ഡൽഹിയിൽ ഭാര്യയെ കൊന്ന് സെമിത്തേരിയിൽ കുഴിച്ചിട്ട് ഭർത്താവ്

യുവതിയുടെ സുഹൃത്ത് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്

അവിഹിത ബന്ധം ആരോപിച്ച് 30 വയസ്സുകാരിയായ ഭാര്യയെ കൊലപ്പെടുത്തി സെമിത്തേരിയിൽ കുഴിച്ചിട്ട് ഭർത്താവ്. ‘ദൃശ്യ’ത്തിലെ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കൊലപാതകം. ഉത്തർപ്രദേശിലെ അമ്രോഹ സ്വദേശിയും പെയിന്ററുമായ ഷബാബ് അലി (47) ആണ് ഭാര്യ ഫാത്തിമയെ കൊലപ്പെടുത്തിയത്.

യുവതിയുടെ ഭർത്താവിനെയും ഇയാളുടെ രണ്ട് സഹായികളെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.  കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്ത് ഓഗസ്റ്റ് 10-ന് മെഹ്റൗലി പോലീസ് സ്റ്റേഷനിൽ യുവതിയെ കാണാനില്ലെന്ന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.  യുവതി കാമുകനൊപ്പം ഒളിച്ചോടിപ്പോയതാണെന്ന് വരുത്തിത്തീർക്കാനുള്ള പ്രതിയുടെ ശ്രമം സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങുകയായിരുന്നു.

അഞ്ച് ദിവസത്തോളം ഭാര്യയെ വിഷം കലർന്ന പാനീയങ്ങളും ലഹരിഗുളികകളും നൽകി മയക്കി കിടത്തി. തുടർന്ന് പ്രതി തന്റെ സഹായികളായ ഷാരൂഖ് ഖാൻ, തൻവീർ, മറ്റൊരാൾ എന്നിവരുടെ സഹായത്തോടെ കാറിൽ മൃതദേഹം മെഹ്റൗലിയിലെ സെമിത്തേരിയിൽ എത്തിച്ചു. അവിടെ വെച്ച് ഫാത്തിമയുടെ മൃതദേഹം കുഴിച്ചിടുകയും അവരുടെ വസ്ത്രങ്ങൾ ഒരു കനാലിൽ എറിയുകയും ചെയ്തു.

പിടിയിലാകാതിരിക്കാൻ ഷദാബ് തന്റെ ജന്മനാടായ അമ്രോഹയിലേക്ക് മടങ്ങുകയും ഫാത്തിമയുടെ ഫോണിൽ നിന്ന് അവൾ ഒളിച്ചോടിപ്പോയതായും മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുകയാണെന്നും സ്വയം ഒരു സന്ദേശം അയക്കുകയും ചെയ്തു.

യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയിരിക്കുകയാണെന്ന് പരാതിക്കാരൻ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഫാത്തിമ ഭർത്താവിനും സഹായികൾക്കുമൊപ്പം പോകുന്നത് കണ്ടു. ഈ ദൃശ്യങ്ങളിൽ അവർ അബോധാവസ്ഥയിലായിരുന്നു.

ആദ്യം കുറ്റം നിഷേധിച്ച ഷദാബ്, പിന്നീട് അന്വേഷണം വഴിതെറ്റിക്കാൻ മൃതദേഹം കനാലിൽ എറിഞ്ഞതായി അവകാശപ്പെട്ടു. കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഫാത്തിമയ്ക്ക് അവിഹിതബന്ധമുണ്ടായിരുന്നതുകൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

ഫാത്തിമയ്ക്ക് ചില ഗുളികകൾ നൽകിയതിനെ തുടർന്ന് അവർക്ക് ബോധം നഷ്ടപ്പെട്ടെന്നും തുടർന്ന് ഫത്തേപൂർ ബെറിയിലെ ഒരു നിർമ്മാണ സ്ഥലത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും പ്രതി പറഞ്ഞു. ജൂലൈ 31 വരെ ഇവിടെ വെച്ച് അവൾക്ക് വിഷം നൽകി. ഇതിനിടയിൽ അവൾക്ക് അസ്വസ്ഥതകളുണ്ടായപ്പോൾ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നു. അതിനുശേഷം അവരെ മെഹ്റൗലിയിലെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.

ഓഗസ്റ്റ് ഒന്നിനാണ് ഫാത്തിമ മരിച്ചത്. അടുത്ത രാത്രി, ഇയാളും സഹായികളും ചേർന്ന് മൃതദേഹം കാറിൽ കയറ്റി സെമിത്തേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് ഷാരൂഖിന്റെയും തൻവീറിന്റെയും സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടു.

പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 15-ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ (എസ്ഡിഎം) സാന്നിധ്യത്തിൽ പോലീസ് ഫാത്തിമയുടെ മൃതദേഹം പുറത്തെടുത്തു. ഷദാബ്, ഷാരൂഖ്, തൻവീർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഒളിവിലുള്ള മറ്റൊരാൾക്കുവേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു.

content summary: Drishyam-Style Murder In Delhi

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment