June 07, 2026 |
Share on

ജന്മാവകാശ പൗരത്വം ബാധിക്കുക ആയിരക്കണക്കിന് ഇന്ത്യക്കാരെയും; യു.എസിൽ നിന്ന് പത്ത് ലക്ഷം പേർ പുറത്താകും

ജോ ബൈഡൻ്റെ കുടിയേറ്റ നയങ്ങളേയും ട്രംപ് അതിരൂക്ഷമായി വിമർശിച്ചു

അമേരിക്കയുടെ പ്രസി‍ഡന്റായി അധികാരമേറ്റതിന് പിന്നാലെ കുടിയേറ്റ വിഷയത്തിൽ കടുത്ത നിലപാടുകളാണ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. യുഎസ് – മെക്സിക്കോ അതിർത്തിയിൽ നിയന്ത്രണം കർശനമാക്കാനും ഇമിഗ്രേഷൻ നിയമത്തിൻ്റെ പ്രധാന വശങ്ങൾ പുനക്രമീകരിക്കാനും ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഒരു പരമ്പരയിൽ തന്നെ ട്രംപ് ഒപ്പുവച്ചു. പ്രചാരണ വാഗ്ദാനങ്ങൾ അതേപടി പ്രാബല്യത്തിലാക്കുകയാണ് ലക്ഷ്യമെന്ന് ട്രംപിൻ്റെ ആദ്യ നീക്കങ്ങൾ സൂചിപ്പിക്കുന്നു. തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലൂടെയും ജന്മാവകാശ പൗരത്വം ഇല്ലാതാക്കുന്ന നിയമം കൊണ്ടുവരുന്നതിലൂടെയും യുഎസ് ഇമിഗ്രേഷൻ നയത്തിൽ നാടകീയമായ മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഈ നിയമം നടപ്പിലായാൽ ആയിരക്കണക്കിന് ഇന്ത്യക്കാരുടെയും പൗരത്വം നഷ്ടമാകും.

അതിർത്തിയിലെ ദേശീയ അടിയന്തരാവസ്ഥ

അധികാരത്തിലേറിയ ആദ്യ ദിവസം തന്നെ ട്രംപ് നിയമവിരുദ്ധ കുടിയേറ്റം രാജ്യത്തിന് സുരക്ഷാ ഭീഷണിയാണെന്നറിയിച്ച് ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. അനധികൃത അതിർത്തി ക്രോസിംഗുകൾ തടയാനും ദശലക്ഷക്കണക്കിന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. മെക്‌സിക്കൻ മയക്കുമരുന്ന് കാർട്ടലുകൾ തീവ്രവാദ സംഘടനകളാണെന്നും ട്രംപ് ഭരണൂടം പ്രഖ്യാപിച്ചു.

ജോ ബൈഡൻ്റെ കുടിയേറ്റ നയങ്ങളേയും ട്രംപ് അതിരൂക്ഷമായി വിമർശിച്ചു. കുടിയേറ്റത്തെക്കുറിച്ചുള്ള ബൈഡൻ ഭരണകൂടത്തിൻ്റെ മൃദുവായ നിലപാട് മാറ്റുമെന്ന പ്രചാരണ വാഗ്ദാനം നിറവേറ്റിയതിന്റെ ഭാ​ഗമായി, വാഷിംഗ്ടണിൽ നടന്ന പൊതു പരിപാടിയിൽ ബൈഡൻ ആരംഭിച്ച 80 ഓളം എക്സിക്യൂട്ടീവ് നടപടികൾ ട്രംപ് പിൻവലിച്ചു. രാജ്യത്തിൻ്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനും അനധികൃത കുടിയേറ്റത്തിൽ നിന്നും അനുബന്ധ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നും അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കുന്നതിനും ഈ നീക്കങ്ങൾ അനിവാര്യമാണെന്നാണ് ട്രംപിന്റെ വാദം.

ജന്മാവകാശ പൗരത്വം

ട്രംപിൻ്റെ ഉത്തരവുകളിൽ ഏറ്റവും വിവാദമായത് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കമായിരുന്നു. യു.എസ് ഭരണഘടനയുടെ 14ാം ഭേദഗതി അനുസരിച്ച് യു.എസിൽ ജനിച്ച ഏതൊരാൾക്കും അവരുടെ മാതാപിതാക്കളുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ തന്നെ യു.എസ് പൗരത്വം ലഭിക്കുന്നു. ജസ് സോളി, അല്ലെങ്കിൽ ജന്മാവകാശ പൗരത്വം എന്നറിയപ്പെടുന്ന ഈ നിയമം ആഭ്യന്തരയുദ്ധം മുതൽ നിലനിൽക്കുന്നതാണ്.

ഈ ദീർഘകാല നയം മാറ്റാനാണ് ട്രംപ് ശ്രമിക്കുന്നത്. അതായത്, രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുട്ടികൾക്ക് യുഎസ് പൗരത്വം നഷ്ടമാകും. പോളിസി മാറ്റത്തിന് മുമ്പ് ജനിച്ച കുട്ടികൾ ഇപ്പോഴും പൗരന്മാരായിരിക്കും. എന്നാൽ നിയമവിരുദ്ധമായോ താൽക്കാലിക വിസയിലോ രാജ്യത്ത് കഴിയുന്ന മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികളുടെ ഭാവി തലമുറയെ ഈ നിയമം പ്രതികൂലമായി ബാധിക്കും.

ജന്മാവകാശ പൗരത്വത്തിൻ്റെ നിർവചനം മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. കോൺഗ്രസിൻ്റെ ഇരുസഭകളുടെയും അം​ഗീകാരം ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. നിയമപരമായ തടസങ്ങൾ നിലനിൽക്കുമ്പോഴും താൽക്കാലിക വിസയിൽ യുഎസിൽ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് ഔദ്യോഗിക ഡോക്യുമെൻ്റേഷൻ നൽകുന്നത് നിർത്താൻ ട്രംപ് ഫെഡറൽ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. നിയമം പ്രാബല്യത്തിൽ വന്നാൽ ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾക്ക് യുഎസ് പൗരന്മാർക്കുള്ള നിയമപരമായ പരിരക്ഷ ലഭിക്കാതെ വരും.

ജന്മാവകാശ പൗരത്വത്തെ ചോദ്യം ചെയ്യുന്ന ട്രംപിന്റെ നയം ഭരണഘടനാ വിരുദ്ധമാണെന്നറിയിച്ച് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU) ഭരണകൂടത്തിനെതിരെ ഒരു കേസ് ഫയൽ ചെയ്തു. യുഎസ് മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നിഷേധിക്കുന്നത് രാജ്യത്തിന്റെ മൗലികാവകാശങ്ങളെ ദുർബലപ്പെടുത്തുമെന്ന് എസിഎൽയു പറഞ്ഞു.

സിബിപി വൺ ആപ്പിൻ്റെ മരണം

യുഎസിൽ അഭയാർഥികൾക്ക് നിയമപരമായി അഭയം അനുവദിക്കുന്ന ബൈഡൻ ഭരണകൂടത്തിന്റെ സിബിപി വൺ മൊബൈൽ ആപ്ലിക്കേഷൻ ഇല്ലാതാക്കാനും ട്രംപ് നീക്കം നടത്തി. ബൈഡൻ ഭരണകാലത്ത് കുടിയേറ്റക്കാർക്ക് ക്രമമായ രീതിയിൽ അഭയം തേടാനുള്ള അവസരം നൽകിക്കൊണ്ട് അനധികൃത അതിർത്തി ക്രോസിംഗുകളുടെ എണ്ണം കുറയ്ക്കുന്നതിന് സിബിപി വൺ സഹായിച്ചിരുന്നു. എന്നാൽ അധികാരത്തിലേറിയ ഉടൻ തന്നെ ട്രംപ് ആപ്പ് നീക്കം ചെയ്യുകയായിരുന്നു.

ടിജുവാന പോലുള്ള മെക്സിക്കൻ അതിർത്തിയിലുള്ള അഭയാർത്ഥികൾക്ക് സിബിപി വൺ ആപ്പിന്റെ നിരോധനം വലിയ തിരിച്ചടിയായി.
കുടിയേറ്റക്കാർക്ക് ആപ്പ് വഴി ഒരു അപ്പോയിൻ്റ്മെൻ്റ് ഉറപ്പാക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടതായി വരുന്നു. അവരുടെ കാത്തിരിപ്പിന് അർത്ഥമില്ലാതാക്കുന്ന വിധത്തിലുള്ളതായിരുന്നു ആപ്പിന്റെ നിരോധനം.

വിമർശനങ്ങളും നിയമപരമായ വെല്ലുവിളികളും

ട്രംപിൻ്റെ ഇമിഗ്രേഷൻ നയങ്ങൾ വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കുടിയേറ്റ അവകാശ ഗ്രൂപ്പുകൾ, പൗരാവകാശ സംഘടനകൾ, നിയമ വിദഗ്ധർ എന്നിവരിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ട്രംപിന്റെ നിയമങ്ങൾക്കെതിര ഉയരുന്നത്.

ട്രംപിൻ്റെ ഉത്തരവുകൾ നിരാശാജനകമാമെന്നും അതേസമയം അതിശയിപ്പിക്കുന്നതല്ലയെന്നും നാഷണൽ ഇമിഗ്രേഷൻ ഫോറത്തിൻ്റെ പ്രസിഡൻ്റും സിഇഒയുമായ ജെന്നി മുറെ പറഞ്ഞു. ഈ നയങ്ങൾ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ജെന്നി മുറെ പ്രസ്താവനയിൽ പറഞ്ഞു. ട്രംപിൻ്റെ നയങ്ങൾ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കുടിയേറ്റ യുവജന സംഘടനയായ യുണൈറ്റഡ് വീ ഡ്രീമിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗ്രീസ മാർട്ടിനെസ് റോസാസും പറഞ്ഞു. ട്രംപിന്റെ ബറണത്തിൻ കീഴിലുള്ള അടുത്ത നാല് വർഷം പലരുടെയും ജീവിതം തകർക്കുമെന്നും പലരും കുടുംബ ഐക്യത്തെയും പൊതു സേവനങ്ങളിലേക്കുള്ള പ്രവേശനത്തെയും ഇല്ലാതാക്കുമെന്നും റോസാസ് അറിയിച്ചു.

ട്രംപിൻ്റെ ഇമിഗ്രേഷൻ അജണ്ടയുടെ ഭാവി

കുടിയേറ്റം സംബന്ധിച്ച ട്രംപിൻ്റെ ആദ്യകാല നടപടികൾക്ക് അധികനാൾ ആയുസില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നിയമപരവും രാഷ്ട്രീയവുമായ തടസങ്ങൾ നേരിടുന്നുണ്ട്. യുഎസ് ഭരണഘടന മാറ്റുക എന്നത് നിസാരമായ കാര്യമല്ല. നിയമപരമായ പ്രശ്നങ്ങളാലോ കോൺഗ്രസിൻ്റെ എതിർപ്പുകളാലോ ട്രംപിൻ്റെ ഈ ശ്രമങ്ങൾ പരാജയപ്പെടാൻ സാധ്യതയുണ്ട്. പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുമ്പോഴും കുടിയേറ്റത്തിനെതിരായ നിലപാടുമായി മുന്നോട്ട് പോകാൻ തന്നെയാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ട്രംപിൻ്റെ എക്സിക്യൂട്ടീവ് നടപടികളിൽ യു.എസിലെ നിയമത്തിന് ഉണ്ടാക്കാൻ കഴിയുന്ന മാറ്റത്തിനെ ആശ്രയിച്ചാകും ഇനിയുള്ള യുഎസ് ഇമിഗ്രേഷൻ നിയമത്തിൻ്റെ ഭാവി എന്നതിൽ സംശയമില്ല.

Content Summary: Trump Declares Border Emergency and Seeks to End US Birthright Citizenship
Donald trump Birthright Citizenship 

Leave a Reply

Your email address will not be published. Required fields are marked *

×