July 08, 2025 |
Share on

ഓപ്പറേഷന്‍ സിന്ദൂര്‍; ആശോക സര്‍വകലാശാല പ്രൊഫസര്‍ക്കെതിരേ ചുമത്തിയത് രാജ്യദ്രോഹമടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍

ബിജെപി നേതാവിന്റെയും ഹരിയാന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെയും പരാതികളില്‍ രണ്ട് കേസുകളാണ് ചുമത്തിയിട്ടുള്ളത്

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍, മതവികാരം വ്രണപ്പെടുത്തിയതിനും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിനെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് രണ്ട് എഫ് ഐ ആറുകള്‍. ഹരിയാന പോലീസ് ഞായറാഴ്ചയാണ് (മെയ് 18) പ്രൊഫസറെ അറസ്റ്റ് ചെയ്തത്. ബിജെപി നേതവിന്റെയും ഹരിയാന സംസ്ഥാന വനിത കമ്മീഷന്റെയും വ്യത്യസ്ത പരാതികളിലാണ് അലി ഖാന്‍ മഹ്‌മൂദാബാദിനെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നടന്ന യുദ്ധവെറിക്കെതിരേ പ്രൊഫസര്‍ ഇട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ സംസ്ഥാന വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അലി ഖാനോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. സര്‍വകലാശാല പ്രൊഫസറെ അറസ്റ്റ ്‌ചെയ്ത കാര്യം ഹരിയാന പൊലീസ് അവരുടെ എക്‌സ് അകൗണ്ടില്‍ ഇട്ട പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ആശോക സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിക്കുന്ന അസിസ്റ്റന്‍ പ്രൊഫസറായ അലി ഖാന്‍ മഹ്‌മൂദൂബാദിനെ ഞായറാഴ്ച്ച പുലര്‍ച്ചെ ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പത്തു പതിനഞ്ചോളം വരുന്ന പൊലീസ് സംഘമാണ് രാവിലെ 6.30 ഓടെ വീട്ടിലെത്തിയത്. തുടര്‍ന്ന് സോനിപത്തിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയെന്നും കുടുംബം പറയുന്നു.

സോണിപത്തിലെ ഒരു ഗ്രാമമുഖ്യനും ഹരിയാനയിലെ ബിജെപിയുടെ യുവജന വിഭാഗം ജനറല്‍ സെക്രട്ടറിയുമായ യോഗേഷ് ജതേരിയുടെ പരാതിയിലാണ് ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രൊഫസര്‍ മഹ്‌മൂദാബാദ് തന്നോട് നേരിട്ട് പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി നേതാവിന്റെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. മഹ്‌മൂദാബാദ് തന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ബിജെപി നേതാവിന്റെ പരാതിയായി എഫ്ഐആറില്‍ പറയുന്നത്. പ്രൊഫസര്‍ മഹ്‌മൂദാബാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ മെയ് 12 ന് തന്റെ മുമ്പാകെ ഹാജരാകാത്തതിന് മഹ്‌മൂദാബാദ് കോടതിയലക്ഷ്യം നടത്തിയെന്നു കാണിച്ച് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേണു ഭാട്ടിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രൊഫസറുടെ അഭിഭാഷകര്‍ മെയ് 14 ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ് മുന്നില്‍ ഹാജരായിരുന്നതായും പറയുന്നുണ്ട്.

ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 152 പ്രകാരം ‘ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍’ എന്ന ഗുരുതരമായ കുറ്റം ചുമത്തിയാണ് പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിനെതിരെ ബിജെപി നേതാവിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധമായ ആരോപണങ്ങള്‍, അവകാശവാദങ്ങള്‍; ഏതെങ്കിലും വിഭാഗം പൗരന്മാരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വവും ദ്രോഹപരവുമായ പ്രവൃത്തികള്‍; മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ, ജാതി അല്ലെങ്കില്‍ സമൂഹം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത സംഘങ്ങള്‍ക്കിടയില്‍ ശത്രുത, അല്ലെങ്കില്‍ വിദ്വേഷം എന്നിവ പ്രോത്സാഹിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക എന്നീ കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് ദി വയ്ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേണു ഭാട്ടിയയുടെ പരാതിയില്‍ ബിഎന്‍എസിന്റെ 353, 79, 152, 169 (1) വകുപ്പുകള്‍ പ്രകാരമാണ് രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഡിസിപി സോണിപത്ത് (ക്രൈം) നരേന്ദ്ര സിംഗ് പറഞ്ഞതായും ദി വയ്ര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊഫസര്‍ മഹ്‌മൂദാബാദിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയോട് ആവശ്യപ്പെടുമെന്നും ഡിസിപി പറയുന്നുണ്ട്.

യൂണിഫോമിലുള്ള സ്ത്രീകളെ, പ്രത്യേകിച്ച് കേണല്‍ സോഫിയ ഖുറേഷിയെയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗിനെയും അപമാനിച്ചുവെന്നും ഇന്ത്യന്‍ സായുധ സേനയിലെ പ്രൊഫഷണല്‍ ഓഫീസര്‍മാര്‍ എന്ന നിലയിലുള്ള അവരുടെ പങ്ക് ദുര്‍ബലപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേണു ഭാട്ടിയ പ്രൊഫസര്‍ മഹ്‌മൂദാബാദിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരേ ക്രിമനല്‍ കുറ്റങ്ങള്‍ ചാര്‍ത്തുന്നത്.

ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ചുള്ള രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളില്‍, ‘വംശഹത്യ’, ‘മനുഷ്യത്വ ലംഘനം’, ‘കാപട്യം’ എന്നിവയെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങളിലൂടെ വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുകയും അതുവഴി സര്‍ക്കാരിനും ഇന്ത്യന്‍ സായുധ സേനയ്ക്കും നേരെ ദ്രോഹകരമായ വര്‍ഗീയ ഉദ്ദേശ്യം ആരോപിക്കുകയും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനും ആഭ്യന്തര സമാധാനം തകര്‍ക്കാനും പ്രൊഫസര്‍ ശ്രമിച്ചുവെന്നാണ് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ ആരോപണം.

യുദ്ധത്തോടുള്ള ആവേശത്തെക്കുറിച്ചും അതിന്റെ മനുഷ്യച്ചെലവിനെക്കുറിച്ചുമാണ് പ്രൊഫസര്‍ മഹ്‌മൂദാബാദ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. ഇന്ത്യയുടെ സൈനിക നടപടിയുടെ ഫലപ്രാപ്തിയെ അദ്ദേഹം ചോദ്യം ചെയ്യുന്നുവെന്നാണ് ആരോപണം. സൈനിക നേട്ടങ്ങളുടെ അവതരണവും അവയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യവും തമ്മില്‍ പൊരുത്തക്കേട് ഉള്ളതായി പ്രൊഫസര്‍ പറയുന്നുണ്ടെന്നും പരാതിയുണ്ട്. തന്റെ രണ്ട് വ്യത്യസ്ത ഫേസ്ബുക്ക് പോസ്റ്റുകളില്‍, പ്രൊഫസര്‍ മഹ്‌മൂദാബാദ് ‘യുദ്ധത്തിനായുള്ള അന്ധമായ രക്തദാഹത്തെ’ക്കുറിച്ച് വിളിച്ചുപറയുന്നുണ്ട്. സായുധ സംഘട്ടനത്തിലെ മനുഷ്യച്ചെലവിനെക്കുറിച്ചുള്ള ആശങ്കകളുമുണ്ട്. ഇന്ത്യയുടെ സൈനിക നടപടിക്ക് ശേഷം ‘രണ്ട് വനിതാ സൈനികര്‍ അവരുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍’ പ്രധാനമാണെന്നും എന്നാല്‍ ‘ദൃശ്യങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടണം, അല്ലാത്തപക്ഷം അത് വെറും കാപട്യം മാത്രമാണെന്നും പ്രൊഫസര്‍ പറയുന്നുണ്ട്. ഈ വീക്ഷണങ്ങളാണ് വനിത സൈനിക ഓഫിസര്‍മാരെ അപമാനിച്ചുവെന്നതടക്കമുള്ള പരാതികള്‍ക്ക് അടിസ്ഥാനമാക്കിയിരിക്കുന്നത്.

മെയ് 12 ന് വനിത കമ്മീഷന്റെ പരാതിയില്‍ പ്രൊഫസര്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്, തന്റെ പരാമര്‍ശങ്ങള്‍ ‘പൂര്‍ണ്ണമായും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു’ എന്നാണ്. ‘സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ സായുധ സേനയുടെ ദൃഢനിശ്ചയത്തോടെയുള്ള നടപടിയെ അഭിനന്ദിക്കുന്നതിനും, അതേസമയം വിദ്വേഷം പ്രസംഗിക്കുകയും ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ വിമര്‍ശിക്കുന്നതിനുമായി തന്റെ മൗലികാവകാശം താന്‍ വിനിയോഗിക്കുകയായിരുന്നുവെന്നുമാണ് പ്രൊഫസര്‍ പറയുന്നത്.  Facebook posts about Operation Sindhur; Ashoka University professor charged with serious charges including sedition

Content Summary; Facebook posts about Operation Sindhur; Ashoka University professor charged with serious charges including sedition

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×