January 21, 2025 |

സാന്താ ക്ലോസ് എന്തുകൊണ്ടാണ് ചുവപ്പും വെള്ളയും നിറം ധരിക്കുന്നത്?

സാന്തയുടെ രൂപം മാറി മാറി വരികയാണോ?

ചുവന്ന വെല്‍വെറ്റ് സ്യൂട്ട്, വെളുത്ത രോമങ്ങള്‍, ഉയരമുള്ള കറുത്ത ബൂട്ട്, ഐക്കണിക് പോം-പോം തൊപ്പി; നിങ്ങളുടെ മനസില്‍ ജനപ്രിയ സംസ്‌കാരത്തിലെ ഏറ്റവും പ്രശസ്തനായ ഒരാള്‍ എത്തിക്കഴിഞ്ഞു; അതേ സാന്താക്ലോസ്. കച്ചവട സ്ഥാപനങ്ങളില്‍ മുതല്‍ സിനിമകളില്‍ വരെ, ആ രൂപം എത്രയോ കാലമായി നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഒരു കാര്യമോര്‍ക്കുക, സാന്തയുടെ, നമ്മള്‍ ഇപ്പോള്‍ കാണുന്ന വസ്ത്രം ആദ്യമ മുതലുള്ള വേഷമായിരുന്നില്ല. വാസ്തവത്തില്‍, സാന്തയുടെ പ്രതീകമായ ചുവപ്പും വെളുപ്പും നിറത്തിലുള്ള സ്യൂട്ടിന് ഏതാണ്ട് ഒരു നൂറ്റാണ്ടിന് ഇപ്പുറത്തെ പഴക്കമേയുള്ളൂ. സാംസ്‌കാരിക പാരമ്പര്യങ്ങള്‍, കലാപരമായ വ്യാഖ്യാനങ്ങള്‍, വാണിജ്യ പ്രചാരണങ്ങള്‍ എന്നിവയുടെ സ്വാധീനത്തിലൂടെയുണ്ടായ പരിണാമത്തിലൂടെയാണ് ഇപ്പോഴത്തെ നിറങ്ങള്‍ സാന്തയ്ക്ക് സ്വന്തമായത്.

സാന്തയുടെ രൂപ പരിണാമം
ഇന്ന് നമുക്കറിയാവുന്ന സാന്താക്ലോസ്, സെന്റ് നിക്കോളാസ്, സിന്റര്‍ക്ലാസ്, പെരെ നോയല്‍, ക്രിസ്റ്റ്കിന്‍ഡില്‍ തുടങ്ങിയ വിവിധ യൂറോപ്യന്‍ കഥാപാത്രങ്ങളില്‍ നിന്ന് ഉരുവം കൊണ്ടൊരു രൂപമാണ്. ആദ്യകാലങ്ങളില്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ കൊണ്ടുവരുന്ന ഓരോരുത്തര്‍ക്കും അവരുടേതായ രൂപവും വസ്ത്രധാരണവും ഉണ്ടായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് സാന്ത അമേരിക്കന്‍ സംസ്‌കാരത്തില്‍ ഇപ്പോഴുള്ള പരിചിതമായ രൂപത്തിലേക്ക് മാറാന്‍ തുടങ്ങിയത്. 1823ല്‍ ക്ലെമന്റ് ക്ലാര്‍ക്ക് മൂറിന്റെ ‘എ വിസിറ്റ് ഫ്രം സെന്റ് നിക്കോളാസ്’ (‘ക്രിസ്മസിന് മുമ്പുള്ള രാത്രി’) എന്ന കവിതയിലാണ് സാന്തയുടെ ആധുനിക ചിത്രം ആലേഖനം ചെയ്യപ്പെടുന്നത്. അതിലൂടെ സെന്റ് നിക്കോളാസിനു താടിയുള്ള, റെയിന്‍ഡിയര്‍ വലിക്കുന്ന ഒരു സ്ലീയില്‍ യാത്ര ചെയ്യുന്ന ഒരു തമാശക്കാരന്‍ എന്ന വിശേഷണം നല്‍കി.

എന്നിരുന്നാലും മൂറിന്റെ കവിതയില്‍ സാന്തയുടെ വസ്ത്രധാരണത്തെപ്പറ്റി വിശദാംശങ്ങളൊന്നും പറഞ്ഞിരുന്നില്ല. അത് ആസ്വാദകന്റെ സങ്കല്‍പ്പത്തിനും വ്യാഖ്യാനത്തിനും വിട്ടുകൊടുക്കുകയായിരുന്നു. ആദ്യകാല ചിത്രീകരണങ്ങളില്‍ മഞ്ഞ വസ്ത്രം ധരിച്ച ഒരു ചെറിയ കുട്ടിച്ചാത്തനെപ്പോലെയുള്ള രൂപം മുതല്‍ വിപ്ലവ യുദ്ധകാലത്തെ വസ്ത്രം ധരിച്ച താടിയില്ലാത്ത മനുഷ്യന്‍ വരെ വളരെ വ്യത്യസ്തമായിരുന്നു സാന്ത.

1860കളില്‍, അമേരിക്കന്‍ ആഭ്യന്തരയുദ്ധസമയം വരെ, ചുവപ്പ് വസ്ത്രം ധരിച്ച, വ്യത്യസ്തനായൊരു സാന്ത എന്ന ആശയം ലോകത്തിനുണ്ടായിരുന്നില്ല.

സാന്തയുടെ രൂപം മാറ്റിയ കലാകാരന്മാര്‍
സാന്തയുടെ രൂപം ഇപ്പോഴത്തേതു പോലെ രൂപപ്പെടുത്തിയ പ്രധാന വ്യക്തികളില്‍ ഒരാള്‍ കാര്‍ട്ടൂണിസ്റ്റ് തോമസ് നാസ്റ്റ് ആയിരുന്നു. ഹാര്‍പേഴ്സ് വീക്കിലിയിലെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ക്ക് പേരുകേട്ട നാസ്റ്റ്, 1860-കളിലും 1870-കളിലും സാന്താ ചിത്രീകരണങ്ങളുടെ ഒരു പരമ്പര സൃഷ്ടിച്ചു, അവയാണ് ഇന്ന് നമുക്ക് അറിയാവുന്ന സാന്തയുടെ പ്രതിച്ഛായ ഉറപ്പിക്കുന്നതിന് പ്രധാന കാരണമായത്.

1881ലെ അദ്ദേഹം ചിത്രീകരിച്ച – വെളുത്ത രോമങ്ങളുള്ള, ചുവന്ന സ്യൂട്ട് ധരിച്ച, തടിച്ച ശരീരപ്രകൃതിയുള്ള, മുഖത്ത് എപ്പോഴും നിറഞ്ഞ സന്തോഷമുള്ള- സാന്തയ്ക്ക് ഇന്നത്തെ രൂപത്തോട് ഏറെ സാമ്യമുണ്ടായിരുന്നു. നാസ്റ്റാണ്, വലിയ ശരീരമുള്ള, എന്നാല്‍ ദീനാനുകമ്പനും, സ്‌നേഹനിധിയും ദയാലുവായ, സമ്മാനങ്ങള്‍ നല്‍കുന്ന ഒരാളിലേക്ക് സാന്താ ക്ലോസ് എന്ന ആശയം ഉറപ്പിക്കാന്‍ സഹായിച്ചത്. മുന്‍ഗാമികളെക്കാള്‍ കൂടുതല്‍ കുസൃതി നിറഞ്ഞൊരു കഥാപാത്രമായും നാസ്റ്ററുടെ സാന്ത മാറി.

Post Thumbnail
ഇലക്ട്രല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധംവായിക്കുക

നോര്‍മന്‍ റോക്ക്വെല്‍, ജെ.സി. ലെയെന്‍ഡെക്കര്‍ തുടങ്ങിയ കലാകാരന്മാരും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദ സാറ്റര്‍ഡേ ഈവനിംഗ് പോസ്റ്റിലെ ചിത്രങ്ങളിലൂടെ സാന്തയുടെ ചിത്രം ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സാന്തയുടെ ഈ വ്യത്യസ്ത ചിത്രീകരണങ്ങള്‍ ചുവന്ന വസ്ത്രം ധരിച്ച, വൃത്താകൃതിയിലുള്ള റോസ് കവിളുള്ള ഒരു മനുഷ്യന്റെ പരിചിതമായ രൂപം ലോകത്തിന് മുന്നില്‍ കൂടുതല്‍ ഉറപ്പിച്ചു.

കൊക്ക കോളയും റെഡ് സ്യൂട്ടും
1931ല്‍ ആരംഭിച്ച കൊക്കകോളയുടെ അവധിക്കാല പരസ്യങ്ങള്‍, സാന്തയുടെ ചുവപ്പും വെള്ളയും നിറത്തിലുള്ള സ്യൂട്ടിനെ ജനപ്രിയമാക്കുന്നതിന് ഒരു കാരണമായിട്ടുണ്ടെങ്കിലും അപ്പോഴേക്കും സാന്തയുടെ പുതിയ വസ്ത്രധാരണം ലോകത്തിന് പരിചിതമായി കഴിഞ്ഞിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഹാഡന്‍ സണ്‍ഡ്ബ്ലോം ചിത്രീകരിച്ച കൊക്ക കോള പരസ്യത്തില്‍, ഒരു കോക്ക് ആസ്വദിക്കുന്ന ആഹ്ലാദവാനായ സാന്തയെ കാണാമായിരുന്നു. സണ്‍ഡ്‌ബ്ലോം പരസ്യം ചുവന്ന സ്യൂട്ടിലുള്ള സാന്തയെ കൂടുതല്‍ പ്രശസ്തനാക്കി. എന്നാല്‍ കൊക്കകോളയുടെ പരസ്യത്തിലായിരുന്നില്ല സാന്തയുടെ പതുവസ്ത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. എങ്കിലും ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ആ രൂപം പതിയാന്‍ പരസ്യം കാരണമായി.

രസകരമെന്നു പറയട്ടെ, പരസ്യത്തില്‍ ചുവന്ന നിറത്തിലുള്ള സാന്തയെ ഉപയോഗിച്ച ആദ്യത്തെ ശീതളപാനീയ കമ്പനി പോലുമായിരുന്നില്ല കൊക്കകോള. വൈറ്റ് റോക്ക് ബിവറേജസ് ഒന്നാം ലോകമഹായുദ്ധസമയത്ത്,(കോക്കിന്റെ പ്രസിദ്ധമായ പ്രചാരണത്തിനും വര്‍ഷങ്ങള്‍ക്ക് മുമ്പ്) സാന്തയെ സമാനമായ വസ്ത്രത്തില്‍ അവതരിപ്പിച്ചിരുന്നു. കൊക്കകോളയുടെ പരസ്യത്തിന് വമ്പന്‍ സ്വീകാര്യത കിട്ടിയെങ്കിലും, ചുവന്ന വസ്ത്രം ധരിച്ച സാന്താ എന്ന ആശയം അതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രചാരത്തിലുണ്ടായിരുന്നുവെന്നതാണ് വാസ്തവം.

സാന്തയുടെ റെഡ് സ്യൂട്ടിന്റെ മനഃശാസ്ത്രം
സാന്തയെ ചുവന്ന സ്യൂട്ട് ധരിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ചില മാനസിക വശങ്ങളുമുണ്ട്. മഞ്ഞുമൂടിയ പ്രദേശത്തെ ആ വെള്ളത്താടിക്കാരനെ എളുപ്പത്തില്‍ ശ്രദ്ധിക്കപ്പെടാനും തിരിച്ചറിയാനും കഴിയുന്ന, ആകര്‍ഷണീയമായൊരു നിറമെന്ന നിലയിലാണ് ചുവപ്പ് തിരഞ്ഞെടുക്കുന്നത്. അതുപോലെ സാന്തയുടെ രോമങ്ങള്‍ നിറഞ്ഞ സ്യൂട്ട്, സുഖകരവും ഊഷ്മളവുമായ ഒരു അനുഭൂതിയാണ് പ്രധാനം ചെയ്യുന്നത്. തണുപ്പും മഞ്ഞും നിറഞ്ഞ ഉത്തരധ്രുവത്തിലെ ഒരു വസതിയിലാണ് സാന്ത താമസിക്കുന്നതെന്നാണല്ലോ സങ്കല്‍പ്പം.

സാന്തയുടെ വസ്ത്രധാരണം ഊഷ്മളതയുടെയും സന്തോഷത്തിന്റെയും അവധിക്കാലത്തിന്റെ മാന്ത്രികതയുടെയും ഒരു ദൃശ്യരൂപമാണ്. സാന്തയുടെ രൂപം ആസ്വാദ്യകരവും ഗൃഹാതുരവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ചരിത്രകാരനായ സ്റ്റീഫന്‍ നിസെന്‍ബോമിന്റെ അഭിപ്രായത്തില്‍, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ന്യൂയോര്‍ക്കിലെ ഒരു കൂട്ടം ബുദ്ധിജീവികളാണ് സാന്തായുടെ ആധുനിക ചിത്രം തയ്യാറാക്കിയത്. സാന്തയുടെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമായ രൂപം അവനെ ദയയുടെയും ഔദാര്യത്തിന്റെയും ബാല്യകാല വിസ്മയത്തിന്റെയും പ്രതീകമാക്കാന്‍ സഹായിച്ചു.

സാന്തയുടെ രൂപം ഇനിയും മാറുമോ?
സാന്തയുടെ ചുവപ്പും വെളുപ്പും നിറത്തിലുള്ള സ്യൂട്ട് പാരമ്പര്യത്തിന്റെ പ്രതീകമാണെങ്കിലും, മാറ്റത്തിന് വിധേയമാകാം. ഇപ്പോള്‍ തന്നെ സാന്തയുടെ രൂപം പലവിധതത്തില്‍ മാറ്റപ്പെട്ടിട്ടുണ്ട്. സാന്താക്ലോസ് പോലുള്ള സിനിമകളിലും കച്ചവട സ്ഥാപനങ്ങളിലെ പ്രമോഷനുകളിലുമെല്ലാം പച്ചനിറത്തിലുള്ള സാന്തമര്‍ മുതല്‍ പല വിധത്തില്‍ രൂപം മാറിയ സാന്താ ക്ലോസുമാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഈ നിറവ്യത്യാസം പാരമ്പര്യവാദികളെ ചൊടിപ്പിക്കുന്നുണ്ട്. ആത്യന്തികമായി, സാന്തയുടെ വസ്ത്രധാരണരീതി സാംസ്‌കാരിക സമന്വയം, കലാപരമായ കാഴ്ചപ്പാട്, വാണിജ്യ സ്വാധീനം എന്നിങ്ങനെ പലവിധ സ്വാധീനങ്ങളുടെ ഫലമായി രൂപപ്പെടുന്നതാണ്. ഇപ്പോഴുള്ള ചുവപ്പും വെളുപ്പും നിറത്തിലുള്ള സ്യൂട്ട് ക്രിസ്മസിന്റെ ചൈതന്യത്തെ പ്രതിനിധീകരിക്കുന്നതാണ്. ഇത് സന്തോഷത്തിന്റെയും ദയയുടെയും അവധിക്കാലത്തിന്റെ മാസ്മരികതയുടെയും പ്രതീകമാകുന്നു. സാന്തയുടെ രൂപത്തിന് കാലക്രമേണ മാറ്റങ്ങള്‍ വന്നേക്കാമെങ്കിലും, ഇപ്പോഴുള്ള ആ ചുവപ്പും വെളുപ്പും വസ്ത്രം നമ്മുടെ അവധിക്കാല ആഘോഷങ്ങളുടെ കേന്ദ്രമായി തന്നെ തുടരുകയാണ്.  Dress codes, why Santa Claus wears a red and white suit

Post Thumbnail
മരുഭൂമിക്ക് 'ഗ്രീന്‍ ബെല്‍റ്റ്' നല്‍കി ചൈനവായിക്കുക

Content Summary; Dress codes, why Santa Claus wears a red and white suit

×