ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വോട്ടര്‍ പട്ടികയിലെ ‘പ്രത്യേക തീവ്ര തിരുത്തലുകള്‍’ (സര്‍) തികച്ചും അസംബന്ധമാണെന്ന് വാദിച്ച് കൊണ്ട് തിരഞ്ഞൈടുപ്പ് വിശാരദനായ പ്രൊഫ.യോഗേന്ദ്ര യാദവ് പട്ടികയില്‍ മരിച്ചവരായി രേഖപ്പെടുത്തിയ രണ്ട് പേരെ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു. ബിഹാറിലെ വാല്‍മീകി നഗര്‍ മണ്ഡലത്തില്‍ ഉത്തര്‍പ്രദേശിലെ വിവിധ മണ്ഡലങ്ങളില്‍ വോട്ടുകളുള്ള അയ്യായിരത്തോളം പേരുണ്ട് എന്ന് ചൂണ്ടിക്കാണിച്ച ‘റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്’ തയ്യാറാക്കിയ അന്വേഷണാത്മക റിപ്പോര്‍ട്ട് ‘അഴിമുഖം’ അടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. തൃശൂരില്‍ നിന്നും രാജ്യത്തെ വിവിധ മണ്ഡലങ്ങളില്‍ നിന്നും വ്യാജവോട്ടുകള്‍ ഇല്ലാത്തത് സൃഷ്ടിക്കപ്പെട്ടതിനെ കുറിച്ചുള്ള വിവിധ റിപ്പോര്‍ട്ടുകളാണ് അനുദിനം മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് കൊണ്ടുവരുന്നത്. ഇതെല്ലാം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സംഘവും ആറുമാസക്കാലത്തിലേറെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികകള്‍ പഠിച്ച് തയ്യാറാക്കിയ ‘രേഖകളുടെ’ പശ്ചാത്തലത്തിലാണ്. പ്രതിപക്ഷമൊന്നാകെ ഇക്കാര്യത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിയെ കുറ്റപ്പെടുത്തുകയും ‘തിരഞ്ഞെടുപ്പ് അട്ടിമറി’യും ‘വോട്ട് മോഷണ’വുമാണ് നടന്നതെന്ന് ആരോപിക്കുകയും ചെയ്യുമ്പോള്‍ മൂന്ന് പതിറ്റാണ്ടിന് മുമ്പ് രാജ്യത്ത് ചര്‍ച്ചയായ വി.എച്ച്.പിയുടെ ‘രക്തസാക്ഷി പട്ടിക’യും അതിലെ കൃത്രിമം പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരും വീണ്ടും ഓര്‍മ്മിക്കപ്പെടുന്നു.
1991 മേയ് 24ന്റെ ലക്കത്തില്‍ ‘ഫ്രണ്ട്ലൈന്‍’ മാഗസിന്‍ പ്രസിദ്ധീകരിച്ച ‘മരിച്ചവര്‍ തിരിച്ചുവരുമ്പോള്‍’ എന്ന വാര്‍ത്തയിലൂടെയാണ് ഇത്തരത്തിലുള്ള ഒരു വ്യാജപട്ടികയെ മലയാളി മാധ്യമപ്രവര്‍ത്തകനായ വെങ്കിടേഷ് രാമകൃഷ്ണനും ഹിന്ദി മാധ്യമപ്രവര്‍ത്തകനായ ശീതള്‍ പി.സിംഗും ചേര്‍ന്ന് പുറത്ത് മറനീക്കി കാണിക്കുന്നത്. തൊണ്ണൂറുകളുടെ ആദ്യം മുതല്‍ കര്‍സേവകര്‍ എന്ന പേരില്‍ ബാബറിപള്ളി പൊളിക്കാനുള്ള വി.എച്ച്.പിആര്‍.എസ്.എസ് സൈനികര്‍ അയോധ്യയിലേയ്ക്ക് വിവിധദേശങ്ങളില്‍ നിന്ന് പ്രകടനം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളാണ് ഇതിന്റെ ആരംഭം. ദേശീയ തലത്തില്‍ രാഷ്ട്രീയ അസന്തുലിതാവസ്ഥ നിലനിന്നിരുന്ന കാലമായതിനാല്‍ തന്നെ വി.എച്ച്.പിയുടെ ഈ കലാപം ദേശീയ ശ്രദ്ധയിലേയ്ക്ക് വന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് അയോധ്യയിലേയ്ക്ക് ആയുധങ്ങളുമായി മാര്‍ച്ച് ചെയ്ത കര്‍സേവകര്‍ പ്രദേശികമായി സൃഷ്ടിച്ച കലാപങ്ങളെ തുടര്‍ന്ന് വെടിവെയ്പുകളും ലാത്തി ചാര്‍ജ്ജുകളുമുണ്ടായി.
പോലീസ് വെടിവയ്പില്‍ 15 കര്‍സേവര്‍ അയോധ്യയില്‍ കൊല ചെയ്യപ്പെട്ടു എന്ന കാര്യം അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ 1990 ഡിസംബറില്‍ തന്നെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ 1991 ഫെബ്രുവരിയില്‍ വി.എച്ച്.പിയും ആര്‍.എസ്.എസും 59 രക്തിസാക്ഷികളുടെ പട്ടികയുമായി പുറത്തുവന്നു. ഈ പട്ടികയില്‍ അവരുടെ ചിത്രങ്ങളും വിശദാംശങ്ങളുമുണ്ടായിരുന്നു. 36 പേര്‍ അയോധ്യയില്‍ കൊല്ലപ്പെട്ടവര്‍, മറ്റുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് രാംജന്മഭൂമിയ്ക്ക് വേണ്ടി കൊല്ലപ്പെട്ടവര്‍. രാജ്യം മുഴുവന്‍ ഈ 59 പേരുടെ ചിത്രങ്ങളും വിലാസവും പ്രായവുമെല്ലാം അടങ്ങുന്ന പോസ്റ്ററുകള്‍ നിരന്നു. അത് വലിയ വൈകാരിക പ്രക്ഷോഭത്തിന് വഴി തെളിച്ചു. എന്നാല്‍ ഈ പട്ടികയില്‍ ഉള്ളവരില്‍ നാലുപേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും പലരും എത്രയോ മുന്നേ മരിച്ചതാണെന്നും ചില മേല്‍വിലാസങ്ങളില്‍ ആ പേരിലോ അത്തരത്തിലോ ഉള്ള ആരുമില്ലെന്നും ചില മേല്‍വിലാസം തന്നെ ഇല്ലെന്നും ചിലരൊക്കെ നാടുവിട്ടവരും നേരത്തേ കാണാതായവരുമാണ് എന്നുമെല്ലാമടങ്ങിയതായിരുന്നു ആ വാര്‍ത്ത.
ഇതേ വാര്‍ത്ത പ്രസിദ്ധീകരിക്കാനിടയായ സാഹചര്യത്തെ കുറിച്ച വെങ്കിടേഷ് രാമകൃഷ്ണന്‍ നേരത്തേ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്:
”രാമജന്മഭൂമി കലാപം നടക്കുന്ന കാലമായതിനാല്‍ തുടര്‍ച്ചയായി ഉത്തര്‍പ്രദേശ് യാത്ര നടത്തുന്ന കാലമാണ്. ഈ ഘട്ടത്തില്‍ മുലായം സിംഗുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹമാണ് ഉറപ്പിച്ച് പറയുന്നത് 21 പേരേ കൊല്ലപ്പെട്ടുള്ളൂ എന്ന്. അങ്ങനെയിരിക്കെ മറ്റാരു സ്റ്റോറിയുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തിയിലേയ്ക്ക് സഞ്ചരിക്കുന്ന ഘട്ടത്തില്‍ ഹിന്ദി പത്രപ്രവര്‍ത്തകനായ ശീതള്‍ പി.സിംഗ് വിളിക്കുന്നു. ശീതള്‍ ലഖ്‌നൗവിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. അക്കാലം മുതല്‍ ശീതളിനെ എനിക്കറിയാം. അമര്‍ ഉജാലയിലെ സ്റ്റോറി എന്റെ ശ്രദ്ധയില്‍ പെടുത്താനാണ് ശീതള്‍ വിളിക്കുന്നത്. കൊല്ലപ്പെട്ടു എന്ന വി.എച്ച്.പി പറയുന്ന ഒരാള്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നതാണ് അത്. ശീതള്‍ പി.സിംഗ് എന്ന എസ്.പി സിംഗുമായി ഞാനിത് ചര്‍ച്ച ചെയ്തു. ഒരാളെ ജീവനോടെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ വിഎച്ച്പിയുടെ പട്ടിക മുഴുവനായി അന്വേഷിക്കണമെന്ന് ഞങ്ങള്‍ക്ക തോന്നി. പക്ഷേ ഇതിന് വേണ്ട അന്വേഷണം നടത്താനുള്ള റിസോഴ്‌സസ് ഞങ്ങളുടെ രണ്ടു പേരുടെ പക്കലുമില്ല. കൊല്‍ക്കത്തയിലെത്തിയപ്പോള്‍ ഞാന്‍ റാമിനെ വിളിച്ചു, അവിടത്തെ ഫ്രണ്ട് ലൈന്‍ ഓഫീസില്‍ നിന്നാണ് വിളിക്കുന്നത്. യു.പി.യില്‍ മാത്രം 26 പേരുണ്ട്. ആ വിലാസങ്ങള്‍ മുഴുവന്‍ അന്വേഷിക്കണം. ഒരാള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഒരു പ്രാദേശിക പത്രം പറയുന്നു. അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഒരു വലിയ സ്റ്റോറിയുണ്ടായേക്കാം. ചിലപ്പോള്‍ ഒന്നുമുണ്ടാകില്ല. നിങ്ങള്‍ക്ക് അതിന് താത്പര്യമുണ്ടോയെന്നായിരുന്നു എന്റെ ചോദ്യം. ഉടന്‍ വിവരം തരാമെന്നും അവിടെ തന്നെ കാത്തിരിക്കൂ എന്നുമാണ് റാം പറഞ്ഞത്. ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം റാം എന്നെ വിളിച്ചു. ലക്‌നൗവിലേക്ക് ചെല്ലാനും അത് അന്വേഷിക്കാനും റാം പറഞ്ഞു. ചിലവിനെക്കുറിച്ചുള്ള എന്റെ ആശങ്ക റാം പരിഹരിക്കാമെന്നും പറഞ്ഞു. ഉടന്‍ ഞാന്‍ എസ്.പി.സിംഗിനെ വിളിച്ച് രാത്രിയില്‍ ലഖ്‌നൗവില്‍ എത്തുമെന്നും നമ്മള്‍ ഒന്നിച്ച് യാത്ര ചെയ്ത് 26 പേരെയും കുറിച്ച് വിശദമായി അന്വേഷിക്കുന്നുവെന്നും പറഞ്ഞു. അപ്പോള്‍ തന്നെ ലഖ്‌നൗവിലേയ്ക്കുള്ള വിമാനടിക്കറ്റ് എനിക്ക് ഫ്രണ്ട്‌ലൈന്‍ ഓഫീസില്‍ നിന്ന് തന്നെ ലഭിച്ചു. രാത്രി ലഖ്‌നൗവിലെത്തി. ഒരു മാരുതി ഒമ്‌നി വാടകയ്ക്ക് എടുത്ത് യാത്ര തുടങ്ങി. ഉത്തര്‍പ്രദേശ് മുഴുവന്‍ അതിലാണ് യാത്ര ചെയ്തത്. മൂന്ന് ദിവസം താമസിച്ചതും കാറിനുള്ളില്‍ തന്നെയാണ്. അന്നത്തെ കാലത്ത് ഏതാണ്ട് 28000 രൂപയാണ് കാര്‍ വാടക മാത്രമായത്. ഡല്‍ഹിയില്‍ എത്തുന്ന സമയം റാമിനെ വിളിച്ച് പറഞ്ഞിരുന്നു. ഐ.എന്‍.എസില്‍ (ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ആസ്ഥാനം) എനിക്കും എസ്.പി.സിംഗിനും ഒരു മുറി ബുക്ക് ചെയ്തിരുന്നു. അവിടെ ഇരുന്ന് കൈ കൊണ്ടെഴുതിയാണ് ഫാക്‌സ് ചെയ്തത്. പക്ഷേ അത് ഒരു ഭയങ്കര അനുഭവമായിരുന്നു. 38 പേജുണ്ടായിരുന്നു സറ്റോറി. ഈ കോപ്പി വായിച്ചിട്ട് റാം വിളിച്ചു. സാധാരണ ഗതിയില്‍ ഏത് കോപ്പി ഫയല്‍ ചെയ്താലും റാമിന് ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും എന്നത് ഹിന്ദുവില്‍ പലരും അടക്കം പറയുന്ന കാര്യമാണ്. ഇത് വായിച്ചിട്ട് റാം പറഞ്ഞത്, ‘വെങ്കിടേഷ്, ഐ ഹാവ് നോ ക്വസ്റ്റ്യന്‍സ്’ എന്നാണ്.”
അത്തരത്തിലുള്ള സംഭവങ്ങള്‍ വീണ്ടും നടന്നിട്ടുണ്ട്. 2017 ജൂലായില്‍ ബി.ജെ.പിയുടെ നേതാവും അക്കാലത്ത് എം.പിയുമായ ശോഭ കരന്തലാജെ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായ രാജ്നാഥ് സിങ്ങിന് ഒരു കത്തയച്ചു. 23 ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ നാലുവര്‍ഷത്തിനിടയില്‍ ജിഹാദികളാല്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം. അക്കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത വര്‍ഗ്ഗീയ വിഭജനം നടത്തുകയാണെന്നും ശോഭ കരന്തലാജെയുടെ കത്തിലുണ്ടായിരുന്നു. അവരുടെ ചിത്രവും പുറത്ത് വിട്ട് പിന്നീട് അതൊരു വലിയ സംഭവമാക്കി ബി.ജെ.പി മാറ്റി.
ബിജെപി പുറത്തു വിട്ട ചിത്രം- കടപ്പാട് scroll.in
അന്നത്തെ മുഖ്യമന്ത്രി യെദ്യൂരപ്പ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു. മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ അതില്‍ ഒരാള്‍ അപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും രണ്ട് പേര്‍ നേരത്തേ ആത്മഹത്യ ചെയ്തതാണെന്നും മാത്രമല്ല, പലരുടേയും മരണത്തിന് ശോഭ കരന്തലാജെ അവകാശപ്പെടുന്ന മാതിരി പോപുലര്‍ ഫ്രണ്ട് എന്ന സംഘടനയുമായി ഒരു ബന്ധമില്ലായിരുന്നു. ചിലര്‍ വസ്തുതകര്‍ക്കത്തെ തുടര്‍ന്നും മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളായും പ്രണയ കലഹങ്ങളാലും കൊല്ലപ്പെട്ടതാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി. കൊല്ലപ്പെട്ട ചിലര്‍ക്കാകട്ടെ ബി.ജെ.പിയോ മറ്റ് ഹിന്ദുത്വസംഘടനകളോ ആയി യാതൊരു ബന്ധവുമില്ലായിരുന്നു. Voters list irregularities; The ‘fake’ voter lists bring back memories of the VHP’s old lists of ‘martyrs
Content Summary; Voters list irregularities; The ‘fake’ voter lists bring back memories of the VHP’s old lists of ‘martyrs
This post was last modified on August 13, 2025 3:59 pm
Leave a Comment