വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ട ഉറ്റ സ്നേഹിതനെ നേരിൽ കാണാനുള്ള ആഗ്രഹത്തിൽ, സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഒരു വൃദ്ധൻ നടത്തിയ അന്വേഷണം… കൊല്ലം, കുണ്ടറ സ്വദേശിയായ മോഹനൻ പിള്ളയെ തിരഞ്ഞുകൊണ്ടുള്ള തൃശൂർ സ്വദേശി അബ്ദുൽ ഖാദറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ കണ്ടത് പകരംവെയ്ക്കാനില്ലാത്ത സൗഹൃദമാണ്. ‘മോഹനൻ പിള്ളയെ ഒന്നു കാണാൻ, ഒന്നു സംസാരിക്കാൻ അതീവ ആഗ്രഹത്തോടെ തിരയുന്നു’… തൻ്റെ പ്രിയപ്പെട്ട സുഹൃത്തിനെ ജീവിതത്തിൽ ഒരിക്കൽ കൂടി കാണാനുള്ള ഒരു 65കാരന്റെ ആഗ്രഹവും പ്രതീക്ഷയുമാണ് സോഷ്യൽ മീഡിയയിൽ കുറിച്ച ഈ വരികളിൽ നിറയുന്നത്.
30 വർഷങ്ങൾക്ക് മുൻപ് ഖത്തറിൽ വെച്ചാണ് അബ്ദുൽ ഖാദർ മോഹനൻ പിള്ളയെ കാണുന്നത്. വർഷം 1995, കൃത്യമായി ഓർത്തെടുക്കാൻ അബ്ദുൽ ഖാദറിനും കഴിയുന്നില്ല. തൃശൂർ സ്വദേശിയായ അബ്ദുൽ ഖാദർ തൻ്റെ സുഹൃത്തിനൊപ്പം ഖത്തറിൽ തുന്നൽക്കട നടത്തിയിരുന്ന സമയം. മോഹനൻ പിള്ളയെ ആദ്യം കണ്ടതെവിടെ വെച്ചാണെന്ന ചോദ്യത്തിന് ഒരു വിങ്ങലോടെയാണ് അബ്ദുൽ ഖാദർ മറുപടി പറഞ്ഞ് തുടങ്ങിയത്. മോഹനൻ പിള്ളയെ നേരിൽ കാണാനുള്ള ആഗ്രഹം എത്രത്തോളം അബ്ദുൽ ഖാദറിനുണ്ടെന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ വ്യക്തമായിരുന്നു.
‘അറബികളുടെ കന്തൂറ തയ്ക്കുന്ന പണിയായിരുന്നു ഞങ്ങൾ ചെയ്തിരുന്നത്. എൻ്റെ കൂടെ ജോലി ചെയ്തിരുന്ന സുഹൃത്ത് എന്റെ നാട്ടുകാരൻ തന്നെയായിരുന്നു. ഞങ്ങളുടെ കടയുടെ തൊട്ടടുത്ത് ഒരു അറബിയുടെ വീടുണ്ടായിരുന്നു. അവിടത്തെ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് മോഹനൻ പിള്ള. കറുത്ത നീളൻ മുടിയുള്ള ഒരു ചെറുപ്പക്കാരൻ. അറബിയുടെ വീട്ടിലെ ജോലി കഴിഞ്ഞാൽ ഉടൻ മോഹനൻ ഞങ്ങളുടെ കടയിലേക്ക് വരുമായിരുന്നു. നമ്മൾ മൂന്ന് പേരും തമ്മിലുള്ള ബന്ധം എങ്ങനെ ഇത്രയും വളർന്നു എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഒരു പക്ഷേ ഗൾഫിലെ ജീവിതം ഞങ്ങളുടെ സുഹൃദ്ബന്ധം വളരാൻ ഒരു കാരണമായിരിക്കാം’, മോഹനൻ പിള്ളയെ ഓർത്തെടുത്തുകൊണ്ട് അബ്ദുൽ ഖാദർ അഴിമുഖത്തോട് പറഞ്ഞു.
ഒൻപത് വർഷത്തോളം അബ്ദുൽ ഖാദർ ഖത്തറിലെ തുന്നൽക്കടയിൽ ജോലി ചെയ്തു. അബ്ദുൽ ഖാദറിന്റെ നർമ്മം കലർന്ന ഭാഷയിൽ പറഞ്ഞാൽ, അറബിക്ക് കന്തൂറ തയ്ച്ചു. ഖത്തറിലുണ്ടായിരുന്ന ഒൻപത് വർഷക്കാലവും അബ്ദുൽ ഖാദറും മോഹനൻ പിള്ളയും നാട്ടിലെ ബുദ്ധിമുട്ടുകളും ജോലി ഭാരവുമെല്ലാം മറന്ന് സുഹൃത്തുക്കളായി ജീവിച്ചു.
‘അറബിയുടെ ഡ്രൈവർ പണി കഴിഞ്ഞാൽ അവൻ വേഗം ഞങ്ങളുടെ കടയിലേക്ക് വരും. അപ്പോഴും ഞങ്ങളുടെ ജോലി കഴിഞ്ഞുകാണില്ല. പിന്നെ സൂചികോർക്കാനും മറ്റുമായി ഞങ്ങളെ സഹായിച്ച് അവിടെ നിൽക്കും. അന്ന് ഖത്തറിലുണ്ടായിരുന്നപ്പോൾ ഞങ്ങൾ മൂന്ന് പേരും ചേർന്നെടുത്ത ഫോട്ടോയാണ് ഫെയ്സ്ബുക്കിൽ കൊടുത്തത്. പിന്നീട് ഞാൻ ഖത്തറിലെ ജോലി ഉപേക്ഷിച്ച് അബുദാബിയിലേക്ക് പോയി. പിന്നീട് ഒരുപാട് വർഷം അബുദാബിയിൽ തന്നെയായിരുന്നു. പത്ത് മുപ്പത് കൊല്ലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി കഴിയുകയായിരുന്നു പിന്നീടുള്ള കാലം. അബുദാബിയിൽ ജോലി ചെയ്തിരുന്ന കാലത്തോ നാട്ടിൽ വന്നപ്പോഴോ ഒരിക്കൽ പോലും മോഹനൻ പിള്ളയെക്കുറിച്ച് ഞാൻ ഓർത്തിരുന്നില്ല’, മോഹനൻ പിള്ളയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള സംസാരത്തിൽ അബ്ദുൽ ഖാദർ ഓർത്തെടുത്തത് അദ്ദേഹത്തിന്റെ മുഴുവൻ യൗവ്വനവുമായിരുന്നു.
അടുത്തിടെ വീട്ടിലെ അലമാരിയിൽ നിന്നുമാണ് അബ്ദുൽ ഖാദറിന് ഒരു ആൽബം ലഭിക്കുന്നത്. പതിയെ മറിച്ചുനോക്കിയപ്പോൾ ഖത്തറിൽ വെച്ചെടുത്ത ഒരു ഫോട്ടോ ശ്രദ്ധയിൽപ്പെട്ടു. അബ്ദുൽ ഖാദറും മോഹനൻ പിള്ളയും ഒരുമിച്ച് നിൽക്കുന്ന ചിത്രമായിരുന്നു അത്. വർഷങ്ങൾക്ക് ശേഷം മോഹനൻ പിള്ളയെ അബ്ദുൽ ഖാദർ വീണ്ടും ഓർത്തു. പഴയ ഓർമ്മകൾ മനസിലൂടെ കടന്നുപോയ അബ്ദുൽ ഖാദറിന് മോഹനൻ പിള്ളയെ വീണ്ടും കാണാനുള്ള ആഗ്രഹമായി. എന്തു ചെയ്യും? കൊല്ലത്ത് കുണ്ടറയിൽ എവിടെയോ ആണെന്ന് മാത്രമാണ് ആകെ അറിയാവുന്നത്. ഇത് വെച്ച് എങ്ങനെയാണ് തന്റെ സുഹൃത്തിനെ കണ്ടെത്തുന്നത്? ഇത് സോഷ്യൽ മീഡിയയുടെ കാലമല്ലേ, നമുക്ക് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാം. തൃശൂരിലുള്ള അബ്ദുൽ ഖാദറിന്റെ സുഹൃത്താണ് ഈ ആശയം പറയുന്നത്. പിന്നെ കാത്തുനിന്നില്ല. പഴയ ഫോട്ടോയിലെ ചിത്രം വെച്ച് മോഹനൻ പിള്ളയെ അന്വേഷിച്ച് ഒരു പോസ്റ്റിടുകയായിരുന്നു.
അന്വേഷണത്തിന് എന്തെങ്കിലും ഫലമുണ്ടായോ എന്ന എന്റെ ചോദ്യത്തിന് ഒരു വിങ്ങലോടെയാണ് അബ്ദുൽ ഖാദർ മറുപടി പറഞ്ഞത്. ‘മോഹനൻ പിള്ള ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നാണ് ഞാൻ അറിഞ്ഞത് മോളേ. ഫെയ്സ്ബുക്കിലെ കുറിപ്പ് കണ്ട് കുറച്ച് പേർ വഴിയാണ് ഞാനത് അറിഞ്ഞത്. നാട്ടിൽ എത്തിയിട്ടും മോഹനൻ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഭാര്യ അംഗണവാടിയൽ ടീച്ചറായിരുന്നു. രണ്ട് പെൺമക്കളാണ് മോഹനൻ പിള്ളയ്ക്കുണ്ടായിരുന്നത്’, അബ്ദുൽ ഖാദർ അഴിമുഖത്തോട് പറഞ്ഞു.
അബ്ദുൽ ഖാദറിനും മോഹനൻ പിള്ളയ്ക്കുമൊപ്പം ഖത്തറിലുണ്ടായിരുന്ന സുഹൃത്ത് പിന്നീട് ബ്രെയിൻ ട്യൂമർ വന്ന് മരിക്കുകയായിരുന്നു. മോഹനൻ പിള്ളയെ കണ്ട് പഴയ ഓർമകൾ വീണ്ടെടുക്കാനും സുഹൃത്തിന്റെ മരണം പറയാനുമെല്ലാം കാത്തിരുന്ന അബ്ദുൽ ഖാദറിന് ഒരിക്കൽ കൂടി മോഹനൻ പിള്ളയെ കാണാൻ കഴിഞ്ഞില്ല. ഒൻപത് കൊല്ലത്തെ ഖത്തർ സൗഹൃദത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നത് അബ്ദുൽ ഖാദർ മാത്രമാണ്.
Content Summary: Expatriate goes in search of best friend, finally learns of his death
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.