യാത്രകള്‍ പലതരമുണ്ട് എന്ന് പറയുന്നതുപോലെ തന്നെ വ്യത്യസ്ത തലങ്ങളില്‍ ആയുള്ള യാത്രകളും നമുക്ക് കാണുവാന്‍ സാധിക്കും. അതില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന യാത്രയാണ് തീര്‍ത്ഥയാത്ര. തീര്‍ത്ഥയാത്രയ്ക്ക് ഒരു വര്‍ഷത്തെ എല്ലാ ദിവസവും തീര്‍ച്ചയായും തെരഞ്ഞെടുക്കപ്പെടാവുന്നതാണ്. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടന സമയം തന്നെ ഉണ്ട് എന്നുള്ളതാണ് സവിശേഷത. കേരളത്തിലെ ശബരിമല യാത്രയാണ് ഏറ്റവും പ്രശസ്തം. ഇവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും എത്തുന്നു എന്നുള്ളതാണ് പ്രത്യേകത.
ഹിന്ദു ഭക്തര്‍ക്ക് കേരളത്തില്‍ തന്നെ ധാരാളം തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ട്. കേരളത്തിന് പുറത്തും ഹിന്ദു ഭക്തര്‍ക്ക് ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. തിരുപ്പതിയും പഴനിയും ഹരിദ്വാറും ഋഷികേശും കേദാര്‍നാഥും ബദരീനാഥും കാശിയും വേളാങ്കണ്ണിയും അജ്മീറും ഒക്കെ തീര്‍ത്ഥയാത്രയുടെ കേന്ദ്രങ്ങളാണ്. ഇന്ത്യയ്ക്ക് പുറത്തും തീര്‍ത്ഥയാത്ര നടത്തുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. മക്കയിലേയ്ക്കുള്ള മുസ്ലിം ഭക്തരുടെ യാത്ര അത്തരത്തില്‍ ഒന്നാണ്. വത്തിക്കാനിലേയ്ക്കാണ് ക്രിസ്ത്യാനികളായ ഭക്തര്‍ കൂടുതലും പോകുന്നത്. ഇത് കൂടാതെ ബുദ്ധമതത്തിനും, ജൈന മതത്തിനും, പാഴ്‌സികള്‍ക്കും എല്ലാം നമ്മുടെ രാജ്യത്ത് തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ട്. വ്യത്യസ്തമായ മതങ്ങളും, ജാതികളും, സംസ്‌കാരവും മറ്റും ചേര്‍ന്ന ഇന്ത്യ അതുകൊണ്ടാണ് മതേതരത്ത്വ ജനാധിപത്യ രാജ്യമായി ലോകത്തിന് മുന്നില്‍ അറിയപ്പെടുന്നത്.
ഒരിക്കല്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ടി വി ആര്‍ ഷേണായി എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ്. പാക്കേജുകള്‍ വയ്ക്കുമ്പോള്‍ നമ്മുടെ കാലടിയില്‍ നിന്നുള്ള ആദിശങ്കരന്‍ പോയ വഴികളിലൂടെയുള്ള യാത്ര ഒരു പാക്കേജ് ആയി ഉണ്ടാക്കണം എന്ന്. അദ്ദേഹം ടൂര്‍ ഓപ്പറേറ്ററായ എനിക്ക് മറ്റൊരു ഉപദേശവും നല്‍കി. രാജ്യത്തെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങള്‍ കൃഷ്ണന്റെ ക്ഷേത്രങ്ങള്‍ ഇവയൊക്കെ പ്രത്യേകം പ്രത്യേകം പാക്കേജുകളാക്കണമെന്ന്. അത്തരം ഒരു യാത്രാ പാക്കേജ് ഇന്ത്യയില്‍ ഒരു ടൂര്‍ ഓപ്പറേറ്റര്‍മാരും നടത്തുന്നില്ല എന്നുള്ളത് സ്വയം മനസ്സിലാക്കുന്നു. എന്നാല്‍ പല യാത്രികരും ഇത്തരം ഒരു യാത്ര സ്വന്തമായി നടത്തുന്നു എന്നുള്ളത് സന്തോഷം പകരുന്ന കാര്യവുമാണ്. ഇത്തരത്തില്‍ കേന്ദ്രീകൃതമായ യാത്ര പലരും നടത്തുമ്പോള്‍ അവര്‍ക്ക് പലസ്ഥലങ്ങളിലും സേവനം ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട് എന്നുള്ളത് സന്തോഷം പകരുന്ന ഒന്നാണ്.
കേരളത്തില്‍ ശബരിമലയും, ഗുരുവായൂരും, ചോറ്റാനിക്കരയും ഒക്കെ ഹിന്ദു സമൂഹത്തിന് തീര്‍ത്ഥയാത്രയ്ക്കുള്ള കേന്ദ്രങ്ങളാണ്. മുസ്ലിം സമുദായത്തിന് കാഞ്ഞിരമറ്റം പള്ളിയും, കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയും, തിരുവനന്തപുരത്തെ ബീമാ പള്ളിയും മറ്റും ഏറെ പ്രധാനപ്പെട്ടതാണ്. ക്രിസ്ത്യന്‍ സമൂഹത്തിന് മലയാറ്റൂരും, പരുമല പള്ളിയും മറ്റും പ്രധാനപ്പെട്ടത് തന്നെ. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പ്രധാനപ്പെട്ട ഒട്ടേറെ ക്രിസ്തീയ ദേവാലയങ്ങളുണ്ട്. ഇത്തരത്തില്‍ കേരളത്തില്‍ എല്ലാ മതസ്ഥര്‍ക്കും വ്യത്യസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉണ്ട്. ഇവിടങ്ങളിലേക്ക് മലയാളികള്‍ യാത്രകള്‍ ചെയ്യുന്നു. കേരളത്തിന് പുറത്ത് നിന്നുള്ളവരും ഇവിടെ എത്തുന്നു. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലെ പഴനിയും, തിരുപ്പതിയും, വേളാങ്കണ്ണിയും മറ്റും മലയാളികളുടെ പ്രിയ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. ഇത്തരത്തില്‍ ഭക്തിമാര്‍ഗ്ഗത്തില്‍ എല്ലാ മതസ്ഥരും നടത്തുന്ന യാത്രയാണ് തീര്‍ത്ഥയാത്ര എന്ന് വിശേഷിപ്പിക്കുന്നത്. വേളാങ്കണ്ണിയിലേക്ക് കാശിയിലേക്ക് അജ്മീരിലേക്ക് എന്നൊക്കെ പറഞ്ഞ് വിവിധ കേന്ദ്രങ്ങളില്‍ തീര്‍ത്ഥയാത്രകള്‍ക്ക് കൂട്ടായ്മകള്‍ ഉണ്ടാകുന്നതും നമ്മുടെ മുന്നിലാണല്ലോ.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദുക്കളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല. മതസൗഹാര്‍ദത്തെ ഓര്‍മ്മിപ്പിക്കുന്ന ഇടം കൂടിയാണ് ശബരിമല. ഹരിഹരപുത്രനായ അയ്യപ്പനാണ് ശബരിമലയിലെ പ്രതിഷ്ഠ. അയ്യപ്പന്റെ സുഹ്യത്തായ വാവരുസ്വാമിയെ ശബരിമലയില്‍ ആരാധിക്കുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1,260 മീറ്റര്‍ (4,134 അടി) ഉയരത്തില്‍ 18 മലകള്‍ക്കു നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഞ്ചലോഹത്തില്‍ പൊതിഞ്ഞ പതിനെട്ട് കരിങ്കല്‍ പടികളോടുകൂടിയ ചെറിയൊരു ക്ഷേത്രവും അതിനുമുകളിലുള്ള സ്വര്‍ണ്ണം പൊതിഞ്ഞ രണ്ട് ചതുരശ്രീകോവിലുകളുമാണ് ശബരിമലയിലുള്ളത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാ നദിയുടെ ഉത്ഭവം ശബരിമലയ്ക്കടുത്തുനിന്നാണ്. ശബരിമലയിലെ ആചാരങ്ങള്‍ ശൈവമതം, വൈഷ്ണവമതം, ശാക്തേയം, ശ്രമണമതം എന്നിവയുടെ ഒരു സമ്മിശ്രണമാണ്. വേദവാക്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാചാരമുള്ള തത്ത്വമസി (അത് നീയാകുന്നു) എന്ന മഹാവാക്യം ഈ ക്ഷേത്രത്തിന് മുന്‍പിലായി വലിയ അക്ഷരത്തില്‍ എഴുതിവച്ചിട്ടുണ്ട്. നാനാ ജാതിമതസ്ഥര്‍ക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്.
ഗുരുവായൂരിലെ ശ്രീക്യഷ്ണക്ഷേത്രം ഏറെ പ്രശസ്തമാണ്. കേരളീയര്‍ മാത്രല്ല ഇവിടെ ആരാധനയ്ക്കായി എത്തുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇന്ത്യയില്‍ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവദേവാലയവും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തിച്ചേരുന്ന ക്ഷേത്രവും ഗുരുവായൂരാണ്. ഗുരുവായൂര്‍ പോലെ പ്രശസ്തമാണ് അമ്പലപ്പുഴ ശ്രീക്യഷ്ണക്ഷേത്രം. ചോറ്റാനിക്കരയും, കൊട്ടിയൂരും, പത്മനാഭസ്വാമി ക്ഷേത്രവും കേരളത്തിന്റെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ തന്നെ. മലയാളികളുടെ ഓണാഘോഷത്തിന്റെ കേന്ദ്ര ബിന്ദുവായ ത്യക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രവും കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം തന്നെ. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രമായ ആറ്റുകാല്‍ ശ്രീ ഭഗവതി ക്ഷേത്രമാണ് മറ്റൊരു വിശേഷ തീര്‍ത്ഥാടന കേന്ദ്രം. ആറ്റുകാല്‍ പൊങ്കാലയാണ് ഇവിടുത്തെ വിശേഷണം. ആറ്റുകാല്‍ പൊങ്കാലയെ മാതൃകയാക്കി കേരളത്തിലെ ചെറുതും വലുതുമായ മറ്റനേകം ക്ഷേത്രങ്ങളില്‍ പൊങ്കാല നടക്കുന്നണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരില്‍ പ്രശസ്തമാണ് ആറ്റുകാല്‍ പൊങ്കാല.
തിരുമല ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, തിരുപ്പതി ബാലാജി ക്ഷേത്രം എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രം രാജ്യത്തെ ഏറ്റവും പ്രശസ്തമായതാണ്. കലിയുഗത്തിലെ പരീക്ഷണങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാന്‍ ഭൂമിയില്‍ അവതരിച്ചതായി വിശ്വസിക്കപ്പെടുന്ന വിഷ്ണുവിന്റെ രൂപമായ വെങ്കിടേശ്വരനാണ് തിരുപ്പതിയില്‍ തിരുമല കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാല്‍ ഈ സ്ഥലം കലിയുഗ വൈകുണ്ഠം എന്ന പേരിലും അറിയപ്പെടുന്നു. സംഭാവനകളുടെയും സമ്പത്തിന്റെയും കാര്യത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമാണ് തിരുപ്പതി ക്ഷേത്രം.
ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ശിവന് സമര്‍പ്പിച്ചിരിക്കുന്ന കാശി വിശ്വനാഥ ക്ഷേത്രം. ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ഈ ക്ഷേത്രം പന്ത്രണ്ട് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാണ്. കാശി വിശ്വനാഥ ക്ഷേത്രം സുവര്‍ണ്ണ ക്ഷേത്രം എന്നും അറിയപ്പെടുന്നുണ്ട്. ക്ഷേത്രത്തിന്റെ ശിഖരത്തില്‍ മഹാരാജ രഞ്ജിത് സിംഗ് സംഭാവന ചെയ്ത ഒരു ടണ്‍ സ്വര്‍ണ്ണം സ്വര്‍ണ്ണം പൂശിയിട്ടുണ്ട്. ഗംഗാ നദിയുടെ തീരത്താണ് ഈ ക്ഷേത്രം. ഹ്രിന്ദുമത വിശ്വാസികള്‍ ഇവിടുത്തെ ഗംഗാ നദിയില്‍ മുങ്ങി കുളിക്കുന്നതില്‍ ഏറെ വിശ്വസിക്കുന്നു. ഇവിടുത്തെ ഗംഗാ ആരതി വളരെ പ്രശസ്തമാണ്. ഉത്തരാഖണ്ഡിലൂടെ ഒഴുകുന്ന ഗംഗയുടെ തീരങ്ങളായ ഋിഷികേശിലും, ഹരിദ്വാറിലും ഗംഗാ ആരതി ഉണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ കത്തോലിക്കാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വേളാങ്കണ്ണിയിലുള്ള ഔവര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത് ബസിലിക്ക. വേളാങ്കണ്ണി പള്ളി എന്ന് പരക്കെ വിളിക്കപ്പെടുന്ന ഇവിടം ;കിഴക്കിന്റെ ലൂര്‍ദ്’ എന്നാണ് അറിയപ്പെടുന്നത് . ഇതിന്റെ ഉത്ഭവം 16-ആം നൂറ്റാണ്ടിലേതാണ്. ഗോഥിക് ശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസുകാര്‍ പരിഷ്‌ക്കരിക്കുകയും പിന്നീട് തീര്‍ത്ഥാടകരുടെ ഒഴുക്ക് കാരണം ഇത് കൂടുതല്‍ വിപുലീകരിക്കുകയും ചെയ്തു. 1962 ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാണ് പള്ളി കെട്ടിടം ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തിയത്. എല്ലാ വര്‍ഷവും ഇവിടെ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. തീര്‍ത്ഥാടകര്‍ ഇന്ത്യയിലും വിദേശത്തുനിന്നും ദേവാലയത്തിലേക്ക് വരുന്നുണ്ട്. ആഗസ്ത് 29 മുതല്‍ സെപ്റ്റംബര്‍ 8 വരെയുള്ള വാര്‍ഷിക ഉത്സവ സമയത്താണ് ഇവിടെ കൂടുതല്‍ ഭക്തര്‍ എത്തുന്നത്.
വേളാങ്കണ്ണി കൂടാതെ ഇന്ത്യയില്‍ പ്രശസ്തമായ ക്രിസ്ത്യന്‍ ദേവാലയങ്ങളുണ്ട്. പ്രധാന ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഒട്ടേറെയുണ്ട്. മദ്രാസിലെ മൈലാപൂരില്‍ ഉള്ള സെന്റ്. തോമസ് കത്തീഡ്രല്‍ ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ മൈനര്‍ ബസലിക്കയാണ്. 1523ല്‍ പോര്‍ച്ചുഗീസുകാര്‍ തോമാശ്ലീഹായുടെ ശവകുടീരത്തിന് മുകളില്‍ പണിതതാണ് ഇന്നത്തെ പള്ളിയുടെ ഘടന.
ഓള്‍ഡ് ഗോവയിലെ ബോം ജീസസ് പള്ളിയിലെ സെന്‍ സേവിയേഴ്‌സ് ദേവാലയം കൗതുകമുള്ളതാണ്. യുനസ്‌കോ ലോക പൈത്രിക പട്ടികയില്‍ ഈ പള്ളിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉണ്ണിയേശു എന്നാണ് ബോം ജീസസ് എന്ന വാക്കിനര്‍ത്ഥം. ഇന്ത്യയിലെ തന്നെ ആദ്യകാല ബസിലിക്കകളില്‍ ഒന്നാണ് ബൊം ജീസസ് ബസിലിക്ക. കൂടാതെ ഇന്ത്യയിലെ ബറോക്ക് വാസ്തുശൈലിയുടെ ഉത്തമ ഉദാഹരണംകൂടിയാണ് ഈ ദേവാലയം. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന ദേവാലയം എന്ന നിലയ്ക്ക് ഈ പള്ളി നിരവധി ക്രൈസ്തവരെയാണ് ആകര്‍ഷിക്കുന്നത്. പോര്‍ച്ചുഗീസ് മലാക്കയിലെ വി. പൗലോസിന്റെ ദേവാലയത്തിലായിരുന്നു ഫ്രാന്‍സിസ് സേവ്യറുടെ മൃതദേഹം ആദ്യം അടക്കം ചെയ്തത്. പിന്നീട് അത് അവിടെനിന്നും കപ്പല്‍മാര്‍ഗ്ഗം ഗോവയില്‍ കൊണ്ടുവരികയായിരുന്നു. ഇന്നും അധികം കേടുപാടുകളൊന്നുമില്ലാതെ കാലത്തെ അതിജീവിച്ച് ആ വിശുദ്ധന്റെ പുണ്യശരീരം നിലനില്‍ക്കുന്നു.
കല്‍ക്കത്തയുടെ വടക്ക് ബദേരിയില്‍ സ്ഥിതി ചെയ്യുന്ന ഓവര്‍ ലേഡി ഓഫ് ദി സോസറി റോസറി പോര്‍ച്ചുഗീസുാര്‍ നിര്‍മ്മിച്ചതാണ്. അതുകൊണ്ട് തന്നെ പോര്‍ച്ചുഗീസ് ചര്‍ച്ച് ഓഫ് മുര്‍ഗിഹട്ട എന്നും ക്രിസ്ത്യാനികള്‍ക്കിടയില്‍ കാത്തലിക് കത്തീഡ്രല്‍ എന്നും ഈ പള്ളി അറിയപ്പെടുന്നു. കല്‍ക്കട്ടയിലെ ഏറ്റവും പഴക്കമേറിയ കത്തോലിക്കാ പള്ളിയാണ് എന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 1689-ല്‍ ജോബ് ചാര്‍നോക്ക് അനുവദിച്ച സ്ഥലത്ത് മുളയും വൈക്കോലും കൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക ചാപ്പല്‍ പ്രവര്‍ത്തിപ്പിച്ചായിരുന്നു തുടക്കം. 1700-ല്‍ ഒരു ഇഷ്ടിക ചാപ്പലായി രൂപമാറ്റം ഉണ്ടായി. 1720-ല്‍ കൂടുതല്‍ വലുതാക്കി. പഴയ പള്ളിയുടെ സ്ഥാനത്ത് ഒരു പുതിയ പള്ളിയുടെ തറക്കല്ലിട്ടു. ചെറിയ ഘടന 1797 മാര്‍ച്ച് 12-ന് സ്ഥാപിച്ചു. ഇത് 1799-ല്‍ പൂര്‍ത്തിയാകുകയും ആ വര്‍ഷം നവംബര്‍ 27-ന് ആശീര്‍വദിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ മീററ്റിനടുത്തുള്ള ചര്‍ച്ച ഓഫ് അവര്‍ ലേഡി എന്ന പള്ളി രാജ്യത്തെ പ്രധാനപ്പെട്ട ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രമാണ്. രാജ്യതലസ്ഥാനത്തിനടുത്തുള്ള ഇവിടെ ഒട്ടേറെ ഭക്തര്‍ എത്താറുണ്ട്. ബോംബെയിലെ ഔവര്‍ ലേഡി ഓഫ് മൗണ്ട് ചര്‍ച്ച്, കേരളത്തിനോട് ചേര്‍ന്നുള്ള മാഹിയിലെ പള്ളി. ഇങ്ങനെ ഒട്ടേറെ ക്രിസ്തീയ പള്ളികള്‍ രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. ഈ പള്ളികളില്‍ മിക്കതും ബ്രിട്ടീഷുകാരുടെയും യൂറോപ്യന്‍ വാസ്തുവിദ്യയുടെയും സംയോജനമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കാണാം.
കശ്മീരിലെ ശ്രീനഗറിലെ റോസാബല്‍ ദേവാലയത്തില്‍ ക്രിസ്തുവിന്റെ ശവകൂടീരമുണ്ടെന്ന് ചിലര്‍ വിശ്വസിക്കുന്നു. യേശു യഥാര്‍ത്ഥത്തില്‍ കുരിശുമരണത്തെ അതിജീവിച്ച് 4,000 കിലോമീറ്റര്‍ കാല്‍നടയായി കശ്മീരിലേക്ക് പോയി, അവിടെ അദ്ദേഹം പ്രായപൂര്‍ത്തിയാകുന്നതുവരെ ജീവിച്ചിരുന്നു എന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. റോസ എന്നത് പേര്‍ഷ്യന്‍ പദമാണ്, അതിനര്‍ത്ഥം വിശുദ്ധം എന്നാണ്, ബാല്‍ എന്നത് ക്ഷേത്രം എന്നാണ് അര്‍ത്ഥം. അതിനാല്‍ അവിടേയ്ക്ക് ധാരാളം വിശ്വാസികള്‍ പോകാറുണ്ട് എന്ന് പറയേണ്ടതില്ലല്ലോ.
മുസ്ലിം സമുദായത്തില്‍ തീര്‍ത്ഥയാത്ര അനുവദിക്കുന്നത് ഭൂമിയില്‍ മൂന്നിടങ്ങളിലേക്ക് മാത്രമാണെന്നാണ് പറയുന്നത്. നബി പറയുന്നത് മൂന്ന് പള്ളികളില്‍ അല്ലാതെ പുണ്യയാത്ര ചെയ്യേണ്ടതില്ല എന്നാണ്. കഅ്ബ, നബിയുടെ മദീനയിലെ പള്ളി, ബൈത്തൂല്‍ മുഖദ്ദസ് പള്ളി എന്നിവയാണ് അത്. മറ്റ് പള്ളികളില്‍ പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് അനുഗ്രഹം ഈ മൂന്ന് പള്ളികളില്‍ നിന്ന് ലഭിക്കും എന്നാണ് വിശ്വാസം. പരിശുദ്ധ മക്കയിലേക്കുളള തീര്‍ത്ഥയാത്ര വിശ്വാസികളുടെ വികാരമാണ്. ആരാധനാപരമായ ജീവിതത്തില്‍ വിശ്വാസികള്‍ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി പുണ്യഭൂമിയെ സ്പര്‍ശിക്കുകയാണതിലൂടെ. പരിശുദ്ധ മക്കയെ, ഭൂമിയില്‍ അല്ലാഹുവിനെ ആരാധിക്കുവാന്‍ പണികഴിച്ച ആദ്യത്തെ ഭവനമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നത്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍പ്പെട്ട ഹജ്ജ് ശാരീരികവും സാമ്പത്തികവുമായി കഴിവുളളവര്‍ നിര്‍വ്വഹിക്കണമെന്നത് നിര്‍ബന്ധമാണ്. ‘കഅ്ബ മന്ദിരത്തില്‍ എത്തിചേരാന്‍ കഴിവുളളവര്‍, അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവിനോടുളള ബാധ്യതയാണ്.
ലോകത്ത് പലരാജ്യങ്ങളിലായി അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബിയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെടുന്നുണ്ട് എന്നത് മുസ്ലിം സമുദായ വിശ്വാസികളില്‍ ആരാധനാ താത്പര്യം വര്‍ദ്ധിപ്പിക്കുന്നു. ഇങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം വിശ്വാസികളുടെ നിലക്കാത്ത പ്രവാഹവും ഉണ്ടാകാറുണ്ട്. തിരുശേഷിപ്പുകള്‍ സംരക്ഷിച്ചുപോരുന്നതിനും അതുള്ളിടത്ത് പോയി കണ്ട് അനുഭവിക്കുന്നതിനും പണം ചിലവഴിക്കുന്നതിനും വിശ്വാസികള്‍ ഒരു പിശുക്കും കാണിക്കാറില്ല. അത്തരമൊരു തിരുശേഷിപ്പ് സംരക്ഷിച്ച് വെച്ചിരിക്കുന്ന ഇന്ത്യയിലെ പ്രധാന പള്ളിയാണ് ജമ്മു കാശ്മീരിലെ ശ്രീനഗറിലുള്ള ഹസ്‌റത്ത് ബാല്‍ മസ്ജിദ്. പ്രവാചകരുടെ തിരുദേഹത്തിലെ ഒരു കേശമാണ് ഇവിടെ വലിയ പരിഗണനയോടെ നൂറ്റാണ്ടുകളായി പരിരക്ഷിച്ചുപോരുന്നത്. ഇവിടേയ്ക്ക് രാജ്യത്തിന് പുറത്ത് നിന്നും ഭക്തര്‍ എത്തുന്നുണ്ട്.
തമിഴ്‌നാട്ടിലെ ഏര്‍വാഡി ദര്‍ഗ വളരെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ്. മദീനയിലെ ഭരണാധികാരിയായിരുന്ന കുത്തബ്-ഉസ്-സുല്‍ത്താന്‍ സയ്യിദ് ഇബ്രാഹിം ബാദ്ഷാ ഷഹീദിന്റെ ഖബറും ആരാധനാലയവും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഏര്‍വാഡി ദര്‍ഗ. ഖുതുബ് സുല്‍ത്താന്‍ സയ്യിദ് ഇബ്രാഹിം ഷാഹിദ് ബാദുഷയുടെ ശഹാദത്ത് വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി ഇസ്ലാമിക മാസമായ ദുല്‍-ഖിഅദയില്‍ രാമനാഥപുരം ജില്ലയിലെ ഏര്‍വാടി ദര്‍ഗയില്‍ വാര്‍ഷിക സന്താനക്കൂട് ഉത്സവം നടക്കുന്നു , ഇത് ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നു. മതസൗഹാര്‍ദ്ദത്തിന്റെ രാജ്യത്തെ പ്രധാന കേന്ദ്രം കൂടിയാണ് ഇവിടം.
ഡല്‍ഹിയിലെ ജൂമാ മസ്ജീദ് രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം പള്ളികളിലൊന്നാണ്. 1644 നും 1658 നു ഇടയില്‍ ഷാജഹാന്‍ ചക്രവര്‍ത്തി ഡല്‍ഹിയില്‍ പണികഴിപ്പിച്ച മനോഹരമായ പള്ളിയാണ് ജമാ മസ്ജിദ്. ഒരേസമയം 25000 പേര്‍ക്ക് പ്രാര്‍ത്ഥിക്കുവാനുള്ള സൗകര്യം ഈ പള്ളിയില്‍ ഉണ്ടെന്നാണ് പറയുന്നത്. നീണ്ട 12 വര്‍ഷം ജുമാമസ്ജിദിന്റെ നിര്‍മ്മാണത്തിന് ചെലവായി എന്നാണ് ചരിത്ര രേഖകളില്‍ കാണുന്നത.് 5000 ത്തോളം തൊഴിലാളികള്‍ ആയിരുന്നു മസ്ജിദിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായത്. ലോകത്തെ പ്രതിഫലിപ്പിക്കുന്ന പള്ളി എന്ന അര്‍ത്ഥം വരുന്ന മസ്ജിദ് ഇ ജഹാന്‍ നുമ എന്നാണ് ഈ പള്ളിയെ ആദ്യം വിളിച്ചിരുന്നത്. തുടര്‍ന്നാണ് ജുമാമസ്ജിദ് അല്ലെങ്കില്‍ വെള്ളിയാഴ്ച മസ്ജിദ് എന്ന പേരിട്ടു വിളിച്ചു തുടങ്ങിയത്. ഡല്‍ഹിയിലെ ചെങ്കോട്ടയുടെ എതിര്‍വശത്തുള്ള പള്ളിയിലേയ്ക്കായി മാത്രം ഭക്തര്‍ വരുന്നുണ്ട്. ഡല്‍ഹി യാത്രയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ജുമാ മസ്ജീദ് എന്ന കാര്യത്തില്‍ സംശയമില്ല.
ത്യശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ചേരമാന്‍ ജുമാ മസ്ജിദ് പ്രശസ്തമാണ്. ഈ മസ്ജിദ് ഇന്ത്യയിലെ ആദ്യ മുസ്ലിംപള്ളിയാണ്. ഹൈന്ദവ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഈ മസ്ജിദ് എ ഡി 629 ല്‍ നിര്‍മ്മിച്ചതാണ്. ജുമാ നമസ്‌ക്കാരം ആരംഭിച്ച ലോകത്തിലെ രണ്ടാമത്തെ പള്ളിയായി ഇത് കണക്കാക്കപ്പെടുന്നു. ഈ പള്ളിയിലേയ്ക്ക് മുസ്ലീം മത വിശ്വാസികള്‍ നാരാളമായി എത്താറുണ്ട്. ഈദ് ഉല്‍ -ഫിത്തര്‍ (റംസാന്‍), ഈദ്- ഉല്‍- അസ്ഹ (ബക്രീദ്) എന്നിവ ഇവിടെ വലിയതോതില്‍ ആഘോഷിക്കപ്പെടുന്നു. ഇതു പോലെ പ്രശസ്തമാണ് കാഞ്ഞിരമറ്റം പള്ളിയും. എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ നടക്കുന്ന കാഞ്ഞിരമറ്റം കൊടികുത്ത് ആണ് ഇവിടുത്തെ പ്രശസ്തമായ ചടങ്ങ്. വിശുദ്ധ ഫരീദുദ്ദീനെ ആദരിക്കുന്നതിനായി കാഞ്ഞിരമറ്റം ചന്ദനക്കുടം എന്ന ചടങ്ങ് ഈ പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്നു.
മറ്റു യാത്രകളില്‍ നിന്ന് വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ് തീര്‍ത്ഥയാത്രയിലൂടെ ഒരു യാത്രികന് ലഭിക്കുന്നത്. മനസ്സും ശരീരവും ഭക്തിയുടെ വഴിയെ യാത്രികന്‍ സമര്‍പ്പിക്കണം എന്നുള്ളതാണ് തീര്‍ത്ഥയാത്രയുടെ വിജയത്തിന്റെ ആദ്യ പടി. വ്രതം എടുത്ത് വേണം ഓരോ തീര്‍ത്ഥയാത്രകള്‍ നടത്തുവാനും അതിനൊരുങ്ങുവാനും. എല്ലാ മതസ്ഥരും തീര്‍ത്ഥയാത്രകള്‍ക്കു മുമ്പ് വ്രതമെടുക്കുന്ന പതിവുണ്ട്. മനസ്സിനെ ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയ തന്നെയാണ് വ്രതമെടുത്തുള്ള തീര്‍ത്ഥയാത്ര എന്ന് പറയാം. Famous pilgrimage places, travelogue
Content Summary; Famous pilgrimage places, travelogue