June 26, 2026 |
Share on

അസംഭവ്യമായത് അവര്‍ യാഥാര്‍ത്ഥമാക്കി; ലോക ഫുട്‌ബോളിലെ അത്ഭുതമായി കുറസാവോ

ലോകകപ്പ് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യമായി മാറി കുറസാവോ

‘അസംഭവ്യമായത് യാഥാര്‍ത്ഥ്യമാക്കുന്നു’ വിംഗര്‍ പൊസിഷനില്‍ കളിക്കുന്ന കെന്‍ജി ഗോറെയുടെ ഈ വാക്കുകളില്‍ എല്ലാം അടങ്ങിയിരിക്കുന്നു.

കരീബിയന്‍ ദ്വീപ് രാജ്യമായ കുറസാവോ ഒരു വലിയ ചരിത്രം എഴുതിയിരിക്കുകയാണ്; ഒരിക്കലും മാഞ്ഞു പോകാത്ത വിധം. 2026 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടിയിരിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് കുറസാവോ. ബുധനാഴ്ച ജമൈക്കയുമായി 0-0 സമനില നേടിയതോടെയാണ് അവര്‍ ലോകകപ്പ് കളിക്കാന്‍ യോഗ്യരായത്.

ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളില്‍, ഭൂവിസ്തൃതിയിലും ജനസംഖ്യയിലും ഏറ്റവും ചെറിയ രാജ്യമാണ് കുറസാവോ. ഐസ്ലാന്‍ഡിനെ പിന്തള്ളിയാണ് കുറസാവോ പുതിയ ചരിത്രം എഴുതിയിരിക്കുന്നത്. ഐസ്ലാന്‍ഡിന്റെ ജനസംഖ്യ ഏകദേശം 4,00,000 ആയിരുന്നുവെങ്കില്‍ 1,56,000 മാത്രമാണ് കുറസാവോയുടെ ജനസംഖ്യ. പരിചയസമ്പന്നനായ ഡച്ച് പരിശീലകന്‍ ഡിക്ക് അഡ്വക്കാറ്റിന്റെ നേതൃത്വത്തിലാണ് കരീബിയന്‍ ദ്വീപ് രാജ്യം ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്. ദേശീയ ഫെഡറേഷനിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം അഡ്വക്കാറ്റിന്റെ നിയമനം 2024 ജനുവരിയിലാണ് യാഥാര്‍ത്ഥ്യമാകുന്നത് തന്നെ. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ ഫുട്‌ബോള്‍ ടീമിനെ തകര്‍ത്തിരുന്നു. ഒടുവില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും കളിക്കാര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്ത ശേഷമാണ് അഡ്വക്കാറ്റ് പരിശീലകനായി ചുമതലയേല്‍ക്കുന്നത്.

ഡിക്ക് അഡ്വക്കാറ്റിന് ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിന് 78 വയസാകും. 2010-ല്‍ ഗ്രീസിനെ പരിശീലിപ്പിച്ച ഓട്ടോ റെഹാഗലിന്റെ പേരിലാണ് ഏറ്റവും പ്രായം കൂടിയ പരിശീലകന്‍ എന്ന റെക്കോര്‍ഡ് ഇപ്പോഴുള്ളത്. അത് മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനായി അഡ്വക്കാറ്റ് മാറിയേക്കാം.

മുന്നു തവണ നെതര്‍ലാന്‍ഡ്സിനെയും കൂടാതെ റഷ്യ, ദക്ഷിണ കൊറിയ തുടങ്ങി പത്ത് ദേശീയ ടീമുകളുടെ ചുമതല വഹിച്ചിട്ടുള്ള ഡിക്ക് അഡ്വക്കാറ്റിന്റെ അനുഭവസമ്പത്ത് കുറസാവോയ്ക്ക് മുതല്‍ക്കൂട്ടായി. അഡ്വക്കാറ്റിന്റെ കൂടെ ദീര്‍ഘകാലമായി അസിസ്റ്റന്റായിട്ടുള്ള കോര്‍ പോട്ടും ടീമിനൊപ്പമുണ്ട്.

വിംഗര്‍ കെന്‍ജി ഗോറെയ്ക്കും ഇത് ജീവിതത്തിലെ അസുലഭ നിമിഷമാണ്. അദ്ദേഹത്തിന്റെ അച്ഛനും മുന്‍ ഇന്ററിം ഹെഡ് കോച്ചുമായ ഡീന്‍ ഗോറെ ടീമിന്റെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാളാണ്. അച്ഛന്റെ നേതൃത്വത്തില്‍ ലോകകപ്പിന് യോഗ്യത നേടുന്നത് ചെറുപ്പം മുതലുള്ള സ്വപ്നമായിരുന്നു എന്നാണ് കെന്‍ജി ഗോറെ പറഞ്ഞത്.

പുറത്തു നിന്നുള്ള കളിക്കാരെ കൊണ്ടു വന്ന അഡ്വക്കാട്ടിന്റെ പദ്ധതിയപം കുറസാവോയുടെ ലോകകപ്പ് യോഗ്യത വിജയത്തിന് കാരണമായിട്ടുണ്ട്. നിര്‍ണ്ണായക മത്സരത്തില്‍ കളിച്ചവരില്‍ മിക്ക കളിക്കാരും നെതര്‍ലാന്‍ഡ്സില്‍ ജനിച്ചവരാണ്. പി.എസ്.വി.ക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് കളിച്ച അര്‍മാന്‍ഡോ ഒബിസ്പോ, ബ്ലാക്ക്പൂളിനു വേണ്ടി ബൂട്ട് കെട്ടിയവര്‍ ഉള്‍പ്പെടെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്ന മൂന്ന് പേരും ടീമിനൊപ്പമുണ്ട്. അയാക്‌സ്, പി.എസ്.വി. എന്നിവരുടെ കളിക്കാരായവരും സ്‌ക്വാഡില്‍ ഉണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരം താഹിത് ചോങ് ഈ ദ്വീപില്‍ ജനിച്ച കളിക്കാരില്‍ പ്രമുഖനാണ്.

കുറസാവോയുടെ ലോകകപ്പ് പ്രവേശനം ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ അദ്ഭുതങ്ങളില്‍ ഒന്നായാണ് വാഴ്ത്തപ്പെടുന്നത്.

Content Summary: Caribbean island nation Curaçao has made history by becoming the smallest nation by population to qualify for the FIFA World Cup

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×