June 13, 2026 |
Share on

ഹിമാലയന്‍ മഞ്ഞില്‍ മാഞ്ഞുപോയ അച്ഛനും മകളും; ഗുജറാത്തി ട്രെക്കിംഗ് പ്രേമികള്‍ക്ക് നേപ്പാളില്‍ ദാരുണാന്ത്യം

മഞ്ഞുമലയെ ഹരമാക്കിയവര്‍

ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ കഡോഡ് ഗ്രാമത്തില്‍ ട്യൂഷന്‍ ക്ലാസുകള്‍ നടത്തിയിരുന്ന അധ്യാപകരായിരുന്നു ജിഗ്‌നേഷ് പട്ടേലും ഭാര്യ ജാഗ്രതിയും. അവരുടെ ഏക മകള്‍, 17 കാരി പ്രിയദര്‍ശിനി, 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. എന്നാല്‍ ഈ കുടുംബത്തെ ഗ്രാമത്തില്‍ ശ്രദ്ധേയരാക്കിയത് മറ്റൊന്നായിരുന്നു.

2018-ല്‍, ജിഗ്‌നേഷും മകള്‍ പ്രിയദര്‍ശിനിയും ട്രെക്കിംഗ് ഒരു ഹോബിയാക്കി എടുത്തു. താമസിയാതെ അച്ഛനും മകളും നേപ്പാളിലെ ഹിമാലയത്തിന്റെ ഉയരങ്ങള്‍ കീഴടക്കാന്‍ തുടങ്ങി. ആ ഗ്രാമം ഇതിനെ അഭിമാനത്തോടെയാണ് നോക്കിക്കണ്ടത്.

”അഭിമാനത്തിന്റെ കൊടുമുടിയില്‍ ജിഗ്‌നേഷും മകളും നില്‍ക്കവെയാണ് ഞായറാഴ്ച ആ കോള്‍ വരുന്നത്. നേപ്പാളിലെ മനാങ്ങില്‍ നിന്നുള്ള ഒരു ഒരു ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെതായിരുന്നു കോള്‍. നേപ്പാളിലെ മഞ്ഞുപാളികള്‍ക്കടിയില്‍ നിന്നും ഒരു പുരുഷന്റെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അവര്‍ അറിയിച്ചു. ഇരുവരുടെയും പക്കല്‍ നിന്നും ലഭിച്ച ഫോട്ടോകളും സാധനങ്ങളും അവര്‍ ഞങ്ങള്‍ക്ക് അയച്ചു തന്നു. അതോടെ അതുവരെയുണ്ടായിരുന്ന ഞങ്ങളുടെ സന്തോഷമാണ് മങ്ങിയത്.” മരണപ്പെട്ടത് ജിഗ്‌നേഷും മകളുമാണെന്ന് സ്ഥിരീകരിച്ച ജിഗ്‌നേഷിന്റെ ബന്ധുവും അതേ ഗ്രാമത്തിലെ താമസക്കാരനുമായ അമിത്ഭായി മിസ്ത്രി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേപ്പാളിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ടിബറ്റിനോട് ചേര്‍ന്നുള്ള ഡിസ്യാങ് പ്രദേശത്ത് നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മിലാരേപ്പ ഗുഹയ്ക്ക് സമീപം ഇരുവരെയും കാണാതായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഒക്ടോബര്‍ 20-ന് മിലാരേപ്പ ബുദ്ധവിഹാരത്തിലേക്ക് പോകുന്നുവെന്ന് ജീവനക്കാരെ അറിയിച്ച ശേഷം ഇരുവരും ഹോട്ടലില്‍ നിന്ന് ഇറങ്ങുകയായിരുന്നു. വിഹാരത്തില്‍ നിന്ന് ഏകദേശം 100 മീറ്റര്‍ ഉയരത്തില്‍ മഞ്ഞില്‍ മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഹിമാലയത്തിന്റെ വശ്യത ആസ്വദിക്കാനായി ഇരുവരും കൂടുതല്‍ ഉയരത്തിലേക്ക് കയറിയതാകാമെന്ന് പോലീസ് പറയുന്നു. മകളും ഭര്‍ത്താവും മരിച്ച വിവരം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും ജാഗ്രതിക്ക് ആയിട്ടില്ല.

”മൃതദേഹങ്ങള്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്തുമെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഡല്‍ഹി വഴിയായിരിക്കും സൂറത്തിലേക്ക് കൊണ്ടുവരിക. അന്ത്യകര്‍മങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജിഗ്‌നേഷിനെ അറിയുന്ന കുടുംബാംഗങ്ങളും നാട്ടുകാരും ഗ്രാമത്തില്‍ എത്തിയിട്ടുണ്ട്… ജിഗ്‌നേഷിന്റെ മാതാപിതാക്കള്‍ കഡോഡ് ഹൈസ്‌കൂളില്‍ അധ്യാപകരായിരുന്നു, കുടുംബത്തോട് ഗ്രാമത്തിന് വലിയ മതിപ്പുണ്ടായിരുന്നു,’ ബന്ധു അമിത്ഭായി മിസ്ത്രി പറഞ്ഞു. ജിഗ്‌നേഷിന്റെ അച്ഛന്‍ കുറച്ച് വര്‍ഷം മുമ്പ് മരിച്ചുപോയി, അമ്മ കിടപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിഗ്‌നേഷിന്റെ കുടുംബാംഗങ്ങള്‍ പറയുന്നതനുസരിച്ച്, ”ട്രക്കിംഗില്‍ അച്ഛന്റെയും മകളുടെയും മികവ് പ്രശസ്തമായിരുന്നു. അവര്‍ പ്രധാനമായും സാഹസികമായ അന്നപൂര്‍ണ്ണ മലനിരകള്‍ ആയിരുന്നു ലക്ഷ്യമാക്കിയിരുന്നത്. മുക്തിനാഥ്-ദാമോദര്‍ കുണ്ഡ്, തോറോങ് ലാ, ഇദാം ഫ്ര പീക്ക്, ടിലിച്ചോ തടാകം എന്നിവയായിരുന്നു ഇവ. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത്, ജിഗ്‌നേഷ് അന്നപൂര്‍ണ ബേസ് ക്യാമ്പിലേക്കുള്ള ഒരു യാത്രയില്‍ നോര്‍ത്ത് ഫേസില്‍ ഒറ്റയ്ക്ക് കയറിയിരുന്നു,” മിസ്ത്രി കൂട്ടിച്ചേര്‍ത്തു.

”ഒക്‌ടോബര്‍ 14 നായിരുന്നു ജിഗ്‌നേഷും പ്രിയദര്‍ശിനിയും സൂറത്തില്‍ നിന്ന് മനാങിലേക്ക് പുറപ്പെട്ടത്. അവരുടെ ലക്ഷ്യം ഇക്കുറിയും അന്നപൂര്‍ണ മലനിരകളായിരുന്നു. ഒക്ടോബര്‍ 21-ന് ജിഗ്‌നേഷ് ജാഗ്രതിയെ വിളിച്ച് ഒക്ടോബര്‍ 30-ന് ബേസ് ക്യാമ്പിലേക്ക് മടങ്ങുമെന്നും നവംബര്‍ 4-ന് വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ കനത്ത മഞ്ഞുവീഴ്ച എല്ലാം മാറ്റിമറിച്ചു,” മിസ്ത്രി പറഞ്ഞു.

Content Summary: Father and daughter vanish in Himalayan snow

Leave a Reply

Your email address will not be published. Required fields are marked *

×