ഗള്‍ഫ് മലയാളിയെ സംബന്ധിച്ച് പൊന്നു വിളയുന്ന നാടാണ്. മലയാളികളുടെ അറബിനാട്ടിലെ പ്രവാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തില്‍ ബഹുഭൂരിപക്ഷം പേരും വിവിധ സ്ഥലങ്ങളില്‍ പ്രവാസികളായി കഴിയുന്നവരാണ്. കേരളത്തിന്റെ സമ്പദ്ഘടനയുടെ മൂലക്കല്ലും ഇതേ പ്രവാസികളാണ്. എന്നാല്‍ വരുംകാലം മലയാളിയെ സംബന്ധിച്ച് ഗള്‍ഫ് ഒരു മരീചികയായി മാറുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. പുതിയതായി കൊണ്ടുവന്നിരിക്കുന്ന നിയമങ്ങളാണ് മലയാളികള്‍ ഉള്‍പ്പെടെ ഗള്‍ഫ് സ്വപ്‌നം കാണുന്നവര്‍ക്കെല്ലാം വില്ലനാകുന്നത്.dubai visit visa new rules
കൈയില്‍ പണം വേണം, താമസം എവിടെയെന്നും പറയണം
ഇനി മുതല്‍ ദുബായിലേക്ക് സന്ദര്‍ശന വീസയില്‍ പോകുന്നവര്‍ 3,000 ദിര്‍ഹം (68,035.20 ഇന്ത്യന്‍ രൂപ) പണവും റിട്ടേണ്‍ ടിക്കറ്റും അതോടൊപ്പം ഗള്‍ഫില്‍ എത്തിക്കഴിഞ്ഞാല്‍ എവിടെ താമസിക്കും എന്നതിന്റെ തെളിവും നിര്‍ബന്ധമായും കൈവശം വയ്ക്കണമെന്നാണ് നിയമം. ഈ നിയമം കര്‍ശനമാക്കുന്നതോടെ വെട്ടിലാകുന്നത് ജീവിതം പച്ച പിടിപ്പിക്കാന്‍ മണലാരണ്യങ്ങളിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്ന സാധാരണക്കാരാണ്. ജോലി അന്വേഷിച്ച് പോകുന്ന മിക്കവരും പോകുന്ന ഭൂരിഭാഗവും മൂന്നു മാസത്തെ സന്ദര്‍ശന വിസയില്‍ ആയിരിക്കും ഗള്‍ഫില്‍ എത്തുക. മൂന്ന് മാസത്തേക്ക് നല്‍കിയിരുന്ന വിസ കാലാവധി രണ്ട് മാസത്തേക്ക് ചുരുക്കിയതും, 50 പേരില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന ഒരു കമ്പനിയില്‍ 20 ശതമാനത്തില്‍ കൂടുതല്‍ ഒരേ പൗരത്വമുളള ജീവനക്കാര്‍ പാടില്ല എന്ന നിയമങ്ങളും ജോലി തേടിയെത്തുന്നവരെ വെട്ടിലാക്കും. പുതിയ നിയമങ്ങള്‍ ജോലി തേടി വരുന്ന സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കും.
സാധാരണക്കാരന്‍ വലയും
വിമാന ടിക്കറ്റിന് അപ്പുറത്തേക്ക് കൈയിലൊന്നും ബാക്കിയില്ലാത്തവരായിരിക്കും കൂടുതല്‍. അങ്ങനെയുള്ളവര്‍ക്ക് 70,000 രൂപയോളം കൈയില്‍ കരുതണമെന്ന പുതിയ നിയമം താങ്ങാനാകണമെന്നില്ല. പണമായിട്ടോ തുല്യമായ തുക പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡോ കൈവശം വേണമെന്നാണ് നിയമം പറയുന്നത്. എല്ലാവരെയും കൊണ്ടിതിന് സാധിക്കണമെന്നില്ല.
എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ചയക്കുന്നു
സന്ദര്‍ശക വീസയില്‍ യുഎഇയിലേക്കു പോകാന്‍ എത്തുന്നവരുടെ പരിശോധന കര്‍ശനമാക്കിയതോടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങിയതായി റിപോര്‍ട്ടുകള്‍ വരുന്നുണ്ട്. വീസയും വിമാന ടിക്കറ്റും മാത്രമായി എയര്‍പോര്‍ട്ടില്‍ എത്തിയ നൂറുകണക്കിനു പേര്‍ക്ക് തിരികെ മടങ്ങേണ്ട അവസ്ഥയായി. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കാനോ തീയതി മാറ്റി നല്‍കാനോ വിമാന കമ്പനികള്‍ തയ്യാറായുമില്ല.
മെയ് 15 ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് എബിന്‍ ദുബായിലെത്തിയത്. ദുബായി അധികൃതര്‍ രേഖകള്‍ ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞത്. തനിക്ക് നേരിടേണ്ടി വന്ന അനുഭവം യുഎയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ്.
‘പുലര്‍ച്ചെ 2.30 നാണ് വിമാനം ഇറങ്ങിയത്. രേഖകള്‍ പരിശോധിക്കുന്ന വിഭാഗത്തില്‍ നിന്ന് എന്റെ പക്കല്‍ ഉണ്ടായിരുന്ന 3,000 ദിര്‍ഹത്തിന് തുല്യമായ തുക കാണിക്കാന്‍ ആവശ്യപ്പെട്ടു. റിട്ടേണ്‍ ടിക്കറ്റ് കാണിക്കണമെന്നും അവര്‍ പറഞ്ഞു. ഇത് രണ്ടും കൈവശം ഉണ്ടായിരുന്നെങ്കിലും, ദുബായിലെ എന്റെ താമസത്തിന്റെ തെളിവായിരുന്നു കുഴപ്പിച്ചത്’ എബിന്‍ പറയുന്നു.
‘എന്റെ ബന്ധുവിനോടൊപ്പമാണ് താമസിക്കുന്നതെന്ന് പറഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ എമിറേറ്റ്‌സ് ഐഡിയും താമസത്തിന്റെ തെളിവും ആവശ്യപ്പെട്ടു. പക്ഷെ, അദ്ദേഹം വാടകയ്ക്ക് താമസിക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പേരിലല്ല വീട് എടുത്തിരിക്കുന്നത്. അത് അംഗീകരിക്കാതെ വന്നതോടെ എനിക്ക് ദുബായില്‍ തങ്ങാനുള്ള അനുമതി അവര്‍ നിഷേധിച്ചു. എന്റെ ട്രാവല്‍ ഏജന്റ് ഇങ്ങനെയൊക്കെ നിയമമുള്ള കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എയര്‍പോര്‍ട്ടിലെ വെയിറ്റിംഗ് ഹാളില്‍ നാല് ദിവസത്തോളം എനിക്ക് കഴിയേണ്ടി വന്നു. ഒടുവില്‍ മേയ് 19 ന് അതേ എയര്‍ലൈനില്‍ ഞാന്‍ നാട്ടിലേക്ക് മടങ്ങി’. എബിന്റെ ആദ്യ ദുബായ് യാത്ര അല്ലായിരുന്നുവത്. ഇതിനുമുമ്പ് ഒരിക്കല്‍ പോലും തനിക്ക് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ലെന്നാണ് എബിന്‍ പറയുന്നത്.
കൈമലര്‍ത്തി വിമാനക്കമ്പനികള്‍
മേയ് 20 ന് ദുബായിലേക്ക് പോകാനാണ് വിനോദസഞ്ചാരിയായ അഭിഷേക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. ദുബായിലുള്ള ഭാര്യാസഹോദരന്‍ ബിജേഷിനെ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ അഭിഷേകിന് അനുമതി നിഷേധിക്കപ്പെട്ടു. എബിന് സമാനമായ സാഹചര്യമായിരുന്നു അഭിഷേകിനും. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ വച്ച് അഭിഷേകിന്റെ യാത്ര മുടങ്ങുകയായിരുന്നു.
‘യുഎഇയിലേക്ക് പ്രവേശനം നല്‍കണമെങ്കില്‍, സന്ദര്‍ശന വീസയുടെ കാലാവധിവരെ നീണ്ടു നില്‍ക്കുന്ന ഹോട്ടല്‍ താമസത്തിന്റെ രേഖകള്‍ അല്ലെങ്കില്‍ 5000 ദിര്‍ഹം കൈവശമുണ്ടെന്ന് കാണിക്കണം. അല്ലാതെ പ്രവേശനം അനുവദിക്കില്ലെന്നാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞത്. എന്റെ കയ്യില്‍ 50,000 രൂപ ഉണ്ടായിരുന്നു, പക്ഷേ അത് ദിര്‍ഹമായി ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ഞാനും സുഹൃത്തക്കളും നെട്ടോട്ടമോടി’ അഭിഷേക് ഖലീജ് ടൈംസിനോട് പറയുന്നു.
തന്റെ ഭാര്യാസഹോദരനായ ബിജേഷിനൊപ്പം ദുബായില്‍ താമസിക്കാമെന്നായിരുന്നു അഭിഷേകിന്റെ കണക്കുകൂട്ടല്‍. അധികൃതര്‍ ആവശ്യപ്പെട്ട പക്ഷം, ബിജേഷിന്റെ എമിറേറ്റ്‌സ് ഐഡിയും താമസത്തിന്റെ തെളിവും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ഉടന്‍ അയച്ചു. പക്ഷെ, മതിയായ രേഖകള്‍ ഹാജരാക്കുന്നതുവരെ, വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ കൊച്ചി വിമാനത്താവളത്തിലെ അധികാരികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സ്പൈസ് ജെറ്റ് വിമാനത്തില്‍ കയറാന്‍ കഴിയാതെ വന്നതോടെ ടിക്കറ്റിന്റെ പണം ഉള്‍പ്പടെ നഷ്ടമായി. ദുബായിലെ സ്പൈസ് ജെറ്റ് ഓഫീസില്‍ പോയി നഷ്ടമായ തുക തിരികെ തരാന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശങ്ങള്‍ പരിശോധിക്കേണ്ടത് യാത്രക്കാരന്റെ ഉത്തരവാദിത്തമാണെന്നും, നിയമങ്ങള്‍ വളരെ കര്‍ശനമായി നടപ്പിലാക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞു കൈമലര്‍ത്തുകയായിരുന്നു വിമാന കമ്പനിയെന്നാണ് അഭിഷേക് പറഞ്ഞത്.
സാധരണക്കാരന്റെ ജീവിതസ്വപ്‌നങ്ങള്‍ക്ക് ഇന്നും ബലം നല്‍കുന്നത് പ്രവാസ ജീവിതമാണ്. എങ്ങനെയെങ്കിലും കടല്‍ കടന്നു കിട്ടിയാല്‍ കുടുംബം രക്ഷപ്പെടുമെന്നാണ് ഓരോരുത്തരും കണക്കുകൂട്ടുന്നത്. കടം വാങ്ങിയും വീട് പണയപ്പെടുത്തിയും കാശുണ്ടാക്കി ഗള്‍ഫിലേക്ക് കടക്കുന്നത് നിരവധി പ്രതീക്ഷകളുമായാണ്. ഇതുപോലുള്ള നിയമങ്ങള്‍ നടപ്പില്‍ വരുമ്പോള്‍ തകിടം മറിയുന്നത് അത്തരം പ്രതീക്ഷകള്‍ കൂടിയാണ്.
Content summary : Dubai visit visa new rules, holders told to carry dh3000 in cash or credit return tickets proof of stay