July 13, 2026 |
Avatar
അമർനാഥ്‌
Share on

ഒരു ഗോളാഘോഷം ലോകകപ്പ് ഫുട്‌ബോളിന്റെ ഐക്കൺ ചിത്രമായപ്പോൾ

ഇറ്റാലിയൻ മിഡ്ഫീൽഡർ മാർക്കോ ടാർഡെല്ലി 1982-ലെ ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ ഗോൾ നേടിയ നിമിഷം ലോകകപ്പ് മത്സരങ്ങളുടെ അനശ്വര ചിത്രമായി ഫുട്‌ബോൾ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.

ഗോളിനേക്കാൾ അവിസ്മരണീയമായി മാറിയ ഒരു ഗോളാഘോഷമായിരുന്നു ഫുട്‌ബോൾ ചരിത്രത്തിലത്. ഇറ്റാലിയൻ മിഡ്ഫീൽഡർ മാർക്കോ ടാർഡെല്ലി 1982-ലെ ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ ഗോൾ നേടിയ നിമിഷം ലോകകപ്പ് മത്സരങ്ങളുടെ അനശ്വര ചിത്രമായി ഫുട്‌ബോൾ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.

നാൽപ്പത്തിനാലു വർഷം മുൻപ്, 1982 ജൂലൈ 11-ന് സ്‌പെയിനിൽ നടന്ന ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ മഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ, ഇറ്റലി പശ്ചിമ ജർമനിക്കെതിരെ രണ്ടാമത്തെ ഗോളടിച്ച് 2-0 ലീഡ് നേടിയ നിമിഷം ലോകകപ്പ് ഫുട്‌ബോളിൽ എന്നും ഓർമിക്കുന്ന ചിത്രമായി. താനടിച്ച ഗോൾ ലക്ഷ്യം കണ്ടതിന്റെ സന്തോഷം കളിക്കാരൻ മൈതാനത്ത് ആലോഷിച്ചത് വന്യമെങ്കിലും, ദൃഢനിശ്ചയത്തിന്റെ ഒരു കാഴ്ചയായി.

അനശ്വര ചിത്രമായി മാറിയ മാർക്കോ ടാർഡെല്ലിയുടെ ഗോളാഘോഷം

1982-ലെ ലോകകപ്പ് ആരംഭിച്ചപ്പോൾ, രണ്ടുതവണ ഫുട്‌ബോൾ ലോകകപ്പ് ജേതാക്കളായ യൂറോപ്പിലെ പ്രബലരായ ഇറ്റലി പ്രശ്‌നങ്ങളുടെ നടുവിലായിരുന്നു. 80-കളുടെ തുടക്കത്തിൽ രണ്ടുവർഷത്തോളം പിടിച്ചുലച്ച വലിയ ഒത്തുകളി വിവാദത്തിന്റെ ആഘാതം ഇറ്റാലിയൻ ഫുട്‌ബോളിനെയും കളിക്കാരെയും വിട്ടുപോയിട്ടില്ലായിരുന്നു.. കൂടാതെ ഒത്തുകളി വിവാദത്തിൽപെട്ട് രണ്ടുവർഷം സസ്‌പെൻഷൻ നേരിട്ട പൗലോ റോസ്സിക്ക് ടീമിൽ സ്ഥാനം നൽകിയതിന് പരിശീലകൻ എൻസോ ബെയർസോട്ട് ഏറെ പഴി കേൾക്കുകയും ചെയ്തു. 1982-ലെ സ്‌പെയിൻ ലോകകപ്പ് തുടങ്ങുമ്പോൾ താരങ്ങളാകുമെന്ന് പ്രവചിക്കപ്പെട്ട ബ്രസീലിന്റെ സീക്കോ, അർജന്റീനയുടെ മാറഡോണ, ഫ്രാൻസിന്റെ മിഷെൽ പ്ലാറ്റിനി, ജർമനിയുടെ റുമ്മനിഗ, ഇംഗ്ലണ്ടിന്റെ കെവിൻ കീഗൻ, പോളണ്ടിന്റെ ബോണ്യക്ക് തുടങ്ങിയവരെപ്പോലെ എടുത്തുപറയാൻ ഇറ്റലിക്ക് ഒരു കളിക്കാരൻ പോലും ആ ലോകകപ്പിൽ ഇല്ലായിരുന്നു.

സ്‌പെയിൻ ലോകകപ്പ് ആരംഭിച്ചപ്പോൾ ഗ്രൂപ്പ് 1-ൽ ഇറ്റലിയുടെ പ്രകടനം തീർത്തും നിരാശാജനകമായിരുന്നു. പോളണ്ട്, പെറു, കാമറൂൺ എന്നിവരുമായി തുടർച്ചയായി മൂന്ന് സമനിലകൾ വഴങ്ങി. കാമറൂണിനെക്കാൾ ഒരു ഗോൾ കൂടുതൽ നേടാൻ കഴിഞ്ഞതിനാൽ മാത്രമാണ് ഇറ്റലി രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്.

പക്ഷേ, കാര്യങ്ങൾ പെട്ടെന്ന് മാറി. രണ്ടാം റൗണ്ടിൽ മരണ ഗ്രൂപ്പ് എന്നറിയപ്പെട്ട സി ഗ്രൂപ്പിൽ ആദ്യം ഇറ്റലി അർജന്റീനയെ തോൽപ്പിച്ചു. ഡീഗോ മാറഡോണയുടെ ആദ്യ ലോകകപ്പായിരുന്നു അത്. പിന്നീട് എക്കാലത്തെയും മികച്ച ലോകകപ്പ് മത്സരങ്ങളിൽ ഒന്നായി മാറിയ ആ മത്സരത്തിൽ, ലോകകപ്പ് നേടും എന്ന് മിക്കവാറും ഉറപ്പിച്ചിരുന്ന മികച്ച ടീമുകളിലൊന്നായ ബ്രസീലിന്നെ 3-2 ന് തോൽപ്പിച്ചു. ബ്രസീലിനെതിരെ നടത്തിയ ഹാട്രിക്ക് പ്രകടനം വാതുവെപ്പ് വിവാദ താരം പൗലോ റോസ്സിയെ വില്ലൻ പരിവേഷത്തിൽ നിന്ന് അസൂറികളുടെ ഹീറോയായി ഉയർത്തി.

പൗലോ റോസ്സി

സെമിയിൽ പോളണ്ടുമായാണ് ഇറ്റലിക്ക് എറ്റുമുട്ടേണ്ടിവന്നത്. ആദ്യ റൗണ്ടിൽ ഗ്രൂപ്പ് മത്സരത്തിൽ അവർ ഏറ്റുമുട്ടിയപ്പോൾ മത്സരം വിരസമായ ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു. ആദ്യ റൗണ്ടിലും രണ്ടാം റൗണ്ടിലും ഒരു മത്സരവും തോൽക്കാതെ എത്തിയ
ടീമുകളായിരുന്നു ഇറ്റലിയും പോളണ്ടും.

പോളണ്ടിന്റെ ഏറ്റവും മികച്ച താരമായ സിബന്യു ബോണ്യക് രണ്ടാം റൗണ്ടിൽ സോവിയറ്റ് യൂണിയനെതിരെ തുടർച്ചയായി മഞ്ഞ കാർഡ് കണ്ടതോടെ സെമിയിൽ ഇറ്റലിക്കെതിരെ കളിക്കാൻ അയോഗ്യനായി. ബോണ്യക്കിന്റെ അഭാവം പോളണ്ടിന്റെ ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത പ്രഹരമായി. അതോടെ ഇറ്റലിക്ക് മുൻതൂക്കം ലഭിച്ചു.

1982 ജൂലൈ 8 വ്യാഴം, ബാഴ്സലോണയിലെ ക്യാംപ് നൗ. സ്റ്റേഡിയത്തിൽ സെമിഫൈനൽ മത്സരം ആരംഭിച്ചു. ഇരമ്പിക്കയറിയ ഇറ്റലിയുടെ ആക്രമണനിരയിലെ ജിയാൻ കാർലോ അന്റോണിയോണി, ബൂണോ കോണ്ടി, ഫ്രാൻസിസ്‌കോ ഗ്രയസ്യാനി എന്നിവരെ തളയ്ക്കാൻ പോളണ്ട് പാടുപെട്ടു. ബ്രസീലിനെ ഒറ്റയ്ക്ക് തോൽപ്പിച്ച പൗലോ റോസ്സിയെ പോളണ്ടുകാർ മാർക്ക് ചെയ്‌തെങ്കിലും അയാൾ അവസരത്തിനായി പതിയിരുന്നു. 22-ാം മിനിറ്റിൽ ജിയാൻ കാർലോ അന്റോണിയോണിയുടെ ഫ്രീകിക്ക് ഉയർന്ന് പോളണ്ട് ഗോൾ പോസ്റ്റിൽ വന്നപ്പോൾ കഴുകൻ കണ്ണുകളുമായി കാത്തിരുന്ന പൗലോ റോസ്സി അവസരം പാഴാക്കാതെ പോളണ്ട് ഗോൾകീപ്പർ ജോസഫ് മില്ല്യനാ കസ്രക്കിന്റെ തലയ്ക്കു മുകളിലൂടെ മിന്നൽ വേഗത്തിൽ ഹെഡ് ചെയ്ത് ഗോളാക്കി. സ്‌കോർ 1-0.

ലോകകപ്പുമായി ഇറ്റലി

77-ാം മിനിറ്റിൽ ബ്രൂണോ കോണ്ടി വലതുവശത്ത് നിന്ന് പായിച്ച ക്രോസിൽ മുൻ നിശ്ചയം പോലെ പോളണ്ട് ഗോൾ പോസ്റ്റിൽ എത്തിയ പൗലോ റോസ്സി വിണ്ടും മറ്റൊരു ഹെഡറോടെ പന്ത് വലയിലെത്തിച്ചു. സ്‌കോർ 2-0. രണ്ട് മത്സരങ്ങളിൽ നിന്ന് പൗലോ റോസ്സി നേടിയത് 5 ഗോളുകൾ! പൗലോ റോസ്സി പ്രഭാവത്തിൽ തികച്ചും മങ്ങിപ്പോയ പോളണ്ടിന് ഒരുതവണ മാത്രമാണ് ഇറ്റാലിയൻ പോസ്റ്റിലേക്ക് നിറയൊഴിക്കാൻ സാധിച്ചത്. ആ മത്സരത്തിൽ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരവും ഇറ്റലിയുടെ ക്യാപ്റ്റനുമായ ഗോൾകീപ്പർ ദിനോസോഫ് ഗോൾപോസ്റ്റിന് താഴെ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മത്സരം വളരെ എളുപ്പത്തിൽ ഇറ്റലി ജയിച്ചു.

44 വർഷം മുൻപ് 1982 ജൂലൈ 11ന്, സ്‌പെയിനിലെ മഡ്രിഡിൽ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ മുൻ ലോകകപ്പ് ചാമ്പ്യന്മായ ഇറ്റലിയും പശ്ചിമ ജർമനിയും ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ ഏറ്റുമുട്ടുന്നു. മത്സരഫലം എന്തായാലും ഇത്തവണ ഫുട്‌ബോൾ ലോകകപ്പ് യൂറോപ്പിന് തന്നെ.

സവില്ലെയിൽ നടന്ന സെമിഫൈനലിൽ ഫ്രാൻസിനെതിരെ മരണപോരാട്ടം നടത്തി, പെനാൽറ്റി ഷൂട്ടൗട്ടും സഡൻ സെത്തും മറികടന്നാണ് ഫ്രാൻസിനെ ഞെട്ടിച്ച് 8-7ന് വിജയം നേടി പശ്ചിമ ജർമനി ഫൈനലിൽ പ്രവേശിച്ചത്. ക്യാപ്റ്റൻ കാൾ ഹെയിൻസ് റുമനിഗേ ഫോമിലായതും, ഫ്രാൻസിനെതിരെ എക്‌സ്ട്രാ ടൈമിൽ 2 ഗോളിന് പിന്നിട്ട് നിന്നശേഷം അവിശ്വസനീയമായി മത്സരത്തിലേക്ക് തിരിച്ചുവരികയും ചെയ്ത അവരുടെ പ്രകടനം ജർമനിയെ ആത്മവിശ്വാസമുള്ള കരുത്തരായ ടീമാക്കി മാറ്റിയിരുന്നു

1982 ലെ ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീം. ഇരിക്കുന്നവരിൽ വലത്തെ അറ്റത്ത് അവസാനം മാർക്കോ ടാർഡെല്ലി

ലോകകപ്പ് പ്രവചനങ്ങളെല്ലാം കാറ്റിൽപറത്തിയ അസൂറികൾ ഫൈനലിൽ കപ്പ് നേടാൻ തന്നെ ഉറപ്പിച്ചാണ് എത്തിയത് . പൗലോ റോസ്സിയുടെ മികച്ച പ്രകടനവും പരിശീലകൻ എൻസോ ബെയർസോട്ടിന്റെ കളിക്കളത്തിലെ കൃത്യമായി ഫലം കണ്ട ഗെയിം പ്ലാനുകളും ഇറ്റാലിയൻ താരങ്ങളെ അവേശഭരിതരാക്കിയിരുന്നു. ബ്രസീലിനെ തകർത്ത ഇറ്റലി ഉയർത്തെഴുന്നേറ്റ ഒരു ടീമായി മാറി.

സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ കളി ആരംഭിച്ച് 7 മിനിറ്റ് കഴിഞ്ഞപ്പോൾ ഇറ്റലിയുടെ ഫ്രാൻസിസ്‌ക്കോ ഗ്രയസ്യാനി പരിക്കേറ്റ് വീണു. പകരം അലക്സാൻഡ്രോ ആൾട്ടോ ബെല്ലി ഇറങ്ങി. ജർമൻ ഗോൾപോസ്റ്റിന് മുന്നിൽ വലത്ത് വെച്ച് ആൾട്ടോ ബെല്ലിയുടെ ഒരു ക്രോസ് പിടിക്കാനാഞ്ഞ ബ്രൂണോ കോണ്ടിയെ ജർമൻ ഡിഫെൻഡർ ഹാൻസ് പീറ്റർ ബ്രിഗെൽ പിടിച്ചുവീഴ്ത്തി. ഓടിയെത്തിയ ബ്രസീലിയൻ റഫറി പെനാൽറ്റി വിധിച്ചു.
ഇറ്റലിയിലെ യുവന്റസ് ക്ലബിന്റെ മികച്ച താരമായ ഇറ്റാലിയൻ ഡിഫെൻഡർ അന്റോണിയോ കബ്രിനിയാണ് പെനാൽറ്റി കിക്ക് എടുത്തത്. രണ്ട് നാൾ മുൻപ് സെമിഫൈനലിൽ ഫ്രാൻസിന്റെ 7 പെനാൽറ്റികൾ നേരിട്ട ഹെറാൾഡ് ഷുമാക്കർ താൻ നേരിടുന്ന ലോകകപ്പിലെ 8-ാം പെനാൽറ്റി തടയാൻ നിലയുറപ്പിക്കവെ കബ്രിനി നീട്ടിയടിച്ച പന്ത് വലത് പോസ്റ്റിന് തൊട്ടുരുമ്മി പുറത്ത് പോയി. ലോകകപ്പ് ഫൈനലിൽ പെനാൽറ്റി പാഴാക്കിയ ആദ്യത്തെ കളിക്കാരനായി കബ്രീനി. എങ്കിലും പെനാൽറ്റി നഷ്ടം ഇറ്റലിയെ തളർത്തിയില്ല. മത്സരത്തിന്റെ ഒന്നാം പകുതി ഗോൾരഹിതമായി പിരിഞ്ഞു.

അൻ്റണിയോ കബ്രീനി

രണ്ടാം പകുതിയിൽ 57-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. ജർമൻ ഗോൾമുഖത്തെത്തിയ ഇറ്റാലിയൻ ഡിഫെൻഡർ ക്ലോഡിയോ ജെന്റീലി ഉയർത്തിയടിച്ച ക്രോസ് സ്വീകരിക്കാൻ ഒരിക്കലും അവസരം പാഴാത്ത പൗലോ റോസ്സി എത്തി. പൗലോ റോസ്സിയുടെ നീണ്ട ഹെഡ്ഡറിലുടെ പന്ത് നിലത്ത് കുത്തി ഷുമാക്കറെ പരാജയപ്പെടുത്തി വലയ്ക്കകത്തായി.1-0.
69-ാം മിനിറ്റിൽ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മറക്കാനാവാത്ത കാഴ്ചയ്ക്ക് വഴിയൊരുക്കിയ ഇറ്റലിയുടെ ഗോൾ പിറന്നു. ഇറ്റാലിയൻ സ്വീപ്പർ ഗൊടനോ സ്‌കൈറിയ, ഗ്യൂസെപ്പെ ബെർഗോമിയുമായി പന്ത് കൈമാറി കൈമാറി ജർമൻ ഗോൾമുഖത്തെത്തി. ഒടുവിൽ, സ്‌കൈറിയ പന്ത് മിഡ്ഫീൽഡർ മാർക്കോ ടാർഡെല്ലിക്ക് കൈമാറി.
ജർമൻ പ്രതിരോധ താരം ബെർണഡ് ഫോസ്റ്റർ ടാർഡെല്ലിക്ക് അടുത്തെത്തിയപ്പോൾ, ടാർഡെല്ലി അൽപം ചെരിഞ്ഞ് പന്ത് മൈതാനത്ത് നിന്ന് ചെത്തിയെടുക്കും പോലെ തെന്നിമാറി നീട്ടിയടിച്ചു. വളഞ്ഞ് ഉയർന്നുപോയ പന്ത് ജർമൻ വലകുലുക്കി! ഗോൾ! ശരിക്കും ഗംഭീര ഗോൾ.

മാർക്കോ ടാർഡെല്ലി

ഇറ്റാലിയൻ ആരാധകർ സ്റ്റേഡിയം വിറപ്പിച്ച് ആർത്തുവിളിക്കുമ്പോൾ തന്റെ കവിളുകളിൽ ആനന്ദക്കണ്ണീരുമായി, അവിശ്വാസത്തോടെ തല ഇരുവശത്തേക്കും കുലുക്കി, 14-ാം നമ്പർ ജഴ്സിക്കാരൻ മാർക്ക് ടാർഡെല്ലി മൈതാനത്തിലൂടെ ഗോളാഘോഷിച്ച് വേഗത്തിൽ ഓടി താൻ നേടിയ നേട്ടം യഥാർത്ഥത്തിൽ സംഭവിച്ചുവെന്ന് സ്വയം ബോധ്യപ്പെടുത്താൻ ”ഗോൾ” ”ഗോൾ”എന്ന് ആവർത്തിച്ച് വിളിച്ചു. ആ നിമിഷത്തിന്റെ വികാരം ഉണർന്നു, ഇരു കൈകളും കുലുക്കി, തല മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് ടാർഡെല്ലി ഇറ്റലി ബെഞ്ചിലേക്ക് പാഞ്ഞു. ആ ചലനം ലോകമെമ്പാടുമുള്ള ഇറ്റാലിയൻ ആരാധകരിൽ പ്രതിധ്വനിച്ചു- അത് മറക്കാനാവാത്ത ലോകകപ്പ് ഗോൾ ആഘോഷമായി മാറി.

ഗോളിനുശേഷമുള്ള ടാർഡെല്ലിയുടെ ആവേശഭരിതമായ, കണ്ണീരോടെയുള്ള ഈ ആഘോഷം ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചതും പലപ്പോഴും ആവർത്തിക്കപ്പെടുന്നതുമായ ചിത്രങ്ങളിൽ ഒന്നായി മാറി. ആ ഗോളാഘോഷം, എല്ലാ ഇറ്റലിക്കാരുടെയും ഫുട്‌ബോളിലെ നഷ്ടമായ വിശ്വാസവും ശബ്ദങ്ങളും തിരികെ കൊണ്ടുവന്നു. വാതുവെപ്പ് വിവാദം മൂലം നിറംമങ്ങിയ അസൂറികളുടെ അഭിമാനം തിരികെ കൊണ്ടു വന്നു.

ലോകകപ്പ് ചുംബിക്കുന്ന മാർക്കോ ടാർഡെല്ലി, വലത്ത് ഇറ്റലിയുടെ ക്യാപ്റ്റൻ ദിനോ സോഫ്

അതേക്കുറിച്ച് മാർക്കോ ടാർഡെല്ലി പറഞ്ഞു, ”ആ ഗോൾ നേടിയതിനുശേഷം, എന്റെ ജീവിതം മുഴുവനായി കൺമുന്നിലൂടെ കടന്നുപോയി. ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്നതിന്റെ സന്തോഷം വളരെ വലുതായിരുന്നു. കുട്ടിക്കാലത്ത് ഞാൻ സ്വപ്നം കണ്ടിരുന്ന ഒന്ന്, ആ സ്വപ്നം സാക്ഷാത്കരിച്ചതിനുശേഷമുള്ള ഒരു മോചനമായിരുന്നു എന്റെ ആഘോഷം. അത് പുറത്തുവന്ന നിമിഷം തന്നെ ആ നിലവിളിയോടുകൂടിയാണ് ഞാൻ ജനിച്ചതെന്ന് എനിക്ക് തോന്നി. ദയവായി ഈ ഉദ്ധരണി നിങ്ങൾ എന്റെ ശവകുടീരത്തിൽ വയ്ക്കാമോ?”

പിന്നീട് അലസ്സാൻഡ്രോ ആൾട്ടോബെല്ലി 81-ാം മിനിറ്റിൽ ഗോളടിച്ച് ഇറ്റലിക്ക് 3-0 ലീഡ് നേടിക്കൊടുത്തു. തുടർന്ന് കളി അവസാനിക്കാൻ ഏഴ് മിനിറ്റ് മാത്രം ബാക്കി നിൽക്കെ പോൾ ബ്രൈറ്റ്‌നർ ജർമനിക്കായി ആശ്വാസ ഗോൾ നേടി. അവസാന സ്‌കോർ 3 -1. ഇറ്റലി ജയിച്ചു. ഇറ്റലി മൂന്നാമതും ലോകകപ്പ് ജേതാക്കളായി.

ടാർഡെല്ലിയുടെ ഗോളാഘോഷം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതും പലപ്പോഴും ആവർത്തിക്കപ്പെടുന്നതുമായ ചിത്രങ്ങളിൽ ഒന്നാണ്. ഈ വിജയം ഇറ്റലിക്ക് അവരുടെ മൂന്നാം ലോകകപ്പ് കിരീടം നേടികൊടുത്തു. മാത്രമല്ല 40 വയസ്സുള്ളപ്പോൾ ഒരു ലോകകപ്പ് നേടിയ ടീമിനെ നയിച്ച ഏറ്റവും പ്രായം കൂടിയ കളിക്കാരനായി മാറിയ ഇറ്റാലിയൻ ക്യാപ്റ്റനും ഗോൾകീപ്പറുമായ ദിനോസോഫിനും ഈ വിജയം ചരിത്രമായി.

അലസ്സാൻഡ്രോ ആൾട്ടോബെല്ലി

അസൂറികളുടെ ആ ലോകകപ്പ് വിജയത്തിലെ തിളക്കങ്ങൾ അവസാനിക്കുന്നില്ല. ഒരു ലോകകപ്പിലെ അവസാന ഗോളും അടുത്ത ലോകകപ്പിലെ ആദ്യ ഗോളും നേടിയ ഏക കളിക്കാരൻ എന്ന ബഹുമതി അലസ്സാൻഡ്രോ ആൾട്ടോബെല്ലിക്ക് ലഭിച്ചു. 1986 മെക്സിക്കോ ലോകകപ്പിൽ ആദ്യത്തെ മത്സരത്തിൽ ബൾഗേറിയക്കെതിരെ 43-ാം മിനിറ്റിൽ നേടിയ ഗോൾ ആൾട്ടോബെല്ലിയെ ഈ നേട്ടത്തിന് അർഹനാക്കി.
ഇറ്റലിയുടെ വിജയശിൽപ്പിയും സ്‌പെയിൻ ലോകകപ്പിലെ ഇതിഹാസതാരവുമായ പൗലോ റോസ്സി ലോകകപ്പ് ടൂർണമെന്റിലെ മികച്ച വ്യക്തിഗത ബഹുമതികൾ നേടി. ഗോൾഡൻ ബൂട്ട് (ഏറ്റവും മികച്ച ഗോൾ സ്‌കോറർ), ഗോൾഡൻ ബോൾ (ഏറ്റവും മികച്ച കളിക്കാരൻ) എന്നിവ നേടുന്ന അപൂർവ താരമായി.
ദശലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകർ ആ മഹത്തായ ഗോൾ ഓർമിച്ചതിനേക്കാൾ കൂടുതൽ ഓർക്കുന്ന കാര്യം ടാർഡെല്ലി ആ ഗോൾ ആഘോഷിച്ച ശൈലിയാണ്. ഇതിനോടൊപ്പം ഓർക്കുന്ന മറ്റൊരു ലോകകപ്പ് ഗോളാഘോഷം- അങ്ങനെയൊന്നുണ്ടെങ്കിൽ- അത് 12 വർഷത്തിനുശേഷം കാമറൂൺ താരം 38കാരനായ റോജർ മില്ല മൈതാനത്തെ കോർണർ ഫ്‌ളാഗിൽ നൃത്തം ചെയ്തതായിരിക്കും.

ഗോളിനേക്കാൾ അവിസ്മരണീയമായി മാറിയ ഗോളാഘോഷമായിരുന്നു ഇവ രണ്ടുമെന്ന് ലോകകപ്പ് ഫുട്‌ബോൾ ചരിത്രം പറയുന്നു.

Content Summary: The most iconic moments in football history Marco Tardelli’s emotional celebration after scoring Italy’s second goal against West Germany in the 1982 FIFA World Cup final

Leave a Reply

Your email address will not be published. Required fields are marked *

×