മനോഹരമായ ഗോളുകൾ, ക്രൂരമായ ഏറ്റുമുട്ടൽ, നാടകീയമായ തിരിച്ചുവരവ്, ഒടുവിൽ ഒരു ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ട് – അവിശ്വസനീയമായ മത്സരാന്ത്യം. അത്തരമൊരു മത്സരമായിരുന്നു അത്. 1982ല്‍ സ്പെയിൻ ലോകകപ്പിലെ സെമിഫൈനലിൽ ഫ്രാൻസും പശ്ചിമ ജർമ്മനിയും എറ്റുമുട്ടിയപ്പോൾ ലോക ഫുട്ബോളിൽ ഒരു പുതിയ ചരിത്രം പിറന്നു.
സമനിലയായ മത്സരത്തിൽ ഫലം കാണാൻ ലോകകപ്പിലെ ആദ്യ ഷൂട്ട് ഔട്ട് നടന്നു… ആദ്യ ഷൂട്ട് ഔട്ടും സമനിലയായപ്പോൾ പിന്നെ സഡൻ ഡെത്ത് .

ലോകകപ്പിലെ ഏറ്റവും ആവേശകരമായി മാറിയ ഈ മത്സരത്തിലെ ഒരിക്കലും മറക്കാത്ത ഫൗളും റഫറിയിംഗിലെ ഒരിക്കലും പൊറുക്കാനാവാത്ത പിഴയും ഫുട്ബോൾ ലോകം കണ്ടു. കരിയാത്ത മുറിവായി ഇപ്പോഴും ഫ്രാൻസ് കൊണ്ടു നടക്കുന്ന, ‘സെവില്ലയിലെ സായാഹ്നം’ എന്നറിയപ്പെട്ട , 1982 ജൂലൈ 8 ന് സ്പെയിനിലെ സെവില്ലയിൽ നടന്ന ഈ മത്സരം, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും നാടകീയമായ മത്സരങ്ങളിൽ ഒന്നായി പലപ്പോഴും ഓർമ്മിക്കപ്പെടുന്നു. ലോകകപ്പ് ഫുട്ബോളിൻ്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഫൗളായിരുന്നു അത് . അതിൻ്റെ ആഘാതത്തിൽ ഗോളടിക്കാൻ തുനിഞ്ഞപ്പോൾ മൈതാനത്ത് വീണുപോയ ആ കളിക്കാരന് നഷ്ടമായത് ഗോൾ മാത്രമല്ല, മുൻവരിയിലെ രണ്ട് പല്ലാണ്. വാരിയെല്ലുകൾ ഒടിഞ്ഞ്, അബോധാവസ്ഥയിൽ അയാൾ മൈതാനത്ത് കിടന്നു. ഫുട്ബോളിൻ്റെ ചരിത്രത്തിൽ ഏറ്റവും മാരകമായ ടാക്കിള്‍, ഗോൾ കീപ്പറുടെ ആ ഫൗളിന്, ഒരു നടപടിയും റഫറി വിധിച്ചില്ല. ഫുട്ബോളിൻ്റെ ചരിത്രത്തിൽ തന്നെ സമാനതയില്ലാത്ത പിഴവായിരുന്നു അത്.

1980 ലെ യൂറോപ്യൻ നേഷ്യൻസ് കപ്പ് ( ഇപ്പോൾ യൂറോ കപ്പ്) ചാമ്പ്യൻമാരായ പശ്ചിമ ജർമനി 1982 ലെ ലോകകപ്പ് നേടുമെന്ന് സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിലൊന്നായിരുന്നു. അവരുടെ ക്യാപ്റ്റൻ കാൾ ഹെയിൻസ് റുമ്മനിഗയെ 1980 ലെ ഏറ്റവും മികച്ച യുറോപ്യൻ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെടിരുന്നു. അസാമാന്യ കായികശേഷിയുള്ള ജർമ്മൻ കളിക്കാരുമായി മത്സരിക്കാൻ ശാരീരിക ശേഷി കുറവാണെങ്കിലും, കളിയുടെ മികവിൽ ഫ്രാൻസ് ജർമ്മനിക്ക് ഒപ്പമോ അതിന് മേലേയൊ ആയിരുന്നു. അവരുടെ ഏറ്റവും മികച്ച കളിക്കാരനായ മിഷേൽ പ്ലാറ്റിനി 80കളോടെ ഉദിച്ചുയരുന്ന യൂറോപ്പിലെ ഫുട്ബോൾ താരമായി. മിഷേൽ പ്ലാറ്റിനി – ജീൻ ടിഗാന – അല്ലെയ്ൻ ഷിറെസ്സ്- എന്നീ ഫ്രഞ്ച് കൂട്ടുകെട്ട് ലോകഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിരയായി കളിക്കളത്തിൽ ഉയർന്നു കഴിഞ്ഞിരുന്നു. തങ്ങളുടെ ആദ്യ മത്സരത്തിന് മുൻപ് ജർമ്മൻ കോച്ച് ജെപ്പ് ഡെർവാൾ സ്പെയിനിലെ പത്രക്കാരോട് വീമ്പടിച്ചു ‘ അൾജീരിയ ജർമ്മനിയെ തോൽപ്പിക്കുകയോ? അസാധ്യം, മാൻ കൂട്ടം സിംഹക്കുട്ടികളെ തോൽപ്പിക്കുകയോ?’

1982 ലോകകപ്പിൽ ഗ്രൂപ്പ് മത്സരത്തിൽ ആദ്യ റൗണ്ടിൽ യൂറോപ്യൻ ചാമ്പ്യൻമാരായ പശ്ചിമ ജർമ്മനിയെ തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കാനെത്തിയ ആഫ്രിക്കൻ രാജ്യമായ അൾജീരിയ 2-1 ന് തോൽപ്പിച്ചു നാണം കെടുത്തി. അടുത്ത മത്സരത്തിൽ ചിലിയെ 4 -1 ന് തോൽപ്പിച്ചാണ് ജർമ്മനി ആ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറിയത്. ഫോമിലായ ക്യാപ്റ്റൻ റുമ്മനിഗ 3 ഗോളടിച്ച് ഹാട്രിക്ക് നേടിയത് മാത്രമാണ് ജർമ്മനിക്ക് ആശ്വാസം പകർന്നത്. എന്നാൽ തൊട്ടുപിന്നാലെ ജർമ്മനി ലോകത്തിന് മുന്നിൽ നാണം കെട്ടു. രണ്ടാം റൗണ്ടിൽ പ്രവേശിക്കാൻ ഗോൾ ശരാശരിയിൽ അൾജീരിയയും ജർമ്മനിയും ഓസ്ട്രിയയും തുല്യരായിരുന്നു.. അവസാന മത്സരത്തിൽ ഓസ്‌ട്രിയക്കെതിരെ ജർമ്മനി ഒരു ഗോൾ നേടി വിജയിച്ചാൽ അൾജീരിയയെ പുറംതള്ളി ജർമ്മനി രണ്ടാം റൗണ്ടിൽ പ്രവേശിക്കും. അതായിരുന്നു സ്ഥിതി. ജർമ്മനിയുടെ ഹോസ്‌റ്റ് ഹ്രുബെഷ് 9-ാം മിനിറ്റിൽ ഓസ്ട്രിയക്കെതിരെ ഗോൾ നേടി. പിന്നീട് ഇരു ടീമുകളും മൈതാന മധ്യത്ത് പന്ത് ഉരുട്ടി മഴുവൻ സമയവും കളഞ്ഞു. ഉദ്ദേശം വ്യക്തമായിരുന്നു, ജർമ്മനിയെ ജയിപ്പിക്കുക. ഇത് മനസിലാക്കിയ ഗാലറിയിലെ കാണികൾ കൂവിയാർത്തു. രോഷാകുലരായ അൾജീരിയൻ കളിക്കാർ കറൻസി നോട്ട് എടുത്തുയര്‍ത്തി കളിക്കളത്തിൽ ആഞ്ഞു വീശി എതിർപ്പ് പ്രകടിപ്പിച്ചു..

അൾജീരിയയെ പുറത്താക്കി ജർമ്മനിയെ രണ്ടാം റൗണ്ടിൽ എത്തിക്കാൻ ഓസ്ട്രിയ ഒരു ഗോൾ വഴങ്ങി തോറ്റ് കൊടുത്തു. ഓസ്ട്രിയ പശ്ചിമ ജർമ്മനിയുമായി ഒത്തുകളിച്ചതാണെന്ന് അതോടെ തെളിഞ്ഞു . ലോകകപ്പിനും ഫുട്ബോളിനും ഒരേപോലെ നാണക്കേടുണ്ടാക്കിയ ഈ ഒത്തുകളിക്കെതിരെ അൾജീരിയ FIFA യിൽ പരാതിപ്പെട്ടെങ്കിലും ഒത്തുകളിക്കെതിരെ നടപടിയെടുക്കാൻ വകുപ്പില്ല എന്ന് പറഞ്ഞ് FIFA കൈമലർത്തി. പക്ഷേ, ഈ തെറ്റ് ഇനി ആവർത്തിക്കാതിരിക്കാൻ പിന്നീടുള്ള എല്ലാ ടൂർണമെന്‍റുകളുടെയും നിയമങ്ങൾ ഫിഫ ഭേദഗതി ചെയ്തു. അതോടെ അവസാന ഗ്രൂപ്പ് മത്സരങ്ങൾ എല്ലായിപ്പോഴും ഒരേസമയം കളിക്കണം എന്ന നിയമം വന്നു.. അങ്ങനെ നാണക്കേടുമായി ജർമ്മനി ഇംഗ്ലണ്ടിനും ആതിഥേയരായ സ്പെയിനിനുമൊപ്പം രണ്ടാം റൗണ്ടിൽ ഒരേ ഗ്രൂപ്പിൽ പ്രവേശിച്ചു. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടുമായി ഗോൾരഹിത സമനില വഴങ്ങിയ ജർമ്മനി അടുത്ത മത്സരത്തിൽ 2-1 ന് സ്പെയിനിനെ തകർത്തു. പിയറി ലിറ്റ് ബാസ്കിയും ക്ലോസ് ഫിഷറും ഒരോ ഗോൾ വീതം നേടി. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ സ്പെയിൻ ഗോൾരഹിത സമനിലയിൽ തളച്ചതോടെ ഒരു ജയവും ഒരു സമനിലയും നേടിയ പശ്ചിമ ജർമ്മനി സെമി ഫൈനലിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ അൾജീരിയയോട് പോലും തോറ്റ പശ്ചിമ ജർമ്മനിക്ക് ലോകകപ്പിലെ ഒരു മത്സരം പോലും തോൽക്കാത്ത ഇംഗ്ലണ്ട് വഴി മാറി കൊടുത്തു എന്നതായിരുന്നു ഇതിലെ വിധിവൈപര്യം.
ആദ്യ റൗണ്ടിൽ ഇംഗ്ലണ്ടിനോട് 3 – 1 ന് തോറ്റ ഫ്രാൻസ് ഓരോ കളിയിലും സാവധാനത്തിൽ പുരോഗമിച്ചാണ് രണ്ടാം റൗണ്ടിൽ കടന്നത്. ഗ്രൂപ്പ് മത്സരങ്ങളിൽ കുവൈറ്റിനെ 4 -1 ന് തകർത്ത ഫ്രാൻസ് ചെക്കോസ്ലോവാക്യയുമായി 1-1 സമനില വഴങ്ങി. രണ്ടാം റൗണ്ടിൽ ഗ്രൂപ്പിലെ മറ്റ് ടീമുകളായ ഓസ്ട്രിയയെ ഒരു ഗോളിനും വടക്കൻ അയർലണ്ടിനെ 4-1 നും നിലംപരിശാക്കിയാണ് ഫ്രാൻസ് സെമിയിൽ കടന്നത്. ഫ്രാൻസിൻ്റെ മധ്യനിരയിലെ മിഡ് ഫീല്‍ഡര്‍ അല്ലൻ ഷിറസ്സെ രണ്ട് ഗോൾ നേടി ഫോമിലായി. ഫ്രാൻസിൻ്റെ മധ്യനിര ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു.

1982 ലെ ആദ്യ സെമിഫൈനൽ പശ്ചിമ ജർമ്മനിയും ഫ്രാൻസും തമ്മിലായിരുന്നു. സ്പെയിനിലെ സെവില്ലയിൽ ഫ്രാൻസിനെതിരെ പശ്ചിമ ജർമ്മനി നടത്തിയ സെമി ഫൈനൽ മത്സരം ഒരു യുദ്ധം പോലെയായി മാറി. നാടകീയമായ പല രംഗങ്ങൾക്കും ഈ മത്സരം സാക്ഷ്യം വഹിച്ചു. 70,000 ത്തോളം വരുന്ന കാണികളുടെ മുന്നിൽ കളി ആരംഭിക്കാൻ ഡച്ച് റഫറി ചാൾസ് കോർവർ വിസിൽ മുഴക്കിയതോടെ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട, വിവാദ സെമി ഫൈനൽ മത്സരം ആ സായാഹ്നത്തിൽ ആരംഭിച്ചു. ആദ്യം ജർമ്മനി ഗോളടിച്ചു. 17-ാം മിനിറ്റിൽ ജർമ്മൻ ഫോർവേർഡ് പിയറിലിറ്റ് ബാസ്കി ഒരു ലോങ്ങ് ഷോട്ടിലുടെ ആദ്യ ഗോൾ നേടി. ഗോള്‍ നില- 1-0. 27-ാം മിനിറ്റിൽ പന്തുമായി ജർമ്മൻ ഗോൾ മുഖത്തെത്തിയ ഫ്രഞ്ച് ക്യാപ്റ്റൻ മിഷേൽ പ്ലാറ്റിനിയെ ജർമ്മൻ ഡിഫെന്‍ഡര്‍ ബെർനാഡ് ഫോറസ്റ്റർ ബോക്സിൽ തട്ടി വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു . ജർമ്മൻ ഗോൾകീപ്പർ ഹരോള്‍ഡ് ഷൂമാക്കറെ പരാജയപ്പെടുത്തി മിഷേൽ പ്ലാറ്റിനി പെനാൽറ്റി ഗോളാക്കി. 1-1 എന്ന നിലയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം.

ഇടവേളക്ക് പിരിയുമ്പോൾ തന്നെ മത്സരം പരുക്കനാകാൻ പോകുന്നതിൻ്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി . കായികമായി മേധാവിത്വമുള്ള പശ്ചിമ ജർമ്മനി താരങ്ങൾ ഫ്രഞ്ച് കളിക്കാരെ പരുക്കൻ അടവിലൂടെ നേരിടാൻ തുടങ്ങി. പ്രത്യേകിച്ചും ജർമ്മൻ ഗോൾകീപ്പർ ഷൂമാക്കർ ആകെ നിയന്ത്രണം വിട്ട നിലയിലായിരുന്നു. ഫ്രഞ്ച് ഫോർവേർഡും മുതിർന്ന കളിക്കാരനായ ദിദീർ സിക്സിനെ ഗോൾ മുഖത്ത് വച്ച് പന്ത് പിടിച്ചെടുത്ത ശേഷം ഷൂമാക്കർ ക്രോധത്തോടെ ബലമായി മുഖത്ത് പിടിച്ച് തള്ളി മാറ്റി. കളിയുടെ പലഘട്ടങ്ങളിലും ഷൂമാക്കർ യാതൊരു പ്രകോപനവുമില്ലാതെ ഫ്രഞ്ച് കളിക്കാരോട് പരുക്കനായി ഇടപെട്ടു. ഇത് നടന്നിട്ടും, റഫറി താക്കീത് നൽകാനോ ഫ്രഞ്ച് പരിശീലകൻ മൈക്കേൽ ഹിൽഡാഗോ പരാതി പറയാനോ തയ്യാറായില്ല. ആധുനിക ഫുട്ബോൾ ലോകത്തെ ടി വി വഴിയുള്ള റഫറിമാരുടെ വിധിയെഴുത്തോ, നാലാം റഫറിമാരോ അന്നില്ലായിരുന്നതിനാൽ റഫറിയിംഗിലെ പിഴവുകൾക്ക് പല ടീമുകൾക്കും അക്കാലങ്ങളിൽ വലിയ വില കൊടുക്കേണ്ടി വന്നു.

നാടകീയ സംഭവങ്ങൾക്ക് മത്സരം വഴി മാറിയത് ഫുട്ബോളിലെ ഏറ്റവും കൂരമായ ഫൗൾ നടന്നതോടെയാണ്. 57-ാം മിനിറ്റിൽ ഫ്രഞ്ച് മിഡ് ഫീല്‍ഡര്‍ ബെർനാഡ് ജെൻഗീനിക്ക് പകരമായി ഡിഫന്‍ഡറായ 25കാരന്‍ പാട്രിക്ക് ബാറ്റിസ്റ്റൻ കളിക്കാനിറങ്ങി. മിഷേൽ പ്ലാറ്റിനിയിൽ നിന്ന് പന്ത് സ്വീകരിച്ച പാട്രിക്ക് ബാറ്റിസ്റ്റൻ പന്തുമായി ജർമ്മൻ ഗോൾ മുഖത്തേക്ക് കുതിച്ചു. ഒഴിഞ്ഞു കിടക്കുന്ന ഗോൾ മുഖത്ത് പന്ത് ഉയർത്തി ബാറ്റിസ്റ്റൻ കുതിച്ചുയർന്ന് അടിക്കാനാഞ്ഞപ്പോൾ ജർമ്മൻ ഗോൾ കീപ്പർ ഹരോള്‍ഡ് ഷൂമാക്കർ വായുവിൽ പറന്ന് ചാടി ബാറ്റിസ്റ്റനെ ഇടിച്ചു തെറിപ്പിച്ചു.. ഷൂമാക്കറുടെ ശക്തമായ പഞ്ചിംഗിൽ അയാളുടെ ഇരുമ്പു പോലെയുള്ള കൈമുട്ട് ബാറ്റിസ്റ്റൻ്റെ നെഞ്ചിലും തലയിലും ഇടിച്ചു, ബാറ്റിസ്റ്റൻ വെട്ടിയിട്ടപോലെ നിലത്ത് വീണു. നിലത്ത് വീഴുന്നതിന് മുമ്പേ അയാൾ അബോധാവസ്ഥയിലായിരുന്നു.

ഷൂമാക്കർ പന്ത് തടയാനായി നടത്തിയ ശ്രമമല്ല ഇതെന്നും ആ കൂട്ടിയിടി മനപ്പൂർവ്വമാണെന്നും കളി കണ്ട കാണികളും ഫുട്ബോൾ ലോകവും ടിവിയിലൂടെ കളികണ്ട കോടിക്കണക്കിന് പ്രേക്ഷകർക്കും മനസ്സിലായി. പന്ത് തടയാനല്ല, ഷൂമാക്കർ ശ്രമിച്ചതെന്ന് ടിവി റീപ്ലേയിൽ വ്യക്തമായിരുന്നു. എന്നാൽ ഡച്ച് റഫറി ചാൾസ് കോർവർ അത് കണ്ട ഭാവം നടിച്ചില്ല. ഒരു ഫൗളും നൽകിയില്ല, ചുവപ്പ് കാർഡ് കാണിച്ച് ഉടനെ ഷൂമാക്കറെ പുറത്താക്കുന്നതിന് പകരം അയാൾ നിസംഗനായി നിന്നു. തുടർന്ന് കളിക്കളത്തിൽ അസ്വസ്ഥത പടർന്നു. ഷൂമാക്കാറാകട്ടെ അക്ഷോഭ്യനായി ഗോൾ കിക്ക് എടുക്കാന്‍ തയ്യാറായി ഗോൾപോസ്റ്റിൽ തന്നെ നിന്നു. ഒരു ജർമ്മൻ കളിക്കാരനും സാന്ത്വനവുമായി വീണ് പോയ ബാറ്റിസ്റ്റൻ്റെ അടുത്ത് പോലും വന്നില്ല.. ഷൂമാക്കറെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കി ഫ്രാൻസിന് പെനാൽറ്റി നൽകേണ്ടതായിരുന്നു ഡച്ച് റഫറി ചാൾസ് കോവർ ചെയ്യേണ്ടിരുന്ന നടപടി എന്നത് 44 വർഷത്തിന് ശേഷവും തർക്കമറ്റതായി തുടരുന്നു. ഒരു റഫറിയുടെ ഏറ്റവും വലിയ കൈത്തെറ്റിന്‍റെ മാതൃകയായി ഇന്നും അത് തുടരുന്നു. ഒരു ഫുട്ബോൾ മൈതാനത്ത് ഉണ്ടായ ഏറ്റവും ഭയാനകമായ ഫൗളുകളിൽ ഒന്നായിരുന്നു അവിടെ നടന്നത്.

ഷൂമാക്കർ പിന്നീട് ബാറ്റിസ്റ്റണിനോട് നേരിട്ട് ക്ഷമാപണം നടത്തി, 1986 ൽ, രണ്ട് വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിച്ച കിക്ക് ഓഫ് എന്ന തന്‍റെ ആത്മകഥയിൽ, വീണു പോയ ബാറ്റിസ്റ്റന്‍റെ അടുത്ത് താൻ പോകാതിരുന്നതിന് കാരണം നിരവധി ഫ്രഞ്ച് കളിക്കാർ ബാറ്റിസ്റ്റണിന് ചുറ്റും നിൽക്കുകയും തനിക്ക് നേരെ വിരൽ ചൂണ്ടി ഭീഷണിയോടെ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തതിനാലാണ് എന്ന് ഷൂമാക്കർ എഴുതി. മൈതാനത്ത് എത്തിയ ഡോക്ടർമാർക്ക് ബാറ്റിസ്റ്റന് ഓക്സിജൻ നൽകേണ്ടി വന്നു. “അദ്ദേഹത്തിന് പൾസ് ഇല്ലായിരുന്നു, വിളറിയതായി കാണപ്പെട്ടു, ബാറ്റിസ്റ്റൺ മരിച്ചതാണെന്ന് എനിക്ക് തോന്നി” ഫ്രാൻസിൻ്റെ ക്യാപ്റ്റൻ മൈക്കൽ പ്ലാറ്റിനി ആ രംഗത്തെ പറ്റി കളിക്ക് ശേഷം പറഞ്ഞു. സംഭവം നടന്ന ഉടൻ, ഗുരുതരാവസ്ഥയായിട്ടും സ്പാനിഷ് പോലീസ് റെഡ് ക്രോസിനെ മൈതാനത്ത് നിന്ന് വിലക്കുകയും അവരെ സൈഡ്‌ലൈനുകളിൽ നിന്ന് അകലെ മറ്റൊരു സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. അത് മൂലം ബാറ്റിസ്റ്റനെ കൊണ്ടു പോകാനുള്ള സ്ട്രെച്ചർ വരാൻ രണ്ട് മിനിറ്റ് താമസിച്ചു..

‘പകരക്കാരുടെ ബെഞ്ചിൽ ഇരിക്കുമ്പോഴും ഷൂമാക്കറുടെ അന്നത്തെ മനോഭാവം എനിക്ക് ഓർമ്മയുണ്ട്. പ്രത്യേകിച്ചും മൈതാനത്ത് അയാളുടെ പെരുമാറ്റം. , ഡൊമിനിക് റോച്ചെറ്റോയുമായും ദിദിയർ സിക്സുമായും ഷൂമാക്കർ ഗോൾ മുഖത്ത് ഏറ്റുമുട്ടിയ രീതി ഞാൻ ശ്രദ്ധിച്ചിരുന്നു.. അയാൾ വളരെ ക്രുദ്ധനും പ്രകോപിതനുമായി കാണപ്പെട്ടു’ പാട്രിക്ക് ബാറ്റിസ്റ്റൻ പിന്നീട് പറഞ്ഞു. ബാറ്റിസ്റ്റണിന് പല്ലുകൾ നഷ്ടപ്പെട്ടുവെന്ന് ഷൂമാക്കറിനോട് പറഞ്ഞപ്പോൾ, “അയാളുടെ ദന്തിസ്‌റ്റിൻ്റെ ഫീസ് ഞാൻ നൽകാം ” എന്നായിരുന്നു ആദ്യം ഷൂമാക്കറുടെ മറുപടി. പാട്രിക്ക് ബാറ്റിസ്റ്റൺ പരിക്കുകളിൽ നിന്ന് പിന്നിട് സുഖം പ്രാപിച്ചു, ‘എനിക്ക് അയാളോട് ഒരു വെറുപ്പുമില്ല” കളിക്കളത്തിൽ മടങ്ങിയെത്തിയ ബാറ്റിസ്റ്റൻ 1991 ൽ വിരമിക്കുന്നതിനു മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘ഷൂമാക്കർ എന്ത് വില കൊടുത്തും ജയിക്കാൻ ആഗ്രഹിച്ച ഒരു കളിക്കാരാനായിരുന്നുവെന്ന് എനിക്കറിയാം, ആ മത്സരത്തിൽ അദ്ദേഹം വിജയിച്ചു.” ബാറ്റിസ്റ്റൻ പറഞ്ഞു. യഥാർത്ഥത്തിൽ ഫൗളിൻ്റെ അനന്തരഫലം വലുതായിരുന്നു. ബാറ്റിസ്റ്റൻ പറഞ്ഞു ‘ഫ്രഞ്ച് ടീം ഡോക്ടർ എന്‍റെ കഴുത്ത് ഒടിഞ്ഞതായി കരുതി. എക്സ്-റേയിൽ ഒന്നും കാണിച്ചില്ല, പക്ഷേ എനിക്ക് ഇപ്പോഴും ചിലപ്പോൾ തലകറക്കം അനുഭവപ്പെടുന്നുണ്ട് ‘ സെവില്ലയിലെ തനിക്ക് നടന്ന ദുരന്തം ഓർത്തെടുത്ത ബാറ്റിസ്റ്റൻ പറഞ്ഞു.

വീണ്ടും കളിയാരംഭിച്ചു. ആരും ഗോൾ നേടിയില്ല. 90 മിനിറ്റില്‍ കളി അവസാനിച്ചു.
മത്സരം 1 -1 ന് സമനിലയിലായി, പിന്നെ 30 മിനിറ്റ് എക്സ്ട്രാ ടൈം കളി ആരംഭിച്ചു. വീണ്ടും സെവില്ലയിലെ ഗാലറികളിൽ ആവേശം നിറഞ്ഞു. ആകസ്മികമായ ബാറ്റിസ്റ്റൻ ദുരന്തവും റഫറിയുടെ നിലപാടും ഫ്രഞ്ചുകാരെ തളർത്തിയെന്ന് ധരിച്ചവർക്ക് തെറ്റ് പറ്റി. വർദ്ധിത വീര്യത്തോടെ ഫ്രഞ്ച് പട ഇരമ്പിക്കയറി. അതീവ ബുദ്ധിമാനായ ഫുട്ബോളറും കൊച്ചു മനുഷ്യനുമായ മിഡ് ഫീൽഡർ അല്ലെൻ ഷിറസ്സെയായിരുന്നു ഫ്രഞ്ച് ആക്രമണത്തിൻ്റെ കുന്തമുന. എക്സ്ട്രാ ടൈം ആരംഭിച്ച് 2-ാം മിനിറ്റിൽ ജർമ്മൻ ഗോൾമുഖത്തേക്ക് ഷിറസ്സെയുടെ ഷോർട്ട് കിക്ക് വായുവിൽ പറന്ന് മാറീയൂസ് ട്രെസ്സർ ഗോളാക്കി. സ്കോർ 2-1. 6 മിനിറ്റിന് ശേഷം വീണ്ടും ഫ്രാൻസ് പശ്ചിമ ജർമ്മനിയെ ഞെട്ടിച്ചു. പെനാൽറ്റി എരിയയിൽ ദിദിർ സിക്സ് നൽകിയ ഷോർട്ട് പാസ്സ് ഒറ്റപ്പെട്ട് നിൽക്കുകയായിരുന്ന അല്ലെൻ ഷിറസ്സെ ഒരു ഉഗ്രൻ ഷോട്ടിലൂടെ ഗോളാക്കി മാറ്റി. 3-1. അതോടെ കളിയുടെ ഗതി മാറി. ഫ്രാൻസ് സാധ്യമായ വിജയത്തിനരികിൽ എത്തി. എക്സ്ട്രാ ടൈമിൽ രണ്ട് ഗോളിന് പിറകിലായ ഒരു ടീം കളിയിൽ തിരികെ വരിക അസാധ്യമാണ്. പക്ഷേ ജർമ്മനി വ്യത്യസ്‌തമായിരുന്നു. അതുവരെ ഇറങ്ങാതെ പുറത്തിരുന്ന ജർമ്മൻ ക്യാപ്റ്റൻ കാൾ ഹെയിൻസ് റുമ്മനിഗെ കളത്തിലിറങ്ങി.

റുമ്മനിഗെയുടെ വരവ് ജർമ്മൻ നിരയിൽ പുതിയ ഊർജ്ജം നൽകി. പിയറി ലിറ്റ്ബാർസ്‌കി നൽകിയ ഒരു ക്രോസ് നേരെ ഗോൾ വലയിലേക്ക് കാലുകൊണ്ട് തിരിച്ച് വിട്ട യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദി ഇയറായ ജർമ്മൻ ക്യാപ്റ്റൻ റുമ്മനിഗെ, ഫ്രഞ്ച് ഗോൾകീപ്പർ ജിൻ ലുക്ക് ഇറ്റോറിയെ മറികടന്ന് അത് ഗോളാക്കി. സ്കോർ 3- 2. അതോടെ പകച്ചു പോയ ഫ്രഞ്ച് പ്രതിരോധ നിരയിൽ വിള്ളൽ വീണു… ജർമ്മൻകാർ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത പോലെയായി കാര്യങ്ങൾ. 108-ാം മിനിറ്റിൽ ഇടതുവശത്ത് നിന്ന് ലിറ്റ്ബാർസ്‌കി നൽകിയ ക്രോസ് ക്ലോസ് ഫിഷർ മനോഹരമായ ഒരു ബൈസൈക്കിൾ കിക്കിലൂടെ ഫ്രഞ്ച് ഗോളി ഇറ്റോറിയുടെ തലയ്ക്ക് മുകളിലുടെ പറത്തി ഗോളാക്കി. എക്സ്ട്രാ ടൈമിൽ വ്യക്തമായ ലീഡ് 3-1 നേടിയിട്ടും അത് നിലനിര്‍ത്താൻ പ്ലാറ്റിനിക്കും സംഘത്തിനും കഴിഞ്ഞില്ല. നിർദ്ധിഷ്ട സമയം കഴിഞ്ഞപ്പോൾ സ്കോർ 3-3. മത്സരം സമനിലയിൽ തന്നെ. മത്സരം അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി; ലോകകപ്പിലെ ആദ്യത്തെ പെനാൽറ്റി ഷൂട്ട് ഔട്ട്. ഒരു മത്സരത്തിൻ്റെ ഫലം പെനാൽറ്റി കിക്കുകളിൽ തീരുമാനിക്കുന്നത് ലോകകപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായിരുന്നു.. ഇരു ടീമിനും നൽകുന്ന 5 പെനാൽറ്റി കിക്കുകൾ മത്സര വിധി നിർണയിക്കും.

ഷൂട്ട് ഔട്ട് ആരംഭിച്ചു. ആദ്യം ഫ്രാൻസിനായിരുന്ന അവസരം. അല്ലെയിൻ ഷിറസ്സെ ആദ്യ പെനാൽറ്റി ഗോളാക്കി. 1982 ലോകകപ്പിലെ തൻ്റെ അഞ്ചാമത്തെ ഗോൾ. അടുത്തതായി ജർമ്മനിയുടെ പെനാൽറ്റി എടുത്ത കാൾട്സിന് പിഴച്ചില്ല, അതും ഗോൾ, ഗോള്‍നില, 1-1.
അടുത്ത കിക്കെടുത്ത ഫ്രാൻസിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ 24 കാരനായ മാന്വൽ അമറോസ് ഒന്നാന്തരം ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. ഗോൾ, 2-1 . ജർമ്മനിയുടെ ഏറ്റവും പരിചയ സമ്പന്നനും 74 ലോകകപ്പ് നേടിയ ജർമ്മൻ ടീമംഗവുമായ പോൾ ബ്രൈറ്റ്നർ ഫ്രാൻസിൻ്റെ വല കുലുക്കി ഗോൾ നേടി സമനിലയിലാക്കി.. സ്‌കോർ 2-2 . പാരീസ് സെൻ്റ് ജർമ്മൻ ക്ലബ്ബിൻ്റെ ഏറ്റവും മികച്ച കളിക്കാരനായ സൊമനിക് റൊഷെറ്റെ തൻ്റെ പെനാൽറ്റിയിലൂടെ ഫ്രാൻസിൻ്റെ ലീഡ് ഉയർത്തി 3 -2. അടുത്ത ഊഴം ജർമ്മനിയുടെ യൂലിസ്‌റ്റീലിക്കെയുടേതായിരുന്നു. യൂലിസ്റ്റീലിക്കെ അടിച്ച പന്ത് ഗോൾ കീപ്പർ ഇറ്റോറി കുത്തിയകറ്റി. തൻ്റെ പെനാൽറ്റി പാഴായ യൂലിസ്‌റ്റീലിക്കെ മുഖം പൊത്തി തൻ്റെ മുട്ടുകുത്തി പൊട്ടിക്കരഞ്ഞു. അടുത്ത കിക്കിനെ നേരിടാൻ എത്തിയ ഷൂമാക്കർ സ്‌റ്റീലിക്കയെ സമാധാനിപ്പിച്ച് വിടുന്നത് കാണികൾ കണ്ടു. എന്നാൽ മേൽക്കൈ നേടാനുള്ള ഫ്രാൻസിൻ്റെ അവസരം പാഴായി. ദിദിർ സിക്സിൻ്റെ ഷോട്ട് ഷൂമാക്കർ തട്ടിയകറ്റി. ദിദിർ സിക്‌സിൻ്റെ പാഴായ പെനാൽറ്റി ആ കളിയിൽ പിന്നീട് നിർണ്ണായകമായി. .

രണ്ടു ക്യാപ്റ്റൻമാരും, ഫ്രാൻസിൻ്റെ മിഷേൽ പ്ലാറ്റിനിയും ജർമ്മനിയുടെ കാൾ ഹെയിൻസ് റുമ്മനിഗയും തങ്ങളുടെ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ച് സ്‌കോർ 4-4 ആക്കി. വീണ്ടും മത്സര ഫലം അനിശ്ചിതമായി നീണ്ടു പോയി. ഇനി സഡൻ ഡെത്ത് . ഒരോ പെനാൽറ്റി വീതം നൽകും. ഫ്രാൻസിൻ്റെ ഗോൾ കീപ്പറായ ജിൻ ലുക് ഇറ്റോറി ബാറിന് കീഴിൽ അസാമാന്യ പ്രകടനമാണ് മത്സരത്തിലുടനീളം നടത്തിയത്. നാല് ഉറച്ച ഗോളെങ്കിലും അയാൾ തടഞ്ഞിട്ടു. സ്‌റ്റീലിക്കെയുടെ പെനാൽറ്റി വിഫലമാക്കി അയാൾ ഫ്രാൻസിന് ലീഡ് നേടാൻ അവസരമൊരുക്കിയതാണ്. പക്ഷേ, വിധി മറ്റൊന്നായിരുന്നു. എഴുപതിനായിരം കാണികൾ ആവേശഭരിതരായി, സമ്മർദ്ദത്തോടെ നോക്കി നിൽക്കെ സഡൻ ഡെത്തിലെ കിക്കെടുക്കാൻ ഫ്രഞ്ച് ഡിഫെൻഡര്‍ മാക്സിം ബോസീസ് എത്തി. ബോസീസിൻ്റെ ഷോട്ട് ഷൂമാക്കർ തട്ടിയകറ്റി. ജർമ്മനിയുടെ പ്രഗൽഭ താരം ഹോസ്‌റ്റ് ഹ്രുബെഷ് തൻ്റെ പെനാൽറ്റി ഗോളാക്കി. എറ്റോറി നിസ്സഹായനായി നോക്കി നിൽക്കെ അത് വരെ വില്ലനായിരുന്ന ഷൂമാക്കർ ജർമ്മൻ താരങ്ങളുടെ ഹീറോ ആയി മാറി. ഷൂമാക്കറെ കെട്ടിപ്പിടിച്ച് ജർമ്മൻ കളിക്കാർ ആഘോഷത്തിലമർന്നു. എക്സ്ട്രാ ടൈമിൽ 3 -1 ന് ലീഡ് നേടി വിജയത്തിന് അടുത്തെത്തിയ ഫ്രാൻസിൻ്റെ ക്യാപ്റ്റൻ പ്ലാറ്റിനിയുപ്പെടെയുള്ള ഫ്രഞ്ച് താരങ്ങൾ കളിയുടെ അവിശ്വസനീയമായ ഈ അന്ത്യം കണ്ട് കളിക്കളത്തിൽ തളർന്നിരുന്നു പോയി.. സഡൻ ഡെത്ത് അടക്കം അവസാന സ്‌കോർ 8-7. ലോകകപ്പിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ നില. ഇറ്റലിയെ നേരിടാനായി ജര്‍മ്മനി ഫൈനലിലേക്ക്.

നിർണായകവും ആവേശവും നിറഞ്ഞ ആ സെമിഫൈനലിൻ്റെ വിവാദം ലോകകപ്പ് കഴിഞ്ഞിട്ടും അവസാനിച്ചില്ല. അത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയിലെത്തി. ഫ്രഞ്ച് ആരാധകർ പാർക്ക് ചെയ്തിരുന്ന ജർമ്മൻ നമ്പർ പ്ലേറ്റുകളുള്ള കാറുകളുടെ ടയറുകൾ വെട്ടിമാറ്റി, ഫ്രാൻസിലെങ്ങും ജർമ്മൻ വിരുദ്ധ വിളികൾ മുഴങ്ങി. ഒടുവിൽ രാജ്യങ്ങൾ തമ്മിൽ വഷളായ ബന്ധം മെച്ചപ്പെടുത്തുന്നതിനായി, ജർമ്മൻ ചാൻസലർ ഹെൽമട്ട് ഷ്മിഡ്റ്റ് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് മിത്തറാഡിന് ഒരു തുറന്ന അനുശോചന കത്ത് അയച്ചത് വരെയെത്തി കാര്യങ്ങൾ . “വിജയിച്ചില്ലെങ്കിലും അതിന് അർഹരായ ഫ്രഞ്ചുകാർക്ക് വേണ്ടി ഞങ്ങളുടെ ഹൃദയം മിടിക്കുന്നു.”കത്തിൽ ജർമ്മൻ ചാൻസലർ കുറിച്ചു.

ഒടുവിൽ സംഭവം രമ്യമായി പരിഹരിക്കാൻ ഗോൾകീപ്പർ ഹെറോൾഡ് ഷൂമാക്കറുമായി ഫ്രഞ്ച് ഫുട്ബോൾ ടീമിന് ഒരു പ്രശ്‌നവുമില്ലെന്ന് കളിക്കാരെക്കൊണ്ട് പരസ്യ പ്രസ്താവനയിറക്കാൻ പ്രസിഡൻ്റ് തീരുമാനിച്ചു. ഫ്രഞ്ച് ടീം പരിശീലകൻ മൈക്കേൽ ഹിഡാൽഗോയോട് ഇതാവശ്യപ്പെടാൻ ഫ്രാൻസിൻ്റെ പ്രസിഡൻ്റ് ഫ്രാൻസ്വാ മിത്തറാൻഡ് ആലോചിച്ചു. ഇത് അറിഞ്ഞ രോഷാകുലനായ ഹിഡാൽഗോ തന്‍റെ മറുപടി പറഞ്ഞു: “ജർമ്മൻ ഗോൾ കീപ്പറെ ഫ്രാൻസിൽ അവധിക്കാല യാത്രയ്ക്ക് കൊണ്ടുപോകാൻ ഞാൻ എൻ്റെ കളിക്കാരോട് ആവശ്യപ്പെടട്ടെ? ചാൾസ് കോർവർ ഒരു അന്താരാഷ്ട്ര റഫറിയാണെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? അദ്ദേഹം ഇത്തരത്തിൽ കളി നിയന്തിച്ചാൽ കളിക്കാരുടെ സുരക്ഷ അപകടത്തിലാകാമെന്ന് എനിക്ക് സംശയമുണ്ട്.” ഹിൽഡാഗോ പ്രതികരിച്ചു. ഞങ്ങളെ ക്രൂരമായി പുറത്താക്കി, കോർവറിന്‍റെ ചില “ദുർബലമായ” റഫറിയിംഗിന് തന്റെ ടീം ഇരകളായി” . . അദ്ദേഹം പറഞ്ഞു.

എന്നാൽ ജർമ്മൻ പരിശീലകൻ ഡെർവാൾ തന്‍റെ കളിക്കാരെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു. “എന്‍റെ കളിക്കാർക്ക് അവർ അർഹിക്കുന്ന ക്രെഡിറ്റ് നിങ്ങൾ നൽകണം,” അദ്ദേഹം പറഞ്ഞു.
ഷൂമാക്കറുടെ ഫൗളിന് ശേഷം എനിക്ക് അനീതി തോന്നി. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങളിലൊന്നായി ആ മത്സരം ഞാൻ ഓർക്കുന്നു,” മിഷേൽ പ്ലാറ്റിനി പറഞ്ഞു. “അവിശ്വസനീയം.” ഫ്രഞ്ച് ക്യപ്റ്റൻ പ്രതികരിച്ചു. സംഭവം ഒച്ചപ്പാടായതോടെ പരിഹസിക്കാൻ മിടുക്കന്മാരായ ഫ്രഞ്ച് പത്രലോകം പ്രതികരിച്ചു. ഒരു ഫ്രഞ്ച് മാസിക ഈ സംഭവത്തെ ആധാരമാക്കി തങ്ങളുടെ മാസികയിൽ സാങ്കൽപ്പിക ചോദ്യോത്തരം വായനക്കാർക്ക് നൽകി . ഷൂമാക്കറെ ഫ്രാൻസിലെ അവധിക്കാല യാത്രക്ക് കൊണ്ടുപോകാൻ ഒരുങ്ങിയ ഫ്രാൻസ് ടീമിനോട് മാസിക ചോദിച്ചു. അവധിക്കാല യാത്ര എവിടേക്ക്? ഉത്തരങ്ങൾ ഇങ്ങനെ : മിഷെൽ പ്ലാറ്റിനി: മോണ്ട് ബ്ലാങ്കിലെ ഗ്രാൻഡെസ് ജോറാസസ് മലനിരകൾ കാണിക്കാന്‍ മാക്സിം ബോസിസ്: മോണ്ട് ബ്ലാങ്കിലെ വല്ലീ ബ്ലാഞ്ചെയുടെ ഉയരങ്ങൾ കീഴടക്കാൻ. ഡൊമിനിക് റോഷെറ്റോ: എട്രെറ്റാറ്റിന്റെ പാറക്കെട്ടുകളിൽ നിന്ന് സൂര്യാസ്തമയം കാണാൻ. മാറിയൂസ് യട്രെസർ: ഒരു പാരച്യൂട്ട് ജമ്പ് ചെയ്യാൻ. പാട്രിക്ക് ബാറ്റിസ്റ്റൺ: കുനിയാൻ പറ്റാത്തതിനാൽ കാട്ടിൽ കൂൺ പറിക്കാൻ എന്നെ സഹായിക്കാൻ.

ഫ്രാൻസിൽ ഷൂമാക്കർ ഒരു ദേശീയ ശത്രുവായി കണക്കാക്കപ്പെട്ടു. ഫ്രാൻസിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനെ നിർണ്ണയിക്കാൻ രാജ്യത്തെ പ്രശസ്ത പത്രമായ എൽ’എക്വിപ്പ് ഒരു പടി മുന്നിൽ കടന്ന് ചിന്തിച്ചു. ഫ്രാൻസിൽ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയാരാണ് ?
പാത്രം വായനക്കാരുടെ ഒരു വോട്ടെടുപ്പ് നടത്തി. തീർച്ചയായും, ഹരോൾഡ് ഷൂമാക്കർ നാസി തലവൻ അഡോൾഫ് ഹിറ്റ്ലറെ പിൻതള്ളി ഒന്നാം സ്ഥാനം നേടി.. ‘സെവില്ലയിലെ രാത്രി’ എന്നറിയപ്പെട്ട ബാറ്റിസ്റ്റൺ സംഭവം ഫ്രാൻസിന്റെ ഫുട്ബോൾ ചരിത്രം പുനർനിർമ്മിച്ചതായി ഒരു പത്രം എഴുതി.“അന്നുമുതൽ ഫ്രാൻസിൽ ജനങ്ങൾ ഫുട്ബോളിനെ സ്നേഹിക്കാൻ തുടങ്ങി,” പത്രം എഴുതി. ഏറ്റവും മികച്ച ടീം തോറ്റത് ഫുട്ബോൾ ലോകത്തിന് അറിയാമെന്ന് എനിക്ക് ബോധ്യമുണ്ട്. എന്നിരുന്നാലും കുറ്റപ്പെടുത്തേണ്ടത് നമ്മളെ മാത്രമാണ്. ജർമ്മനിയാണ് 3-1 ന് മുന്നിലെങ്കിൽ പ്രതിരോധത്തിൽ കളിക്കുമായിരുന്നു, അത് ഞങ്ങളുടെ രീതിയല്ല പക്ഷേ ഈ മത്സരത്തിൽ നിന്ന് ഞങ്ങൾ ചിലത് പഠിച്ചു.” മൈക്കൽ പ്ലാറ്റിനി ഐതിഹാസികമായ സെമി ഫൈനലിനെ അനുസ്മരിച്ചു. TOR!: The Story of German Football എന്ന തന്റെ പുസ്തകത്തിൽ , ജർമ്മൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഉലി ഹെസ്സെ എഴുതി “ 1982 ലെ ഈ പശ്ചിമ ജർമ്മൻ ടീമിന് പ്രധാനമായ ഒരേയൊരു കാര്യം വിജയം മാത്രമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടീമായി പ്രശംസിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചാണ് റണ്ണ റപ്പായ പശ്ചിമ ജർമ്മനി ടീം നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ടീം നാട്ടിൽ നേരിട്ടത് തികഞ്ഞ വെറുപ്പും കടുത്ത അവഗണനയുമാണ്.

ഫ്രാൻസിൻ്റെ വീരോചിതമായ 1982 ലെ സെമിഫൈനൽ പരാജയം ഫ്രഞ്ച് ജനതക്ക് അവരുടെ സർഗ്ഗാത്മകതയ്ക്ക് പ്രചോദനമായി. 1982-ലെ ഫ്രാൻസിന്റെ തോൽവിയെ ആസ്പദമാക്കി പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, നാടകങ്ങൾ, സംഗീതം എന്നിവ ജന്മം കൊണ്ടു. ആ ഐതിഹാസിക മത്സരത്തിൻ്റെ സ്വാധീനം സൃഷ്ടിച്ചതാണ് ഇവയെല്ലാം. “82 ൽ ജർമ്മനിയോട് തോറ്റതോടെ ഞങ്ങൾ ഒരു മികച്ച ടീമായി മാറി. അതൊരു അവസാനമായിരുന്നു, മറ്റൊന്നിൻ്റെ തുടക്കവുമായിരുന്നു. ഫ്രഞ്ച് ഫുട്ബോളിന്റെ ചരിത്രത്തിലെ രണ്ട് വഴിത്തിരിവുകൾ 82 ലെ സെവില്ലയും 1998 ലെ ലോകകപ്പ് ഫൈനലുമായിരുന്നു. (ഫ്രാൻസ് ആ ലോകകപ്പ് നേടി).” “സെവില്ല ഫുട്ബോൾ ആരാധകരുടെ ഒരു തലമുറയെ അടയാളപ്പെടുത്തി, അവർക്ക് ഒരു കൂട്ടായ മാനസികാവസ്ഥ നൽകി: അതുകൊണ്ടാണ് ആ മത്സരത്തെക്കുറിച്ച് പുസ്തകങ്ങളും നാടകങ്ങളും എഴുതപ്പെട്ടത്. ലോകത്തിലെ ഒരു സിനിമയ്ക്കും സെവില്ല 82 മത്സരം പോലെ വൈരുദ്ധ്യാത്മകമായ വികാരം നൽകാൻ കഴിയില്ല. തീർച്ചയായും എന്റെ കരിയറിലെ ഒരു മനോഹരമായ നിമിഷമാണിത്. ‘ഞാൻ അതിൽ പങ്കാളിയായതിൽ സന്തോഷമുണ്ട്!’ മിഷേൽ പ്ലാറ്റിനി ഒരിക്കൽ അനുസ്മരിച്ചു. 44 വർഷങ്ങൾക്ക് ശേഷവും, ഫുട്ബോളിലെ ഏറ്റവും മോശം ഫൗളുകളിലൊന്നായി ആ സംഭവം ഇന്നും ഓർമ്മിക്കപ്പെടുന്നു.. എല്ലാവ രുമംഗീകരിച്ച സത്യം ഒന്നേയുള്ളൂ.. ഷൂമാക്കറുടെ ആ ടാക്കിൾ , വേഷംമാറിയ ഒരു ആക്രമണമായിരുന്നു.
Content Summary:A dramatic 1982 World Cup semifinal between France and West Germany became football history for its controversial foul, thrilling comeback, and the tournament’s first penalty shootout. Despite leading 3–1 in extra time, France lost in a heartbreaking finish that remains one of football’s most memorable matches.