തിരഞ്ഞെടുപ്പ് കാലത്ത് കൗതുകങ്ങൾ പലതാണ്. മത്സരത്തിലെ ജയ പരാജയങ്ങൾ മാത്രമല്ല, കാലങ്ങൾക്കിപ്പുറവും ഒരു തിരഞ്ഞെടുപ്പ് കാലം മായാതെ കിടക്കുന്നത് ആ തിരഞ്ഞെടുപ്പ് കാലങ്ങളിലെ ഇത്തരം കൗതുകങ്ങൾ കൊണ്ട് കൂടിയാണ്. നിലവിൽ നിലമ്പൂരിലെ പോരാട്ടത്തിന്റെ കഥയിലും അത്തരമൊരു കൗതുകം കാലം എഴുതിച്ചേർത്തിട്ടുണ്ട്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെതിരെ സിപിഎം കളത്തില്‍ ഇറക്കി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ച എം സ്വരാജ് എന്ന കരുത്തനായ നേതാവിന് ഇത് ഒരു നിയമ സഭകാലയളവിലെ രണ്ട് മണ്ഡലങ്ങളിലായുള്ള തെരഞ്ഞെടുപ്പിൽ രണ്ടാം തോൽവിയാണ്. കേരള നിയമസഭയിലെ 83-ാം മണ്ഡലമായ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ നിന്നായിരുന്നു ആദ്യം സ്വരാജ് ജനവിധി തേടിയത്.
2016-ല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സ്വരാജിന് മത്സരരംഗത്ത് ആദ്യ നറുക്കുവീണത്. 1991 മുതല്‍ 2011 വരെ തൃപ്പൂണിത്തുറയെ പ്രതിനിധാനം ചെയ്ത കോണ്‍ഗ്രസ്സിലെ അതികായനായ കെ. ബാബുവിനെ നേരിടുകയെന്ന വെല്ലുവിളിയാണ് പാര്‍ട്ടി അദ്ദേഹത്തെ ഏല്‍പ്പിച്ചത്. 4467 വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വരാജ് തൃപ്പൂണിത്തുറയിൽ വിജയിച്ചു. എന്നാൽ 2021-ല്‍ കേവലം 992 വോട്ടിനാണ് സ്വരാജിനെ കെ ബാബു പരാജയപ്പെടുത്തിയത്. ബാബുവിന്റെ വിജയം സ്വരാജ് കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും വിധി തിരിച്ചായിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി തന്നെ വ്യക്തമാക്കി തന്ന തിരഞ്ഞെടുപ്പ് മണിക്കൂറുകളായിരുന്നു നിലമ്പൂരിലേത്. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമേ നിഷ്പക്ഷ വോട്ടുകളും യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകളും കൂടി ഏകീകരിക്കാന്‍ എം സ്വരാജിലൂടെ സാധിക്കുമെന്നായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷ. മുഖ്യമന്ത്രി കഴിഞ്ഞാല്‍ അണികള്‍ക്കിടയില്‍ ജനസമ്മിതി ഏറെയുള്ള ആളാണ് എം സ്വരാജ്. സാംസ്‌കാരിക രംഗത്തെ സ്വരാജിന്റെ മികവും അദ്ദേഹത്തിന് ലഭിച്ച പിന്തുണയും എത്രത്തോളം ഉണ്ടെന്നതും കേരളം ഈ തിരഞ്ഞെടുപ്പ് കാലത്ത് കണ്ടതാണ്. നിലമ്പൂരിലെ അഭിമാനപോരാട്ടത്തിന് അദ്ദേഹത്തെ കളത്തിലിറക്കിയ ഫാക്ടുകളിലൊന്നും അത് തന്നെയായിരുന്നു. അഭിമാനപോരാട്ടത്തില്‍ ജന്മനാട് കാക്കുമെന്ന് കരുതിയെങ്കിലും പോത്തുകല്ലിൽ അതുണ്ടായില്ല. അങ്ങനെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഇതാദ്യായി ഒരു സിറ്റിങ് സീറ്റും എല്‍ഡിഎഫ് കൈവിട്ടു.
ഇന്ത്യയുടേയും പ്രത്യേകിച്ച് കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിതത്തിൽ നിരവധി കൗതുകങ്ങൾ ചൂണ്ടിക്കാട്ടാനാകും.
അതിൽ ഒന്നാണ് ലോക്സഭ തിരഞ്ഞെടുപ്പിലെ രാഹുൽ ഗാന്ധിയുടെ വയനാടും അമേഠിയും. 2019 മുതൽ 2024 വരെ വയനാട്ടിനെയും 2004 മുതൽ 2019 വരെ ഉത്തർപ്രദേശിലെ അമേഠിയെയും അദ്ദേഹം പ്രതിനിധീകരിച്ചു. മുൻ മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയുടെ മകനും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയ ഒരു തിരഞ്ഞെടുപ്പ് ചരിത്രവും കേരളത്തിലുണ്ട്. കെ.കരുണാകരൻ. നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച കോൺഗ്രസുകാരുടെ പ്രിയപ്പെട്ട ലീഡർ. 1999ൽ ലീഡർ മുകുന്ദപുരത്ത് മത്സരിച്ചു. എതിരാളി ആരായിരുന്നുവെന്ന് അറിയണ്ടേ. ഇ.എം.എസ്. മുകുന്ദപുരത്ത് അന്ന് ലീഡറെ നേരിട്ടതും ഇ.എം.എസ് ആണ്. ഇ.എം.എസിന്റെ മകൻ ഇ.എം.ശ്രീധരൻ എന്ന ഇ.എം.എസ്.
ഇ.എം.എസ് വിടവാങ്ങിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പ്. ശ്രീധരന്റെ ചുവരെഴുത്തുകളിലൊക്കെ ഇ.എം.എസിനൊരു വോട്ട് എന്ന് രേഖപ്പെടുത്തി. ശ്രീധരന്റെ ആദ്യ മത്സരമായിരുന്നില്ല ഇത്. 1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രീകൃഷ്ണപുരത്ത് മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഇതേ മണ്ഡലത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ 2004ൽ ലീഡർ മാറിനിന്നു. മകൾ പത്മജയെ ഇറക്കി. അന്ന് ലോനപ്പൻ നമ്പാടനോട് പത്മജ തോറ്റത് 1 ലക്ഷത്തിന് പതിനേഴായിരം വോട്ടിനാണ്.
കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടി എന്ന നേതാവിനെ അടയാളപ്പെടുത്തിയ പുതുപ്പള്ളിയിൽ 2021-ല്‍ ഉമ്മൻചാണ്ടിക്കെതിരെയും, അദ്ദേഹത്തിന്റെ മരണശേഷമുള്ള 2023-ലെ ഉപതിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മനെയും നേരിട്ടത് ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് ആയിരുന്നു. 2016-ലാണ് ജെയ്ക്ക് പുതുപ്പള്ളിയില്‍ കന്നി മത്സരത്തിനിറങ്ങിയത്. അന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 27,092 വോട്ടായിരുന്നു. 9044 വോട്ടിന്റെ വ്യത്യാസത്തിനാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്. ജനനായകന് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളുടെ കണക്കുപുസ്തകം 2021 ഇന്നും സൂക്ഷിക്കുന്നുണ്ട്.
content summary: Fascinating facts of nilambur election