June 26, 2026 |
Share on

ബജറ്റിലെ കണക്കുകളും ആരോഗ്യമേഖലയിലെ യാഥാര്‍ത്ഥ്യവും

ശരാശരി 1,666 ആളുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു കിടക്ക എന്ന അവസ്ഥയാണ് ഉള്ളത്

2026-27 സാമ്പത്തിക വര്‍ഷത്തേക്ക് 1.06 ലക്ഷം കോടി രൂപയുടെ ആരോഗ്യ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ശതമാനം വര്‍ദ്ധനവ് ഇതിലുണ്ടെങ്കിലും, രാജ്യത്തെ പൊതുജനാരോഗ്യ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഈ തുക മാത്രം മതിയാകില്ലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആരോഗ്യമേഖലയില്‍ വലിയ തോതിലുള്ള ബജറ്റ് വര്‍ദ്ധനവും അടിസ്ഥാന സൗകര്യ വികസനവും ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഏകദേശം 1.83 ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ നവീകരിക്കുകയും 157 പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുകയും ചെയ്തു. എന്നിരുന്നാലും, സേവനങ്ങളിലെ ഗുണനിലവാരമില്ലായ്മ, ആശുപത്രികളിലെ തിരക്ക്, ജീവനക്കാരുടെ കുറവ് എന്നിവ കാരണം പകുതിയോളം ഇന്ത്യക്കാരും ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാന്‍ മടിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ആരോഗ്യരംഗത്തെ ഏറ്റവും വലിയ സംരംഭമായ ദേശീയ ആരോഗ്യദൗത്യത്തിനായി 39,390 കോടി രൂപയാണ് 2026-27 വര്‍ഷത്തേക്ക് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചെലവിനെ അപേക്ഷിച്ച് 6.1% വര്‍ദ്ധനവാണിത്. എന്നിരുന്നാലും പലപ്പോഴും അനുവദിക്കുന്ന പണം ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ പോരായ്മകള്‍ ഉണ്ടാകുക പതിവാണ്. ഫൗണ്ടേഷന്‍ ഫോര്‍ റെസ്പോണ്‍സീവ് ഗവേണന്‍സ് നടത്തിയ പഠനപ്രകാരം, 2022-23-ല്‍ NHM ഫണ്ടിന്റെ 65% മാത്രമാണ് ചെലവഴിച്ചത്. 2024-25-ല്‍ ഇത് വീണ്ടും കുറഞ്ഞ് 62% ആയി. ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുടെ അവസ്ഥ ഇതിലും ദയനീയമാണ്; അവിടെ അനുവദിച്ച തുകയുടെ പകുതി പോലും ഉപയോഗിച്ചിട്ടില്ലെന്ന് 2026 ജനുവരിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2026 ഫെബ്രുവരി 1 ആയപ്പോഴേക്കും രാജ്യത്തെ 1,83,833 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നഗര ആരോഗ്യ കേന്ദ്രങ്ങളും ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകളായി നവീകരിച്ചു കഴിഞ്ഞു. 3,000 മുതല്‍ 5,000 വരെ ആളുകള്‍ക്ക് സേവനം നല്‍കാനാണ് ഈ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, 2024-25 കാലയളവില്‍ ഈ കേന്ദ്രങ്ങള്‍ക്കായി മാറ്റിവെച്ച തുകയുടെ 40 ശതമാനം മാത്രമാണ് ചെലവഴിച്ചതെന്ന് ഒരു സ്വതന്ത്ര സംഘടന വിശകലനം ചെയ്യുന്നു.

”ആരോഗ്യമേഖലയില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ പണം മാത്രം നല്‍കുന്നത് ഇതിനൊരു പരിഹാരമല്ല. ബജറ്റില്‍ എത്ര തുക പ്രഖ്യാപിച്ചു എന്നതിലല്ല കാര്യം. അനുവദിച്ച പണം താഴെത്തട്ടിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലും അവിടെ ചികിത്സ തേടിയെത്തുന്ന രോഗികളിലും എത്തുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനം”ബനയന്‍ അക്കാദമി ഓഫ് ലീഡര്‍ഷിപ്പ് ഇന്‍ മെന്റല്‍ ഹെല്‍ത്തിലെ വിസിറ്റിംഗ് സയന്റിസ്റ്റായ നചികേത് മോര്‍ അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ കോളേജുകളുടെ വികസനം

2014 മുതല്‍ രാജ്യത്ത് 157 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കി. ഇതില്‍ 108 എണ്ണം ഇതിനകം പ്രവര്‍ത്തനക്ഷമമായതായി സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചിട്ടുണ്ട്. 2026-27 വര്‍ഷത്തെ ബജറ്റില്‍, ആരോഗ്യ മേഖലയിലെ ഗവേഷണം ഉള്‍പ്പെടെയുള്ള മാനവ വിഭവശേഷി വികസനത്തിനായി 1,877 കോടി രൂപ അനുവദിച്ചു.

നിലവിലുള്ള എഎച്ച്പി കള്‍ നവീകരിക്കും. സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെ 10 വ്യത്യസ്ത വിഭാഗങ്ങളിലായി പുതിയ സ്ഥാപനങ്ങള്‍ തുറക്കും. കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത നിലവാരമുള്ള ചികിത്സാ-ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യങ്ങളുടെയും വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെയും കടുത്ത ക്ഷാമമാണ്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 80 ശതമാനത്തോളം കുറവാണ് ഉള്ളത്. വിപുലമായ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും, ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതില്‍ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലാകട്ടെ, റേഡിയോഗ്രാഫര്‍മാരുടെ കുറവ് 2005 ല്‍ 35 ശതമാനം ആയിരുന്നത് 2022-23 ആയപ്പോഴേക്കും 58 ശതമാനമായി ഉയര്‍ന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരോ, സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനാ സൗകര്യങ്ങളോ ലഭ്യമല്ലാത്തതിനാല്‍, ദൂരെയുള്ള ജില്ലാ ആശുപത്രികളെയും മെഡിക്കല്‍ കോളേജുകളെയും ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് രോഗികള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി നല്‍കുന്നതോടൊപ്പം ഇവിടങ്ങളില്‍ അമിതമായ തിരക്കിന് കാരണമാക്കുകയും ചെയ്യുന്നു.

റെസ്ഗോവിന്റെ വിശകലനപ്രകാരം, 2022 ല്‍ ഒരു ഗവ. അലോപ്പതി ഡോക്ടര്‍ക്ക് 7,908 രോഗികള്‍ എന്നതായിരുന്നു കണക്ക്. ഇത് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്ത നിരക്കിനേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണ്. 2023-ലെ കണക്കുകള്‍ പ്രകാരം, ശരാശരി 1,666 ആളുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു കിടക്ക എന്ന അവസ്ഥയാണ് ഉള്ളത്.

മറുവശത്ത്, രാജ്യത്തെ പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര സര്‍ട്ടിഫിക്കേഷനില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടായിട്ടുണ്ട്. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് പ്രകാരം, 2025 ഡിസംബര്‍ ആയപ്പോഴേക്കും 50,000-ത്തിലധികം ആരോഗ്യ കേന്ദ്രങ്ങള്‍ അംഗീകാരം നേടിയെടുത്തു. എന്നിരുന്നാലും, ഇത്തരം ഗുണനിലവാര സര്‍ട്ടിഫിക്കേഷനുകള്‍ നേടുന്ന കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങളും ജില്ലകളും തമ്മില്‍ വലിയ അസമത്വം നിലനില്‍ക്കുന്നുണ്ടെന്ന് റെസ്ഗോവ് നടത്തിയ വിശകലനം ചൂണ്ടിക്കാട്ടുന്നു.

ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ആശുപത്രികള്‍ അണുബാധ നിയന്ത്രണം, കൃത്യമായ രോഗനിര്‍ണ്ണയം, രോഗി സുരക്ഷ എന്നിവയില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ ഭൂരിഭാഗം സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളും ഇപ്പോഴും ഈ മാനദണ്ഡങ്ങള്‍ക്ക് പുറത്താണ്.

രാജ്യത്ത് ചികിത്സയ്ക്കായി ജനങ്ങള്‍ സ്വന്തം കയ്യില്‍ നിന്നും തുക ചിലവഴിക്കുന്നതില്‍ ഗണ്യമായ കുറവ് വന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. 2014-15 കാലയളവില്‍, ആരോഗ്യകാര്യങ്ങള്‍ക്കായി മൊത്തം ചിലവിന്റെ 63 ശതമാനവും ആളുകള്‍ വഹിക്കണമായിരുന്നു. എന്നാല്‍ ഇന്ന് ആരോഗ്യമേഖലയില ചെലവാകുന്ന ഓരോ 100 രൂപയില്‍ 60 രൂപയും സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. ഇത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്.

സംസ്ഥാനങ്ങള്‍ക്കിടയിലെ സാമ്പത്തിക അസമത്വം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ആരോഗ്യമേഖലയില്‍ ചിലവഴിക്കുന്ന തുകയില്‍ വലിയ അന്തരമുണ്ടെന്ന് 2021-22 ലെ നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബിഹാര്‍, കേരളം എന്നീ സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഈ വ്യത്യാസം പ്രകടമാണ്. ബിഹാറില്‍ ഒരു വ്യക്തി ഒരു വര്‍ഷം ശരാശരി ആരോഗ്യത്തിനായി 984 രൂപ ചിലവഴിക്കുമ്പോള്‍ കേരളത്തിലത് 7,889 രൂപയാണ്.

കേരളത്തിലെ ഉയര്‍ന്ന ചെലവ് അവിടുത്തെ ജനങ്ങള്‍ ആരോഗ്യ കാര്യങ്ങളില്‍ കാണിക്കുന്ന ജാഗ്രതയെയും ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയെയുമാണ് സൂചിപ്പിക്കുന്നത്. മറിച്ച് ബിഹാറിലെ ജനങ്ങള്‍ മതിയായ ആരോഗ്യപരിചരണം തേടുന്നില്ല എന്നതാണ് വസ്തുത.

ആരോഗ്യ സംരക്ഷണത്തിനായി ജനങ്ങള്‍ ചെലവാക്കുന്ന തുക കുറയുന്നത് എല്ലായ്‌പ്പോഴും ഗുണകരമായ ഒരു മാറ്റമായി കാണാനാവില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചികിത്സാ ചെലവ് കുറയുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെട്ടത് കൊണ്ടല്ല, മറിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ജനങ്ങള്‍ ചികിത്സ തന്നെ വേണ്ടെന്ന് വെക്കുന്നത് കൊണ്ടാണ്. ഇത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് പകരം സംവിധാനങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ പിന്‍വാങ്ങലിനെയാണ് സൂചിപ്പിക്കുന്നത്.

ജനങ്ങളുടെ വിമുഖത

ദേശീയ കുടുംബാരോഗ്യ സര്‍വേ (NFHS 2019-21) വിവരങ്ങള്‍ അടിസ്ഥാനമാക്കി പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് 2025 മാര്‍ച്ചില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, സര്‍ക്കാര്‍ ആരോഗ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഇപ്പോഴും വിമുഖതയാണ്. ദേശീയതലത്തില്‍ പകുതിയോളം കുടുംബങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ജനങ്ങള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താത്തതിന് മൂന്ന് പ്രധാന കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.

  1. മോശം ചികിത്സയും പരിചരണവും
  2. നീണ്ട കാത്തിരിപ്പ് സമയം
  3. വീടിന് സമീപം സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാത്തത്

അതേസമയം, രാജ്യത്തിന്റെ ആരോഗ്യരംഗത്തെ സാമ്പത്തിക നിക്ഷേപത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗണ്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. 2013 ല്‍ ആരോഗ്യമേഖലയ്ക്കായി സര്‍ക്കാര്‍ ചിലവഴിച്ചിരുന്നത് ജിഡിപിയുടെ വെറും 1.3% ആയിരുന്നുവെങ്കില്‍ 2022-23 കാലഘട്ടത്തില്‍ ഇത് 2.1% ആയി ഉയര്‍ന്നു. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നാണ്. 2017-ലെ ദേശീയ ആരോഗ്യ നയം ലക്ഷ്യമിടുന്ന 2.5% എന്ന നാഴികക്കല്ലിലേക്ക് ഇന്ത്യ അടുക്കുന്നു എന്നതും ഇതില്‍ നിന്ന് വ്യക്തമാണ്.

നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്സ് (NHA), പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ ആകെ സര്‍ക്കാര്‍ ആരോഗ്യ ചെലവിന്റെ 58 ശതമാനവും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. 14, 15 ധനകാര്യ കമ്മീഷനുകളുടെ പരിഷ്‌കാരങ്ങള്‍ നടപ്പിലായതോടെ, കേന്ദ്രവിഹിതത്തിന്റെ വലിയൊരു ഭാഗം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട്. ആരോഗ്യ സംരക്ഷണം സംസ്ഥാനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമായിരുന്നിട്ടും, ബജറ്റില്‍ ആവശ്യമായ സാമ്പത്തിക മുന്‍ഗണന നല്‍കുന്ന കാര്യത്തില്‍ പല സംസ്ഥാനങ്ങളും ഇന്നും പിന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ആരോഗ്യ നയങ്ങളും വിവിധ വിദഗ്ദ്ധ സമിതികളും ശുപാര്‍ശ ചെയ്യുന്നത്, സംസ്ഥാനങ്ങള്‍ തങ്ങളുടെ ആകെ ബജറ്റിന്റെ കുറഞ്ഞത് 8% എങ്കിലും ആരോഗ്യ മേഖലയ്ക്കായി നീക്കിവെക്കണമെന്നാണ്. നിലവിലെ സാഹചര്യത്തില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ഈ ലക്ഷ്യത്തിന് താഴെയാണ് പണം വകയിരുത്തുന്നത്. 2024-25 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, തെലങ്കാന 4.6%, തമിഴ്‌നാട്%, ബിഹാര്‍ 5.7% എന്നിങ്ങനെയാണ് വകയിരുത്തിയതെന്ന് പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യരംഗത്തെ അസമത്വങ്ങളും പരിഹാരങ്ങളും

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആരോഗ്യ സൂചികകളിലെ വലിയ അന്തരം ഇല്ലാതാക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള പ്രത്യേക സാമ്പത്തിക സഹായം അനിവാര്യമാണെന്ന് വിദഗ്ദ്ധനായ നചികേത് മോര്‍ നിരീക്ഷിക്കുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെങ്കില്‍ നിലവിലെ ഫണ്ടുകള്‍ മതിയാകില്ല. ഈ സംസ്ഥാനങ്ങള്‍ക്ക് വരും പതിറ്റാണ്ടുകളില്‍ കേന്ദ്രത്തില്‍ നിന്ന് വലിയ തോതിലുള്ള പ്രതിശീര്‍ഷ സാമ്പത്തിക കൈമാറ്റങ്ങള്‍ ആവശ്യമാണ്. ബിഹാറില്‍ ജനിക്കുന്ന ഒരു കുട്ടിക്ക്, കേരളത്തില്‍ ജനിക്കുന്ന ഒരു കുട്ടിയേക്കാള്‍ കുറഞ്ഞ ആരോഗ്യ പരിരക്ഷ മാത്രമേ ലഭിക്കാവൂ എന്നത് വിവേചനപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേവലം ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചത് കൊണ്ട് മാത്രം ആരോഗ്യ മേഖല മെച്ചപ്പെടില്ല. ചികിത്സയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതോടൊപ്പം ജീവനക്കാരുടെ എണ്ണമുള്‍പ്പെടെ ഉറപ്പാക്കണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ വിശ്വാസം വര്‍ധിക്കുകയുള്ളൂ.

Content Summary: The Budget figures and the reality of the Indian health sector

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×