July 17, 2025 |
Share on

‘ഭഗവാന്‍ കാലുമാറുന്നു’ കളിച്ചതും ആറാം തിരുമുറിവ് നിരോധിച്ചതും എന്തുകൊണ്ടാണ്?

വൃണപ്പെടുന്നവരും വികാരം കൊള്ളുന്നവരും തോറ്റതിന്റെയും തോല്‍പ്പിച്ചതിന്റെയും ചരിത്രം

കണിയാപുരം രാമചന്ദ്രന്‍ എഴുതി, കെപിഎസി രംഗത്ത് അവതരിപ്പിച്ച നാടകമാണ് ‘ ഭഗവാന്‍ കാലുമാറുന്നു’. 1980 ആണ് കാലം. അന്ധവിശ്വാസത്തെയും ഈശ്വരവിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന ചതികളുമാണ് നാടകം തുറന്നു കാണിക്കുന്നത്. നാടകം ഹിന്ദുമതത്തെ അവഹേളിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി ആര്‍എസ്എസ്സുകാരുടെ നേതൃത്വത്തില്‍ ഹിന്ദുമതമൗലികവാദികള്‍ നാടകം കളിക്കാന്‍ സമ്മതിക്കാത്ത സാഹചര്യമുണ്ടായി. നാടകം നടക്കുന്നിടത്ത് വന്നു ബഹളമുണ്ടാക്കും, സ്റ്റേജിലേക്ക് കല്ലെറിയും.

കൊല്ലത്ത് കൂനമ്പായിക്കുളത്താണ് നാടകം കളിക്കുന്നത്. പതിവ് കലാപവുമായി അക്രമികള്‍ വന്നു. ഹിന്ദുത്വവാദികള്‍ എറിഞ്ഞ കല്ല് കൊണ്ട് അരങ്ങത്തുണ്ടായിരുന്ന കെപിഎസി ജോണ്‍സണ്‍ നിലത്തു വീണു. ഒരാഴ്ച്ചയോളം ജോണ്‍സണ്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു.

മറ്റൊരിക്കല്‍, സ്ഥലം മൂവാറ്റുപുഴ. നാടകം നടന്നുകൊണ്ടിരിക്കെ സ്റ്റേജിലേക്ക് കല്ലേറുണ്ടായി. രാജമ്മ എന്ന നടിയുടെ നെറ്റിയിലാണ് കല്ലുകളിലൊന്ന് പതിച്ചത്. ചോര കുത്തിയൊഴുകിയിട്ടും രാജമ്മ രംഗം വിട്ടില്ല. അഭിനയിച്ച് തീര്‍ത്തിട്ടേ പോയൊള്ളൂ. ആറ് തുന്നിക്കെട്ടല്‍ വേണ്ടി വന്നു നെറ്റിയില്‍.

ഇതിങ്ങനെ തുടരുകയാണ്. നാടകം കളിക്കുന്നിടത്ത് ഹിന്ദു മതമൗലിക വാദികളെത്തും. അവര്‍ ബഹളമുണ്ടാക്കും, കല്ലെറിയും നാടകം തുടരാന്‍ ബുദ്ധിമുട്ട്, അഭിനേതാക്കള്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവായി.

ഇതങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സഖാക്കള്‍ നാടക വേദികളുടെ സുരക്ഷ ഭടന്മാരായി. നാടകം കളിക്കുന്ന ഓരോ വേദികളും അവര്‍ കാവല്‍ നിന്നു. ബഹളവും കല്ലുമായി വന്നവരെ ഭേഷായി കൈകാര്യം ചെയ്തു. അതോടെ കല്ലെറിയാനും ബഹളമുണ്ടാക്കാനും ആളില്ലാതെയായി. രണ്ടു വര്‍ഷത്തോളം യാതൊരു ഏനക്കേടും തട്ടാതെ ‘ഭഗവാന്‍’ തട്ടേല്‍ കളിച്ചു.

എങ്ങനെയാണ് ഫാസിസത്തെ ഈ നാട് കൈകാര്യം ചെയ്തിരുന്നതിന് ചെറിയൊരു ഉദ്ദാഹരണം.

KPAC- kaniyapuram ramachandran

കെപിഎസി ഓഫിസും കണിയാപുരം രാമചന്ദ്രനും

മതമൗലികവാദികളാണ് കലയുടെ പ്രധാന എതിരാളികള്‍. അവരുടെ വികാരങ്ങള്‍ എപ്പോഴും പൊട്ടിയൊലിച്ചുകൊണ്ടിരിക്കും. ഒരിക്കലും ഉണങ്ങാത്ത വൃണവുമായി നടക്കുന്നവര്‍. അത്തരക്കാര്‍ എല്ലാ മതങ്ങളിലുമുണ്ട്. മതക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇഷ്ടമാകാത്തതൊന്നും ഇവിടെ വേണ്ടെന്ന നിലപാട് കാലങ്ങളായി തുടരുന്നതാണ്. അത്തരം ധാര്‍ഷ്ട്യങ്ങളെ എതിര്‍ത്തും ചോദ്യം ചെയ്തിട്ടുമുണ്ട് ഈ നാട്. കലയ്‌ക്കൊരു സാമൂഹിക ദൗത്യമുണ്ടെന്ന് വിശ്വസിക്കുന്ന കലാകാരന്മാരും പ്രസ്ഥാനങ്ങളും കൂടി ചേര്‍ന്ന് കെട്ടിപ്പടുത്തതാണീ നാട്. അതുകൊണ്ട് തന്നെ സ്വാഭാവികമായ പ്രതിരോധശേഷിയുമതിനുണ്ട്.

കലാകാരന്മാരെ പൊതുവേ നിഷേധികളെന്ന് വിളിക്കാറുണ്ട്. അവര്‍ ചോദ്യം ചെയ്യുന്നവരാണ്. എന്തിനെ? ആരെ? എന്നിടത്താണ് അവരുടെ നിഷേധങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പ്രസക്തിയേറുന്നത്.

ഒരു ചെറിയ കഥ പറയാം;

പി ജെ ആന്റണിയുടെ ഒരു നാടകം കൊച്ചിന്‍ കലാഭവനില്‍ കളിക്കുന്നു. കാണികളായി പ്രമുഖരുണ്ട്. മെത്രാനുമുണ്ട്. നാടകം പകുതിയായപ്പോള്‍ മെത്രാന്‍ പോകാനെഴുന്നേറ്റു. ആന്റണി മെത്രാനെ തടഞ്ഞു. ഇപ്പോള്‍ പോകാന്‍ പറ്റില്ല, നാടകം കഴിയട്ടെ. അത്യാവശ്യമുണ്ട്, പോയേ പറ്റൂന്ന് മെത്രാന്‍. ആന്റണി അയഞ്ഞില്ല. മെത്രാന്‍ ഇപ്പോള്‍ പോയാല്‍ അതെന്റെ നാടകം ഇഷ്ടാകാത്തതുകൊണ്ടാണെന്ന് ആളുകള്‍ കരുതും, അതുണ്ടാകരുത്. അതുകൊണ്ട് നാടകം കഴിഞ്ഞിട്ട് പോയാല്‍ മതി. ആന്റണിയെ ധിക്കരിക്കാനുള്ള ധൈര്യം മെത്രാനുണ്ടായില്ല.

P J Antony

പി ജെ ആന്റണി

ഇതാണ് കലാകാരന്‍. തന്റെ സൃഷ്ടിയെ തകര്‍ക്കുന്ന ഒന്നിനോടും അവന്‍ സമരസപ്പെടില്ല.

അതിന് മറ്റൊരു ഉദ്ദാഹരണം കൂടി പറയാം;

‘ദൈവപുത്രനല്ലാത്ത യേശു
ഒറ്റുകാരനല്ലാത്ത ജൂദാസ്
വേശ്യല്ലാത്ത മറിയം
കൊള്ളക്കാരനല്ലാത്ത ബറാബസ്’

1986 ല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പതിഞ്ഞ ചുവര്‍ പരസ്യമാണ്. ഒരു നാടകത്തിന്റെ പരസ്യം. പി എം ആന്റണി എഴുതി സംവിധാനം ചെയ്യുന്ന നാടകം. പേര്; ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. പരസ്യവാചകത്തില്‍ നിന്നു തന്നെ നാടകത്തിന്റെ സ്വഭാവം മനസിലായി കാണണം.

ആന്റണി ഈ നാടകം എഴുതുന്ന കാലം, അതൊരു വല്ലാത്ത കാലമാണ്. വിമോചന സമരമൊക്കെ വിജയിപ്പിച്ച്, കേരളത്തിലെ രാഷ്ട്രീയ-സമൂഹിക ഇടങ്ങളില്‍ കത്തോലിക്ക സഭ അവരുടെ അധികാരം സ്ഥാപിച്ചു കഴിഞ്ഞ കാലം. സര്‍ക്കാരും രാഷ്ട്രീയക്കാരും സഭയുടെ മുന്നില്‍ കുഞ്ഞാടുകളായി നില്‍ക്കുന്ന കാലം. അങ്ങനെയൊരു കാലത്താണ് ആന്റണി ആറാംതിരുമുറിവ് എഴുതുന്നത്.

നാടകം മെത്രാന്മാരെയും അച്ചന്മാരെയും പൊള്ളിച്ചു. അവര്‍ നാടകം കലക്കാന്‍ ആളെയിറക്കി. ക്രിസ്തുവിനെ പറഞ്ഞതോ ക്രിസ്ത്യാനികളെ പറഞ്ഞതോ ഒന്നുമായിരുന്നില്ല മെത്രാച്ചന്മാരുടെ പ്രശ്‌നമെന്ന് ആന്റണി തന്നെ പറഞ്ഞിട്ടുണ്ട്. സഭ മറ്റൊരു ‘നാടകം’ കളിക്കുകയായിരുന്നു.

അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി വി പി സിംഗ് പുതിയൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ലഭിക്കുന്ന വിദേശ ഫണ്ടുകളുടെ കണക്ക് സര്‍ക്കാരിന് ഹാജരാക്കണം. കണക്ക് കാണിക്കേണ്ടി വന്നാല്‍ പലരും കുടുങ്ങും. ആ കൂട്ടത്തിലൊരു മെത്രാനുമുണ്ടായിരുന്നു. കയ്യും കണക്കുമില്ലാതെ ധാരളം പണം വിദേശത്ത് നിന്നും മെത്രാന് കിട്ടിക്കൊണ്ടിരുന്നു. കള്ളത്തരം കണ്ടുപിടിക്കാന്‍ സിബിഐയും വന്നു. ഇതോടെ സഭയും മെത്രാനും പേടിച്ചു. സംഗതി പുറത്തു വന്നാല്‍ മെത്രാന്‍ മാത്രമല്ല, സഭയും നാറും. അപ്പോഴവര്‍ എന്തു ചെയ്തു? വിശ്വാസികളെയും ജനങ്ങളെയും വഴിതിരിച്ചു വിട്ടു, അതിനവര്‍ കണ്ടെത്തിയ വഴിയായിരുന്നു ആന്റണിയുടെ നാടകം!

P M Antony

പി എം ആന്റണി

ആറാം തിരുമുറുവില്‍ മെത്രാന്‍ ശരിക്കങ്ങു കുത്തി. കര്‍ത്താവും മഗ്ദലന മറിയവും തമ്മില്‍ പ്രേമത്തിലായിരുന്നുവെന്നാണ് ഈ നാടകം പറയുന്നതെന്നാരോപിച്ച് വിശ്വാസികളെ പ്രക്ഷോഭകാരികളാക്കി. നാടകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തേക്കിന്‍കാട് മൈതാനത്ത് ഉപവാസം നടത്തി. വിമോചനസമര കാലത്തെ ഓര്‍മപ്പെടുത്തി ഇടവകകള്‍ തോറും പ്രതിഷേധ റാലികളും പ്രകടനങ്ങളും നടന്നു. സഭ വീണ്ടും വിശ്വാസികളെ തെരുവിലിറക്കി.

1987 ല്‍ നിയമസഭയിലേക്കു തിരഞ്ഞെടുപ്പ് വരികയാണ്. സഭയ്ക്ക് കിട്ടുന്ന സുവര്‍ണാവസരം. ഭരണത്തില്‍ കോണ്‍ഗ്രസാണ്. സഭയുടെ ഭീഷണിയേറ്റു;

ക്രിസ്തുവിന്റെ ആറാം തിരുമുറിവ് കെ കരുണാകരന്‍ സര്‍ക്കാര്‍ നിരോധിച്ചു.

അന്നതിനെതിരേ കേരളത്തിലെ കമ്യൂണിസ്റ്റുകാരും പ്രതിഷേധിച്ചു. പിന്നാലെ വന്ന ഇ കെ നയനാര്‍ സര്‍ക്കാര്‍ എന്തു ചെയ്തു? അവര് കേരളം മുഴുവന്‍ ആ നാടകം നിരോധിച്ചു. ഇടതുപക്ഷത്തിന്റെ നാട്യം തുറന്നു കാട്ടപ്പെട്ട സന്ദര്‍ഭം എന്നായിരുന്നു ആന്റണിയുടെ പരിഹാസം.

അധികമൊന്നും പഴക്കമില്ലാത്ത മറ്റൊരു കഥ പറയട്ടെ.

കാലം 2019. നാട് ഭരിക്കുന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ആ കൊല്ലത്തെ ലളിതകല അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെ കെ സുഭാഷിനായിരുന്നു കാര്‍ട്ടൂണിനുള്ള പുരസ്‌കാരം. അന്നത്തെ പ്രമാദമായൊരു കേസായിരുന്നു കാര്‍ട്ടൂണിലെ വിഭവം. സഭയിളകി. എന്തായിരുന്നു കാരണം?

കാര്‍ട്ടൂണിലെ മുഖ്യ കഥാപാത്രം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലായിരുന്നു. കന്യാസ്ത്രീ പീഡനക്കേസില്‍ അകത്തു പോയ ബിഷപ്പ്. ഒരു പൂവന്‍കോഴി, അതിന് ഫ്രാങ്കോയുടെ മുഖം പി സി ജോര്‍ജും സിപിഎം മുന്‍ എംഎല്‍എ പി കെ ശശിയും ചേര്‍ന്ന് പിടിച്ചിരിക്കുന്ന പൊലീസ് തൊപ്പിയുടെ പുറത്താണ് കോഴി നില്‍ക്കുന്നത്. ഫ്രാങ്കോയുടെ കൈയില്‍ ആചാരവടിയുണ്ട്. വടിയുടെ അഗ്രത്തില്‍ സ്ത്രീകളുടെ അടിവസ്ത്രവും; ഇതായിരുന്നു കാര്‍ട്ടൂണ്‍. ബിഷപ്പിന്റെ കൈയിലെ ആചാരവടിയില്‍ സഭ കയറിപ്പിടിച്ചു. മതത്തെയും വിശ്വാസത്തെയും അപമാനിക്കുന്നുവെന്നു കാഹളം മുഴക്കി. അന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലനായിരുന്നു. കെസിബിസിയുടെ വിരട്ടലില്‍ വീണ ബാലന്‍ കാര്‍ട്ടൂണിനെയും കാര്‍ട്ടൂണിസ്റ്റിനെയും തള്ളിപ്പറഞ്ഞു, കൈകഴുകി.

Bishop Franco cartoon

ഭഗവാന്‍ കാലുമാറുന്നു കേരളത്തില്‍ കളിച്ചത് അതിനു പിന്തുണയുമായി ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടായിരുന്നതുകൊണ്ടാണ്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് കളിക്കാന്‍ പറ്റാതെ പോയത്, അങ്ങനെയുള്ള പിന്തുണ കിട്ടാതെ പോയതും കൊണ്ടും.

എന്‍ എന്‍ പിള്ളയുടെ നാടകങ്ങളിലേക്കു വരാം. ഇപ്പോള്‍ ആലോചിച്ചാല്‍ അത്ഭുതം തോന്നും. കാരണം, മതത്തെയും രാഷ്ട്രീയത്തെയും ഒട്ടും ദയയില്ലാതെയാണ് പിള്ള ആക്രമിച്ചത്. ‘ അച്ചനെ പട്ടം കെട്ടിച്ചതും എന്റെ അരക്കെട്ടഴിച്ചതും ഒരേ സമൂഹം തന്നെയാണെന്ന് പറയാന്‍ തന്റേടമുണ്ടായിരുന്നു പിള്ളയുടെ കഥാപാത്രത്തിന്. ഒരു വേശ്യയുടെ ഔദാര്യം മേടിച്ച് വരാപ്പുഴ പള്ളിയിലും വടക്കുംനാഥ ക്ഷേത്രത്തിലും ഗാന്ധിമണ്ഡപത്തിലും വിവേകാനന്ദപ്പാറയിലും അവളുടെ പേര് കൊത്തിവച്ച മത-രാഷ്ട്രീയ മുഖംമൂടികളെ അഴിച്ചു കാണിച്ച കാപാലിക എഴുതിയതും എന്‍ എന്‍ പിള്ളയാണ്. സുബര്‍ക്കത്തില് മലക്കെന്തിന് ബയിക്കും ബാപ്പാ… ബിരിയാണീം ശര്‍ബത്തും ബയിക്കും മോനേ… ദുനിയാവില് ഞങ്ങളെങ്ങനെ കയിയും ബാപ്പാ…പയങ്കഞ്ഞി കൊതിച്ചിങ്ങനെ കയിയും മോനേ” എന്നെഴുതിയതും എന്‍എന്‍ പിള്ളയാണ്. ഞാന്‍ മദ്യപിക്കുമ്പോള്‍ ളോഹ ധരിക്കുമെന്നു പറയാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്തിന് പിള്ളേ ഇങ്ങനെയെന്ന് ആരും ചോദിച്ചില്ല, ചോദിച്ചാല്‍ ആട്ടി വിട്ടേനേ…

N N Pillai

എന്‍ എന്‍ പിള്ള

നിര്‍മാല്യം എന്നൊരു സിനിമ ഉണ്ടായതും ഇതേ കേരളത്തിലാണ്. ഇന്നതുപോലെ നടക്കുമോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. അന്നത് നടന്നു. ചെറിയ രീതിയില്‍ പ്രശ്‌നങ്ങളൊക്കെ ഉണ്ടായെങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ മുതലെടുപ്പിന് അവസരം കിട്ടിയില്ല.

നിര്‍മാല്യം സിനിമയ്ക്ക് കിട്ടിയ പിന്തുണ നാടകത്തിന് കിട്ടിയില്ല. സിനിമ ഇറങ്ങി കുറച്ചു നാളുകള്‍ കഴിഞ്ഞ്, കൊല്ലത്തുള്ള നടകസമിതിക്കാര്‍ എംടിയുടെ അനുവാദത്തോടെ നിര്‍മാല്യം നാടകരൂപത്തിലാക്കി. ഹിന്ദുത്വവാദികള്‍ രംഗത്തെത്തി. അവരുടെ ഭീഷണി സിനിമയുടെ അതേ ക്ലൈമാക്‌സ് നടകത്തില്‍ പറ്റില്ലെന്നായിരുന്നു. നടക സമതിക്കാര്‍ക്ക് ക്ലൈമാക്‌സ് തിരുത്തേണ്ടി വന്നു. അതോടെ ആ നാടകത്തിന് അകാലമൃത്യുവും സംഭവിച്ചു.

കലയ്ക്കും കലാകാരനും സമൂഹത്തിന്റെയും രാഷ്ട്രീയ-ഭരണകൂടത്തിന്റെയും പിന്തുണ ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ രണ്ടാമത് പറഞ്ഞ വര്‍ഗത്തില്‍ നിന്നാണ് ഇന്ന് ഏറ്റവും രൂക്ഷമായ എതിര്‍പ്പ് ഉണ്ടാകുന്നത്. എംപുരാന് സംഭവിക്കുന്നതും ആ നിര്‍ഭാഗ്യമാണ്. എന്നാല്‍ ഇവിടെ എടുത്ത് പറയേണ്ടൊരു കാര്യമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി സിനിമയ്ക്കും അതിന്റെ ഭാഗമായവര്‍ക്കും നല്‍കുന്ന പരസ്യ പിന്തുണയാണ്. സിനിമ അദ്ദേഹം കണ്ടു, സിനിമയക്ക് വേണ്ടി കേരളം ഏകസ്വരത്തില്‍ സംസാരിക്കണമെന്ന് ആഹ്വാനവും ചെയ്തു. തന്നെയും തന്റെ പാര്‍ട്ടിയെയും പരിഹസിക്കുന്ന ഒരു സിനിമയാണെന്ന് അറിഞ്ഞിട്ടും, കാലം ആവശ്യപ്പെടുന്ന പിന്തുണയാണ് പിണറായി വിജയന്‍ നല്‍കിയത്.

pinarayi vijayan cartoon

പിണറായിയെ കുറിച്ച് ഒരു കാര്യം കൂടി പറഞ്ഞ് നിര്‍ത്തിയേക്കാം;

2017-18 ലെ അക്കാദമി പുരസ്‌കാരം നേടിയത് മാതൃഭൂമിയിലെ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനായിരുന്നു. വിഷയം ‘കടക്കു പുറത്ത്’! രാഷ്ട്രീയ വിമര്‍ശനമോ ഹാസ്യമോ ആ കാര്‍ട്ടൂണില്‍ ഇല്ലായിരുന്നു. മരണത്തിന്റെ വ്യാപാരികളായി സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അവതരിപ്പിച്ച കാര്‍ട്ടൂണ്‍. തലയോട്ടി കച്ചവടം നടത്തുന്ന ഒരു കട. അതിന്റെ ഉടമയായി പിണറായി വിജയനും എടുത്തു കൊടുപ്പുകാരനായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും.

ഗോപീകൃഷ്ണന് പുരസ്‌കാരം നല്‍കാനെത്തിയത് മുഖ്യമന്ത്രിയായിരുന്നു. പിണറായി അന്ന് പറഞ്ഞ വാചകങ്ങളുണ്ട്; “ഇത് വല്ലാണ്ട് അസഹിഷ്ണുത പെരുകുന്നൊരു സമയമാണ്. കലാസൃഷ്ടികള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കാതെ അസഹിഷ്ണുത പെരുകുന്ന ഈ കാലത്ത് സഹിഷ്ണുതയോടെ ഇത് കാണണം”.  Empuraan controversy; Kerala’s history of protecting and losing its artistic traditions from fundamentalists

Content Summary; Empuraan controversy; Kerala’s history of protecting and losing its artistic traditions from fundamentalists

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×