June 04, 2026 |
Share on

ഓര്‍മ്മകള്‍ മായ്ക്കുന്ന ഹിന്ദുത്വയും ഉണര്‍ത്തു പാട്ടാകുന്ന എമ്പുരാനും,  മുഹമ്മദ് ഗാലിബും ആശാ വര്‍മ്മയും ഒന്നിക്കുന്ന കേരളവും

സിനിമയും പാട്ടുമെല്ലാം നാടകവുമെല്ലാം ഹിന്ദുത്വയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ആയുധമാണ്.

പാട്ട് പാടി, കവിത ചൊല്ലി, നാടകം കളിച്ചു, കഥാപ്രസംഗം നടത്തി അധികാരം കൊയ്‌തെടുക്കാം എന്ന് കണ്ടവരാണ് നമ്മള്‍ മലയാളികള്‍. കലകളില്‍ പാട്ടിലായിരുന്നിരിക്കണം ആദ്യത്തെ വിമതത്വത്തിന്റെ വിത്തുണ്ടായിരുന്നത്.

‘നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?”

(നാങ്കളെ കൊത്തിയാലും നീങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര) എന്ന് പാടി ദ്രാവിഡന്റെ പൊട്ടന്‍ തെയ്യം സര്‍വജ്ഞപീഠം കയറാന്‍ ഒരുങ്ങുന്ന ശങ്കരാചാര്യരെ മുട്ടു കുത്തിച്ചു എന്നാണ് ഐതീഹ്യം. പിന്നീട് നാടകമായി ജനകീയ കല.പാട്ടബാക്കിയും, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കിയുമൊക്കെ അമ്പലപ്പറമ്പില്‍ നിന്നും, പള്ളിപ്പറമ്പില്‍ നിന്നുമൊക്കെ കണ്ടു പിരിഞ്ഞയാളുകള്‍ അവിടുന്നു പകര്‍ന്നു കിട്ടിയ കനലുകള്‍ നെഞ്ചിലേറ്റി പോയി. ആ കനലെരിഞ്ഞു കത്തിപ്പിടിച്ചപ്പോള്‍ 1957ല്‍ കേരളം ചുവന്നു, ലോകത്താദ്യമായി ബാലറ്റിലൂടെ ചുവന്ന നാടായി കേരളം.

പിന്നെ കാലം പോകെപ്പോകെ സിനിമയായി ജനകീയ കല. പക്ഷെ നാടകം പോലെയൊരു ആശയപ്രചരണ ഉപാധിയായിരുന്നില്ല സിനിമ. പണം മുടക്കുകയും അത് തിരിച്ചു പിടിക്കേണ്ടത് ആവശ്യവുമായ ഒരു വാണിജ്യ തലത്തില്‍ നിന്നായിരുന്നു സിനിമ സാധ്യമായിരുന്നത്. സ്വാഭാവികമായും പണം മുടക്കുന്ന ആളിന്റെ താത്പര്യം അതിന്റെ ഉള്ളടക്കത്തിലും പ്രകടമായി. ഇനിയാണ് കഥ തുടങ്ങുന്നത്.

ഒരു പാര്‍ട്ടിക്കും കുത്തകാവകാശം പറയാനില്ലാത്ത വിശാലമായ ഒരു ഇടതിനെ കേരളം നെഞ്ചോട് ചേര്‍ത്തിരുന്നു. രക്തവും രക്തവും തമ്മില്‍ ചേരാന്‍ ജാതിയോ മതങ്ങളോ മാത്രമല്ല രാജ്യമോ, ഭൂഖണ്ഡങ്ങള്‍ പോലുമോ തടസ്സമാകരുത് എന്നത് അപ്രകാരമുള്ള വിവാഹങ്ങള്‍ നടത്തിക്കാണിച്ചു തന്ന നാരായണ ഗുരുവും, വില്ലുവണ്ടിയിലൂടെ അയ്യങ്കാളിയും, പൊയ്കയില്‍ അപ്പച്ചനുമൊക്കെ തെളിച്ച നവോത്ഥാനത്തിന്റെ തുടര്‍ച്ചയായിരുന്നു അത്.

സിനിമ ഒരു പ്രോഡക്റ്റ് ആയിരുന്നുവെങ്കിലും നവോത്ഥാനം ഉഴുതുമറിച്ച ഭൂമികയില്‍ പറഞ്ഞ കഥകളില്‍ നിന്ന് പുരോഗമന രാഷ്ട്രീയം പൂര്‍ണമായും ഇല്ലാതാവുക അസാധ്യമായിരുന്നു. 1976 ലെ, പി എ ബക്കറിന്റെ കബനി നദി ചുവന്നപ്പോള്‍-നെ മലയാളത്തിലെ ആദ്യ രാഷ്ട്രീയ ചിത്രമെന്ന് പറയാമെന്നു തോന്നുന്നു. അടിയന്തിരാവസ്ഥകാലത്തു ഇറങ്ങിയ ഈ ചിത്രം തീവ്ര ഇടതും, നക്‌സലൈറ്റ് വേട്ടയുമൊക്കെ പ്രമേയമാക്കിയിരുന്നു. 1976ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും മികച്ചസംവിധാനത്തിനുള്ള അവാര്‍ഡുമൊക്കെ ‘കബനീനദി ചുവന്നപ്പോള്‍’ നേടി. എന്തുകൊണ്ട് ഒരു നക്‌സലൈറ്റ് സിനിമക്ക് അവാര്‍ഡ് കൊടുത്തു എന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ”ഒരുവന്‍ നക്‌സലൈറ്റായാല്‍ അവനെ വെടിവെച്ചുകൊല്ലും എന്നൊരു ഗുണപാഠം ഈ ചിത്രത്തിനുണ്ട്.” എന്നായിരുന്നു സാംസ്‌കാരിക മന്ത്രിയായിരുന്ന കരുണാകരന്റെ മറുപടി. 1984 ലെ കെ ജി ജോര്‍ജിന്റെ പഞ്ചവടിപ്പാലം മികച്ച പൊളിറ്റിക്കല്‍ സറ്റയറായി അടയാളപ്പെടുത്തപ്പെട്ടു. 1986 ലെ ജോണ്‍ അബ്രഹാമിന്റെ അമ്മ അറിയാന്‍ ക്ഷുഭിത യൗവ്വനങ്ങളുടെ കഥ തന്നെയാണ് പറയുന്നത്.പോലീസുകാരന്റെ ചവിട്ടേറ്റ് കൈത്തലം തകരുന്ന ഹരി എന്ന തബലിസ്റ്റിന്റെ ആത്മഹത്യയിലൂടെ ജോണ്‍ എബ്രഹാം ബിഗ് സ്റ്റേറ്റ് നേയും പോലീസ് രാജിനെയുമൊക്കെ വിചാരണ ചെയ്തു.

എന്നാല്‍ തൊണ്ണൂറുകളില്‍ വിപണികള്‍ തുറന്ന, ആഗോളവത്കരണ ഉദാരീകരണ കാലത്ത് സിനിമ പലപ്പോളും ഒരു വലതുനാവായി പ്രവര്‍ത്തിക്കുന്ന ഒന്നായി മാറാന്‍ തുടങ്ങി. സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയും ഇതിനൊരു സ്വാധീനമായിരുന്നു. 1989 ല്‍ ഇറങ്ങിയതെങ്കിലും ഇടതുപക്ഷവിരുദ്ധര്‍ക്ക് എന്നും ആയുധമാക്കാനുള്ള ചിലത് ശ്രീനിവാസന്റെ തിരക്കഥയിലൊരുങ്ങിയ വരവേല്‍പ്പ് നല്‍കി. 1991 ലെ സന്ദേശം, നല്ല ഒരു സന്ദേശം നല്‍കുന്നു എന്ന് വര്‍ധിച്ചു വന്ന അരാഷ്ട്രീയ വാദികളെക്കൊണ്ടും സോ കോള്‍ഡ് നിഷ്പക്ഷരെക്കൊണ്ടും പറയിപ്പിക്കുന്നതില്‍ ശ്രീനിവാസന്‍ വിജയിച്ചു. എല്ലാവരും അവനവന്റെ തൊഴില്‍ ചെയ്ത് സ്വന്തം കുടുംബം നോക്കി നടക്കുമ്പോള്‍ ചുമ്മാ ലോകമങ്ങു നന്നായിപ്പോകുമെന്നു പറയുന്ന സിനിമ, പിന്നെ ഒരുകാരണമുമില്ലാതെ ക്ലാസ്സില്‍ നിന്ന് പുറത്താക്കി എന്ന് പറയുന്ന അനിയനെ, കാരണം പോലും ചോദിക്കാതെ ”നിന്നെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ കാരണവും കാണും” എന്ന് പറഞ്ഞു ഷര്‍ട്ടിനു കുത്തിപ്പിടിച്ചു കയ്യിലെ കൊടിയും വാങ്ങി ഒടിച്ചു വല്ലാതങ്ങ്’നന്നായിപ്പോയ’ വസന്തങ്ങളായ മൂത്ത സഹോദരങ്ങള്‍ ദൂരേക്കെറിയുമ്പോള്‍ സന്ദേശം എന്ന് എഴുതിക്കാണിക്കുന്നു, വീണാനാദം ഉയരുന്നു, ശുഭം. അല്പം പോലും ബുദ്ധിയില്ലാത്ത സമയത്ത് താന്‍ എസ്എഫ്‌ഐ ആയിരുന്നുവെന്നും ബുദ്ധി വന്നപ്പോള്‍ താന്‍ എബിവിപി ആയെന്നും ശ്രീനിവാസന്‍ പറഞ്ഞത് ശരിയായിരുന്നിരിക്കണം, കാരണം അദ്ദേഹം തന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ടപൊളിറ്റിക്കല്‍ സറ്റയര്‍ സന്ദേശം എടുത്ത സമയത്ത് ഈ നാട്ടില്‍ നടന്ന ഒരു കാര്യമുണ്ട്. പൊളിറ്റിക്കല്‍ ഹിന്ദുത്വ, നാടായ നാടെല്ലാം നടന്നു ഇഷ്ടിക പൂജിച്ചു കൊണ്ട് ബാബറി മസ്ജിദ് പൊളിക്കാന്‍ അയോധ്യക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. ഈ രാംശില ഘോഷയാത്രകള്‍ ബിഹാറിലെ ഭഗല്‍പ്പൂരില്‍ വര്‍ഗീയകലാപത്തിന് കാരണമാവുകയും വലിയ മുസ്ലിം വംശഹത്യ നടക്കുകയും ചെയ്തു. അങ്ങ് പോളണ്ടിലെ വരെ രാഷ്ട്രീയം പറഞ്ഞ തിരക്കഥകൃത്ത് പക്ഷെ സ്വന്തം രാജ്യത്തിന്റെ നെഞ്ചു കീറി വര്‍ഗ്ഗീയതയുടെ തേരോടിച്ചു കളിച്ചിരുന്ന എല്‍ കെ അദ്വാനി എന്ന കാവിഭീകരനെയോ കലാപങ്ങളെയോ കാണാന്‍ മറന്നു പോയിരുന്നു. ഒരു വാക്കുകൊണ്ട് പോലും ഹിന്ദുത്വയെ നോവിക്കാതിരിക്കാന്‍ അദ്ദേഹം കുറച്ചൊന്നുമല്ല ശ്രദ്ധിച്ചതെന്നു തോന്നുന്നു.

പിന്നീട് തൊണ്ണൂറുകളിലും, പുതിയ നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിലുമൊക്കെ പ്രബലമായി വന്ന ഒരു അരാഷ്രീയ ട്രെന്‍ഡ് രാഷ്ട്രീയക്കാരെ മുഴുവന്‍ അഴിമതിക്കാരായി മുദ്ര കുത്തുകയും രക്ഷകനായി, ഒറ്റയാള്‍ പട്ടാളമായി ഒരു ആദര്‍ശവനായ ഉദ്യോഗസ്ഥനെ ഉയര്‍ത്തിക്കാട്ടുകയും എന്നതായിരുന്നു. ആ ഒഴുക്കില്‍ നമ്മുടെ താരങ്ങള്‍ കിംഗായും, ഭരത് ചന്ദ്രനായും വെള്ളിത്തിരയില്‍ ആടിത്തിമിര്‍ത്തു. ചിലര്‍ ഷൂട്ടില്‍ നിന്നിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കഥാപാത്രം ആവേശിച്ചവരെപ്പോലെ നടന്നു ഹിന്ദുത്വയുടെ കൂടാരത്തിലെത്തി. കിംഗ്, കമ്മീഷണര്‍, സത്യമേവ ജയതേ, എന്നിങ്ങനെ പല ചിത്രങ്ങളും നമ്മള്‍ പോലുമറിയാതെ എവിടെയൊക്കെയോ ടെക്നോക്രസിയാണ് നല്ലത് എന്ന ചിന്തയ്ക്ക് വിത്തിട്ടു.

മറ്റൊരു സൈഡില്‍ ദേവാസുരം, ആറാം തമ്പുരാന്‍, പോലുള്ള സിനിമ, അതിപ്രതവാനും ഗുണവാനും, ഉയര്‍ന്ന ജാതിക്കാരനുമായ തമ്പുരാക്കന്മാരുടെ കഥ പറഞ്ഞു. ക്ഷയിച്ച കോവിലകത്തെ പ്രശ്‌നങ്ങളും, അമ്പലത്തിലെ ഉത്സവം നടത്തലുമൊക്കെ ആഗോളപ്രശ്‌നങ്ങളായി അവതരിപ്പിക്കപ്പെട്ടു. ഈ രണ്ട് ധാരകളുടെയും പൊതുസ്വഭാവം ജനാധിപത്യത്തോടുള്ള അവമതിപ്പായിരുന്നു. പ്രജാപതിയില്‍ ഒക്കെയെത്തിയപ്പോള്‍ ഈ അവമതിപ്പ് അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.

ലഭ്യമായ സംഗതികള്‍ അവര്‍ക്കാനുകൂലമായി ഉപയോഗിക്കുന്നതിനു പ്രത്യേക വൈദഗ്ദ്ധ്യം തന്നെയുണ്ട് സംഘിന്. ഹിന്ദു വോട്ടുകള്‍ കേന്ദ്രീകരിക്കാനായി രാജീവ് ഗാന്ധി നയിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തുടങ്ങി വച്ച രാമായണം സീരിയല്‍ അങ്ങനെ പൊളിറ്റിക്കല്‍ ഹിന്ദുത്വയ്ക്കുള്ള ചവിട്ടുപടിയായി മാറി. സംഘ്പരിവാര്‍ ശ്രദ്ധ പതിപ്പിച്ചത് സിനിമയിലായിരുന്നില്ല. എല്ലാ വീടകങ്ങളിലേക്കും എത്താന്‍കഴിയുന്ന മിനി സ്‌ക്രീനിലായിരുന്നു. 1987 ജനുവരി മുതല്‍ 1988 ജൂലൈ വരെ സംപ്രേക്ഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ രാമായണം ഒരു ധ്രുവീകരണത്തിന് കാരണമായി. 3 കോടി ടെലിവിഷന്‍ മാത്രം രാജ്യത്തുണ്ടായിരുന്ന കാലത്ത് 10 കോടി കാഴ്ചക്കാര്‍ ഇവയ്ക്കുണ്ടായിരുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. സാകേതം ഉപേക്ഷിച്ച രാമന്റെ പേര് പറഞ്ഞു കൊണ്ട് മറ്റൊരു ആരാധനാലയമായ ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്കും മറ്റും എത്തുന്ന രീതിയിലേക്ക് രാമനെ, ഒരു വില്ല് കുലച്ച രാമന്‍ മാത്രമായി അവതരിപ്പിച്ചു വിജയിപ്പിക്കുവാന്‍ സംഘപരിവാറിനു കഴിഞ്ഞു(അല്ലെങ്കില്‍ രാമന്‍ ഒരു സാധുവാണ് എന്നല്ല). അതില്‍ ചെറുതല്ലാത്ത പങ്കായിരുന്നു രാമാനന്ദ് സാഗറിന്റെ രാമായണത്തിന് ഉണ്ടായിരുന്നതും. 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ ബാബറി പള്ളി പൊളിച്ചതോടെ രാജ്യത്തു പലയിടത്തും കലാപങ്ങള്‍ ആരംഭിച്ചു.ഇവിടെയും ഒന്ന് മാറി നിന്ന സ്ഥലമായിരുന്നു കേരളം. ശക്തമായ ഇടതുസാന്നിധ്യവും നാടിന്റെ മതേതര സ്വഭാവവും കാരണം ഇവിടെ കലാപത്തിന്റെ തീ പടര്‍ന്നില്ല, കലാപത്തില്‍ ഇരയാക്കപ്പെട്ടവരോട് ഐക്യപ്പെടുമ്പോളും ആളുകള്‍ സംയമനം പാലിച്ചു. സമാധാനത്തിനായുള്ള അന്നത്തെ മുസ്ലിം ലീഗിന്റെ ഇടപെടലും വലിയ പ്രാധാന്യമര്‍ഹിക്കുന്നു.

ഒരു ഭാഗത്ത് ടെക്നോക്രസിയെയും മറ്റൊരു ഭാഗത്ത് ഫ്യൂഡല്‍ മൂല്യങ്ങളെയും ആഘോഷിക്കുന്ന സിനിമകള്‍ അരങ്ങു തകര്‍ത്തപ്പോളും മലയാള സിനിമ 1997 ല്‍ രാജീവ് അഞ്ചലിന്റെ ഗുരുവിലൂടെ വര്‍ഗീയതയ്ക്കെതിരെ സംസാരിച്ചു ഓസ്‌കര്‍ നോമിനേഷനിലെത്തി. വര്‍ഗീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഗുരുവില്‍ സംവിധായകന്‍ ഒരു മാജിക്കല്‍ റിയലിസ്റ്റിക് കഥയിലെന്ന പോലെ ആരാധനാ ദോഷങ്ങളെ ഇലാമ പഴമെന്ന മെറ്റഫറിലൂടെ നമുക്ക് മുന്നിലെടുത്തു വച്ചു. 1969 ഗുജറാത്ത്, 1984 സിഖ് വിരുദ്ധ, 1989 ഭഗല്‍പ്പൂര്‍ എന്നീ കലാപങ്ങള്‍ക്കും, ബാബറി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷമുള്ള കലാപങ്ങളും കൊണ്ട് മുറിവേറ്റ ഒരു നാടായിരിക്കണം രാജീവ് അഞ്ചലിനെക്കൊണ്ട് മതഭ്രാന്ത് എന്ന അന്ധതയ്ക്കെതിരെ സംസാരിപ്പിച്ചത്. എന്തായാലും മലയാളികള്‍ ഇരുകൈയും നീട്ടി ഗുരു സ്വീകരിച്ചു.

അപ്പോളും മാനായും മാരീചനായും മലയാള സിനിമ ഇടതുപക്ഷത്തെ കുറ്റം പറഞ്ഞിരുന്നു. നേര്‍ക്ക് നേര്‍ വിമര്‍ശിച്ചിരുന്ന സന്ദേശവും വരവേല്‍പ്പും പോലെയുള്ള സിനിമകള്‍ക്ക് ശേഷം ലാല്‍ സലാം, അറബിക്കഥ, സി ഐ എ, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നിങ്ങനെയുള്ള വ്യാജ ഇടതുസിനിമകള്‍ കേരളത്തിലെ ഇടത് സിനിമകള്‍ എന്ന ലേബലില്‍ വിജയം നേടി. വന്‍ വിജയമായിരുന്ന അറബിക്കഥ എങ്ങനെയാണ് കമ്മ്യൂണിസ്റ്റിന്റെ രണ്ട് സാധ്യതകളെ അവതരിപ്പിക്കുന്നതെന്ന് നോക്കുക. ഒന്നുങ്കില്‍ സഖാവ് കരുണന്‍ എന്ന കള്ളന്‍, അല്ലെങ്കില്‍ ഗള്‍ഫില്‍ പോയി പാര്‍ട്ടി വളര്‍ത്താം എന്നൊക്കെ കരുതുന്ന മണ്ടനായ ക്യൂബ മുകുന്ദന്‍. ഈ ബൈനറിയില്‍ സഖാവ് കരുണന്‍ എന്ന കള്ളനെ വെട്ടി കുറച്ചു ക്യൂബ മുകുന്ദന്മാര്‍ വന്നു സിന്ദാബാദ് വിളിച്ചാല്‍ തീരുന്നത് മാത്രമാണ്ഇന്നാട്ടിലെ പ്രശ്‌നം എന്ന് പറയുമ്പോള്‍ ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക്ആ സിനിമ നല്‍കുന്നസന്ദേശത്തിലെ ചതി തിരിച്ചറിയാനാകും. പണ്ടൊരു ബുള്ളറ്റില്‍ യാത്ര തിരിച്ചൊരു ഡോക്ടര്‍, ഏണസ്റ്റോ ചെഗുവേര,തിരികെ അയാളുടെ വീട്ടിലേക്കല്ല മടങ്ങിയത്, അയാളുടെ വീടിന്റെ ചുമരുകള്‍ വലുതാവുകയായിരുന്നു, ആദ്യം അതൊരു രാജ്യത്തോളം വലുതായി, പോകെപ്പൊക്കെ ഈ ലോകത്തെ അനീതി അനുഭവിക്കുന്നവരെയെല്ലാം മോചിതരാക്കി അവരെ ഉള്‍ക്കൊള്ളുന്നഇടമായി വളരുന്ന ചുമരുകളെക്കുറിച്ച് അയാള്‍ സ്വപ്നം കണ്ടു. ആ സ്വപ്നത്തെ നമ്മള്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി യിലൂടെ വക്രീകരിച്ചു വീടകങ്ങളിലേക്ക് തിരികെയെത്തുന്നവരാക്കി.

ഗുരു മാത്രമായിരുന്നില്ല മലയാളത്തില്‍ വര്‍ഗ്ഗീയതയ്ക്കെതിരെ സംസാരിച്ച സിനിമ. 2005 ല്‍ രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്തു നസറുദ്ദീന്‍ ഷാ നായകനായ പര്‍സാനിയ പറയുന്നതിന് മുന്‍പേ ഗുജറാത്ത് കലാപ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ അന്യര്‍ (2003). പിന്നീട് ടി വി ചന്ദ്രന്റെ കഥാവശേഷന്‍, വിലാപങ്ങള്‍ക്കപ്പുറം, ഭൂമിയുടെ അവകാശികള്‍ എന്ന ട്രയോളജി എന്നിവ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞു. പക്ഷെ മേല്‍പറഞ്ഞവയില്‍ ഗുരു ഒഴികെ മറ്റ് സിനിമകളൊന്നും ഒരു വലിയ പ്രേക്ഷക സമൂഹത്തിലേക്ക് എത്തുന്നവയായിരുന്നില്ല എന്നതാണ് വാസ്തവം. ഹിന്ദുത്വ കക്ഷികള്‍ അഥവാ ഹിന്ദു ഭീകരര്‍ രാജ്യം ഭരിക്കുന്ന സമയത്ത്, വംശഹത്യക്കും വര്‍ഗീയതയ്ക്കുമെതിരെ നടക്കുന്ന ചെറിയ വിഭാഗങ്ങളിലേക്കെത്തുന്ന ചെറുത്തു നില്‍പ്പുകള്‍ക്ക് പോലും വലിയ പ്രാധാന്യമുണ്ടെന്നതാണ് സമാന്തര സിനിമകള്‍ക്കുള്ള പ്രാധാന്യം. ഒരു ഇന്‍ലന്റ് മാഗസിന്‍ വഴിയുള്ള ചെറുത്തു നില്‍പ്പ് പോലും പ്രാധാന്യമര്‍ഹിക്കുന്ന കാലമാണ്.

അവിടെയാണ് കേരളത്തില്‍ മാത്രം 745 സ്‌ക്രീനില്‍ റിലീസ് ആവുന്ന ആദ്യ ദിവസം 4500 ഷോ ഉള്ള, ഒരു പാന്‍ ഇന്ത്യന്‍ മൂവി, സംഘപരിവാര്‍ നിയന്ത്രിത എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ, ഗുജറാത്ത് കലാപത്തെ നമ്മുടെ മറവിയിലേക്ക് പോകാനാനുവദിക്കാതെ എടുത്തു മുന്നില്‍ വയ്ക്കുന്നത്. മറ്റെന്തൊക്കെ വിയോജിപ്പുകളുണ്ടെങ്കിലും, ഈ രാജ്യം മതേതരമായി പുലരണം എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യന് ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തിനോട് ഐക്യപ്പെടാതെ വയ്യ. നരോദ പാട്യ കൂട്ടക്കൊലയില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ച ബാബു ബജ്രംഗിയെ അതേ പേരില്‍ ഒരു സിനിമയില്‍ സമകാലിക ഇന്ത്യയില്‍ അവതരിപ്പിക്കുക എന്നത് തീര്‍ച്ചയായും ഒരുരാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. വില്ലന്‍ ബജ്രംഗിയാണെങ്കിലും രംഗങ്ങള്‍ നമ്മെയോര്‍മിപ്പിക്കുക കൊല ചെയ്യപ്പെട്ട ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ അഭയം പ്രാപിച്ചവരെയും, കൈവിരലുകള്‍ വെട്ടി മാറ്റി ജീവനോടെ ചുട്ടെരിക്കപ്പെട്ട കോണ്‍ഗ്രസ്സ് മുന്‍ എം പി അഹ്സാന്‍ ജഫ്രിയെയുമാണ്. അപ്പോള്‍ ആരോപണത്തിന്റെ കുന്തമുന ബജ്രംഗിയില്‍ നിന്ന് നരേന്ദ്ര മോദിയിലേക്ക് നീങ്ങുന്നു. ഒരു പക്ഷെ ഇതായിരിക്കണം സംഘപരിവാറിനെ വിറളി പിടിപ്പിക്കുന്നത്. അല്ലെങ്കിലും രണ്ട് വ്യത്യസ്ത ആന്തരിക ഭീഷണികളെ പ്രതിനിധീകരിക്കുന്ന സ്റ്റീഫനും, സയ്യിദ് മസൂദും തങ്ങളെ കൊല്ലാന്‍ നിയുക്തനായ ബജ്‌റംഗിയെ വേട്ടയാടുന്നത് എങ്ങനെയാണ് സംഘം സഹിക്കുക. വ്യവസ്ഥാപിതമായ വലതുപക്ഷമാണെങ്കിലും, ഇടതുപക്ഷമാണെങ്കിലും ഈ നാടൊരിക്കലും പൊളിറ്റിക്കല്‍ ഹിന്ദുത്വയ്ക്ക് മുന്നില്‍ കീഴടങ്ങില്ല എന്നുറക്കെ പറയുന്നുണ്ട് ചിത്രം.

കൈതേരി സഹദേവനെ സൃഷ്ടിച്ച മുരളി ഗോപി തന്റെ ഇടത് വിരുദ്ധ നിലപാടുകളില്‍ നിന്ന് അല്പം പോലും മാറിയിട്ടില്ല എമ്പുരാനിലും. വര്‍ഗീയതയ്ക്ക് നാടിനെ അടിയറവ് വയ്ക്കില്ല എന്ന് പറയുന്ന കഥാപാത്രത്തിന്റെ പേര് പ്രിയദര്‍ശിനിയെന്നാണ്. രാജ്യമൊരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായ കാലത്തിലൂടെ കടന്ന് പോകുമ്പോള്‍ ഇറങ്ങിയ ചിത്രത്തിലെ രക്ഷകയ്ക്കു പ്രിയദര്‍ശിനി എന്ന് പേരിടുന്നത് ഒരു കറുത്തഫലിതം പോലെ തോന്നുന്നു. ചരിത്രത്തിലെ ഇന്ദിരാ പ്രിയദര്‍ശിനിയുടെ ‘Every drop of my blood ‘ എന്ന അവസാന പ്രസംഗം പോലും ഓര്‍മിപ്പിക്കുന്ന രംഗങ്ങളുണ്ട് ചിത്രത്തില്‍. നാടിനെ വര്‍ഗീയതയ്ക്ക് തീറെഴുതാതിരിക്കാന്‍, എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന വിശാലജനസഖ്യങ്ങളല്ല, മറിച്ചു ഭേദപ്പെട്ട പിന്‍ഗാമിക്ക് മാത്രമേ കഴിയുകയുള്ളൂ എന്ന് പറഞ്ഞു നമ്മുടെ നാട്ടില്‍ ജനാധിപത്യത്തിനുള്ളില്‍ നടന്നിരുന്ന ഒരു ഗ്ലോറിഫൈഡ് അരിസ്റ്റോക്രസിയെ ന്യായീകരിക്കാനും സൈദ്ധാന്തവല്‍ക്കരിക്കാനും ശ്രമിക്കുന്നുണ്ട് തിരക്കഥാകൃത്ത്.

ഒരു ഡസനിലധികം ദേശീയമാധ്യമങ്ങളെ ഹിന്ദുത്വ, ലാപ് ഡോഗായി കൊണ്ട് നടക്കുന്ന മോദി രാജില്‍ , ഒരു വാണിജ്യ സിനിമയുടെ ഉള്ളില്‍ നിന്ന് പൊളിറ്റിക്കല്‍ ഹിന്ദുത്വ അഥവാ ഹിന്ദു ഭീകരതയെ വിമര്‍ശിക്കുക എന്നത് വലിയ ധീരത തന്നെയാണ്. സംഭാജിയുടെ കഥ പറയുന്ന ഛാവ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംഘപരിവാര്‍ ഔറംഗസീബിന്റെ കല്ലറ പൊളിക്കാനും രാജ്യത്ത് കലാപമുണ്ടാക്കാനും നടക്കുന്ന സമയത്ത്, സാംസ്‌കാരികമായ ചെറുത്തു നില്‍പ്പുകളെ, പ്രത്യേകിച്ച് അതേ മാധ്യമത്തിലൂടെയുള്ള ചെറുത്തുനില്‍പ്പുകളെ അണഞ്ഞു പോകാതെ സൂക്ഷിക്കേണ്ടതുണ്ടെന്നു തോന്നുന്നു. പൊളിറ്റിക്കല്‍ ഹിന്ദുത്വ ഉയര്‍ത്തിയ ഭീഷണികള്‍ക്ക് മുന്നിലും, സൈബര്‍ അക്രമണങ്ങളിലും സന്ധി ചെയ്യുമെന്നതിന്റെ സൂചന കഴിഞ്ഞ ദിവസം തന്നെ നിര്‍മാതക്കളിലൊരാളായ ഗോകുലം ഗോപാലന്‍ നല്‍കിയിരുന്നു. ഇന്നിപ്പോള്‍ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന, ഒരു ഖേദപ്രകടനത്തിന്റെ അകമ്പടിയോടെയുള്ള പോസ്റ്റ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ഇടുകയും സംവിധായകന്‍ പൃഥ്വിരാജ് അത് ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക്, തപസ്യ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയില്‍ സൂചിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഇങ്ങനെയൊരു പിന്നോട്ടു പോക്കിനെ കാണേണ്ടത്. അതായത് സെന്‍സര്‍ ബോര്‍ഡ് സംഘ താത്പര്യം സംരക്ഷിക്കേണ്ടതാണല്ലോ എന്ന്… എങ്ങിനെയാണ് തങ്ങള്‍ക്ക് അഹിതമായത് പറയുന്ന കലയെപ്പോലും,മൗലികവകാശമായ ആര്‍ട്ടിക്കിള്‍ 19(1)(a) യെപ്പോലും റദ്ദാക്കുന്ന രീതിയില്‍ ഹിന്ദുത്വ കീഴടക്കാന്‍ ശ്രമിക്കുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയാകുന്നു, വാസ്തവത്തില്‍ ഒരു സത്യവാങ്മൂലം തന്നെയായിത്തീരുന്നു ഈ സംഭവം. ഇന്നലെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, പിണറായി വിജയന്‍ ചിത്രം കാണുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ സമ്മര്‍ദതന്ത്രത്തില്‍ ബി ജെ പി വിജയിച്ചിരിക്കുന്നു. പക്ഷെ ഈ വെട്ടുകള്‍ സിനിമയെ കൂടുതല്‍ ആളുകള്‍ക്കിടയില്‍ ചര്‍ച്ചയക്കാനാണ് ഉപകരിക്കുക എന്ന് തോന്നുന്നു.

മറവി ഒരു ഫാസിസ്റ്റ് ടൂളായി ഉപയോഗിക്കപ്പെടുന്ന കാലത്ത്, മുസ്സോളിനിയുടെ ഫാസിസത്തിന്റെ സിറോക്‌സ് കോപ്പി തന്നെയാണോ എന്ന അക്കാദമിക് ചര്‍ച്ചകളില്‍ മുഴുകാന്‍ പോലും നമുക്കിന്ന് സമയമുണ്ടെന്ന് തോന്നുന്നില്ല. ഓരോ ശ്വാസത്തിലും ഈ വിഷത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന് ആലോചിക്കേണ്ടതുണ്ട്. സിനിമയും പാട്ടുമെല്ലാം നാടകവുമെല്ലാം ഹിന്ദുത്വയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ആയുധമാണ്. ഈ മഹാ രാജ്യത്ത്, ജാര്‍ഖണ്ടിലെ മുഹമ്മദ് ഗാലിബിനും ആശാ വര്‍മ്മയ്ക്കും ഒന്നിക്കാന്‍, പിന്തുടര്‍ന്ന വേട്ടപ്പട്ടികളില്‍ നിന്നവരെ പൊതിഞ്ഞു പിടിക്കാന്‍,ഒരു ചെറുതുണ്ട് ഭൂമിയേ ഉണ്ടായിരുന്നുള്ളൂ എന്നത് തന്നെ ഭീതി നിറയ്ക്കുന്ന കാര്യമാണ്. പക്ഷെ എന്ത് വില കൊടുത്തും ആ കുഞ്ഞ് തുരുത്തിനെയെങ്കിലും നമുക്കിങ്ങനെ നിലനിര്‍ത്തേണ്ടതുണ്ട്.  Empuraan controversy; The necessity for Kerala to continue resisting Fascism

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary; Empuraan controversy; The necessity for Kerala to continue resisting Fascism

 

അരുൺ എയ്ഞ്ചല

അരുൺ എയ്ഞ്ചല

മുന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×