July 17, 2026 |
Share on

ബാലെന്‍ ഷായില്‍ വിശ്വാസം നഷ്ടപ്പെട്ട് ‘ജെന്‍ സീ’

ഗണേഷ് നേപ്പാളിയുടെ ആത്മഹത്യയില്‍ കത്തി നേപ്പാള്‍

‘ജെന്‍ സി’ യുവത വെറും നാല് മാസം മുമ്പ് നേപ്പാളില്‍ അധികാരത്തിലേറ്റിയ ബലേന്ദ്ര ഷാ സര്‍ക്കാര്‍ ജനകീയ പ്രക്ഷോഭത്തില്‍ ആടിയിളകുന്നു. ജൂലൈ 10-ന് കഠ്മണ്ഡുവില്‍ പൊലീസുമായുണ്ട തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗണേഷ് നേപ്പാളി എന്ന 25 കാരന്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടതോടെയാണ്, ചെറുപ്പക്കാരുടെ പ്രതിനിധിയായി അധികാരം നേടിയ ബാലേന്ദ്ര ഷായ്‌ക്കെതിരേ അതേ യുവത്വം തെരുവിലിറങ്ങിയിരിക്കുന്നത്. പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്ന സൂചനകളെത്തുടര്‍ന്ന് നിലവിലുള്ള പാര്‍ലമെന്റ് സമ്മേളനം പോലും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പാസ്പോര്‍ട്ട് കോംപ്ലക്സിന് സമീപം വഴി തടസ്സപ്പെടുത്തി എന്നാരോപിച്ച് കഠ്മണ്ഡു മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ ഗണേഷിന്റെ ബൈക്ക് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസുമായുണ്ടായ തര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്. ഒരു റൈഡ് ഷെയറിങ് ആപ്പില്‍ ജോലി ചെയ്തിരുന്ന ഗണേഷിന് തന്റെ ബൈക്ക് കസ്റ്റഡിയിലായത് വലിയ മാനസിക വിഷമമുണ്ടാക്കി. ആ ബൈക്ക് ആയിരുന്നു അയാളുടെ ജീവനോപാധി. വായ്പയെടുത്താണ് ബൈക്ക് വാങ്ങിയതെന്നും അടുത്ത ഇന്‍സ്റ്റാള്‍മെന്റ് അടയ്ക്കാനുള്ള സമയം അടുത്തിരുന്നുവെന്നും കുടുംബം പറയുന്നു. തര്‍ക്കത്തിനിടെ ഒരു ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ എടുത്ത് ഗണേഷ് സ്വന്തം ശരീരത്തില്‍ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

60 ശതമാനത്തിലധികം പൊള്ളലേറ്റ ഗണേഷിന്റെ സ്ഥിതി ഗുരുതരമായതോടെ, രാഷ്ട്രീയ പ്രതിസന്ധി ഭയന്ന സര്‍ക്കാര്‍ അദ്ദേഹത്തെ മികച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് നേരിട്ട് കേസ് നിരീക്ഷിക്കുകയും ചെയ്തു. ആവശ്യമെങ്കില്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സ് വഴി മാറ്റാന്‍ ക്രമീകരണങ്ങള്‍ ചെയ്‌തെങ്കിലും, ഒരു ദിവസത്തോളം ജീവനുവേണ്ടി പോരാടിയ ശേഷം ഗണേഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. നേപ്പാളിലെ പിന്നാക്ക മേഖലയായ മുഗുവിലായിരുന്നു ഗണേഷിന്റെ സ്വന്തം നാട്. അവിടെ നിന്നും 700 കിലോമീറ്ററോളം യാത്ര ചെയ്താണ് ഗണേഷിന്റെ പ്രായമായ മാതാപിതാക്കള്‍ കഠ്മണ്ഡുവില്‍ എത്തിയത് തന്നെ. ഇവരെ ഒരുവിധത്തില്‍ സമാധാനാപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതുകൊണ്ടാണ് ഗണേഷിന്റെ മൃതദേഹം സംസ്‌കരിച്ചത്. പ്രശസ്തമായ പശുപതിനാഥ ക്ഷേത്രത്തിന് സമീപമുള്ള ശ്മശാനത്തില്‍ തിങ്കളാഴ്ചയായിരുന്നു സംസ്‌കാരം.

നേപ്പാളില്‍ വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരേ നടക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം കഠ്മണ്ഡുവില്‍ വന്‍ കുടിയൊഴിപ്പിക്കല്‍ നടന്നിരുന്നു. ആ നടപടിയില്‍ വീടുകള്‍ നഷ്ടപ്പെട്ട ആയിരത്തിലധികം കുടുംബങ്ങളില്‍ പെട്ടവരും ഗണേഷിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ട്രേഡ് യൂണിയനുകളും, വിദ്യാര്‍ത്ഥി സംഘടനകളും പിരിച്ചുവിട്ടതും, പാര്‍ലമെന്റിനെ മറികടന്ന് ഓര്‍ഡിനന്‍സുകള്‍ ഇറക്കിയതും, കുടിയൊഴിപ്പിക്കലുകളും ഉള്‍പ്പെടെ ബലേന്ദ്ര ഷാ സര്‍ക്കാരിന്റെ ഏകാധിപത്യപരമായ നടപടികള്‍ക്കെതിരേ പല വിഭാഗങ്ങള്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്ക് ഗണേഷിന്റെ മരണം കൂടുതല്‍ ആക്കം കൂട്ടിയിട്ടുണ്ട്. പ്രതിപക്ഷം ഗണേഷിന്റെ മരണം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ്ങിന്റെ പ്രസ്താവന ജനങ്ങളുടെ രോഷം ഇരട്ടിയാക്കി.

പ്രതിഷേധങ്ങള്‍ തണുപ്പിക്കുന്നതിനായി ഗണേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഗണേഷിന്റെ 20 വയസ്സുള്ള ഭാര്യ ഏകമായ പരിയാറിന് സര്‍ക്കാര്‍ ജോലിയും രണ്ട് വയസ്സുള്ള മകളുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായവും പ്രഖ്യാപിച്ചു. ഐടിയില്‍ ഡിപ്ലോമയുള്ള ഏകമായ ഇപ്പോള്‍ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. അവര്‍ക്ക് ഇതുവരെ ഔദ്യോഗിക പൗരത്വ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. എന്നാല്‍ മരണത്തിന് പിന്നാലെ സര്‍ക്കാര്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് നേരിട്ടെത്തി ഏകമായയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. പൗരത്വം കിട്ടിയാല്‍ മാത്രമെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിയും മറ്റ് ആനുകൂല്യങ്ങളും അവര്‍ക്ക് ലഭ്യമാകൂ. ഗണേഷിനെ ‘രക്തസാക്ഷി’യായി പ്രഖ്യാപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നേപ്പാളിന്റെ ചരിത്രത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി നടന്ന പ്രക്ഷോഭങ്ങളില്‍ മരിച്ച ഭൂരിഭാഗം മാവോയിസ്റ്റ് കേഡര്‍മാര്‍ക്കും ഇങ്ങനെയുള്ള പദവി ലഭിച്ചിട്ടുണ്ട്.

ദളിത് കുടുംബത്തില്‍പ്പെട്ട തങ്ങളെ മാതാപിതാക്കള്‍ നഗരത്തിലേക്ക് അയച്ചത് അന്തസ്സോടെ ജീവിക്കാനും പഠിക്കാനുമായിരുന്നു എന്ന് ഗണേഷിന്റെ സഹോദരന്‍ മദന്‍ നേപ്പാളി പറയുന്നു. സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയുണ്ടെങ്കിലും മദന്‍ ഇപ്പോള്‍ കഠ്മണ്ഡുവില്‍ തൊഴിലാളിയായാണ് ജോലി ചെയ്യുന്നത്. മാതാപിതാക്കള്‍ സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൊണ്ടാണ് ജീവിക്കുന്നത്. ഇവരുടെ മൂത്ത സഹോദരന്‍ 18 വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. വരാനിരിക്കുന്ന ദശൈന്‍ ഉത്സവത്തിന് ഒക്ടോബറില്‍ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു സഹോദരങ്ങള്‍. ഗള്‍ഫിലേക്കോ, അവിടെ നിന്നോ ജപ്പാനിലേക്കോ ദക്ഷിണ കൊറിയയിലേക്കോ കുടിയേറാനും ഇവര്‍ ആഗ്രഹിച്ചിരുന്നു.

പ്രക്ഷോഭം തണുപ്പിക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കരാര്‍ ജീവനക്കാരുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുമാര്‍ ബെന്‍ ഏകദേശം 50,000-ത്തോളം വരുന്ന കരാര്‍ ജീവനക്കാരോട് ജോലിയില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇവരുടെ ആരുടെയും സേവനം അവസാനിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. യുവാക്കളുടെ വലിയ പ്രതീക്ഷയോടെ അധികാരത്തില്‍ വന്ന ബലേന്ദ്ര ഷാ സര്‍ക്കാരിന് ഒന്നിനു പുറകെ ഒന്നായി നേരിടുന്ന ഈ ജനകീയ പ്രക്ഷോഭങ്ങള്‍ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Summary; Nepal’s Parliament is adjourned as massive protests erupt against Balendra Shah’s government following the tragic self-immolation of a 25-year-old ride-sharing rider.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×