June 26, 2026 |
Share on

ചോര പുരണ്ട കുഞ്ഞുടുപ്പുകളും, ബാഗുകളും; മിനാബിലെ കുരുന്നുകളുടെ ഓര്‍മകളുമായി ഇറാന്റെ നയതന്ത്രയാത്ര

സൈനിക നീക്കത്തിന്റെ ആദ്യ ദിനം ഇറാനെ നടുക്കിയ ദുരന്തം

നയതന്ത്ര ചര്‍ച്ചകള്‍ക്ക് പുതിയൊരു മുഖം നല്‍കിക്കൊണ്ട്, കൊല്ലപ്പെട്ട കുരുന്നുകളുടെ ഓര്‍മ്മകളുമായാണ് ഇറാനിയന്‍ പ്രതിനിധി സംഘം പാകിസ്ഥാനിലെത്തിയത്. വിമാനത്തിനുള്ളില്‍ രക്തം പുരണ്ട സ്‌കൂള്‍ ബാഗുകള്‍, കുഞ്ഞുടുപ്പുകള്‍, വെളുത്ത പൂക്കള്‍, പിന്നെ മിനാബ് ദുരന്തത്തില്‍ പൊലിഞ്ഞവരുടെ ചിത്രങ്ങള്‍ എന്നിവ ഏവരുടെയും ഉള്ളുലയ്ക്കുന്ന കാഴ്ചയായിരുന്നു. ഈ വിമാനത്തിലെ എന്റെ സഹയാത്രികര്‍ Minab168 എന്ന ഹാഷ് ടാഗോടെ സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ആണ് വിമാനത്തിന്റെ മുന്‍നിര സീറ്റുകളില്‍ നിരത്തിവച്ചിരുന്ന ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ പ്രതീകാത്മക യാത്രയിലൂടെ മിഡില്‍ ഈസ്റ്റ് യുദ്ധം കവര്‍ന്നെടുത്ത കുരുന്നു ജീവനുകളുടെ ഉരുകുന്ന ഓര്‍മകള്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയാണ് ഇറാന്‍

എക്‌സില്‍ പങ്കുവെച്ച ഹൃദയഭേദകമായ ഒരു ചിത്രത്തില്‍, വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളില്‍ നിരത്തിവെച്ച കുട്ടികളുടെ ചിത്രങ്ങളിലേക്കും അവരുടെ കളിപ്പാട്ടങ്ങളിലേക്കും നോക്കി വികാരാധീനനായിരിക്കുന്ന ഗാലിബാഫിനെ കാണാം. യുദ്ധത്തിന്റെ ആദ്യദിനം നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ പിടഞ്ഞുവീണ ആ കുരുന്നുകളുടെ ഓര്‍മ്മയ്ക്കായാണ് ഈ സമാധാന ദൗത്യത്തിന് ‘മിനാബ് 168’ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഇറാന്‍ എംബസി ഈ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ച വരികള്‍ ഇങ്ങനെയായിരുന്നു: ‘മിനാബിലെ ആ മക്കളെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല.’ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി പോകുമ്പോഴും, തങ്ങള്‍ക്കുണ്ടായ തീരാനഷ്ടം ലോകത്തെ ബോധ്യപ്പെടുത്താനാണ് ഇറാന്‍ ഇതിലൂടെ ശ്രമിക്കുന്നത്.

എന്താണ് മിനാബില്‍ സംഭവിച്ചത്?

യുഎസ്-ഇസ്രയേല്‍ സംയുക്ത സൈനിക നീക്കത്തിന്റെ ആദ്യ ദിനം ഇറാനെ നടുക്കിയ ദുരന്തമായിരുന്നു മിനാബിലെ സ്‌കൂള്‍ ആക്രമണം. 2026 ഫെബ്രുവരി 28-ന് തെക്കന്‍ ഇറാനിലെ മിനാബ് പട്ടണത്തിലുള്ള ‘ഷാജരെ തയ്യിബെ’ എന്ന പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌കൂള്‍ പ്രവര്‍ത്തനസമയത്ത് നടന്ന ഈ ബോംബാക്രമണത്തില്‍ 160-ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനെത്തുടര്‍ന്ന്, കൊല്ലപ്പെട്ട കുരുന്നുകളെ കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്യുന്നതിന്റെ ആകാശദൃശ്യങ്ങള്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പുറത്തുവിട്ടിരുന്നു. ‘പകല്‍ വെളിച്ചത്തില്‍, കുട്ടികള്‍ നിറഞ്ഞിരുന്ന സമയത്താണ് അവര്‍ ഈ സ്‌കൂള്‍ തകര്‍ത്തത്’ എന്ന് ആരോപിച്ച അരാഗ്ചി, ഇതിനെ ക്രൂരമായ കൊലപാതകമെന്ന് വിശേഷിപ്പിക്കുകയും ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.

മിനാബിലെ സ്‌കൂള്‍ ദുരന്തത്തെ ചൊല്ലി യുഎസും ഇറാനും തമ്മില്‍ വാക്‌പോര് തുടരുകയാണ്. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ഇറാന്റെ തന്നെ കൃത്യതയില്ലാത്ത ആയുധങ്ങളാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് മുന്‍പ് എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചത്. എന്നാല്‍, ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുഎസ് സൈന്യത്തിന്റെ ലക്ഷ്യത്തിലുണ്ടായ പിഴവാണ് വിദ്യാലയത്തിന് നേരെ ‘ടോമാഹോക്ക്’ മിസൈല്‍ പതിക്കാന്‍ കാരണമായത്. ഈ സംഘര്‍ഷത്തില്‍ ടോമാഹോക്ക് മിസൈലുകള്‍ ഉപയോഗിക്കുന്ന ഏക രാജ്യം അമേരിക്കയാണെന്നതും ഇറാന്റെ ആരോപണങ്ങള്‍ക്ക് ബലമേകുന്നു.

ഇസ്ലാമാബാദിലെ സമാധാന ചര്‍ച്ച

ഇറാന്റെ പത്തിന വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കയുടെയും ഇറാന്റെയും ഉന്നതതല പ്രതിനിധികള്‍ ഇന്ന് ഇസ്ലാമാബാദില്‍ ഒത്തുചേരും. സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുള്‍പ്പെടെ പന്ത്രണ്ടംഗ ഇറാനിയന്‍ സംഘം ശനിയാഴ്ച പുലര്‍ച്ചെ പാകിസ്ഥാനിലെത്തി. വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍, കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ സയ്യിദ് അസിം മുനീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പാക് സംഘം ഇവരെ സ്വീകരിച്ചു. 2011-ല്‍ ജോ ബൈഡനുശേഷം പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് വൈസ് പ്രസിഡന്റായ ജെ.ഡി. വാന്‍സിനൊപ്പം പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ചര്‍ച്ചകളില്‍ പങ്കെടുക്കും.

Content Summary: Empty seats and bloody bags: Iran’s ‘Minab 168’ tribute on flight to US peace talks

Leave a Reply

Your email address will not be published. Required fields are marked *

×