ഞാൻ നിങ്ങളെ വിവാഹ മോചനം ചെയ്യുന്നു എന്ന ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. അത് വെറുമൊരു പോസ്റ്റല്ല ഒരു ധീരമായ പ്രഖ്യാപനം കൂടിയാണ് എന്നുപറഞ്ഞാണ് പലരും രംഗത്ത് വന്നിരിക്കുന്നത്. ദുബായ് ഭരണാധികാരി ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ പെൺമക്കളിൽ ഒരാളാണ് വിവാഹമോചനം നേടുന്നതായി ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. യുഎഇയുടെ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ പിതാവിൻ്റെയും തൻ്റെ രാജ്യത്തിൻ്റെയും പരമ്പരാഗത മാനദണ്ഡങ്ങൾക്കെതിരെ പരസ്യമായി മുന്നോട്ട് വന്നിരിക്കുകയാണ് രാജകുമാരി മഹ്‌റ. instagram divorce
വിവാഹമോചനത്തെ കുറിച്ച് മഹ്‌റ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇപ്രകാരമാണ്: “ഞങ്ങളുടെ വിവാഹമോചനം ഞാൻ ഇവിടെ പ്രഖ്യാപിക്കുകയാണ്. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. നിങ്ങളുടെ മുൻ ഭാര്യ.”
‘ ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു’ എന്ന് മൂന്ന് തവണ ആവർത്തിച്ചുകൊണ്ട് രാജകുമാരി മുത്തലാഖ് സമ്പ്രദായത്തെയാണ് പരാമർശിച്ചിട്ടുള്ളത്. സുന്നി ഇസ്ലാമിക നിയമപ്രകാരം, മുസ്ലീം പുരുഷനെ തൻ്റെ ഭാര്യയെ വിവാഹമോചനം ചെയ്യാൻ അനുവദിക്കുന്നതാണ് മുത്തലാഖ്. മൂന്ന് തവണ “തലാഖ്” (വിവാഹമോചനം) എന്ന് പറഞ്ഞ് തൽക്ഷണം ഭാര്യയെ വിവാഹമോചനം ചെയ്യാൻ മുത്തലാഖ് അനുവദിക്കുന്നു. പുരുഷന് തലാഖിന്റെ കാരണം വ്യക്തമാക്കുകയോ ഭാര്യയുടെ സമ്മതം വാങ്ങുകയോ ചെയ്യേണ്ട ആവശ്യമില്ല.
യുഎഇയിൽ, മുസ്ലീം ദമ്പതികളുടെ വിവാഹവും വിവാഹമോചനവും ഇസ്ലാമിക നിയമ പ്രകാരമാണ് നിയന്ത്രിക്കുന്നത്. അമുസ്‌ലിം പ്രവാസികൾക്ക് അവരുടെ മാതൃരാജ്യത്ത് വേണം വിവാഹമോചനം നടത്താൻ. അല്ലെങ്കിൽ അവരുടെ മാതൃരാജ്യത്തിലെ നിയമങ്ങൾ യുഎഇയിൽ ബാധകമാക്കാൻ അഭ്യർത്ഥന നൽകാനും സാധിക്കും.
ശരീഅത്ത് നിയമപ്രകാരം, വിവാഹിതരാകുമ്പോൾ സ്ത്രീകൾ അവരുടെ ഭർത്താവിൽ നിന്നോ കുടുംബത്തിൽ നിന്നോ ‘ മഹർ ‘ എന്ന സ്ത്രീധനം സ്വീകരിക്കുന്നു. ഒരു സ്ത്രീ മഹർ തിരികെ നൽകിയാൽ, അവൾക്ക് നിയമപരമായി ‘ഖുല’ എന്നറിയപ്പെടുന്ന വിവാഹ മോചനം ലഭിക്കും.
യുഎഇയുടെ രാജകുടുംബാംഗം കൂടിയായ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിന്റെയും മഹ്‌റയുടെയും വിവാഹം കഴിഞ്ഞ 2023 മേയിൽ ആഡംബരപൂർണമായ ചടങ്ങോടെയാണ് നടന്നത്. മൂന്ന് മാസം മുൻപാണ് ഇരുവർക്കും മകൾ പിറന്നത്. മഹ്‌റ ബുധനാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ തൻ്റെ ഭർത്താവ് തന്നോട് അവിശ്വസ്തത പുലർത്തിയിരുന്നുവെന്നും അയാൾ “മറ്റ് കാര്യങ്ങളിൽ വ്യാപൃതനായിരുന്നു” എന്നും പറഞ്ഞു.
മഹ്‌റ ദുബായിലെ ആചാരങ്ങളെ വെല്ലുവിളിക്കുന്ന ആദ്യത്തെ സ്ത്രീയല്ല. മഹ്‌റയുടെ സഹോദരി ഷെയ്ഖ ലത്തീഫയും തന്റെ പിതാവിനെ ‘ കുറ്റവാളി’ എന്ന് വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ദുബായിൽ നിന്ന് പോകുന്നതിന് മുൻപ് അച്ചടക്കമില്ല എന്ന കുറ്റത്തിന് സ്ത്രീകളെ തടവിലാക്കിയതായി ആരോപിക്കുകയും ചെയ്തിരുന്നു. ലിംഗസമത്വത്തിനുവേണ്ടി ഷെയ്ഖ് മുഹമ്മദ് പരസ്യമായി നിലകൊള്ളുമ്പോഴും, ഭരണാധികാരിയുടെ മകൾ എന്ന നിലയിൽ പോലും ദുബായ് സ്ത്രീകളെ അടിച്ചമർത്തുന്നതായാണ് ലത്തീഫ പറഞ്ഞത്.
എമിറേറ്റ്സിൽ നിന്ന് പലായനം ചെയ്ത് കുടുംബത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് ദുബായ് രാജകുമാരിമാരിൽ ഒരാളാണ് ലത്തീഫ. കൂടാതെ ഷെയ്ഖ് മുഹമ്മദ് തൻ്റെ ആറാമത്തെ ഭാര്യയായ രാജകുമാരി ഹയ ബിൻത് ഹുസൈനുമായി ദീർഘമായ കസ്റ്റഡി പോരാട്ടം നടത്തിയിരുന്നു. ബിബിസി റിപ്പോർട്ട് ചെയ്തത് പ്രകാരം 2019 ൽ ഹയ ബിൻത് ഹുസൈൻ ജർമ്മനിയിൽ അഭയം തേടുകയായിരുന്നു. ഷെയ്ഖ് മുഹമ്മദിന് ആറ് ഭാര്യമാരിൽ കുറഞ്ഞത് 20 കുട്ടികളെങ്കിലും ഉണ്ട്.
content summary; Dubai princess’s declares divorce in instagram