അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നികുതി നയങ്ങളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീൽ കോടതി. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് താരിഫുകൾ ചുമത്താനുള്ള ട്രംപിന്റെ നീക്കം 1977ലെ നിയമത്തിനും യുഎസ് ഭരണഘടനയ്ക്കും എതിരാണെന്ന് ഫെഡറൽ കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിന്റെ വിധി ശരിവച്ചുകൊണ്ട് കോടതി പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഈ വിധി ട്രംപ് ഭരണകൂടത്തിന് കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകാൻ കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടിയന്തര സാമ്പത്തിക അധികാരം ദുരുപയോഗം ചെയ്ത് വലിയ തോതിലുള്ള താരിഫുകൾ ചുമത്തിയത് അധികാര ദുർവിനിയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കേസ് മുന്നോട്ട് പോവുന്നതിനാൽ ഒക്ടോബർ പകുതി വരെ താരിഫുകൾ നിലനിർത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്. കോടതി വിധി തെറ്റാണെന്നും വിധിയെ ചോദ്യം ചെയ്യുമെന്നും ട്രംപ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പക്ഷപാതപരമായ വിധിയെന്നാണ് ട്രംപ് കോടതി വിധിയെക്കുറിച്ച് പറഞ്ഞത്.
നമ്മുടെ താരിഫുകൾ നീക്കം ചെയ്യണമെന്ന് അപ്പീൽ കോടതി പറഞ്ഞത് അംഗീകരിക്കാനാവില്ല. എന്നാൽ എല്ലാത്തിന്റെയും അവസാനം വിജയിക്കുന്നത് അമേരിക്കയാകുമെന്ന് എല്ലാവർക്കുമറിയാം, കോടതി വിധിയെ വിമർശിച്ചുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുഎസ് സുപ്രീം കോടതിയുടെ സഹായത്തോടെ വിധിയിൽ അപ്പീൽ നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. താരിഫുകൾ അസാധുവാക്കുന്നത് രാജ്യത്തിന് ഒരു വലിയ ദുരന്തമായിരിക്കുമെന്നും രാജ്യത്തെ സാമ്പത്തികമായി ദുർബലമാക്കുമെന്നും മുന്നറിയിപ്പ് നൽകി.
സാമ്പത്തിക നയങ്ങളിൽ നികുതിയെ പ്രധാന ഉപകരണമായി ഉപയോഗിച്ചിരുന്ന ട്രംപിന് ഈ വിധി വലിയ തിരിച്ചടിയാണ്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മറ്റ് പങ്കാളികൾ എന്നിവരുമായി പരസ്പര താരിഫുകൾ കുറയ്ക്കുന്നതിനുള്ള കരാറുകളെക്കുറിച്ചുള്ള ചോദ്യങ്ങളും ഇത് ഉയർത്തുന്നു. കൂടാതെ, ഫെന്റനൈൽ കയറ്റുമതിയുടെ പേരിൽ ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കെതിരെ ചുമത്തിയ താരിഫുകളും വിധിയിലൂടെ റദ്ദാക്കുന്നു. ഇത്തരം തീരുവകൾ ചുമത്താൻ കോൺഗ്രസ് പ്രസിഡന്റിന് വ്യാപകമായ അധികാരം നൽകിയിട്ടില്ലെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
ഒക്ടോബർ 14ന് ശേഷമായിരിക്കും കോടതിയുടെ വിധി പ്രാബല്യത്തിൽ വരിക. ഇത് ട്രംപിന് വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സമയം നൽകുന്നുവെന്ന് വിമർശകർ ആരോപിക്കുന്നുണ്ട്.
സുപ്രീം കോടതിയുടെ സഹായത്തോടെ രാജ്യത്തിന്റെ നന്മയ്ക്കായി നികുതി ഉപയോഗിക്കുമെന്നും ഒപ്പം അമേരിക്കയെ വീണ്ടും സമ്പന്നവും ശക്തവുമാക്കുമെന്നും ട്രംപ് പറഞ്ഞു. ചെറുകിട ഇറക്കുമതിക്കാരും ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള നിരവധി സംസ്ഥാനങ്ങളും നൽകിയ കേസുകളാണ് ഈ വിധിക്ക് കാരണമായത്. പ്രസിഡന്റിന്റെ പ്രവർത്തനങ്ങൾ ഒരു നയമെന്ന നിലയിൽ എടുക്കേണ്ടതുണ്ടോ എന്ന് ഞങ്ങൾ പരിശോധിക്കുന്നില്ല… മറിച്ച്, അപ്പീലിൽ ഞങ്ങൾ പരിഹരിക്കുന്ന ഒരേയൊരു പ്രശ്നം ഐഇഇപിഎയുടെ ട്രേഡ് ട്രാഫിക്കിങ് താരിഫുകളും പരസ്പര താരിഫുകളും അധികാരപ്പെടുത്തിയിട്ടുണ്ടോ എന്നതാണ്. അവ അങ്ങനെ ചെയ്യുന്നില്ലെന്ന് ഞങ്ങൾ നിഗമനം ചെയ്യുന്നു, ട്രംപിന്റെ നികുതി നയങ്ങളെ തള്ളിക്കൊണ്ട് ജഡ്ജിമാർ വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
Content Summary: Federal appeals court declares majority of Trump’s tariffs unlawful
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.