സഹായഹസ്തം നീട്ടിയ പൊലീസിനെയും കണ്ണീരിലാഴ്ത്തി ഒരു കുടുംബത്തിന്റെ ദാരുണാന്ത്യം

രണ്ട് പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് സ്വദേശി നാരായണൻ, ഭാര്യ വിജിമോൾ, 7 വയസ്സുള്ള മകൾ ഹന്നമോൾ, 2 വയസ്സുള്ള മകൻ എന്നിവരുടെ മൃതദേഹങ്ങളാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്.

രണ്ട് പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെയാണ് പിറവത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് നെൻമാറ സ്വദേശി നാരായണൻ, ഭാര്യ വിജിമോൾ, 7 വയസ്സുള്ള മകൾ ഹന്നമോൾ, 2 വയസ്സുള്ള മകൻ എന്നിവരുടെ മൃതദേഹങ്ങളാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്.
കോതമംഗലം ചെറുവട്ടൂർ ലക്ഷംവീട് നഗറിലെ വാടക വീട്ടിലായിരുന്നു നാരായണനും ഭാര്യ വിജിമോളും രണ്ട് കുട്ടികളും ഒരുവർഷത്തിലേറെയായി താമസിച്ചിരുന്നത്. വാടക വീട് ഒഴിയേണ്ടി വന്നപ്പോൾ മറ്റൊരു വീടിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ഇവർ കോതമംഗലം പൊലീസിന്റെ സഹായം തേടി. കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് പൊലീസിന്റെ ചെലവിൽ താത്കാലിക താമസത്തിന് ഒരു ലോഡ്ജിൽ മുറിയെടുത്ത് നൽകി. വസ്ത്രവും ഭക്ഷണവും ഉൾപ്പെടെ വാങ്ങി നൽകുകയും ചെയ്തു. പള്ളിയിൽ പ്രാർഥനയ്ക്ക് പോകുമ്പോൾ കിട്ടുന്ന ചെറിയ തുകയും മറ്റുള്ളവരുടെ സഹായവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച പൊലീസ് എത്തിയപ്പോൾ വ്യാഴാഴ്ച രാവിലെ മുറി പൂട്ടി പള്ളിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് കുടുംബം പോയെന്നാണ് ലോഡ്ജിലെ ജീവനക്കാർ അറിയിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് വിജിമോളുടെയും മകന്റെയും മൃതദേഹങ്ങൾ പുഴയിൽ കണ്ടെത്തി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെ ആറ്റുതീരം പാർക്കിന് സമീപം നാരായണന്റെ മൃതദേഹം കണ്ടെത്തി. ഹന്നമോളുടെ മൃതദേഹം ഞായറാഴ്ച രാവിലെയോടെയാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെയാകാം കുടുംബം പുഴയിൽ ചാടിയതെന്നാണ് പൊലീസിന്റെ നിഗമനം.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായതായി പ്രഖ്യാപിച്ച് മാസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് സാമ്പത്തികപ്രതിസന്ധി ഒരു കുടുംബത്തിന്റെ ദാരുണാന്ത്യത്തിന് കാരണമായത്. കഴിഞ്ഞ വർഷം കേരളപ്പിറവി ദിനത്തിലാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായതായി പ്രഖ്യാപിച്ചത്. സ്വന്തമായി വരുമാനമില്ലാത്തവർ, കിടപ്പുരോഗികൾ, വീടോ രേഖകളോ ഇല്ലാത്തവർ, പോഷാകാഹാരം ലഭിക്കാത്തവർ എന്നിവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ഇത്തരത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവന്നതായാണ് സർക്കാർ അവകാശപ്പെട്ടത്. 2021 മുതൽ നടത്തിയ സൂക്ഷ്മ സർവേയിലൂടെ കണ്ടെത്തിയ 64006 കുടുംബങ്ങളെയാണ് മുഖ്യധാരയിലേക്ക് കൊണ്ടുവന്നത്. അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടതോടെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളായ ദാരിദ്ര്യ നിർമാർജനവും വിശപ്പിൽ നിന്നുള്ള മോചനവും പൂർണമായി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായും കേരളം മാറിയതായി സർക്കാർ അവകാശപ്പെട്ടിരുന്നു.
സർക്കാരിന്റെ അവകാശവാദങ്ങളെ അന്ന് തന്നെ പ്രതിപക്ഷം ശക്തമായി എതിർത്തിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. സർക്കാരിന്റെ അവകാശവാദം തട്ടിപ്പാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
അതിദരിദ്രരെ കണ്ടെത്താൻ സർക്കാർ ഉപയോഗിച്ച മാനദണ്ഡങ്ങൾ ഏതൊക്കെയാണെന്നും അതിനായി നടത്തിയ ആധികാരിക പഠന റിപ്പോർട്ട് പുറത്തുവിടണമെന്നും സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാം പിണറായി സർക്കാർ ്അധികാരത്തിലെത്തിയതിനുശേഷം ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള തീരുമാനമെടുത്തത്. 2021 മുതൽ നടപ്പാക്കിയ പദ്ധതികളിലൂടെയാണ് ലക്ഷ്യം കൈവരിച്ചതെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു.
എറണാകുളം റൂറൽ എസ്.പിയാണ് ഈ കുടുംബത്തിന്റെ കാര്യം തന്റെ ശ്രദ്ധയിൽപെടുത്തിയതെന്ന് കോതമംഗലം പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ പ്രശാന്ത്കുമാർ കെ.ആർ പറഞ്ഞു. ഇവരുടെ സ്ഥിതി മനസ്സിലാക്കിയ കോതമംഗലം പൊലീസ് ലോഡ്ജിസൽ താമസസൗകര്യം ഒരുക്കുകയും സാധനങ്ങൾ വാങ്ങിനൽകുകയും ചെയ്്തു. പൊലീസുകാർ തന്നെ ഒരു വാടക വീട് കണ്ടെത്തുകയും കുടുംബത്തെ അവിടേക്ക് മാറ്റാനുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്തു. എന്നാൽ വെള്ളിയാഴ്ച പൊലീസ് ലോഡ്ജിൽ എത്തിയപ്പോൾ മുറി പൂട്ടിക്കിടക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മുറി പൂട്ടി പള്ളിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് കുടുംബം പോയെന്നാണ് ലോഡ്ജിലെ ജീവനക്കാർ അറിയിച്ചത്. പുതിയ വാടക വീട്ടിലേക്ക് വേണ്ട അത്യാവശ്യം സാധനങ്ങളുമായാണ് പൊലീസ് എത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് പുഴയിൽ നിന്ന് സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹം കിട്ടിയതിന്റെ ഫോട്ടോ പൊലീസിന്റെ ഗ്രൂപ്പിൽ കണ്ടപ്പോഴാണ് ഈ കുടുംബമാണെന്ന് മനസ്സിലായതെന്നും പ്രശാന്ത്കുമാർ പറഞ്ഞു. തങ്ങൾ സഹായിച്ച ആളുകളുടെ മൃതദേഹങ്ങളാണ് പുഴയിൽ നിന്ന് കണ്ടെത്തിയത് എന്ന് തിരിച്ചറിഞ്ഞപ്പോൾ തനിക്കും സഹപ്രർവത്തകർക്കും വലിയ വിഷമമായെന്നും പുതിയ വാടക വീട്ടിലേക്ക് മാറുന്നതിന് തൊട്ടുമുമ്പ് എന്തിനാണ് അവർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണങ്ങൾക്കപ്പുറം ആവശ്യമുള്ളവർക്ക് സഹായങ്ങൾ കൂടി ചെയ്യുന്നവരാണ് കേരള പോലീസ്. എന്തുതരം പ്രതിസന്ധികൾ ഉണ്ടായാലും ആരും ഇത്തരത്തിലുള്ള ബുദ്ധിമോശം പ്രവർത്തിക്കരുതെന്നും പൊലീസിന്റെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു. ഫോണും സിം കാർഡും വാങ്ങിക്കൊടുക്കാമെന്ന് പൊലീസ് നാരായണനോടും കുടുംബത്തോടും പറഞ്ഞിരുന്നു. അതിനായി ആധാർ കാർഡുമായി വരണമെന്നും പറഞ്ഞിരുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികൾക്കൊപ്പം മാതാപിതാക്കൾ പുഴയിൽ ചാടിയതാണെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ച വൈകിട്ടാണ് വിജിമോളുടെയും മകന്റെയും മൃതദേഹങ്ങൾ പുഴയിൽ കണ്ടെത്തിയത് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെ ആറ്റുതീരം പാർക്കിന് സമീപം നാരായണന്റെ മൃതദേഹം കണ്ടെത്തി. ഹന്നമോളുടെ മൃതദേഹം ഞായറാഴ്ച രാവിലെയോടെയാണ് കണ്ടെത്തിയത്.
എക്‌സൈസ് ഓഫീസിന് സമീപത്തുള്ള കടവിൽ നിന്നാകാം ഇവർ പുഴയിൽ ചാടിയതെന്നാണ് കരുതുന്നത്. ടൗണിൽ നിന്ന് മാറിയാണ് ഈ കടവ്. റോഡിൽ നിന്ന് പുഴയിലേക്ക് നടപ്പാതയുണ്ട്. കുട്ടികളുടെ ചെരുപ്പും വസ്ത്രങ്ങളും പൊലീസ് കടവിൽ നിന്ന് കണ്ടെടുത്തു. ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് നാരായണനുമായി വിജിമോളുടെ വിവാഹം നടന്നത്. കാഴ്ച പരിമിതിയുള്ളയാളാണ് വിജിമോൾ. ഹന്നമോൾ ചെറുവട്ടൂർ ഗവ. എൽ.പി സ്‌കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിയാണ്. ഒരാഴ്ചയായി കുട്ടി സ്‌കൂളിൽ എത്തുന്നില്ലെന്ന് അധ്യാപകർ ബന്ധുക്കളെ അറിയിച്ചിരുന്നു. ഹന്ന യു.കെ.ജി മുതൽ ചെറുവട്ടൂർ സ്‌കൂളിലാണ് പഠിച്ചിരുന്നത്.

The bodies of a family of four, including two young children, were recovered from the River in Kerala. The deceased were identified as Narayanan, his wife Vijimol, their seven-year-old daughter Hannamol, and their two-year-old son, all natives of Palakkad.

This post was last modified on June 28, 2026 4:48 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment