48 ടീമുകള്‍, മൂന്ന് ആതിഥേയര്‍, ഹൈഡ്രേഷന്‍ ബ്രേക്ക്; 2026 ലോകകപ്പില്‍ അറിയേണ്ട കാര്യങ്ങള്‍

ഫുട്‌ബോള്‍ ലോകം ഇനി വടക്കേ അമേരിക്കയിലേക്ക്

Fifa World Cup 2026

ചൊവ്വാഴ്ച പ്ലേ ഓഫ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 2026 ലോകകപ്പിനുള്ള 48 ടീമുകളുടെ അന്തിമ പട്ടികയായി. 2026 ജൂണ്‍ 11-ന് മെക്‌സിക്കോ സിറ്റിയില്‍ ആരംഭിച്ച് ജൂലൈ 19-ന് ന്യൂജേഴ്സിയിലെ ഫൈനലോടെ അവസാനിക്കുന്ന ഈ ടൂര്‍ണമെന്റ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായിരിക്കും.

ടീമുകളും യോഗ്യതയും

ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ആതിഥേയരായ യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവര്‍ നേരിട്ട് യോഗ്യത നേടി. രണ്ടാം റാങ്കുകാരായ സ്‌പെയിന്‍, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ഫ്രാന്‍സ് എന്നിവര്‍ കരുത്തുറ്റ നിരയുമായി എത്തുമ്പോള്‍ കേപ് വെര്‍ഡെ, കുറാസാവോ, ജോര്‍ദാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ നാല് രാജ്യങ്ങള്‍ ആദ്യമായി ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നു. ന്യൂസിലന്‍ഡാണ് പട്ടികയിലെ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീം. അതേസമയം നാല് തവണ ജേതാക്കളായ ഇറ്റലിക്ക് ഇത്തവണയും അവസരം ലഭിച്ചില്ല.

ടീമുകളും വര്‍ദ്ധനവും സാമ്പത്തികലാഭവും

സാധാരണയായി നാല് വര്‍ഷം കൂടുമ്പോഴാണ് ലോകകപ്പ് നടക്കുന്നത്. ഇത്തവണ 48 ടീമുകളായി വര്‍ദ്ധിപ്പിച്ചത് ലോകത്തിന് ഫുട്‌ബോളിനെ കൂടുതല്‍ തുറന്നുകൊടുക്കാനാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറയുന്നുണ്ടെങ്കിലും, ഇതിന് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യങ്ങളുമുണ്ടെന്നാണ് വിലയിരുത്തല്‍. 100 കോടി ഡോളറിലധികം അധിക വരുമാനമാണ് ഫിഫ ഇതിലൂടെ പ്രതീക്ഷിക്കുന്നത്. വിജയികള്‍ക്ക് ലഭിക്കുന്നത് റെക്കോര്‍ഡ് തുകയായ 50 മില്യണ്‍ ഡോളറാണ്.

വേദികളും മത്സരക്രമവും

ആകെ 104 മത്സരങ്ങളില്‍ 78 എണ്ണം അമേരിക്കയിലും 13 വീതം മത്സരങ്ങള്‍ കാനഡയിലും മെക്‌സിക്കോയിലുമായി നടക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ പൂര്‍ണ്ണമായും അമേരിക്കയിലായിരിക്കും കളി. ജൂണ്‍ 11-ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ ജൂലൈ 19-ന് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കും. മെക്‌സിക്കോയിലെ എസ്റ്റാഡിയോ ബിബിവിഎ സ്റ്റേഡിയമാണ് ഏറ്റവും മനോഹരമായ കളി സ്ഥാലമായി പറയുന്നത്.

മെസിയും ക്രിസ്ത്യാനോയും

ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തവണയും കളിക്കാനുണ്ടാകുമെന്നാണ് സൂചന. 38 വയസ്സായ മെസ്സി തന്റെ ആരോഗ്യം പരിഗണിച്ച് അവസാന നിമിഷം തീരുമാനമെടുക്കുമെന്ന് പറയുമ്പോള്‍, 41-കാരനായ റൊണാള്‍ഡോ തന്റെ ആറാം ലോകകപ്പിന് ഒരുങ്ങുകയാണ്. ഇതിനിടെ ഫ്രഞ്ച് താരം ഔസ്മാന്‍ ഡെംബെലെയാണ് നിലവിലെ ഏറ്റവും മികച്ച കളിക്കാരനായി വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് അര്‍ജന്റീനക്കാരനായ മൗറീഷ്യോ പോച്ചെറ്റിനോ ആണ്.

ഹൈഡ്രേഷന്‍ ബ്രേക്ക്

വടക്കേ അമേരിക്കയിലെ കഠിനമായ വേനല്‍ച്ചൂട് വലിയ വെല്ലുവിളിയാണ്. അതിനാല്‍ എല്ലാ മത്സരങ്ങളിലും 22-ാം മിനിറ്റില്‍ മൂന്ന് മിനിറ്റ് നീളുന്ന ‘ഹൈഡ്രേഷന്‍ ബ്രേക്കുകള്‍’ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സമയത്ത് പരസ്യങ്ങള്‍ കാണിക്കാന്‍ ടിവി ചാനലുകള്‍ക്ക് അനുമതി നല്‍കിയത് വിവാദമായിട്ടുണ്ട്. കളിക്കാര്‍ക്ക് ഏറെ ദൂരം യാത്ര ചെയ്യേണ്ടി വരുന്നതും മറ്റൊരു പ്രശ്‌നമാണ്. ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം (5,039 കിലോമീറ്റര്‍) യാത്ര ചെയ്യേണ്ടി വരുന്ന ടീം.

രാഷ്ട്രീയവും സുരക്ഷയും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയും തമ്മിലുള്ള അടുത്ത ബന്ധം ടൂര്‍ണമെന്റില്‍ നിഴലിക്കുന്നുണ്ട്. അതുപോലെ പല രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ വെല്ലുവിളിയായേക്കാം. ഇറാന്‍ ടീം കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ചില അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സുരക്ഷയ്ക്കായി ഇമിഗ്രേഷന്‍ വിഭാഗമായ ഐസിഇ സജീവമായി രംഗത്തുണ്ടാകും.

ഹാഫ്-ടൈം ഷോ

അമേരിക്കയിലെ മറ്റ് കായിക മത്സരങ്ങളിലേതുപോലെ ഇത്തവണ ഫുട്‌ബോള്‍ ലോകകപ്പിലും ഹാം ടൈം ഇടവേളയ്ക്ക് നീളം വയ്ക്കുമോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഇല്ല, എന്നാണ് ഔദ്യോഗിക തലത്തില്‍ നിന്നുള്ള സൂചന. എന്നാല്‍ ഒരു പ്രധാന മാറ്റമുള്ളത് ലോകകപ്പ് ഫൈനലിലാണ്. ഫിഫ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലില്‍ ഒരു ‘ഹാഫ്-ടൈം ഷോ’ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2024-ലെ കോപ്പ അമേരിക്ക ഫൈനലില്‍ ഷക്കീറയുടെ പ്രകടനം കാരണം 15 മിനിറ്റ് ഇടവേള 26 മിനിറ്റായി നീണ്ടിരുന്നു. ഇത്തവണത്തെ ലോകകപ്പ് ഫൈനല്‍ ആഘോഷങ്ങളില്‍ കോള്‍ഡ് പ്ലേയിലെ ക്രിസ് മാര്‍ട്ടിന്‍ പങ്കാളിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ജേഴ്‌സികള്‍

മിക്ക രാജ്യങ്ങളുടെയും ജേഴ്‌സികള്‍ പുറത്തിറക്കിയിരുന്നു. നൈക്കി, അഡിഡാസ്, പ്യൂമ തുടങ്ങിയ കമ്പനികള്‍ അവരുടെ പുതിയ ഡിസൈനുകള്‍ അവതരിപ്പിച്ചു. ഇതില്‍ കുറാസാവോയുടെ എവേ ജേഴ്‌സി, അമേരിക്കയുടെ ഹോം ജേഴ്‌സി, ദക്ഷിണാഫ്രിക്കയുടെ എവേ ജേഴ്‌സി, ജര്‍മ്മനിയുടെ ഹോം ജേഴ്‌സി, ജപ്പാന്‍ എവേ ജേഴ്‌സി എന്നിവയ്ക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്.

ഭാഗ്യ ചിഹ്നങ്ങള്‍

ക്ലച്ച് ദി ബാള്‍ഡ് ഈഗിള്‍ (യുഎസ്), സായു ദി ജാഗ്വാര്‍ (മെക്‌സിക്കോ), മേപ്പിള്‍ ദി മൂസ് (കാനഡ) എന്നിവരാണ് ഇത്തവണത്തെ ഭാഗ്യചിഹ്നങ്ങള്‍.

ഔദ്യോഗിക ഗാനം

ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഏതാണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ഡിസംബറില്‍ നടന്ന ഡ്രോ ചടങ്ങില്‍ റോബി വില്യംസും നികോള്‍ ഷെര്‍സിംഗറും ചേര്‍ന്ന് ആലപിച്ച ‘ ഡിസൈര്‍’ എന്ന ഗാനത്തെ ഫിഫ തങ്ങളുടെ ‘ഔദ്യോഗിക ആന്തം’ ആയിട്ടാണ് കാണുന്നത്. കൂടാതെ, മാര്‍ച്ച് 17-ന് ജെല്ലി റോളും കാരിന്‍ ലിയോണും ചേര്‍ന്ന് പാടിയ ‘ലൈറ്റര്‍’ എന്ന ഗാനവും പുറത്തിറങ്ങിയിട്ടുണ്ട്. ഇതൊരു പോപ്പ്-കണ്‍ട്രി ശൈലിയിലുള്ള ഗാനമാണ്. എന്നിരുന്നാലും ഇതിലെ വരികള്‍ക്ക് ഫുട്‌ബോളുമായി വലിയ ബന്ധമില്ലാത്തതിനാല്‍, ഷക്കീറയുടെ വിഖ്യാതമായ ‘വാക്ക വാക്ക’ എന്ന ഗാനത്തിന്റെ അത്രയും മികവ് ഇതിനുണ്ടാകില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ആദ്യമായി മൂന്ന് ആതിഥേയര്‍

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. അതേസമയം ഒന്നിലധികം രാജ്യങ്ങള്‍ ചേര്‍ന്ന് ലോകകപ്പിന് വേദിയാകുന്നത് ഇത് രണ്ടാം തവണയാണ്. 2002-ല്‍ ജപ്പാനും ദക്ഷിണ കൊറിയയും ചേര്‍ന്നായിരുന്നു ആതിഥേയത്വം വഹിച്ചത്. എന്നാല്‍ 2030-ലെ ലോകകപ്പ് ഇതിലും വിപുലമായിരിക്കും. ലോകകപ്പിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായാണ് അന്ന് മത്സരങ്ങള്‍ നടക്കുക. തെക്കേ അമേരിക്കയിലെ അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ; യൂറോപ്പിലെ പോര്‍ച്ചുഗല്‍, സ്‌പെയിന്‍; ആഫ്രിക്കയിലെ മൊറോക്കോ എന്നിവയാണ് 2030-ലെ ആതിഥേയ രാജ്യങ്ങള്‍.

Content Summary: FIFA Football World Cup 2026; Key facts about the North American World Cup. America, Mexico, Canada Hosting.

This post was last modified on April 2, 2026 8:35 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment