യുഎസിൽ നിന്ന് കുടിയേറ്റക്കാരെ ദക്ഷിണ സുഡാനിലേക്ക് നാടുകടത്തിയത് നിയമവിരുദ്ധം; കുടിയേറ്റക്കാരുടെ പൂർണ്ണ ഉത്തരവാദിത്തം യുഎസിനെന്ന് കോടതി

അടിയന്തര വാദം കേട്ടതിന് ശേഷം യുഎസ് ജില്ലാ ജഡ്ജി ബ്രയാൻ ഇ. മർഫിയാണ് വിധി പുറപ്പെടുവിച്ചത്

യുഎസിൽ നിന്ന് ദക്ഷിണ സുഡാനിലേക്ക് നാടുകടത്തിയ കുടിയേറ്റക്കാരുടെ പൂർണ്ണ ഉത്തരവാദിത്തം യുഎസ് നിലനിർത്തണമെന്ന് ഫെഡറൽ കോടതി. സുഡാനിലേക്ക് ഒരു കൂട്ടം കുടിയേറ്റക്കാരെ നാടുകടത്തിയതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം കോടതിയലക്ഷ്യത്തിന് വിധേയമാകാമെന്നും ഫെഡറൽ ജഡ്ജി മുന്നറിയിപ്പ് നൽകി.

യുഎസിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയിറക്കുന്നത് നിയന്ത്രിച്ചു കൊണ്ടുള്ള കോടതി ഉത്തരവ് നിലവിൽ ഉണ്ടായിരുന്നിട്ടും, ട്രംപ് ഭരണകൂടം മ്യാൻമറിൽ നിന്നും വിയറ്റ്നാമിൽ നിന്നും ദക്ഷിണ സുഡാനിലേക്ക് ആളുകളെ നാടുകടത്തിയിരുന്നു. ഇത് സംബന്ധിച്ച് കുടിയേറ്റക്കാർ നൽകിയ പരാതിയുടെ അടിയന്തര വാദം കേട്ടതിന് ശേഷമായിരുന്നു മസാച്യുസെറ്റ്സിലെ യുഎസ് ജില്ലാ ജഡ്ജി ബ്രയാൻ ഇ. മർഫി വിധി പുറപ്പെടുവിച്ചത്. ദക്ഷിണ സുഡാനിലേക്കോ മറ്റേതെങ്കിലും മൂന്നാം രാജ്യത്തേക്കോ നിലവിൽ നാടുകടത്തപ്പെടുന്ന ക്ലാസ് അംഗങ്ങളുടെ കസ്റ്റഡിയും നിയന്ത്രണവും സർക്കാർ നിലനിർത്തണമെന്നും അത്തരം നാടുകടത്തലുകൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ തിരിച്ചുവരവിന്റെ പ്രായോഗിക സാധ്യത ഉറപ്പാക്കണമെന്നും ബ്രയാൻ ഇ. മർഫി പറഞ്ഞു. കുടിയേറ്റക്കാർക്ക് മാനുഷിക പരി​ഗണന നൽകണമെന്നും ബ്രയാൻ ഇ. മർഫി കൂട്ടിച്ചേർത്തു.

നിരവധി രാജ്യങ്ങളിൽ നിന്ന് ഏകദേശം ഒരു ഡസനോളം ആളുകളെ ഇമിഗ്രേഷൻ അധികൃതർ ആഫ്രിക്കയിലേക്ക് അയച്ചിട്ടുണ്ടാകാമെന്നാണ് കുടിയേറ്റക്കാരുടെ അഭിഭാഷകർ ജഡ്ജിയോട് വ്യക്തമാക്കി. കാരണം കാണിക്കാതെ തങ്ങളുടെ മാതൃരാജ്യത്തിന് പുറത്തുള്ള ഒരു രാജ്യത്തേക്ക് അവരെ അയയ്ക്കുന്നത് അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കാൻ അവർക്ക് അവസരം ലഭിക്കാത്ത പക്ഷം ഇത് നിയമലംഘനവുമാണ്. മ്യാൻമറിൽ നിന്ന് ഒരാളെ നാടു കടത്തിയതായി ടെക്സസിലെ ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ അയച്ച ഇമെയിലിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇം​ഗ്ലീഷ് അത്ര നന്നായി കൈകാര്യം ചെയ്യാൻ അറിയാത്ത അയാൾക്ക് ഇം​ഗ്ലീഷിലാണ് ഇമെയിൽ അയച്ചിരിക്കുന്നത്. നാടുകടത്തലിനായി വിമാനം സജ്ജീകരിച്ച് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ബന്ധപ്പെട്ടവർ ഇക്കാര്യത്തെക്കുറിച്ച് അറിയുന്നതും. തന്റെ ഭർത്താവുൾപ്പെടെ 10 പേരെ ആഫ്രിക്കയിലേക്ക് വിമാനത്തിൽ കൊണ്ടുപോയതായി ഒരു സ്ത്രീ റിപ്പോർട്ട് ചെയ്തതായി നാഷണൽ ഇമിഗ്രേഷൻ ലിറ്റിഗേഷൻ അലയൻസിലെ അഭിഭാഷകർ വ്യക്തമാക്കി.

നാടുകടത്തൽ തടയാൻ അടിയന്തരമായി കോടതി ഉത്തരവിടണമെന്ന് അഭിഭാഷകർ ബ്രയാൻ ഇ. മർഫിയോട് ആവശ്യപ്പെട്ടു. മുൻകൂർ നോട്ടീസ് ഇല്ലാതെ ആളുകളെ ലിബിയയിലേക്ക് നാടുകടത്താനുള്ള ഏതൊരു പദ്ധതിയും തന്റെ വിധിയുടെ വ്യക്തമായ ലംഘനമാണെന്ന് മുമ്പ് ബ്രയാൻ ഇ. മർഫി പ്രഖ്യാപിച്ചിരുന്നു. കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും, അവരെ മൂന്നാം രാജ്യത്തേക്ക് മാറ്റാനുണ്ടായ സാഹചര്യം എന്നിവ യുഎസ് ഉദ്യോഗസ്ഥർ കൃത്യമായി വ്യക്തമാക്കണെമെന്ന് ജഡ്ജി ആവശ്യപ്പെട്ടു. യുഎസ് ഉദ്യോഗസ്ഥരോട് ബുധനാഴ്ച കോടതിയിൽ ഹാജരാകണമെന്നും മർഫി ആവശ്യപ്പെട്ടു. യുഎസിൽ നിന്ന് ഇതിനകം നീക്കം ചെയ്യപ്പെട്ട കുടിയേറ്റക്കാർ എവിടെയാണെന്ന് സംബന്ധിച്ച വിശദ വിവരങ്ങൾ സർക്കാർ നൽകണമെന്നും ബ്രയാൻ ഇ. മർഫി വിധിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ യുദ്ധകാല നിയമപ്രകാരമാണ് ട്രംപ് ഭരണകൂടം വെനിസ്വേലക്കാരെ എൽ സാൽവഡോറിലെ ഒരു കുപ്രസിദ്ധ ജയിലിലേക്ക് അയച്ചത്.

content summary: A judge has ordered U.S. officials to maintain authority over migrants deported to South Sudan, in case the deportations are later ruled unlawful

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment