എല്ലാ യാത്രകള്‍ക്കും ലക്ഷ്യങ്ങളുണ്ട്. മതപ്രചരണത്തിനാണ് ആദ്യകാലത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യാന്തര യാത്രകള്‍ കാരണമായിട്ടുള്ളത്. മറ്റൊരു രാജ്യത്ത് തങ്ങളുടെ മതവിശ്വാസം കൊണ്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒട്ടുമിക്ക മതങ്ങളും യാത്രകള്‍ നടത്തിയിട്ടുണ്ട്. മത പ്രചരണത്തിനായി ലോകത്ത് നടന്ന യാത്രകളൊക്കെ ചരിത്രവുമായിട്ടുണ്ട്. എല്ലാ മതങ്ങളും അവരുടെ പ്രചരണത്തിനായി എത്രയോ യാത്രകള്‍ ചെയ്തിട്ടുണ്ടെന്ന് ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ എല്ലാ മതങ്ങളും ഉള്‍പ്പെടുന്നു എന്നുള്ളത് ആകസ്മികം മാത്രം.every travel has a aim, and the destination chosen by travelers has a story behind it
ബുദ്ധമത ചരിത്രം ആരംഭിക്കുന്നത് ശ്രീബുദ്ധന്റെ ജനനത്തിന് ശേഷമാണ്. ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണ് ബുദ്ധമതം. ഇന്ത്യയില്‍ ഉടലെടുത്തതാണ് ബുദ്ധമതം. പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്‌കാരങ്ങളിലേക്കും പടര്‍ന്ന് പന്തലിക്കുകയുണ്ടായി. ബുദ്ധമത പ്രചാരണത്തിനായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബുദ്ധമത സന്യാസിമാര്‍ യാത്രകള്‍ നടക്കുകയുണ്ടായി. അങ്ങനെ ബുദ്ധമതം ലോകം മുഴുവന്‍ വ്യാപിച്ചു.
ഇസ്ലാം മത പ്രചരണത്തിനായി ലോകം മുഴുവന്‍ സഞ്ചരിച്ച പണ്ഡിതരെ കുറിച്ച് ചരിത്രത്തില്‍ പറയുന്നുണ്ട്. മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവര്‍ ലോകമെമ്പാടുമായി ഏകദേശം 1.9 ബില്യണ്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്ത്യാനികള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മത ജനസംഖ്യയുമാണ് മുസ്ലീം സമുദായത്തിന്റെത്. ഓരോ രാജ്യത്തുള്ള മത വിശ്വാസികളെ മതപരിവര്‍ത്തനം നടത്തിയാണ് എല്ലാ മതങ്ങളും അവരവരുടെ ഭാഗത്തെത്തിക്കുന്നത്.
ക്രിസ്തുമത പ്രചരണത്തിനായി ഒട്ടേറെ മിഷനറി പ്രവര്‍ത്തകര്‍ ലോകം മുഴുവനും സഞ്ചരിച്ചിട്ടുണ്ട്. അതിന്റെ ശേഷിപ്പുകള്‍ ഇന്ന് ലോകം മുഴുവന്‍ കാണുവാനും സാധിക്കും. മതപ്രചരണത്തിനായുള്ള യാത്രയില്‍ അവര്‍ നടത്തിയ വിദ്യാഭ്യാസ രംഗത്ത് നടത്തിയ സംഭാവനകളും എടുത്ത് പറയണം. ക്രിസ്തുമത പ്രചരണത്തിനായി ജര്‍മനിയില്‍ നിന്ന് വന്ന സാധാരണ പാതിരിയായി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പ്രവര്‍ത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അവിസ്മരണീയനായത്. 1868-ല്‍ എഴുതിയ മലയാളം വ്യാകരണം, 1872-ലെ ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിള്‍ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടര്‍ട്ട് പരിഭാഷപ്പെടുത്തി ഭാഷാ വ്യാകരണത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍, സംസ്‌കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ട് പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ രാജ്യസമാചാരം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാനപത്രവും ആനുകാലികവുമായി വിലയിരുത്തപ്പെടുന്നു. രണ്ടാമത്തെ പ്രസിദ്ധീകരണമായ പശ്ചിമോദയം വിജ്ഞാനസംബന്ധമായ ലേഖനങ്ങളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്.
വന്യജീവികളെ അടുത്ത് കാണുകയും അവയുടെ ഫോട്ടോ എടുക്കുകയും ചെയ്യുന്നതിന് വനമേഖലകളിലൂടെ യാത്ര ചെയ്യേണ്ടതുണ്ട് എന്നത് സാഹസമായ കാര്യമാണ്. ഇങ്ങനെ സാഹസികത ഇഷ്ടപ്പെടുന്ന ഒട്ടേറെ ഫോട്ടോഗ്രാഫര്‍മാര്‍ വനങ്ങളില്‍ യാത്ര ചെയ്യുന്നു. അവര്‍ പകര്‍ത്തുന്ന പൂര്‍വ്വ ദൃശ്യങ്ങള്‍ പിന്നീട് സമൂഹം കൗതുകത്തോടെ നോക്കിക്കാണുന്നു. അപൂര്‍വ്വ ജീവികളെ എത്രയോ വന്യ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയിരിക്കുന്നു. ഒരു മികച്ച വന്യജീവിയുടെ ഫോട്ടോയ്ക്കായി എത്രയോ മാസങ്ങളാണ് യാത്ര ചെയ്യേണ്ടി വരിക. ഫോട്ടോഗ്രാഫര്‍മാര്‍ നടത്തുന്ന ഇത്തരം യാത്രകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…? ഇത് പഠനങ്ങള്‍ക്കും സഹായകമായിട്ടുണ്ട്. വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പ്രത്യേക ടൂര്‍ പാക്കേജുകള്‍ പലയിടത്തും ഉണ്ട്. ഈ യാത്രകള്‍ക്ക് പോകുന്നവര്‍ പ്രത്യേക ലൈസന്‍സ് എടുക്കേണ്ടതുണ്ട്.
ലോകം ചുറ്റി ഫോട്ടോഗ്രാഫി എടുക്കുക എന്നുള്ള മറ്റൊരു സാഹസിക വിഭാഗക്കാര്‍ കൂടി നമുക്കിടയില്‍ ഉണ്ട്. അവര്‍ ഓരോ രാജ്യങ്ങളിലൂടെ ചെന്ന് അവിടുത്തെ വിശേഷപ്പെട്ട ഒട്ടേറെ ഫോട്ടോകള്‍ പകര്‍ത്തുന്നു. ട്രാവല്‍ ഫോട്ടോഗ്രാഫി എന്നാണ് ഈ വിഭാഗത്തെ അറിയപ്പെടുന്നത്. ഫോട്ടോകള്‍ എടുക്കുന്നവരെ ട്രാവല്‍ ഫോട്ടോഗ്രാഫര്‍ എന്നും വിശേഷിപ്പിക്കുന്നു. അവരുടെ യാത്രാ ലക്ഷ്യം തന്നെ മികച്ച ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കുക എന്നുള്ളതാണ്. വനമേഖലകളില്‍ പോകുന്നതുപോലെയും, രാജ്യങ്ങള്‍ ചുറ്റുന്നത് പോലെയും, മറ്റൊരു വിഭാഗമാണ് ട്രക്കിങ്ങ്. ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് യാത്ര ചെയ്യുന്നുണ്ട്. കൊടുമുടികളും, മലകളും ചവിട്ടിക്കയറി അവര്‍ നടത്തുന്നത് സാഹസിക യാത്രാ ഫോട്ടോഗ്രാഫി തന്നെ. 1953 ല്‍ ന്യൂസീലന്‍ഡുകാരനായ എഡ്മണ്ട് ഹിലാരിയും ഷെര്‍പയായ ടെന്‍സിങ് നോര്‍ഗേയും ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന് ശേഷം ഈ കൊടുമുടി കീഴടക്കാന്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടായി. ഒടുവില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടം ഇന്ത്യ നേടി. ഇന്ന് ഹിമാലയ യാത്രയും ട്രക്കിങ്ങും ടൂര്‍ പാക്കേജായി നടത്തപ്പെടുന്നുണ്ട്.
ജമ്മു കശ്മീരിലെ പ്രസിദ്ധമായ ഒരു ഹൈന്ദവ ആരാധനാലയമാണ് വൈഷ്‌ണോ ദേവി ക്ഷേത്രം. കത്ര പട്ടണത്തിന് സമീപമുള്ള ത്രികൂട പര്‍വതത്തിലെ ഗുഹയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള കുത്തനെയുള്ള മലയില്‍ 13.5 കിലോമീറ്റര്‍ നടക്കുക എന്നത് ട്രക്കിങ്ങിന് സമാനമാണ്. വൈഷ്ണവദേവി യാത്ര പുണ്യമാണ് എന്ന വിശ്വാസം ലക്ഷക്കണക്കിന് യാത്രക്കാരെ ആകര്‍ഷിക്കുന്നു. അത്ര കഠിനമല്ലെങ്കിലും കേരളത്തിലെ ശബരിമലയും ഈ ഗണത്തില്‍ പെടുത്താം.
കൈലാസ പര്‍വതവും മാനസസരോവര്‍ തടാകവും പുരാതന കാലം മുതലേ മനുഷ്യന്റെ ഭാവനയെ കീഴടക്കിയിട്ടുണ്ട്. ജൈനമതം, ഹിന്ദുമതം, ടിബറ്റന്‍ ബുദ്ധമതം, ടിബറ്റിലെ ബോണ്‍ മതം എന്നിവയുടെ ആചാര്യന്മാരാല്‍ ആദരിക്കപ്പെടുന്ന കൈലാസവും മാനസസരോവറും ആത്മീയ ഏഷ്യയുടെ ഹൃദയത്തില്‍ ആഴത്തില്‍ അവിഭാജ്യമായി മാറിയിരിക്കുന്നു. ഇന്ന് കൈലാസ യാത്ര സര്‍വ്വസാധാരണവും പാക്കേജ് ടൂറുകളുടെ ഭാഗവുമാണ്. എല്ലാവര്‍ഷവും ആയിരങ്ങളാണ് കൈലാസയാത്ര നടത്തുന്നത്.
തിരുവനന്തപുരം വൈല്‍ഡ് ലൈഫ് ഡിവിഷന്റെ കീഴില്‍ വരുന്ന പേപ്പാറ വന്യജീവി സങ്കേതത്തിലെ അഗസ്ത്യാര്‍കൂടം കേരളത്തിലെ ഇത്തരം യാത്രകളോട് താത്പര്യമുള്ളവരുടെ ഇഷ്ട പ്രദേശമാണ്. അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്രചെയ്യാന്‍ പ്രത്യേക പരിശീലനം തന്നെ ആവശ്യമാണ്. ഈ യാത്രയ്ക്ക് പ്രത്യേക പാസും എടുക്കേണ്ടതുണ്ട്. സൗന്ദര്യം ആസ്വദിച്ചുള്ള കഠിനമായ യാത്ര ആരോഗ്യമുള്ളവര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്.
ചരിത്ര പഠനത്തിനായി മുന്‍ യുദ്ധമേഖലകളിലേക്ക് ചിലര്‍ യാത്രകള്‍ നടത്താറുണ്ട്. അതിനെയാണ് യുദ്ധ ടൂറിസം എന്ന് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. അപകടകരവും നിരോധിതവുമായ സ്ഥലങ്ങളില്‍ ആവേശം തേടുന്നതിനാണ് പലരും ഈ യാത്ര തിരഞ്ഞെടുക്കുന്നത്. മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ നടന്ന പ്രദേശങ്ങളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്നത് സ്വയം കാണാനുള്ള ആഗ്രഹമാണ് പ്രചോദനം. യുദ്ധം നടക്കുന്ന സമയത്ത് ചില മാധ്യമപ്രവര്‍ത്തകര്‍ അപകടം വകവയ്ക്കാതെ റിപ്പോര്‍ട്ടിങ്ങിനായി യാത്ര ചെയ്യാറുണ്ട്. ഇന്ന് യുദ്ധ ഭൂമിയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന യാത്രകള്‍ അവരുടെ മാധ്യമ സ്ഥാപനത്തിന് വേണ്ടിയാണ് എന്ന് ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു.
അയല്‍ രാജ്യങ്ങള്‍ കെട്ടിപ്പിടിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി ആദ്യകാലങ്ങളില്‍ പല രാജാക്കന്‍മാരും അവരുടെ സൈനികരുമായി യാത്ര ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നു. മുഗള്‍ രാജാക്കന്‍മാരും, നെപ്പോളിയനും, ടിപ്പുസുല്‍ത്താനുമെല്ലാം ഇത്തരം യുദ്ധങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ ചെയ്തവരാണ്. ചരിത്ര പുസ്തകത്തില്‍ ഇത്തരം യാത്രകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പുരാണങ്ങളില്‍ സമാനമായ യുദ്ധ യാത്രകള്‍ ഉണ്ടെന്നത് പറയണമല്ലോ.
ഒരു യാത്രയെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നതിനെ യാത്രാവിവരണം എന്നാണ് പറഞ്ഞിരുന്നത്. യാത്രാ വിവരണം എഴുതുന്നവരാണ് സഞ്ചാര സാഹിത്യകാരന്‍മാര്‍. എഴുത്തുകാരന്‍ സഞ്ചരിക്കുന്ന പ്രദേശങ്ങളെയും അവര്‍ക്ക് യാത്രകളിലുണ്ടാകുന്ന അനുഭവങ്ങളെയും യാത്രാ വിവരണങ്ങളില്‍ പ്രതിപാദിക്കുന്നു. വിജ്ഞാനവും വിനോദവും ചേര്‍ന്ന സാഹിത്യ രൂപത്തിലെ രചന വായനക്കാരനെ ആ പ്രദേശത്ത് എത്തിക്കുന്നു. മികച്ച സഞ്ചാര സാഹിത്യകൃതികളില്‍ ആത്മനിഷ്ഠയും വസ്തുനിഷ്ഠയും ഒരുപോലെ ഉള്ളടങ്ങുന്നു. മലയാള സാഹിത്യത്തില്‍ സഞ്ചാര സാഹിത്യം ആരംഭിക്കുന്നത് പാറേമാക്കല്‍ തോമാക്കത്തനാരുടെ റോമാ യാത്രയോടെയാണ് (വര്‍ത്തമാനപുസ്തകം). എസ്.കെ.പൊറ്റക്കാടാണ് മലയാളത്തിലെ സഞ്ചാര സാഹിത്യത്തെ വിപുലപ്പെടുത്തിയത്. ഇന്ന് വിപുലമായി വളര്‍ന്ന ഒരു സാഹിത്യ ശാഖയായി ഇത് മാറിയിരിക്കുന്നു. വിവിധ പ്രസാധകര്‍ നൂറുകണക്കിന് സഞ്ചാര സാഹിത്യ പുസ്തകങ്ങളാണ് വായനക്കാരിലേക്ക് ഇപ്പോള്‍ എത്തിക്കുന്നത്.
വിവിധങ്ങളായ യാത്രകള്‍ക്ക് പോകുകയും അത് വിവരിക്കുകയും ചെയ്യുന്നവരെ ഇപ്പോള്‍ യാത്രാ ബ്ലോഗര്‍മാര്‍ എന്നാണ് പറയാറ്. അവര്‍ എല്ലാത്തരം യാത്രകളും പരീക്ഷിക്കുന്നു. ആ പരീക്ഷണങ്ങളുടെ അനുഭവങ്ങള്‍ അവര്‍ വായനക്കാര്‍ക്ക് അല്ലെങ്കില്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ സമൂഹത്തില്‍ ശക്തമായതോടുകൂടി യാത്രകള്‍ അവതരിപ്പിക്കാന്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണവും പതിന്‍മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. വഴിയോര ഭക്ഷണശാലകളിലൂടെ യാത്ര ചെയ്ത് ഓരോ പോസ്റ്റിംഗും നടത്തി ജനഹൃദയങ്ങളില്‍ ഇടം നേടിയ ഒട്ടേറെ പേര്‍ നമ്മുടെ നാട്ടിലുണ്ടല്ലോ. ഭക്ഷണശാലകള്‍ മാത്രമല്ല ചിലര്‍ ഭക്തിസാന്ദ്രമായ ദേവാലയങ്ങളിലൂടെയുള്ള യാത്ര മാത്രം ചെയ്ത് ശ്രദ്ധ നേടുന്നവരും ഉണ്ട്. സമകാലീന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്ത് യാത്രകള്‍ നടത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരുണ്ട്. ഇങ്ങനെ വ്യത്യസ്തമായ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള യാത്രകള്‍ ചെയ്യുന്നവരാണ് കൂടുതലും. ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന ചിലര്‍ എഴുത്തിലൂടെയും ചിലര്‍ വീഡിയോകളിലൂടെയും ഒട്ടേറെ വരിക്കാരെ സംഘടിപ്പിക്കുന്നു. വലിയ വരുമാനം അതുവഴി ഉണ്ടാകുന്നു എന്നാണ് മനസ്സിലാക്കുന്നത്.
യാത്രകള്‍ക്ക് പ്രാധാന്യം നടത്തിക്കൊണ്ടുള്ള പ്രസിദ്ധീകരണങ്ങളും നമ്മുടെ നാട്ടില്‍ വ്യാപകമായി ഉണ്ട്. ഇത്തരം മാസികകള്‍ യാത്രകള്‍ക്ക് പോകുന്നവര്‍ക്ക് എപ്പോഴും ഉപകാരപ്പെടുന്നുണ്ട്. വിവിധങ്ങളായ യാത്രകളില്‍ ഏര്‍പ്പെടുന്നവര്‍ അവരുടെ അനുഭവങ്ങള്‍ ഇത്തരം പ്രസിദ്ധീകരണങ്ങളില്‍ നല്‍കുന്നുണ്ട് എന്നുള്ളത് തുടര്‍ന്ന് അതേവഴി യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരപ്പെടുന്നുണ്ട് എന്നുള്ള ഒരു വസ്തുത ഇവിടെ എടുത്ത് പറയേണ്ടിയിരിക്കുന്നു. പലപ്പോഴും ഇതൊക്കെ വായനക്കാരെ സ്വാധീനിക്കാന്‍ ഇടവരികയും യാത്രകള്‍ക്കായി അതേ പ്രദേശം തിരഞ്ഞെടുക്കാനും ഇടനല്‍കുന്നു.
യാത്രകള്‍ക്കായി പ്രസിദ്ധീകരണങ്ങള്‍ മാത്രമല്ല മലയാളത്തില്‍ പ്രശസ്തമായ ഒരു ചാനല്‍ തന്നെയുണ്ട്. സഫാരി എന്നാണ് അതിന്റെ പേര്. സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് അതിന് തുടക്കം കുറിച്ചത്. മറ്റ് പ്രമുഖ ചാനലുകളിലെല്ലാം യാത്രകള്‍ക്കായി അല്‍പസമയം മാറ്റിവയ്ക്കുന്ന ഒരു സാഹചര്യം വരെ ഉണ്ടായി. അതായത് യാത്രകള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാകുന്ന രീതിയിലുള്ള പരിപാടികള്‍ക്ക് പ്രേക്ഷകര്‍ ഉണ്ട് എന്നുള്ളത് തന്നെയാണ് അതിന് കാരണം.
യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന എല്ലാ പ്രദേശത്തിന് പിന്നിലും ഓരോ കഥകള്‍ ഉണ്ട്. ഡല്‍ഹിയിലെ കാര്യം തന്നെ എടുക്കാം. കുത്തബ്മിനാറിനെക്കുറിച്ചും, ചെങ്കോട്ടയെ കുറിച്ചും (ലാല്‍ക്കില), ജുമാ മസ്ജിദിനെ കുറിച്ചും, ഡല്‍ഹി ഗേറ്റിനെ കുറിച്ചും, ഇന്ത്യ ഗേറ്റിനെക്കുറിച്ചും, എന്തിനേറെ പുരാനാക്കിലയും, നിസാമുദ്ദീന്‍ ദര്‍ഗ്ഗയും, ചാന്ദിനിചൗക്കും എല്ലാം ഒട്ടേറെ കഥകള്‍ പറയുന്ന പ്രദേശമാണ്. കഥകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് താല്പര്യം ഉണ്ട്. അങ്ങനെ ഒട്ടേറെ കഥകളുടെ സ്മാരകങ്ങളാണ് നമ്മുടെ രാജ്യത്തെ പല വിനോദ കേന്ദ്രങ്ങളും.
താജ്മഹല്‍ കാണുന്നതിന് മുമ്പ് ജഹനാര എന്ന ഷാജഹാന്റെ മൂത്ത മകള്‍ ജഹനാരയുടെ ആത്മകഥ വായിക്കുകയാണെങ്കില്‍ താജ്മഹല്‍ യാത്രയ്ക്ക് ഏറെ സൗന്ദര്യം ഉണ്ടാകും എന്ന് തിരിച്ചറിയണം. ജഹനാരയില്‍ താജ്മഹലിന്റെ ചരിത്രം തന്നെ പറയുന്നുണ്ട്. അവിടത്തെ ഓരോ സംഭവങ്ങളുടെ വര്‍ണ്ണനകള്‍ ആത്മകഥാ പുസ്തകത്തില്‍ പറയുന്നത് ആഗ്രാ യാത്രയെ വളരെ വിജ്ഞാനപ്രദമാക്കും എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത്തരത്തില്‍ ഓരോ വിനോദസഞ്ചാര കേന്ദ്രത്തെയും പറ്റിയുള്ള ചരിത്രപരമായ കഥകള്‍ വിവരിക്കുന്ന പുസ്തകങ്ങള്‍ നമ്മുടെ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. തീര്‍ച്ചയായും അത് വായിക്കേണ്ടത് തന്നെയാണ്. അടുത്തകാലത്തായി വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം തന്നെ അതാത് കേന്ദ്രങ്ങളുടെ ചരിത്രമടങ്ങിയ പുസ്തകങ്ങള്‍ വില്‍പ്പനക്കായി ലഭ്യമായി കാണുന്നുണ്ട്. യാത്ര ചെയ്യുന്നവര്‍ അത് സ്വന്തമാക്കി വായിക്കുന്നത് യാത്രയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും.every travel has a aim, and the destination chosen by travelers has a story behind it
Content Summary: every travel has a aim, and the destination chosen by travelers has a story behind it
Leave a Comment