June 04, 2026 |
Share on

‘എന്തൊരു കഷ്ടമാണിത് മെസ്സി’

ട്രംപിനൊപ്പം മെസ്സി; രണ്ട് പക്ഷമായി അര്‍ജന്റീന

ലോകം വേര്‍തിരിവില്ലാതെ ആരാധിക്കുന്ന ഫുട്‌ബോള്‍ താരമാണ് ലയണല്‍ മെസ്സി. ഫുട്‌ബോളുമായി ബന്ധപ്പെട്ടല്ലാതെ മെസ്സിയുടെ പേര് ചര്‍ച്ചയില്‍ വരാറില്ല. പൊതുവെ രാഷ്ട്രീയ വിഷയങ്ങളില്‍ മൗനം പാലിക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ആഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയോടെ, എല്ലാം മാറി. ഇന്ന് സ്വന്തം നാട്ടില്‍ നടക്കുന്ന രൂക്ഷമായ രാഷ്ട്രീയ സംവാദങ്ങളിലെ കേന്ദ്ര കഥാപാത്രം അയാളാണ്.

സ്വന്തം ക്ലബ്ബായ ഇന്റര്‍ മിയാമിയുടെ 2025-ലെ എം.എല്‍.എസ് കപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ഈ ചടങ്ങില്‍ മെസ്സിയും പങ്കെടുത്തു. ഒരു സാധാരണ കായിക വിജയത്തിന്റെ ആഘോഷമാകേണ്ടിയിരുന്ന ചടങ്ങിനെ, ഇറാന്റെ സൈനിക തകര്‍ച്ചയെക്കുറിച്ചും ക്യൂബയിലെ ഭരണമാറ്റത്തെക്കുറിച്ചും സംസാരിക്കാനുള്ള വേദിയായി ട്രംപ് മാറ്റി. ഇത് വലിയൊരു രാഷ്ട്രീയ കൊടുങ്കാറ്റിനാണ് തിരി കൊളുത്തിയത്.

ട്രംപ് ഭരണകൂടത്തിന്റെ അടുത്ത സഖ്യകക്ഷിയായ അര്‍ജന്റീനന്‍ പ്രസിഡന്റ് ഹാവിയര്‍ മിലി, തന്റെ രാജ്യത്തെ ഫുട്‌ബോള്‍ നായകനും ട്രംപും തമ്മിലുള്ള ഹസ്തദാനത്തെ പ്രശംസിച്ചു. അതേസമയം, ട്രംപിന്റെ വിമര്‍ശകര്‍ മെസ്സി വലതുപക്ഷത്തോട് അടുക്കുകയാണെന്ന് ആരോപിച്ചു. ‘ഇതൊരു കരണത്തടി പോലെയാണ് തോന്നിയത്’ എന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ മുന്‍ പരിശീലകനും നിരൂപകനുമായ ആഞ്ചല കപ്പ തന്റെ ബ്ലോഗില്‍ കുറിച്ചത്. ‘എന്തൊരു കഷ്ടമാണിത് മെസ്സി’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പിന്റെ തലക്കെട്ട്.

രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍ ഉടനീളം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മെസ്സി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വൈറ്റ് ഹൗസിലെ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്റര്‍ മിയാമി പ്രതിനിധികളും ഇതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും റേഡിയോ പരിപാടികളിലും അര്‍ജന്റീനക്കാര്‍ മെസ്സിയുടെ ശരീരഭാഷയെ സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ്. ട്രംപിന്റെ യുദ്ധക്കൊതി കലര്‍ന്ന പ്രസംഗത്തിനിടെ മെസ്സി എത്രത്തോളം അസ്വസ്ഥനായിരുന്നു, അല്ലെങ്കില്‍ ശാന്തനായിരുന്നു എന്നാണ് എല്ലാവരും തിരയുന്നത്.

മെസ്സിയുടെ ദീര്‍ഘകാലത്തെ രാഷ്ട്രീയ നിഷ്പക്ഷത പാഴായതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. അര്‍ജന്റീനയിലെ ഇടത്-വലത് പക്ഷങ്ങള്‍ അദ്ദേഹത്തെ തങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ‘അര്‍ജന്റീനയുടെ ഏറ്റവും വലിയ ദേശീയ ബിംബം പോലും വലതുപക്ഷക്കാരനാണ്’ എന്നാണ് പ്രമുഖ വലതുപക്ഷ ചിന്തകന്‍ അഗസ്റ്റിന്‍ ലാജെ എക്‌സില്‍ കുറിച്ചത്.

ഈ തര്‍ക്കം അര്‍ജന്റീനയുടെ അതിരുകള്‍ക്കും അപ്പുറത്തേക്ക് പടര്‍ന്നു. എന്നിരുന്നാലും, ഈ കൂടിക്കാഴ്ചയെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിച്ചത് പ്രസിഡന്റ് ഹാവിയര്‍ മിലി തന്നെയാണ്. തന്റെ ഇടത് ശത്രുക്കള്‍ക്കെതിരെയുള്ള ആയുധമായി മെസ്സിയെ ഉപയോഗിക്കാന്‍ മിലിക്ക് ഇതിലൂടെ സാധിച്ചു. മെസ്സിയുടെ ഇടതുകാലിനെ രാഷ്ട്രീയ പക്ഷവുമായി ബന്ധിപ്പിച്ചുകൊണ്ട് ‘പ്രവര്‍ത്തിക്കുന്ന ഏക ‘ഇടത്’ മെസ്സിയുടേത് മാത്രമാണ്’ എന്ന് മിലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മെസ്സിയെ ട്രംപിനോടൊപ്പം ചേര്‍ത്തുനിര്‍ത്തുന്നതിലൂടെ താനുദ്ദേശിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന് ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്ന് മിലി കണക്കുകൂട്ടുന്നു. ‘ട്രംപിനൊപ്പമുള്ള മെസ്സിയുടെ ചിത്രം മിലിക്ക് വലിയൊരു സംതൃപ്തിയാണ് നല്‍കുന്നത്. ഇത് മെസ്സിയെ തീവ്ര വലതുപക്ഷത്തിന്റെ കോര്‍ട്ടിലേക്ക് എത്തിക്കുന്നു,’ എന്ന് അര്‍ജന്റീനന്‍ സോഷ്യോളജിസ്റ്റ് പാബ്ലോ അലബാര്‍സെസ് നിരീക്ഷിക്കുന്നു.

എങ്കിലും, ഈ വിവാദങ്ങളെ തള്ളിക്കളയുന്നവരും കുറവല്ല. മെസ്സി ഒരു ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലാണ് അവിടെ പോയതെന്നും തന്റെ ബോസിന്റെ (ക്ലബ്ബ് ഉടമ) നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും പ്രമുഖ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ ആന്ദ്രേ കന്റോര്‍ പറയുന്നു. മെസ്സിയുടെ യഥാര്‍ത്ഥ രാഷ്ട്രീയം എന്താണെന്ന് ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെസ്സിയെ എപ്പോഴും താരതമ്യം ചെയ്യുന്നത് മുന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുമായാണ്. 2020-ല്‍ അന്തരിച്ച മാറഡോണ മൈതാനത്തിന് പുറത്ത് എന്നും ഒരു വിപ്ലവകാരിയായിരുന്നു. പാവപ്പെട്ടവരുടെ പക്ഷം പിടിക്കുന്ന ഇടതുപക്ഷക്കാരനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മെസ്സിയുടെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് പിന്നാലെ മെസ്സിയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു: ‘ട്രംപിന് കൈ കൊടുത്തതിന് നന്ദി. എന്തുകൊണ്ടാണ് ഡീഗോ എന്നും ശ്രേഷ്ഠനായിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമായി.’

2022-ല്‍ ലോകകപ്പ് ജയിച്ചപ്പോള്‍ അന്നത്തെ ഇടതുപക്ഷ പ്രസിഡന്റിന്റെ കൊട്ടാരം സന്ദര്‍ശിക്കാന്‍ മെസ്സിയും സംഘവും തയ്യാറാകാതിരുന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. ഫുട്‌ബോളിന്റെ മാന്ത്രികതയില്‍ നിന്ന് തികച്ചും വിഭിന്നമായ ഇത്തരം സൈനിക-രാഷ്ട്രീയ പ്രസംഗങ്ങളില്‍ മെസ്സിയെപ്പോലൊരു താരം അകപ്പെട്ടത് പല ആരാധകരിലും നിരാശയുണ്ടാക്കിയിട്ടുണ്ട്. ‘ഫുട്‌ബോള്‍ എന്നത് ഒരു മായയും സ്വപ്നവുമാണ്. എന്നാല്‍ ഈ സംഭവങ്ങള്‍ കളിയുടെ സൗന്ദര്യത്തില്‍ നിന്ന് ഏറെ അകലെയാണ്,’ എന്ന് ഫുട്‌ബോള്‍ നിരൂപക മാര്‍സെല മോറ ഇ അരൗജോ പറഞ്ഞു.

Content Summary: Lionel Messi meeting with Donald Trump makes political controversy in Argentina

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×