സി. എം. ആർ. എൽ-എക്സാലോജിക് ദുരൂഹ പണമിടപാട് കേസിൽ നിന്ന് ഇ.ഡിയുടെ അന്വേഷണവും സമൻസും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ രണ്ട് വർഷം മുൻപ് കൊടുത്ത ഹർജി തള്ളിയ സാഹചര്യത്തിൽ ഒരു മിന്നൽ നീക്കം തന്നെയാണ് ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മുൻമുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ ഇ.ഡി എത്തുന്നത് മെയ് 27 ബുധനാഴ്ച പുലർച്ചെയാണ്. അതുകൂടാതെ, പിണറായി വിജയന്റെ കണ്ണൂരിലെ പാണ്ഡ്യാലമുക്കിലുള്ള വീടും, പിണറായി വിജയന്റെ മകളുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടുള്ള വീടുമുൾപ്പെടെ ആകെ 10 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. എല്ലാ നീക്കങ്ങളും അതീവ ശ്രദ്ധയോടെയും മുന്നൊരുക്കത്തോടെയും ആയിരുന്നു.
പിണറായി വിജയനും മകൾ വീണയും അടങ്ങുന്ന കുടുംബാംഗങ്ങൾ റെയ്ഡിനോട് സഹകരിക്കുമ്പോഴും ഇഡി സംഘമെത്തിയ വിവരം കേരളമാകെ പരന്നത് കാരണം പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും വീടിന് പുറത്ത് തടിച്ച് കൂടി. ഗേറ്റ് പൂട്ടി കേന്ദ്രസേന കാവൽ നിന്നതിനാൽ പ്രതിഷേധമൊക്കെയും ഗേറ്റിനു മുന്നിലായിരുന്നു. സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും വി ശിവൻകുട്ടിയടക്കമുള്ള മുതിർന്ന നേതാക്കളുമെത്തിയതോടെ അണികളിൽ പ്രതിഷേധം ആർത്തലച്ചു. റെയ്ഡ് കഴിഞ്ഞ് പിണറായി വിജയൻ, മകൾ വീണ എന്നിവരുടെ മൊഴിയെടുത്ത് ഇ.ഡി ഉദ്യോഗസ്ഥൻ മടങ്ങുന്ന സമയത്ത് അണികളിൽ ചിലരുടെ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. ഗേറ്റ് കടന്ന് ഇ.ഡിയുടെ വാഹനം പുറത്തെത്തിയതും പ്രവർത്തകരിൽ ചിലർ കാറുകളുടെ ചില്ലുകൾ തകർത്തു. ആക്രമണത്തിൽ തകർന്ന ഡോർ വിൻഡോയിലൂടെ വനിതയുൾപ്പെടുന്ന ഇ.ഡി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാനും ചില അണികൾ മടിച്ചില്ല.

അടുത്തെങ്ങും കേരളം സാക്ഷ്യം വഹിക്കാത്ത കാര്യമാണ് മുൻമുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ പോലുള്ള ഒരു മുതിർന്ന നേതാവിന്റെ വീട്ടിലേക്കുള്ള ഇ.ഡി റെയ്ഡ്. എന്നാൽ, ദേശീയ രാഷ്ട്രീയത്തിൽ അരവിന്ദ് കെജരിവാളടങ്ങുന്ന(മുൻ ഡൽഹി മുഖ്യമന്ത്രി) രാഷ്ട്രീയ നേതാക്കളുടെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡ് മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടറിഞ്ഞിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവെയിലൊന്ന് ഡൽഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജരിവാളിന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡ് ആണ്.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ അധികാരങ്ങളെ കുറിച്ചും, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയാലോ അവരെ ആക്രമിച്ചാലോ ഉള്ള നിയമനടപടികളെ കുറിച്ചും റിട്ടയർഡ് എസ്.പി സുഭാഷ് ബാബു സംസാരിക്കുന്നു.

എന്താണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അല്ലെങ്കിൽ ഇ.ഡി? എന്തൊക്കെയാണ് ഇ.ഡിയുടെ ചുമതലകൾ?
2002-ൽ നിലവിൽ വന്ന പി. എം. എൽ. എ, അതായത് പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിന്റെ ഭാഗമായാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അല്ലെങ്കിൽ ഇ.ഡി രൂപീകരിക്കപ്പെട്ടത്. ഇന്ത്യയിൽ ഇന്ന് നിലവിലുള്ള ശക്തമായ ഒരു സാമ്പത്തിക പ്രതിരോധ നിയമം എന്നതാണ് പി. എം. എൽ. എ യുടെ ഒരു പ്രത്യേകത. രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ അപകടകരമായി ബാധിക്കുന്ന തരത്തിലുള്ള പണമിടപാടുകൾ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരികയെന്നതാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ കടമ. രേഖകൾ ഇല്ലാത്ത, കണക്കിൽ പെടാത്ത കള്ളപ്പണം കൃത്രിമം കാണിച്ച് വെളുപ്പിക്കുന്ന കേസുകളാണ് ഇ.ഡി കൂടുതലായും അന്വേഷിക്കുന്നത്. ഇത്തരത്തിലുള്ള എന്തെങ്കിലും പണമിടപാടുകൾ കണ്ടെത്തിയാൽ ഇ.ഡി ക്രിമിനൽ കേസ് എടുക്കും. സാധാരണ ഗതിയിൽ പി. എം. എൽ. എ ആക്റ്റിൽ കേസെടുത്ത് തെളിയിക്കപ്പെട്ടാൽ കുറഞ്ഞത് മൂന്ന് വർഷം മുതൽ 10 വർഷം വരേയുള്ള ജയിൽ ശിക്ഷയാണ് കിട്ടുക. നിയമത്തിന്റെ കണ്ണ് വെട്ടിച്ച് അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നതും ദുർവിനിയോഗം ചെയ്യുന്നതും അല്ലെങ്കിൽ കണക്കിൽ പെടാത്ത പണം ഒളിപ്പിച്ചുവെക്കുന്നതുമൊക്കെ വ്യക്തികളായാലും അല്ലെങ്കിൽ കമ്പനികളായാലും, ഇ.ഡി ക്ക് അന്വേഷിക്കാനുള്ള അധികാരമുണ്ട്. ഇത്തരത്തിൽ കണക്കിൽ പെടാത്ത പണം ഒളിപ്പിച്ച് വെക്കുന്നതിനെ പാർക്ക് ചെയ്യുക എന്നാണ് പറയുന്നത്. ശക്തമായ നിയമത്തിന്റെ പരിരക്ഷയുള്ള ഏജൻസി ആണ് ഇ.ഡി. ഒരു കേസ് ഇ.ഡി അന്വേഷിക്കാനേറ്റെടുത്താൽ പിന്നെ ആ സംസ്ഥാനത്തെ മറ്റ് അന്വേഷണ ഏജൻസികൾ അന്വേഷണം താത്കാലികമായി നിർത്തിവെക്കുകയും അവരുടെ കൈവശമുള്ള എല്ലാ രേഖകളും ഇ.ഡിക്ക് കൈമാറുകയും വേണം എന്ന് പി. എം. എൽ. എ ആക്റ്റിൽ പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. അതായത്, ഇ.ഡി ഒരു കേസ് അന്വേഷിക്കുമ്പോൾ സമാന്തരമായി ഒരു ഏജൻസിക്കും ആ കേസ് അന്വേഷിക്കാൻ കഴിയില്ല. ഒരു സംസ്ഥാനത്തെ സാമ്പത്തിക തിരുമറികൾ അന്വേഷിക്കണമെങ്കിൽ ഇ.ഡിക്ക് ആ സംസ്ഥാന ഗവൺമെന്റിന്റെ സമ്മതം ഒന്നും ആവശ്യമില്ല. അവർ ആവശ്യപ്പെടുന്ന എല്ലാ രേഖകളും കൊടുക്കാൻ ബാങ്കുകളും മറ്റും ബാധ്യസ്ഥരാണ്. ഇ.ഡി പ്രവർത്തിക്കുന്നത് കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. സാമ്പത്തിക മന്ത്രാലയം നിയമിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥന്മാരാണ് കേസ് അന്വേഷിക്കുക. പിന്നെ, ഇ.ഡി ഒരിക്കലും എടുത്തുചാടി അറസ്റ്റ് നടപടികളിലേക്ക് ഒന്നും കടക്കാറില്ല. എല്ലാ തരത്തിലുമുള്ള തെളിവുകൾ ശേഖരിച്ചതിന് ശേഷം ഉദ്യോഗസ്ഥർ അന്വേഷണ വിധേയരെ നോട്ടീസ് കൊടുത്ത് വിളിച്ച് വരുത്തി അവരുടെ മൊഴിയെടുക്കും. അതിന് ശേഷം മാത്രമാണ് അറസ്റ്റ് ഉണ്ടാകുക. അറസ്റ്റ് ചെയ്തവരെ ഹാജരാക്കുന്നത് ഇ.ഡിയുടെ സ്പെഷ്യൽ കോടതിയിലാണ്. കേരളത്തിൽ എറണാകുളത്താണ് അവരുടെ കോടതിയുള്ളത്. കേരളത്തിലെ കേസുകളിൽ അവിടെയാണ് വിചാരണ നടത്തുക. ചില പ്രത്യേക സാഹചര്യങ്ങളിൽ കേസ് ഡൽഹിയിലേക്ക് മാറ്റണമെങ്കിൽ അതും ആകാം. അതാത് സംസ്ഥാനങ്ങളിലെ കോടതികൾ ആ ആവശ്യം പരിഗണിക്കേണ്ടതായിട്ടുണ്ട്.
ഇ.ഡി യുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയാലോ അവരെ ആക്രമിച്ചാലോ ഉണ്ടാകുന്ന നിയമനടപടികൾ എന്തൊക്കെയാണ്?
ഒരു ഗവൺമെന്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയാൽ എടുക്കാവുന്ന ഭാരതീയ ന്യായ സംഹിത അനുസരിച്ചുള്ള നടപടികൾ ആണ് ഉണ്ടാകുക. അവർക്ക് പ്രത്യേകമായി ഒരു സുരക്ഷാ നിയമമില്ല. ഗൗരവമുള്ള സാഹചര്യങ്ങളിൽ അവർക്ക് കോടതിയിൽ അപേക്ഷ കൊടുത്ത് സി.ബി.ഐ യിലേക്ക് ആ വിഷയം ട്രാൻസ്ഫർ ചെയ്യാം. കേരള പൊലീസാണ് അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടിയെടുക്കേണ്ടത്. നടപടിയിൽ ഇ.ഡി ക്ക് അതൃപ്തിയുണ്ടെങ്കിൽ വ്യക്തമായ കാരണത്തോട് കൂടി അക്രമവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ ക്ക് കൈമാറാനുള്ള വ്യവസ്ഥയുണ്ട്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്തു മടങ്ങുമ്പോൾ ചില പ്രവർത്തകർ ഇ.ഡി യുടെ കാർ തകർക്കുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്തല്ലോ. അപ്പോൾ അവർക്ക് ലഭിക്കാവുന്ന ശിക്ഷ എന്തൊക്കെയാണ്?
ഉദ്യോഗസ്തർ സഞ്ചരിക്കുന്ന വണ്ടി തടഞ്ഞാൽ അന്യായമായി തടഞ്ഞുവെക്കൽ പ്രകാരമുള്ള കേസെടുത്ത് ശിക്ഷിക്കും. തടഞ്ഞുവെക്കലിന്റെ ഗൗരവം അനുസരിച്ച് ബി.എൻ.എസ് 126(2) അല്ലെങ്കിൽ ബി.എൻ.എസ് 127(2) വകുപ്പുകൾ പ്രകാരം കേസെടുക്കാം. രണ്ടാമത്തേത് കൂടുതൽ ഗൗരവമുള്ളതാണ്. ഇ.ഡി എത്തുന്ന വാഹനങ്ങൾ നശിപ്പിച്ചാൽ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെയുള്ള പി.ഡി.പി.പി അതായത് പ്രിവൻഷൻ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പർട്ടി ആക്ട് പ്രകാരം നടപടിയെടുക്കാം. ഇതിന് ജാമ്യം കിട്ടണമെങ്കിൽ നാശനഷ്ടത്തിനുള്ള തുക കെട്ടിവയ്ക്കേണ്ടി വരും.
ഇ.ഡി യുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയാൽ ബി.എൻ.എസ് 221 പ്രകാരം കേസെടുക്കും. എന്നാൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്താൽ ഗുരുതരമായ വകുപ്പാണ് ചുമത്തുക. ആക്രമണത്തിന്റെ ഗൗരവം അനുസരിച്ച് ബി.എൻ.എസ് 121(1) അല്ലെങ്കിൽ ബി.എൻ.എസ് 121(2) വകുപ്പ് ചുമത്തും. ബി.എൻ.എസ് 121(1) ന് 5 വർഷം വരേയും ബി.എൻ.എസ് 121(2) ന് 10 വർഷം വരേയും തടവ് ലഭിക്കും. ഇവ ജാമ്യമില്ലാ കുറ്റങ്ങളാണ് എന്നതാണ് അവയുടെ ഗൗരവം വർധിക്കിപ്പിക്കുന്നത്. വെസ്റ്റ് ബംഗാളിൽ ഇതുപോലൊരു കേസുണ്ടായിരുന്നു. അവർക്ക് ഇതുവരെ ജാമ്യം കൊടുത്തിട്ടില്ല. അതുകൊണ്ട് ആക്രമിച്ചവർക്ക് ജാമ്യം കിട്ടാൻ സാധ്യതയില്ല. ആക്രമിക്കാതെ കൂട്ടത്തിൽ ഒന്നിച്ച് പോയവർക്ക് ചിലപ്പോൾ ജാമ്യം കിട്ടിയേക്കാം.
Content Summary: The article explains the ED raids linked to the CMRL–Exalogic case involving Pinarayi Vijayan’s family and the agency’s powers under the PMLA. It also discusses the legal consequences of obstructing or attacking ED officials during the operation.