നും രാഷ്ട്രീയ അവലോകനങ്ങൾ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. അടിസ്ഥാനവൃത്തിയെക്കുറിച്ച് പോലും വ്യക്തമായ ധാരണയില്ലാത്ത ഇവിടത്തെ സ്ത്രീകൾ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാത്തതിൽ എനിക്കും അത്ഭുതമില്ല. സ്ത്രീയെ ഒരു വ്യക്തിയെന്ന നിലയിൽ സ്ത്രീകൾ തന്നെ കാണുന്നില്ല എന്നതാണ് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം.
ഭ്രൂണഹത്യ പോലുള്ള കാര്യങ്ങൾ ഇപ്പോഴും ഇവിടെ നടക്കുന്നുണ്ടാകണം. കാരണം കൈക്കൂലി നൽകിയാൽ ഏത് മേഖലയിലും എന്തുവേണമെങ്കിലും നടക്കും, പരസ്യമായ രഹസ്യമാണത്. അത്രമേൽ ദയനീയമാണ് ഇവിടത്തെ സ്ത്രീ – പുരുഷ അനുപാതം. ബിഹാറിൽ വലിയ പോഖറുകളുണ്ട്(കുളങ്ങൾ). കഴിഞ്ഞ വർഷം പോലും പോഖറിൽ നിന്ന് നവജാത പെൺശിശുവിന്റെ മൃതദേഹം കിട്ടിയ വാർത്തകൾ ഉണ്ട്. തോണ്ണൂറുകളിൽ വായിൽ ഉപ്പ് വാരിയിട്ടും കീടനാശിനി ഒഴിച്ചുമൊക്കെ ജനിച്ച ഉടനെ പെൺകുട്ടികളെ കൊന്നിരുന്ന ഗ്രാമീണരായ വയറ്റാട്ടികൾ ക്യാമറക്ക് മുന്നിൽ തുറന്ന് സമ്മതിക്കുന്ന ഒരു ഡോക്യുമെന്ററിയുണ്ട്. ഒരു വിറയലോടെയല്ലാതെ കാണാനാവില്ലത്.
ഭാവിയിൽ വിവാഹത്തിന് സ്ത്രീധനം കൊടുക്കാൻ മാർഗമില്ലാത്തതിനാൽ കൊല്ലപ്പെടുന്നവരാണിവർ. ആൺകുട്ടിക്ക് ജന്മം കൊടുക്കും വരെ വർഷാവർഷം പ്രസവിക്കേണ്ട ഗതികേടുണ്ട് പല ഗ്രാമീണസ്ത്രീകൾക്കും. സ്വന്തം ശരീരവും ഗർഭാശയവും വരെ പണയത്തിലെന്ന പോലെയാണ് സ്ഥിതി. സ്ത്രീകൾ നിലത്ത് നോക്കി വേണം നടക്കണം എന്നാണ് ഇവരുടെ നിയമം. ഈ സംസ്ഥാനത്തിൽ ഒരു സ്ത്രീയെന്ന നിലയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാനാകില്ല, സുരക്ഷിതമല്ല. ഇതേ കാരണത്താൽ സഞ്ചരിക്കാൻ ഏറെ ഇഷ്ടമുള്ള ആളായിട്ട് പോലും പാതി ബിഹാർ പോലും രണ്ടേകാൽ വർഷത്തിൽ കണ്ട് തീർന്നിട്ടില്ല.
ബിഹാറിലെ ഈ യാഥാർത്ഥ്യത്തെ മൂടിവെയ്ക്കാൻ പല ഉപാധികളും ഇവിടെ ഭരിക്കുന്നവർ ചെയ്യാറുണ്ട്. സ്കൂളുകളിൽ നിന്നും പഠനം ഉപേക്ഷിച്ച് പോകുന്ന കുട്ടികളുടെ എണ്ണം ബിഹാറിൽ വളരെ കൂടുതലാണ്. എന്നാൽ അവയൊന്നും ആരും ചർച്ച ചെയ്യുന്നില്ല. ഇതിനെതിരെ ചോദ്യങ്ങളുയരുമ്പോൾ അത് മറയ്ക്കാനായി ഭരണകൂടം ഉപയോഗിക്കുന്ന വാദമെന്ന് പറയുന്നത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിവിൽ സർവൻ്റുകൾ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ എന്നതാണ്. സിവിൽ സർവന്റിന്റെ നമ്പർ കൊണ്ട് മൂടിയാൽ സ്കൂൾ ഡ്രോപ്പ് ഔട്ട് കുട്ടികളുടെ ദുരിതത്തിന് ഉത്തരമാകില്ലല്ലോ.
മിക്ക പരീക്ഷകളും ഇവിടെ വെറും പ്രഹസനങ്ങളാണ്. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ ചോദ്യപേപ്പറുകൾ പണം നൽകിയാൽ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് തന്നെ കുട്ടികൾക്ക് ലഭിക്കുന്നു. റോഡരികിൽ നിന്ന് അവർ പേപ്പർ സോൾവ് ചെയ്യുന്നതും എക്സാം ഹാളുകളിൽ ഫോണുമായി കയറുന്നതുമെല്ലാം ഇവിടെ സ്ഥിരം കാഴ്ചകളാണ്. ബിഹാരി ജൻ സി യുട്യൂബ് ക്രിയേറ്റർമാർ ഇതെക്കുറിച്ച് ചെയ്ത റീലുകൾ സുലഭമാണ്.
ബിഹാറിൽ ‘ജനാധിപത്യം’ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ പാലിക്കുന്ന ഭരണകൂടമില്ലെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഒരു സിസ്റ്റം ഇവിടില്ല, അരാജകത്വമാണ് നിലനിൽക്കുന്നത്. കൈക്കൂലിയും അഴിമതിയുമെല്ലാം മുഴച്ചു നിൽക്കുന്ന അരാജകത്വം. ഈ ദുരിതം ബാധിക്കാത്ത സമ്പന്നരും രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന സാധാരണക്കാരും ആദ്യം കിട്ടുന്ന വണ്ടിക്ക് സ്ഥലം വിടുന്നു. പോയ പലരും എത്തിയിടത്ത് നിന്ന് തിരിച്ചു വരാറുമില്ല.
തങ്ങളുടെ ഉദ്ദേശങ്ങൾ നടത്തിയെടുക്കാനായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ബിഹാറിൽ വളരെ എളുപ്പം സാധിക്കും. ഒരു ജീവനക്കാരൻ്റെ വിദ്യാഭ്യാസ യോഗ്യത മനസിലാക്കാനോ അതിനെക്കുറിച്ച് ചിന്തിക്കാനോ ഇവിടെയുള്ളവർക്ക് അറിയില്ല. അധികാരവും അറിവും ഷോ കാണിക്കാനറിയുന്ന ആൾ പറഞ്ഞാൽ അത് വിശ്വാസയോഗ്യമാണ് എന്നാണ് പൊതുധാരണ. പത്രവായന, വാർത്താ ചാനലുകൾ കാണുക, അതേ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയ രീതികളൊന്നും തന്നെ പൊതുവെ ബിഹാറിലില്ല. കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന യുവജനങ്ങളുടെ വിഡിയോകൾ അവിടിവിടെ കാണുന്നത് വലിയ പ്രതീക്ഷ തരുന്നുണ്ട്, പ്രതീക്ഷയുടെ കനലുകളാണ്. മാറ്റം അവിടെ നിന്ന് തുടങ്ങിയേക്കാം.
വളരെയധികം ചരിത്രപ്രാധാന്യമുള്ള ഒരിടമാണ് ബിഹാർ. എങ്ങനെയാണ് ഈ സംസ്ഥാനം ഇത്രയും ദരിദ്രമായ അവസ്ഥയിലേക്കെത്തിയതെന്ന് ഇന്നും എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം ഇവ കൃത്യമായാൽ തന്നെ ഒരു സമൂഹം നന്നായി മുന്നോട്ട് പോകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നെങ്കിലും ഇവരും സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കുമായിരിക്കും.’ ഡോ. ഷിംന അസീസ് അഴിമുഖത്തോട് പറഞ്ഞു.
Content Summary: Dr. Shimna Azeez Reveals the Harsh Reality of Bihar, Exposing Its Deep-Rooted Poverty and Caste System
This post was last modified on October 23, 2025 1:48 pm
Leave a Comment