ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് തൊട്ടുതാഴെ സൈന്യത്തില്‍ രണ്ടാമനായിരുന്ന ജനറല്‍ ഷാങ് യൂക്‌സിയയെ ഗുരുതരമായ അച്ചടക്കലംഘനവും നിയമലംഘനവും ആരോപിച്ച് അന്വേഷണവിധേയമായി പുറത്താക്കിയതായി വിവരം. ദി ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ (പിഎല്‍എ) ഉന്നതര്‍ക്കെതിരെ ഷി ജിന്‍പിങ് നടത്തുന്ന ശുദ്ധീകരണ നടപടികളിലെ ഏറ്റവും നിര്‍ണായകമായ നീക്കമാണിത്.
ചൈനീസ് സായുധ സേനയെ നിയന്ത്രിക്കുന്ന സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ വൈസ് ചെയര്‍മാനായിരുന്നു ഷാങ് യൂക്‌സിയ. ഇദ്ദേഹത്തിന് പുറമെ സൈന്യത്തിന്റെ ജോയിന്റ് സ്റ്റാഫ് ഡിപ്പാര്‍ട്ട്മെന്റ് തലവനായ ജനറല്‍ ലിയു ഷെന്‍ലിയും അന്വേഷണം നേരിടുന്നുണ്ടെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
ഷി ജിന്‍പിങ്ങുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുള്ളയാളാണ് ഷാങ് യൂക്‌സിയ. ഇവരുടെ പിതാക്കന്മാര്‍ മാവോ സെതൂങ്ങിന്റെ വിപ്ലവകാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. 70 വയസ്സെന്ന വിരമിക്കല്‍ പ്രായം കഴിഞ്ഞിട്ടും ഷി ഇദ്ദേഹത്തെ സ്ഥാനത്ത് നിലനിര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ ഈ പുറത്താക്കല്‍ അപ്രതീക്ഷിതമാണ്.
രണ്ട് ഉന്നത ജനറല്‍മാര്‍ കൂടി പുറത്തായതോടെ, സെന്‍ട്രല്‍ മിലിട്ടറി കമ്മീഷനില്‍ ഇപ്പോള്‍ ആകെ രണ്ട് അംഗങ്ങള്‍ മാത്രമാണുള്ളത് – ചെയര്‍മാനായ ഷി ജിന്‍പിങ്ങും, സൈനിക ശുദ്ധീകരണത്തിന് നേതൃത്വം നല്‍കുന്ന ജനറല്‍ ഷാങ് ഷെങ്മിനും. 2022-ല്‍ ഷി നിയമിച്ച ആറ് ജനറല്‍മാരില്‍ അഞ്ചുപേരും ഇപ്പോള്‍ സ്ഥാനഭ്രഷ്ടരായി.
സൈന്യത്തിലെ അഴിമതിയും കൂറില്ലായ്മയും വേരോടെ പിഴുതെറിയാനാണ് ഷി ശ്രമിക്കുന്നത്. താന്‍ തന്നെ തിരഞ്ഞെടുത്തവര്‍ പോലും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന നിഗമനത്തിലാണ് ഷി എത്തിയിരിക്കുന്നത്. ആയുധങ്ങള്‍ വാങ്ങുന്ന വിഭാഗത്തിന്റെ തലവനായിരുന്ന കാലത്തെ അഴിമതികളാകാം ഷാങ്ങിന് തിരിച്ചടിയായതെന്ന് നിരീക്ഷകര്‍ കരുതുന്നു.
യുദ്ധപരിചയമുള്ള ചുരുക്കം ചില ചൈനീസ് കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്നു ഷാങ്. ഇദ്ദേഹത്തിന്റെ അഭാവം സൈന്യത്തിന്റെ പ്രവര്‍ത്തനപരിചയത്തെ ബാധിച്ചേക്കാം. കമാന്‍ഡര്‍മാരുടെ തുടര്‍ച്ചയായ മാറ്റം സൈനികരുടെ മനോവീര്യത്തെ തളര്‍ത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സൈനിക നേതൃത്വത്തിലെ ഈ അസ്ഥിരത കാരണം തായ്വാനെതിരെ ചുരുങ്ങിയ കാലയളവില്‍ സൈനിക നീക്കം നടത്താനുള്ള ചൈനയുടെ സാധ്യത കുറഞ്ഞതായി തായ്വാനിലെ പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. ഒരു പുതിയ സൈനിക നേതൃത്വത്തെ കെട്ടിപ്പടുക്കാന്‍ ഷി-ക്ക് അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരും.
2023 മുതല്‍ ചൈനീസ് സൈന്യത്തില്‍ വലിയ തോതിലുള്ള ശുദ്ധീകരണം നടക്കുന്നുണ്ട്. ന്യൂക്ലിയര്‍ മിസൈലുകള്‍ നിയന്ത്രിക്കുന്ന ‘റോക്കറ്റ് ഫോഴ്സി’ലാണ് ആദ്യം നടപടികള്‍ തുടങ്ങിയത്. 2022-ല്‍ നിയമിക്കപ്പെട്ട 44 ഉന്നത ഉദ്യോഗസ്ഥരില്‍ മൂന്നില്‍ രണ്ട് ഭാഗവും (29 പേര്‍) ഇപ്പോള്‍ സ്ഥാനത്ത് ഇല്ലെന്നത് നടപടികളുടെ തീവ്രത വ്യക്തമാക്കുന്നു.
സ്വന്തം സുഹൃത്തായ ഷാങ്ങിനെ പോലും മാറ്റിനിര്‍ത്തിയത് വഴി, സൈന്യത്തിലെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഷി ജിന്‍പിങ് നല്‍കുന്നത്.
Content Summary; Major shake-up in the Chinese military: General Zhang Youxia, Xi Jinping’s loyalist and military chief, is out
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.