ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന എലി ലില്ലിയുടെ മൌൻജാരോ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വിപണി കീഴടക്കിയതായി റിപ്പോർട്ട്. പുറത്തിറങ്ങി ആറുമാസത്തിനുള്ളിൽ തന്നെ വിൽപ്പനയിൽ രണ്ടാം സ്ഥാനത്തേക്കാണ് മൌൻജാരോ കുതിച്ചുയർന്നത്.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിന്റെ കണക്കുകൾ പ്രകാരം സെപ്തംബറിൽ മൗൻജാരോ 80 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയത്. ജിഎസ്കെയുടെ ആന്റിബയോട്ടിക്കായ ഓഗ്മെന്റിനാണ് ഒന്നാം സ്ഥാനത്താണ്. 85 കോടി രൂപയുടെ വിൽപ്പനയാണ് ഓഗ്മെന്റിൻ നടത്തിയത്. കഴിഞ്ഞ മാസത്തേക്കാൾ 43 ശതമാനം വളർച്ചയാണ് മൗൻജാരോ വിൽപ്പനയിൽ ഉണ്ടായത്. മാർച്ച് പകുതിയോടെ പുറത്തിറക്കിയ മൗൻജാരോ (ടിർസെപാറ്റൈഡ്) ഇതിനകം 233 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് കൊയ്തത്. ആഴ്ചയിൽ ഒരിക്കൽ എടുക്കാവുന്ന കുത്തിവയ്പ്പ് ആയതിനാൽ മറ്റ് ചികിത്സകളെ അപേക്ഷിച്ച് ഇത് കൂടുതൽ സൗകര്യപ്രദമാണ്.
ശരീരഭാരം കുറയ്ക്കുന്നതിൽ ഇതിന് മികച്ച ഫലപ്രാപ്തിയാണുള്ളതെന്ന് പ്രമുഖ ഡയബറ്റോളജിസ്റ്റുകളും വ്യവസായ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. പ്രമുഖ ബ്രാൻഡായ വെഗോവിയെ അപേക്ഷിച്ച് മൗൻജാറോ മേൽക്കൈ നേടിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കുന്നതിൽ വെഗോവിക്ക് 16 മുതൽ 18 ശതമാനം വരെ ഫലപ്രാപ്തിയാണ് നൽകുന്നത്, എന്നാൽ മൗൻജാരോയ്ക്ക് 20 മുതൽ 22 ശതമാനം വരെ ഫലപ്രാപ്തിയുണ്ട്. മൗൻജാറോയ്ക്ക് ചെറുപ്പക്കാരിൽ വലിയ സ്വീകാര്യതയുണ്ടെന്ന് മുംബൈയിലെ ജസ്‌ലോക് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിലെ ഡയബറ്റോളജി, എൻഡോക്രൈനോളജി കൺസൾട്ടൻ്റായ വെങ്കിടേഷ് ശിവാനെ പറഞ്ഞു. മരുന്ന് ഉപയോഗിക്കാമോ എന്ന് ചോദിച്ച് നിരവധി ചെറുപ്പക്കാർ എന്നെ സമീപിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മരുന്ന് ഉപയോഗിക്കുന്നത് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി, എലി ലില്ലി ഓഗസ്റ്റ് മാസത്തിൽ മൗൻജാറോ ക്വിക്പെൻസ് (Mounjaro Kwikpens) പുറത്തിറക്കി. ഈ പേനകൾ ആറ് വ്യത്യസ്ത ഡോസുകളിൽ ലഭ്യമാണ്. ഇവയ്ക്ക് 14,000 മുതൽ 27,5000 വരെയാണ് വില.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് എലി ലില്ലി മൗൻജാരോ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആഴ്ചയിലൊരിക്കലാണ് മൗൻജാരോ ഇൻജക്ഷൻ എടുക്കേണ്ടത്. നാച്ചുറൽ ഇൻക്രെറ്റിൻ ഹോർമോണുകളായ ജിഐപി, ജിഎൽപി-1 എന്നിവയെ ആക്ടിവേറ്റ് ചെയ്യുകയാണ് മൗൻജാരോ ചെയ്യുന്നത്. ഇത് ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം ഉപയോഗിക്കേണ്ടുന്ന മരുന്നാണ്. യുകെയിലും യൂറോപ്യൻ രാജ്യങ്ങളിലും മൗൻജാരോ എന്ന പേരിൽ തന്നെയാണ് എലി ലില്ലി ഈ മരുന്ന് വിൽക്കുന്നത്. യുഎസിൽ സെപ്ബൗണ്ട് എന്ന പേരിലും ഈ മരുന്ന് വിൽക്കുന്നുണ്ട്.
content summary: Eli Lilly’s Mounjaro takes Indian market by storm, earning 233 crore in just six months with its easy weight-loss promise