രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമ സിനിമാറ്റിക് ആവണമെന്നില്ലെന്നും രാഷ്ട്രീയം പ്രസംഗിച്ചുപോയാല്‍ മതിയെന്നുമുള്ള ധാരണ മുന്നോട്ട് വെക്കുന്ന സിനിമകള്‍ക്കിടയില്‍ അലര്‍ച്ചകളോ അട്ടഹാസങ്ങളോ ഇല്ലാതെ ഏറ്റവും സൗമ്യമായി സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിക്കുന്നതിലൂടെ വ്യത്യസ്തമാകുകയാണ് ഫെമിനിച്ചി ഫാത്തിമ.
ആക്രോശങ്ങളില്ലാതെ നിസ്സാരമായ സ്വരത്തില്‍ അയത്‌നലളിതമായി നര്‍മം കലര്‍ത്തി ഫെമിനിച്ചി ഫാത്തിമ ഫെമിനിസം പറയുന്നത് കണ്ടപ്പോള്‍ ഓര്‍മയില്‍ വന്നത് സ്‌കാന്‍ഡിനേവിയന്‍ ഫെമിനിസ്റ്റ് സിനിമകളാണ്. ലിവ് ഉല്‍മാന്‍, സുസാന്‍ ബിയര്‍, അഞ്ജ ബ്രിയന്‍ എന്നിവരുടെ സിനിമകളിലെന്ന പോലെ, ഫെമിനിച്ചി ഫാത്തിമയും വീട്ടകങ്ങളെ ആത്മപരിശോധനയുടെ ഒരു അരങ്ങാക്കി മാറ്റുന്നു. കലാപം ആന്തരികമാകാമെന്നും സഹാനുഭൂതിക്ക് കോപത്തേക്കാള്‍ തീവ്രമായി കാഴ്ചക്കാരുമായി സംവദിക്കാനാകുമെന്നുമുള്ള ആശയമാണ് ഫെമിനിച്ചി ഫാത്തിമയും മുന്നോട്ട് വെക്കുന്നത്.
വടക്കന്‍ കേരളത്തിലെ ഒരു മുസ്ലീം കുടുംബത്തിനുള്ളില്‍, താന്‍ ആരായിരിക്കണമെന്ന് സാഹചര്യങ്ങളാലും വ്യവസ്ഥിതികളാലും ഇതിനോടകം തീരുമാനിക്കപ്പെട്ട ഒരു ലോകത്തിനുള്ളില്‍ ജീവിക്കുന്ന ഒരു സ്ത്രീ, ഘട്ടം ഘട്ടമായി സ്വയം എന്താകണമെന്നു തീരുമാനിക്കാന്‍ തുടങ്ങുന്ന, സ്ത്രീയുടെ ഉണര്‍വിന്റെയും വളര്‍ച്ചയുടെയും കഥ പറയുന്ന ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. കലാപങ്ങളല്ല, മറിച്ച് ദൈനംദിന ജീവിതത്തില്‍ നേരിടുന്ന അസംബന്ധങ്ങളാണ് വെറും ഫാത്തിമയില്‍ നിന്നും ഫെമിനിച്ചി ഫാത്തിമയിലേക്കുള്ള നായികയുടെ പരിവര്‍ത്തനത്തിന് കാരണമാകുന്നത്. സിനിമ അഭിനയത്തില്‍ മുന്‍പരിചയമില്ല എന്ന് തന്നെ പറയാവുന്ന ഒരു നടിയാണ് ഈ പരിവര്‍ത്തനത്തെ ഇത്ര അനായാസം അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഇവിടെ കൂട്ടിച്ചേര്‍ക്കട്ടെ. ഫാത്തിമയായി അഭിനയിച്ച ഷംല ഹംസ മാത്രമല്ല, പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടീനടന്മാരെല്ലാം മുന്‍പരിചയക്കുറവിന്റെ ലാഞ്ചനകളില്ലാതെ സിനിമയിലുടനീളം കാഴ്ച്ച വെച്ചിരിക്കുന്ന മികച്ച പ്രകടനത്തിന് സംവിധായകനെയും പ്രശംസിക്കാതെ വയ്യ.
ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന കുടുബത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഒരു സ്ത്രീപക്ഷ സിനിമ എടുത്തപ്പോഴും, ഒട്ടും ഇസ്ലാമോഫോബിക് ആകാതെ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സംവിധായകന് സാധിച്ചു എന്നതും സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമായി കാണാം. തികഞ്ഞ ഊഷ്മളതയോടെ തീര്‍ത്തും സത്യസന്ധമായി വിശ്വാസത്തെയും വിശ്വാസത്തിന്റെ ഭാഗമാകുന്ന ലിംഗഭേദത്തെയും കുറിച്ചാണ് ഫെമിനിച്ചി ഫാത്തിമ സംസാരിക്കുന്നത്.
തെക്കന്‍ മലബാറിലെ ഒരു ഇടത്തരം മുസ്ലിം കുടുംബത്തിലെ
ഒരു സാധാരണ വീട്ടമ്മയായി അവതരിപ്പിക്കപ്പെടുന്ന ഫാത്തിമയാണ് കഥാനായിക. കുടുംബവും കുട്ടികളും ആ കുടുംബത്തിലെ ഓരോരുത്തര്‍ക്ക് വേണ്ടിയും ഫാത്തിമ ചെയ്യുന്ന വീട്ടുജോലികളെയും ചുറ്റിപ്പറ്റിയാണ് ഫാത്തിമയുടെ ജീവിതം മുന്നോട്ട് പോകുന്നത്. 12 വയസോളം പ്രായമായിട്ടും ഉറക്കത്തില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്ന മകനിലൂടെയും അവന്‍ മൂത്രമൊഴിച്ചു മോശമാക്കിയ കിടക്കയിലൂടെയുമാണ് ചിത്രം ഫാത്തിമയുടെ ജീവിതം പറഞ്ഞുതുടങ്ങുന്നത്. പുരുഷ കേന്ദ്രീകൃതമായ മതവും വിശ്വാസവും കുടുംബവും വ്യവസ്ഥിതിയും അറിഞ്ഞോ അറിയാതെയോ എങ്ങനെയൊക്കെയാണ് ഒരു സ്ത്രീയുടെ ജീവിതം ദുസ്സഹമാക്കുന്നത് എന്ന് മകന്‍ മൂത്രമൊഴിച്ചു മോശമാക്കിയ കിടക്ക എന്ന ബിംബത്തെ ഉപയോഗിച്ചുകൊണ്ട് സരസമായി പറഞ്ഞുവെക്കുകയാണ് തിരക്കഥാകൃത്ത് കൂടെയായ സംവിധായകന്‍ ഫാസില്‍ മുഹമ്മദ്.
ഈ സിനിമയുടെ കാതല്‍ ഇതിന്റെ തിരക്കഥയാണ്. അതിശയിപ്പിക്കുന്ന ലാഘവത്തോടെ യാഥാര്‍ത്ഥ്യബോധവും ആക്ഷേപഹാസ്യവും ഇതില്‍ ഇഴചേര്‍ന്നിരിക്കുന്നു. മലബാറിന്റെ ദൈനംദിന സംസാരത്തിന്റെ സംഗീതാത്മകതയില്‍ ചിട്ടപ്പെടുത്തിയ ജീവനുള്ള സംഭാഷണങ്ങളാണ് ചിത്രത്തിലുടനീളം കേള്‍ക്കാന്‍ സാധിക്കുന്നത്. എന്നാല്‍ സംഭാഷണങ്ങള്‍ കൊണ്ടല്ല സിനിമ പലപ്പോഴും അതിന്റെ അര്‍ത്ഥം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. സിനിമയിലെവിടെയും ആരും തന്നെ രാഷ്ട്രീയം പ്രസംഗിക്കുന്നില്ല മറിച്ചു യഥാര്‍ത്ഥ ജീവിതത്തിന്റെ സൂക്ഷ്മമായ അവതരണത്തിലൂടെ, ജീവിതത്തിലെ വിരോധാഭാസങ്ങളിലൂടെ കാഴ്ചക്കാരനെ അര്‍ത്ഥം കണ്ടെത്താന്‍ സിനിമ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇടുങ്ങിയ, വെളിച്ചം പാതി കടന്നു വരുന്ന മുറിയും, ആ മുറിയില്‍ കഷ്ടപ്പെട്ട് കയറിക്കൂടിയ രണ്ട് മനുഷ്യര്‍ക്ക് കഷ്ടിച്ച് കിടക്കാന്‍ കഴിയുന്ന ഒരു കട്ടിലും, ആ കട്ടിലില്‍ ഒതുങ്ങിക്കൂടി കിടക്കുന്ന ഫാത്തിമയുടെയും മൂന്ന് കുട്ടികളുടെയും ദൃശ്യങ്ങളും മുന്നോട്ട് വെക്കുന്ന ശ്വാസം മുട്ടലാണ് യഥാര്‍ത്ഥത്തില്‍ പുരുഷകേന്ദ്രീകൃത ലോകത്തില്‍ പെട്ടുപോകുന്ന സ്ത്രീകള്‍ ദിവസേന അനുഭവിക്കുന്നത് എന്ന തിരിച്ചറിവാണ് സിനിമ സൃഷ്ടിക്കുന്നത്. അതിഭീകരമായ ഈ ശ്വാസം മുട്ടല്‍ അവതരിപ്പിക്കാന്‍ നര്‍മം കലര്‍ന്ന ആഖ്യാന രീതി സിനിമ അവലംബിക്കുന്നത് കാണുമ്പോള്‍ ഈ ചിത്രം നര്‍മ്മത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചിരിക്കുന്നതയാണ് തോന്നുന്നത്. പുരുഷാധിപത്യ ജീവിതത്തിന്റെയും സാമൂഹ്യ വ്യവസ്ഥിതികളുടെയും വൈരുദ്ധ്യങ്ങള്‍ വെളിപ്പെടുത്താന്‍ തക്ക മൂര്‍ച്ചയുള്ളതാകുമ്പോഴും ഈ കഥയിലെ നര്‍മ്മത്തിന് ഈ സാഹചര്യങ്ങളിലകപ്പെട്ട മനുഷ്യരോട് സഹാനുഭൂതി ജനിപ്പിക്കാന്‍ സാധിക്കുന്നുണ്ട്.
വിശ്വാസത്തെയോ സമൂഹത്തെയോ കുറ്റപ്പെടുത്തുന്നതിനു പകരം അതില്‍ നില നില്‍ക്കുന്ന സ്ത്രീവിരുദ്ധ ചിന്താഗതികള്‍ എത്രകണ്ട് അസഹനീയമാണ് എന്ന് ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കുന്നതിലൂടെയാണ് ഫെമിനിച്ചി ഫാത്തിമ അതിന്റെ ഫെമിനിസം മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലെ പുരുഷന്മാര്‍ ആരും വില്ലന്മാരല്ല, മറിച്ച് വ്യത്യസ്ത ലിംഗങ്ങളെ അസമമായ രീതിയില്‍ വളര്‍ത്തികൊണ്ടുവരുന്ന ഈ വ്യവസ്ഥിതിയെ ആണ് ചിത്രം തുറന്നു കാട്ടുന്നത്.
സാധാരണ ജീവിത സാഹചര്യങ്ങളില്‍ എങ്ങനെയാണു സ്ത്രീകള്‍ അവരുടെ സ്ഥാനം ഉറപ്പിക്കേണ്ടത് എന്ന് പറയാന്‍ ശ്രമിക്കുന്ന ചിത്രം, വിമോചനം കലാപത്തിലൂടെ മാത്രമല്ല, അവബോധം സൃഷ്ടിക്കുന്നതിലൂടെക്കൂടെയാണ് അത് സംഭവിക്കുന്നത് എന്ന് കാണിച്ചു തരുന്നുണ്ട്.
ആത്യന്തികമായി, ഫെമിനിച്ചി ഫാത്തിമ സ്ത്രീയില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തിയുടെ കണ്ടെത്തലാണ് നടത്തുന്നത്. ഒരു സ്ത്രീയുടെ ചിരി, അവളുടെ ചെറിയ പ്രതികരണങ്ങള്‍, എതിര്‍പ്പുകള്‍ ചില സമയങ്ങളിലെ നിശബ്ദത, ചില വിസമ്മതങ്ങള്‍ എന്നിവക്ക് എത്ര ശക്തമായി പുരുഷാധിപത്യത്തിന്റെ അടിത്തറയെ ഇളക്കിക്കളയാന്‍ സാധിക്കും എന്ന് സൗമ്യമായി പറയുന്ന ഈ സിനിമ, ഒരു സിനിമയ്ക്ക് സ്ത്രീപക്ഷ സിനിമയാകാന്‍ ഗര്‍ജനങ്ങളുടെ ആവശ്യമില്ലെന്ന് വീണ്ടും വീണ്ടും പറഞ്ഞു വെക്കുന്നു.
Content Summary; Feminichi Fathima, Malayalam movie review
This post was last modified on October 15, 2025 4:42 pm
Leave a Comment