പരസ്പരം പേര് ചൊല്ലിവിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന മൃഗങ്ങളെ നാം കണ്ടിട്ടുള്ളത് കഥകളിലും കവിതകളിലും മാത്രമാണ്. എന്നാൽ ഇത് സത്യമാണ് എന്നാണ് ഗവേഷക ലോകം പറയുന്നത്. ഏറ്റവും, പുതിയ പഠനങ്ങളനുസരിച്ച്, സ്വയം കണ്ടുപിടിക്കുന്ന വ്യക്തിഗത പേരുകൾ ഉപയോഗിച്ചാണ് ആനകൾ പരസ്പരം വിളിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. Elephants call
ഡോൾഫിനുകളും തത്തകളും മറ്റുള്ളവരുടെ ശബ്ദം അനുകരിച്ചുകൊണ്ട് പരസ്പരം അഭിസംബോധന ചെയ്യുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അനുകരണം കൂടാതെ പേരുകൾ ഉപയോഗിക്കുന്ന ആദ്യത്തെ മനുഷ്യേതര മൃഗമാണ് ആനകളെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ജൂൺ 10 തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പുതിയ പഠനത്തിനുവേണ്ടി, കെനിയയിലെ ആഫ്രിക്കൻ സവേന്ന ആനകളുടെ ( ആനകളിൽ ഏറ്റവും വലിയ ഇനമാണ് ആഫ്രിക്കൻ ബുഷ് ആന അഥവാ ആഫ്രിക്കൻ സവേന്ന ആന) രണ്ട് കാട്ടുകൂട്ടങ്ങളെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് അന്താരാഷ്ട്ര ഗവേഷക സംഘം വിശകലനം ചെയ്തത്.
ഈ പഠനത്തിൽ ഓരോ ആനകളെയും വിളിക്കുന്നതിനായി ഇവ പ്രത്യേക സ്വരങ്ങൾ ഉപയോഗിക്കുന്നുവെന്ന് മാത്രമല്ല, മറ്റുള്ളവയെ അഭിസംബോധന ചെയ്യുന്നവയെ അവഗണിച്ചുകൊണ്ട് തങ്ങൾക്കുള്ള വിളികളെ മാത്രം തിരിച്ചറിയുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണത്തിൽ കണ്ടെത്താൻ സാധിച്ചുവെന്നാണ് പ്രധാന ഗവേഷകനായ മൈക്കൽ പാർഡോ പറയുന്നത്.
കൂടാതെ, ആനകൾക്ക് മറ്റു ആനകൾ വിളിക്കുന്നത് തങ്ങളെയാണോ എന്ന് നിർണ്ണയിക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നത്, എന്ന് കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിഹേവിയറൽ എക്കോളജിസ്റ്റ് തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. 1986 നും 2022 നും ഇടയിൽ കെനിയയിലെ സാംബുരു നാഷണൽ റിസർവിലും അംബോസെലി ദേശീയ ഉദ്യാനത്തിലും രേഖപ്പെടുത്തിയ ആനകളുടെ ശബ്ദവും ഗവേഷകർ പഠനങ്ങൾക്കായി പരിശോധിച്ചിരുന്നു.
മെഷീൻ ലേണിംഗ് അൽഗോരിതത്തിന്റെ സഹായത്തോടെയാണ് ഗവേഷകർ പഠനം പൂർത്തിയാക്കിയത് , ആനകൾ പുറപ്പെടുവിക്കുന്ന 469 തരം വ്യത്യസ്ത വിളികൾ ഗവേഷകർ തിരിച്ചറിഞ്ഞിരുന്നു. അതിൽ, ആനകൾ വിളിച്ച 101 വിളികളും അതിനോടുള്ള മറ്റ് ആനകളുടെ 117 പ്രതികരണങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഉച്ചത്തിലുള്ള ഗർജ്ജനം മുതൽ മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത തരത്തിലുള്ള ശബ്ദങ്ങൾ വരെ ആനകൾ പുറപ്പെടുവിക്കുന്നതായും ഗവേഷകർ വ്യക്തമാക്കി.
എന്നാൽ ഈ വിളികളിൽ എല്ലായ്പ്പോഴും പേര് ഉൾപ്പെടുത്തില്ലെന്നാണ് ഗവേഷകർ പറയുന്നത്. സാധാരണയായി മുതിർന്ന ആനകൾ ഇളയ ആനകളെ അഭിസംബോധന ചെയ്യുമ്പോഴാണ് കൂടുതലായി പേരുകൾ ഉപയോഗിക്കുന്നത്. അതോടൊപ്പം ഈ പേരുകൾ ഉപയോഗിക്കുന്ന വിദ്യ പഠിക്കാൻ വർഷങ്ങളെടുക്കുമെന്നും ഗവേഷണം വ്യക്തമാക്കുന്നുണ്ട്.
നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷൻ ജേണലിലെ പഠനമനുസരിച്ച്, ഏറ്റവും സാധാരണമായ കുറഞ്ഞ ഫ്രീക്വൻസി ശബ്ദമായിരുന്നു ആനകൾ പരസ്പ്പരം പേരുചൊല്ലിവിളിക്കാൻ ഉപയോഗിച്ചിരുന്നത്. ആനയുടെ കൂട്ടത്തിലുള്ള മറ്റ് ആനകൾ പേര് വിളിക്കുന്നതിൻ്റെ റെക്കോർഡിംഗ് കേൾപ്പിച്ചപ്പോൾ ആനകൾ അനുകൂലമായും ഊർജ്ജസ്വലമായും പ്രതികരിച്ചതായും ഗവേഷകർ കണ്ടെത്തിയിരുന്നു.
പലപ്പോഴും ശബ്ദങ്ങൾ അനുകരിക്കുന്ന തത്തകളും ഡോൾഫിനുകളെയും പോലെ ആനകൾ ഉദ്ദേശിക്കുന്ന സ്വീകർത്താവിൻ്റെ വിളി അനുകരിക്കുക മാത്രമല്ല ചെയ്യുന്നത്, മനുഷ്യരെപ്പോലെ തന്നെ ആനകൾ ശബ്ദങ്ങൾ അനുകരിക്കുന്നതിന് പരസ്പരം അഭിസംബോധന ചെയ്യാൻ സ്വയം പേരുകൾ കണ്ടുപിടിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഓരോന്നിന്റെയും പേരുചൊല്ലി വിളിക്കുന്നതിന് വേണ്ടി ശബ്ദങ്ങൾ ഉപയോഗിക്കാനുള്ള ആനകളുടെ കഴിവിൻ്റെ പരിണാമപരമായ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതിൻ്റെ ആവശ്യകതയും ഗവേഷകർ ഊന്നിപ്പറഞ്ഞു. മനുഷ്യരും ആനകളും പല കാര്യങ്ങളിലും ഒരുപോലെയാണ്. ഇരുവർക്കും അടുത്ത ബന്ധമുള്ള കുടുംബ ഗ്രൂപ്പുകളും ശക്തമായ സാമൂഹിക ബന്ധങ്ങളുമുണ്ട്.
ആനകളുടെ കഴിവിനെക്കുറിച്ച് കൂടുതൽ പഠിക്കുന്നത് വഴി വിവിധ മൃഗങ്ങളിലെ സങ്കീർണ്ണമായ ആശയവിനിമയ സംവിധാനങ്ങളുടെ പരിണാമത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകളും നൽകുമെന്ന് സേവ് ദ എലിഫൻ്റ്‌സിൻ്റെ തലവനായ ഫ്രാങ്ക് പോപ്പ് പറയുന്നു. ആനകൾ പരസ്പരം പേരുകൾ ഉപയോഗിക്കുന്നു എന്ന കണ്ടെത്തൽ വരാനിരിക്കുന്ന വെളിപ്പെടുത്തലുകളുടെ തുടക്കം മാത്രമായിരിക്കാം എന്നാണ് ഫ്രാങ്ക് പോപ്പിന്റെ പക്ഷം .
content summary : Elephants call each other by name, study finds
This post was last modified on June 11, 2024 1:41 pm
Leave a Comment