കിട്ടുന്ന പണം മുഖ്യമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ മോഷ്ടിക്കാനൊക്കില്ല, വകമാറ്റാനും സാധിക്കില്ല. സര്‍ക്കാര്‍ ഖജനാവിലേക്കാണ് പണം വരുന്നത്.
ദുരന്തത്തിന്റെ മറവില്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത്! വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുകയെന്ന പേരില്‍ കുറെ കണക്കുകള്‍ മാധ്യമങ്ങള്‍ ഓഡിറ്റ് നടത്തിയിരുന്നു. വലിയ ചര്‍ച്ചകളും കുറ്റപ്പെടുത്തലുകളും ഉണ്ടായി. ഒടുവില്‍, ആ കണക്കുകള്‍ വയനാട്ടില്‍ ചെലവഴിച്ചതല്ലെന്നും കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റഡ് പ്രൊജക്ഷന്‍സ് ആണെന്നുമുള്ള വ്യക്തത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നല്‍കിയപ്പോഴാണ്, ഒരു വിഭാഗമെങ്കിലും ‘ ധൂര്‍ത്ത്’ വിചാരണയില്‍ നിന്ന് പിന്മാറാന്‍ തയ്യാറായത്.
എങ്കിലും ഞങ്ങള്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന വാശി ഉപേക്ഷിക്കാന്‍ കൂടുതല്‍ പേരും തയ്യാറായില്ല. കേന്ദ്ര സര്‍ക്കാരിന് എന്തിന് ഇരട്ടിപ്പിച്ച കണക്ക് കൊടുക്കുന്നു എന്നതിലായി പിന്നാലെയുള്ള ചര്‍ച്ചകളും ചോദ്യങ്ങളും.
ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം രൂപീകരിച്ചിരിക്കുന്ന ഒന്നാണ് ദുരന്ത നിവാരണ നിധി. സംസ്ഥാനതലത്തിലും കേന്ദ്ര തലത്തിലും ഇവയുണ്ട്. സംസ്ഥാന തലത്തില്‍, സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്ട്‌സ് ഫണ്ട് അഥവ എസ്ഡിആര്‍എഫ് എന്നും കേന്ദ്രതലത്തില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്ട്‌സ് ഫണ്ട്- എന്‍ഡിആര്‍എഫ് എന്നുമാണ് അറിയപ്പെടുന്നത്. ഓരോ സംസ്ഥാനത്തിനും ഓരോ കൊല്ലവും സിഡിആര്‍എഫിലേക്ക് എത്ര തുക കേന്ദ്ര സഹായമായി നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്നത് അതാത് കാലത്തെ ധന കമ്മീഷനാണ്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നത് നോണ്‍-ലാപ്‌സെബിള്‍ ഫണ്ടാണ് (Non Lapsable Fund). അത് ചെലവഴിക്കുന്നതിന് സെന്‍ട്രല്‍ ഗവണ്‍മെന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിന് കീഴില്‍ ഒരു മാനദണ്ഡം ഉണ്ടാക്കിയിട്ടുണ്ട്. ഒരു വ്യക്തി മരിച്ചാല്‍ എത്ര രൂപ കൊടുക്കണം, അംഗവൈകല്യം ഉണ്ടായാല്‍ എത്ര, തീരപ്രദേശത്ത് ഒരു വീട് തകര്‍ന്നാല്‍ എത്ര നല്‍കണം, കുന്നിന്‍മേഖലയിലുള്ള വീട് തകര്‍ന്നാല്‍ എത്ര രൂപ നല്‍കണം എന്നിങ്ങനെ ഓരോ മാനദണ്ഡം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനെ മറി കടന്ന് ഒരു രൂപ പോലും സംസ്ഥാനത്തിന് എസ്ഡിആര്‍എഫില്‍ നിന്ന് എടുത്ത് ചെലവാക്കാന്‍ സാധിക്കില്ല.
ഉദ്ദാഹരണത്തിന്, മലയോര മേഖലയിലെ ഒരു വീട് നശിച്ചാല്‍ മാനദണ്ഡമനുസരിച്ച് കൊടുക്കാന്‍ കഴിയുന്നത് 1.3 ലക്ഷം രൂപയാണ്. കേരളം തീരുമാനിച്ചിരിക്കുന്നത് ആയിരം സ്‌ക്വയര്‍ ഫീറ്റിലുള്ള വീടുകള്‍ നിര്‍മിക്കാനാണ്. അങ്ങനെയൊരു വീടിന് കണക്കാക്കുന്ന എസ്റ്റിമേറ്റ് 15 ലക്ഷമാണ്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് കിട്ടുന്ന 1.3 ലക്ഷം കഴിഞ്ഞുള്ള ബാക്കി തുക സംസ്ഥാനം എവിടെ നിന്നാണ് കണ്ടെത്തുക?
കേരളം നേരിട്ടിരിക്കുന്നത് സാധാരണ ഗതിയിലുള്ള ദുരന്തമല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിവേദനം കൊടുക്കും. ആ നിവേദനത്തില്‍ ഓരോ നഷ്ടത്തിനും എസ്ഡിആര്‍എഫ് മമാനദണ്ഡപ്രകാരം ഉപയോഗിക്കുന്ന തുകയ്ക്ക് പുറമെ(ആ തുക കണക്കില്‍ കാണിക്കും) പുനര്‍നിര്‍മാണം നടത്തണമെങ്കില്‍ യഥാര്‍ത്ഥത്തില്‍ വേണ്ട തുക എത്രയാണെന്ന് പ്രത്യേകം പറയും. അതാണ് ‘ ആക്ച്വല്‍സ്(Actuals) ആയി കാണിക്കുന്നത്. എല്ലാ വര്‍ഷവും സാധാരണയായി തരുന്ന സഹായങ്ങളില്‍ നിന്ന് കൂടുതലായി ഒരു അധിക സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് Actuals കാണിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും, കേരളം എല്ലാക്കാലവും ഇങ്ങനെ തന്നെയാണ് ചെയ്തിരിക്കുന്നത്.
ഒരു ദുരന്തത്തില്‍, ചില ഇനങ്ങള്‍ മാനദണ്ഡത്തിന് പുറത്തുള്ളതാണ്. ഉദ്ദാഹരണത്തിന് ചാലിയാര്‍ പുഴയെടുക്കാം. ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചാലിയാറിന്റെ എക്കല്‍ 185 ശതമാനം കണ്ട് കൂടിയിട്ടുണ്ട്. മണ്ണും കല്ലുമെല്ലാം താഴേക്ക് ഒഴുകി വന്ന് ഏകദേശം എട്ട് കിലോമീറ്ററോളം പുഴ മൂടിപ്പോയിട്ടുണ്ട്. അതെല്ലാം നീക്കം ചെയ്ത് പഴയപോലെ ആക്കണമെങ്കില്‍ എന്തു ചെയ്യും? ഇത് എസ്ഡിആര്‍എഫ് മാനദണ്ഡത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്ത് ചെലവാകുമെന്ന് മതിപ്പ് കണക്കുകള്‍ പറയാനെ സാധ്യമാകു. നമുക്ക് ചെയ്യാനാവുക, വസ്തുതകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ബോധിപ്പിക്കാന്‍ ശ്രമിക്കുകയെന്നതാണ്. അവര്‍ക്കത് ബോധ്യപ്പെട്ടാല്‍, അവരുടെ ഇംഗിതത്തിന് അനുസരിച്ച് തുക അനുവദിക്കാം. അതിന് വേണ്ടി സംസ്ഥാനം ചെയ്യുന്നത് ഏകദേശ എസ്റ്റിമേറ്റ് വച്ച്, എത്ര രൂപ വരും എന്ന് കണക്കാക്കി ആ തുക ഒരു ആക്ച്വല്‍ കോസ്റ്റ് ആയി കാണിക്കുകയാണ്. അതായത്, മാനദണ്ഡത്തിലില്ലാത്ത കാര്യം, പ്രത്യേകമായി ചോദിക്കുന്നു. ഇങ്ങനെ പ്രത്യേകമായി ആവശ്യപ്പെട്ട തുകയാണ്, അധിക തുകയായി പറയുന്നത്.
ഇവിടെ ആക്ഷേപം വരുന്നത്, സന്നദ്ധ സേവകരുടെ യാത്ര ചെലവ്, മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് തുടങ്ങിയ കാര്യങ്ങളിലാണ്. വോണ്ടിയര്‍മാരുടെ ഗതാഗതത്തിന് 4 കോടി എന്നാണ് പറഞ്ഞിരിക്കുന്നത്. ആ പണം കേന്ദ്ര സര്‍ക്കാര്‍ തിരികെ തരികയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യമായി സാധിക്കുമോ? ഇല്ല. ഏതൊരു സര്‍ക്കാര്‍ ഫണ്ടും ചെലവഴിക്കാന്‍ പറ്റുന്നതുപോലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാത്രമേ അതും ചെലവഴിക്കാന്‍ സാധിക്കു. വാഹനം വാടകയ്ക്ക് എടുത്തതാണെങ്കില്‍, ഓരോ തരത്തിലുള്ള വാഹനത്തിനും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച നിരക്കുണ്ട്, ആ നിരക്ക് അനുസരിച്ച് മാത്രമേ നല്‍കാനാകൂ.
സന്നദ്ധപ്രവര്‍ത്തകര്‍ അവരുടെ സ്വന്തം നിലയ്ക്ക് വന്നതല്ലേ, അതിനെന്തിനാ കേന്ദ്ര സര്‍ക്കാരിനോട് കാശ് ചോദിക്കുന്നതെന്നാണ് ചോദ്യം. ആ ഇനത്തില്‍ പണം കിട്ടിയാല്‍ അത് സംസ്ഥാനത്തിന് പ്രയോജനമാണ്. കിട്ടുന്ന പണം മുഖ്യമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ മോഷ്ടിക്കാനൊക്കില്ല, വകമാറ്റാനും സാധിക്കില്ല. സര്‍ക്കാര്‍ ഖജനാവിലേക്കാണ് പണം വരുന്നത്. മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തിയാണ് സംസ്‌കാരിച്ചിരിക്കുന്നത്. ഡിഎന്‍എ പരിശോധന നടത്താന്‍ 25,000 മുതല്‍ 30,000 വരെ വന്ന ചെലവ് സര്‍ക്കാരാണ് വഹിച്ചിരിക്കുന്നത്. ആ പണവും തിരിച്ചു വാങ്ങിച്ചെടുക്കുന്നതില്‍ എന്താണ് തെറ്റ്?
ചാലിയാര്‍ പുഴ വൃത്തിയാക്കാന്‍ 100 കോടി കേന്ദ്രം നല്‍കിയെന്നിരിക്കട്ടെ. അതെങ്ങനെ ചെലവാക്കും? സംസ്ഥാന സര്‍ക്കാരിന് തോന്നും പോലെ ചെയ്യാനൊക്കില്ല. അംഗീകൃത നിരക്ക് പ്രകാരമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കണം. ആ എസ്റ്റിമേറ്റിന് അഡ്മിനിസ്‌ട്രേഷന്‍/ ടെക്‌നിക്കല്‍ അനുമതികള്‍ ആവശ്യമാണ്. അതിനുശേഷം ടെണ്ടര്‍ വിളിക്കണം. ടെണ്ടര്‍ എടുക്കുന്ന കോണ്‍ട്രാക്ടര്‍ക്കാണ് പണം നല്‍കുന്നത്. സര്‍ക്കാര്‍ വകുപ്പ് നേരിട്ടാണ് ജോലി ഏറ്റെടുക്കുന്നതെങ്കിലും അംഗീകൃത നിരക്ക് അനുസരിച്ച് മാത്രമേ പണം ഉപയോഗിക്കാനാകൂ.
വയനാട് ദുരന്തം സമാനതകളില്ലാത്തതാണ്. അതില്‍ നിന്നും കര കയറണമെങ്കില്‍ നമുക്ക് അധിക സഹായം കിട്ടിയേ തീരൂ. എന്തൊക്കെ ചെലവാണ് ഇനി വരുന്നതെന്ന് ഇപ്പോള്‍ പറയാനാകില്ല. 2018 ലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ നേവി വാങ്ങിച്ചെടുത്തത് 130 കോടിയാണ്. എവിടെയെങ്കിലും എസ്റ്റിമേറ്റ് ചെയ്ത തുകയായിരുന്നില്ലത്. കേരള സര്‍ക്കാരിന്റെ കൈയില്‍ നിന്നാണ് ആ പണം പോയത്. ദുരന്ത നിവാരണ ഫണ്ട് ചോദിക്കുകയെന്നാല്‍, കേരളത്തില്‍ നിന്ന് പിരിച്ചു കൊണ്ടു പോകുന്ന നികുതിയില്‍ നിന്ന് ഒരു ഭാഗം തിരിച്ചു ചോദിക്കുക മാത്രമാണ് ചെയ്യുന്നത്. അതാരുടെയും ഔദാര്യമല്ല, അവകാശമാണ്. ആ അവകാശം കിട്ടാന്‍ വേണ്ടിയുള്ള നിവേദനമാണ് കേരളം ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. അതിനെ ധൂര്‍ത്ത് എന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുക?
കേരളം നേരിട്ടത് ഒരു പ്രത്യേക ദുരന്തമാണ്. ആ ദുരന്തത്തില്‍ നമുക്ക് സവിശേഷമാ സഹായം ആവശ്യമാണ് എന്ന് വ്യക്തമാക്കി ഒരു നിവേദനം കൊടുത്തിരിക്കുന്നു. അതെങ്ങനെയാണ് ധൂര്‍ത്താകുന്നത്?
എല്ലാ സര്‍ക്കാരുകളും ഇതേ പോലെ തന്നെയാണ് കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്. 2012-2013 ലെ വെള്ളപ്പൊക്ക/ ഉരുള്‍പൊട്ടല്‍ സമയത്ത് കൊടുത്ത മെമ്മോറാണ്ടത്തില്‍ 1428.75 കോടിയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കിട്ടിയത് 15.96 കോടിയും. അതേ വര്‍ഷത്തെ വരള്‍ച്ചയ്ക്ക് ആവശ്യപ്പെട്ട പ്രത്യേക സഹായം 4429. 61 കോടിയും കിട്ടിയത് 61.74 കോടിയും. 2012 ലെ തന്നെ മറ്റൊരു വരള്‍ച്ച ദുരിതാശ്വാസ നിവേദത്തില്‍ ചോദിച്ചത് 3464.01 കോടിയാണ്, തന്നത് 18.31 കോടിയും.
കേരളം ചെയ്യുന്നത്, അമിതമായി എന്തെങ്കിലും ചോദിക്കുകയല്ല. കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രത്തിന്റെ കൈയില്‍ നിന്ന് വാങ്ങിയെടുക്കുകയാണ്. ഈ സംസ്ഥാനത്ത് നിന്ന് പിരിച്ചു കൊണ്ടു പോകുന്ന നികുതിയില്‍ നിന്നൊരു ഭാഗം കേരളത്തിന് കിട്ടേണ്ടതാണ്.
അപ്പോഴുള്ള മറ്റൊരു ചോദ്യം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന കോടികളോ? എന്നതാണ്. സിഎംഡിആര്‍എഫില്‍ നിന്നുള്ള പണം എന്തിനാണ് ഉപയോഗിക്കുന്നത്?
കേന്ദ്ര മാനദണ്ഡ പ്രകാരം മരിച്ച ഒരു വ്യക്തിക്ക് 4 ലക്ഷമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത്. കേരളം നല്‍കുന്നത് 6 ലക്ഷമാണ്. ബാക്കി രണ്ട് ലക്ഷം എങ്ങനെയാണ് കണ്ടെത്തുന്നത്? അത് സിഎംഡിആര്‍എഫില്‍ നിന്നാണ്. വീട് വയ്ക്കാന്‍ 1.3 ലക്ഷമാണ് മാനദണ്ഡപ്രകാരം കിട്ടുന്നത്, കേരളം 15 ലക്ഷത്തിന്റെ വീടാണ് വച്ചുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്, ബാക്കി പണം സിഎംഡിആര്‍എഫില്‍ നിന്നെടുക്കണം. 300 രൂപ വച്ച് മൂന്നു മാസത്തേക്ക് ഗ്രാറ്റിയൂട്ടറി അലവന്‍സ് കൊടുക്കുന്നുണ്ട്. ഇതുപോലെ അനവരതം ചെലവുകളുണ്ട്. ദുരന്തം നടന്ന് മുപ്പത്തിരണ്ടാമത്തെ ദിവസം മുണ്ടൈക്കയിലെ തകര്‍ന്ന സ്‌കൂള്‍ തുറന്ന് പഠനം ആരംഭിക്കുന്നു, ഇകേരളത്തില്‍ അല്ലാതെ മറ്റെവിടെയും നടക്കാത്ത കാര്യം. അതിനുള്ള ചെലവ് എവിടെ നിന്നാണെടുക്കുന്നത്?
സിഎംഡിആര്‍എഫ് എന്നാല്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ തോന്നുമ്പോലെ ചെലവഴിക്കാന്‍ സാധിക്കുന്ന ഒന്നല്ല. സി ആന്‍ഡ് എജി ഓഡിറ്റ് കൂടാതെ വേറെയും നിയമപ്രകാരമുള്ള ഓഡിറ്റുകള്‍ക്ക് വിധേയമാണത്. മുഖ്യമന്ത്രിയല്ല, ധനകാര്യ സെക്രട്ടറിയാണ് സിഎംഡിആര്‍എഫിന്റെ കസ്റ്റോഡിയന്‍. സര്‍ക്കാര്‍ ഖജനാവിലേക്കല്ല പണം ചെല്ലുന്നത്, സിഎംഡിആര്‍ഫ് പ്രത്യേക അകൗണ്ടാണ്. ധനകാര്യ സെക്രട്ടറി ചെക്ക് ഒപ്പിട്ടാല്‍ മാത്രമാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് വന്നാലാണ് ധനകാര്യ സെക്രട്ടറി ചെക്ക് ഒപ്പിടുന്നത്. ഓരോ തട്ടിലും എത്ര രൂപ അനുവദിക്കാന്‍ സാധിക്കുമെന്നതിനൊക്കെ കണക്കുണ്ട്. ജില്ല കളക്ടര്‍, റവന്യൂ കമ്മീഷണര്‍, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കൊക്കെ എത്രയെത്ര രൂപ വീതം അനുവദിക്കാമെന്നതിന് കണക്കുണ്ട്. അതിനും മുകളില്‍ പണം അനുവദിക്കണമെങ്കില്‍ കാബിനറ്റ് തീരുമാനിക്കണം. അതിന്‍ പ്രകാരം റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി, ധനകാര്യ സെക്രട്ടറി ചെക്ക് ഒപ്പിടുന്ന മുറയ്ക്കാണ് പണം പിന്‍വലിക്കാന്‍ സാധിക്കുന്നത്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്. എന്നിട്ടും ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ എന്ത് ലക്ഷ്യത്തിലാണെന്നത് തിരിച്ചറിഞ്ഞ്, അതില്‍ വ്യക്തതയും മറുപടിയും നല്‍കേണ്ടത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
content summary; Facts that are built in the trial of fraud Wayanad land slide