June 17, 2026 |
Share on

ഒന്നാമനായി മെസ്സി

അല്‍ജീരിയയെ തകര്‍ത്ത് അര്‍ജന്റീന തുടങ്ങി

കരിയറിലെ ഇരുനൂറാം അന്താരാഷ്ട്ര മത്സരമെന്ന ചരിത്രനേട്ടം തകര്‍പ്പന്‍ ഹാട്രിക്കിലൂടെ ആഘോഷമാക്കി ലയണല്‍ മെസ്സി. തുടര്‍ച്ചയായ കിരീട നേട്ടത്തിനായി ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അല്‍ജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന മിന്നും തുടക്കം കുറിച്ചു. കാന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തില്‍ മത്സരത്തിന്റെ 76 മിനിറ്റിനുള്ളിലാണ് മെസ്സി തന്റെ ആദ്യ ലോകകപ്പ് ഹാട്രിക് തികച്ചത്.

മത്സരത്തിന്റെ 17-ാം മിനിറ്റില്‍ തന്നെ മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. തന്റെ വിശ്വസ്തമായ ഇടംകാല്‍ കൊണ്ട് ബോക്‌സിന് പുറത്തുനിന്ന് അല്‍ജീരിയന്‍ ഗോള്‍കീപ്പര്‍ ലൂക്കാ സിദാനെ കാഴ്ചക്കാരനാക്കി തൊടുത്ത മനോഹരമായ ഒരു കേര്‍വിങ് ഷോട്ടിലൂടെയായിരുന്നു ആദ്യ ഗോള്‍. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ അലക്‌സിസ് മാക് അലിസ്റ്ററുടെ പവര്‍ഫുള്‍ ഷോട്ട് അല്‍ജീരിയന്‍ കീപ്പര്‍ തട്ടിയകറ്റിയപ്പോള്‍ ലഭിച്ച റീബൗണ്ട് അവസരം വലതു കാല്‍ കൊണ്ട് കൃത്യമായി വലയിലെത്തിച്ച് മെസ്സി ലീഡ് രണ്ടാക്കി. 76-ാം മിനിറ്റില്‍ ബോക്‌സിന്റെ വശത്തുനിന്ന് മെസ്സിയുടെ തനത് ശൈലിയിലുള്ള മറ്റൊരു ഇടംകാല്‍ ഷോട്ടിലൂടെ മൂന്നാം ഗോളും പിറന്നു. ഈ ഹാട്രിക്കോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനെന്ന ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകള്‍) റെക്കോര്‍ഡിനൊപ്പമെത്താനും മെസ്സിക്ക് സാധിച്ചു.

തന്റെ ചരിത്ര പ്രകടനത്തിന് ശേഷം 80-ാം മിനിറ്റില്‍ നിക്കോ പാസിന് വഴിമാറി മെസ്സി മൈതാനം വിടുമ്പോള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് ആരാധകര്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് തങ്ങളുടെ നായകനെ വരവേറ്റത്. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് നേരിട്ട അപ്രതീക്ഷിത പരാജയത്തിന്റെ ഓര്‍മ്മകള്‍ മനസ്സിലുണ്ടായിരുന്നെന്നും, എന്നാല്‍ ഈ ആധികാരിക വിജയം വരും മത്സരങ്ങളെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ സഹായിക്കുമെന്നും മത്സരശേഷം അര്‍ജന്റീനന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോനി വ്യക്തമാക്കി. ജൂണ്‍ 22-ന് ഓസ്ട്രിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

Content Summary; Lionel Messi celebrates his historic 200th international match with a stunning hat-trick as defending champions Argentina beat Algeria 3-0 in their FIFA World Cup 2026 opener

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×